ആലപ്പുഴ : മഹാത്മാഗാന്ധിയെ അപമാനിക്കാമെങ്കിൽ പിന്നെ സുരേഷ് ഗോപിയെ അപമാനിക്കുന്നതിൽ അദ്ഭുതപ്പെടാനുണ്ടോ? സുകുമാരൻ നായർക്ക് ഇതിലൊന്നും യാതൊരു ഉളുപ്പുമുണ്ടാവില്ലെന്ന് സമസ്്ത കേരള നായർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെ സഭാ മന്ദിരത്തിൽ കടന്നുവന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തിയ ശുദ്ധഅഹങ്കാരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് സമയത്ത് വി എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതുപോലെയാണ്. അത് ഇവിടെ വേണ്ട. സമസ്ത നായർ സമാജം തിരുവനന്തപുരത്തു നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തയാളാണ് ഒ. രാജഗോപാൽ. എൻഎസ്എസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാത്ത, നായരാണെന്ന് തുറന്നുപറയാൻ മടികാണിക്കുന്നയാളാണ് സുരേഷ് ഗോപിയെന്നും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി മറുനാടന് പെരുമറ്റം രാധാകൃഷ്ണൻ അഭിമുഖം നൽകിയത്.

കെ പി സിസി പ്രസിഡന്റായി ചാർജെടുത്ത വി എം സുധീരൻ ആദ്യമായി എൻ എസ് എസ് ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ അപമാനിച്ചതിനോടൊപ്പം ഒരുവിവാദപ്രസ്താവന നടത്തിയിരുന്നു- കോട്ടയം പട്ടണത്തിൽ സ്്ഥാപിച്ചിട്ടുള്ള കാക്ക കാഷ്്ഠിക്കുന്ന ഗാന്ധി പ്രതിമയല്ല മന്നം സമാധിയെന്ന്. എൻ എസ്് എസ്് ഒരു ലിമിറ്റഡ് കമ്പനിയും കോൺഗ്രസ് പാർട്ടിയുടെ ബി ടീമുമാണ്. നായന്മാരുടെ പേരിൽ സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുന്ന കറക്കുകമ്പനിയാണ് എൻ എസ് എസ്്. സുകുമാരൻ നായർ വിചാരിക്കുന്നവരെ ഡയറക്ടർമാരാക്കി മുന്നോട്ടു പോകുന്ന കച്ചവട സ്ഥാപനം എന്നതിലുപരി എൻ എസ് എസ്സിന് സംസ്ഥാനത്തെ നായന്മാരുടെ കാര്യം പറയാൻ യാതൊരു അവകാശവുമില്ലെന്നും പെരുമറ്റം പറഞ്ഞു.

സുരേഷ് ഗോപിക്ക് നേരെ സുകുമാരൻ നായർ ചാടിക്കയറിയത് സമസ്ത കേരള നായർ സമാജത്തോടുള്ള വിയോജിപ്പ് കൊണ്ടാണ്. സമാജത്തിന്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒ രാജഗോപാൽ എത്തിയതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. രാജഗോപാൽ സമ്മേളനത്തിൽ പങ്കെടുത്തതുകൊണ്ടുതന്നെ അരുവിക്കരയിൽ ഞങ്ങൾ ബിജെപി അനുകൂല നിലപാടെടുത്തു. സുരേഷ് ഗോപിയും ബിജെപിയുടെ ഭാഗമായെത്തിയതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്.

സുരേഷ് ഗോപിയെ അപമാനിച്ചതോടെ നായർ സമൂഹത്തിനു മറ്റു മതങ്ങൾക്കു മുന്നിൽ തല കുനിക്കേണ്ടിവന്നു. നേരത്തെ ഞങ്ങൾ കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും സമ്മേളനത്തിൽ സംബന്ധിക്കാൻ ക്ഷണിച്ചെങ്കിലും ആരും എത്തിയില്ല. കോടിയേരി ബാലകൃഷ്ണനും വി എം സുധീരനും ഞങ്ങളുടെ ക്ഷണം നിരസിച്ചവരാണ്. സുകുമാരൻ നായരുടെ തീട്ടൂരം ഭയന്നാണ് ഇവരാരും എത്താതിരുന്നതെന്ന് പിന്നീട് മനസിലാക്കാൻ കഴിഞ്ഞു.

അതേസമയം 50 ലക്ഷം വരുന്ന സംസ്ഥാനത്തെ നായന്മാരിൽ 7 ലക്ഷം പേർമാത്രമാണ് എൻ എസ് എസ്സിൽ ഉള്ളതെന്നു പെരുമറ്റം രാധാകൃഷ്ണൻ പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി ഇഷ്ടപ്പെട്ടവരെ മന്ത്രിമാരാക്കുന്ന പണിമാത്രമെ എൻ എസ് എസ്സിനുള്ളു. ഇങ്ങനെ വന്നവരൊന്നും തന്നെ സമുദായത്തിന് ഒന്നും ചെയ്തില്ല. രമേശ് ചെന്നിത്തല, ആർ ബാലകൃഷ്ണപിള്ള, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവരാരും നായർ സമാജത്തിനുവേണ്ടി ഒന്നും ചെയ്തവരല്ല.

നായർ പെൺകുട്ടികൾക്ക് പ്രീ മെട്രിക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നത് വെറും 120 രൂപയാണ്. എന്നാൽ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നത് ആയിരം രുപയും. വിധവയായ നായർ സ്ത്രീക്ക് വിധവാസഹായം ഇല്ല. മറ്റുള്ളവർക്ക് രണ്ടുലക്ഷം വരെ സർക്കാർ നൽകും. സുകുമാരൻ നായർ ഇക്കാര്യങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെയ്ത് വാങ്ങാതിരുന്നതെന്തെ? പൂർവ്വികർ നേടിക്കൊടുത്ത സ്വത്ത് അടിച്ചുമാറ്റുകയല്ലാതെ യാതൊരു പണിയും അവിടെ നടക്കുന്നില്ല. മന്നത്ത് പത്മനാഭൻ സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നു. നല്ല സാമൂഹ്യ പ്രവർത്തകനായിരുന്നു. എന്നാൽ ഇന്ന് എൻ എസ് എസ്സിൽ സാമൂഹ്യ പ്രവർത്തകരായി ആരാണുള്ളതെന്ന് സുകുമാരൻ നായർ വ്യക്തമാക്കണമെന്നും പെരുമറ്റം ആവശ്യപ്പെട്ടു.