തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് തിരുവനന്തപുരത്ത് നിന്നും മാറിനിൽകാനുള്ള ബുദ്ധിമുണ്ടുകൊണ്ട് മാത്രമെന്നും ബിജെപിയുമായി താൻ നല്ല ബന്ധത്തിലെന്നും രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു.

താൻ മത്സരിക്കാനില്ലെന്നും ബിജെപി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് രാഹുൽ ഈശ്വറിനെ പരിഗണിക്കുന്നുവെന്നും സുരേഷ്‌ഗോപിയാണ് തന്നോട് നേരിട്ട് പറഞ്ഞിരുന്നത്. ശ്രീശാന്ത് ഇവിടെ സ്ഥാനാർത്ഥിയാപ്പോൾ മറ്റു മണ്ഡലങ്ങളും തനിക്കായി പരിഗണിച്ചിരുന്നു. എന്നാൽ താൻ തന്നെ നേരിട്ടാവിശ്യപ്പെട്ടതനുസരിച്ചാണ് ഒഴിവാക്കിയത്.തിരുവനന്തപുരം മണ്ഡലത്തിൽ സീറ്റു ലഭിക്കാത്തതിൽ തനിക്ക് ബിജെപിയോട് നീരസമുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും ബിജെപി നേതാക്കളുടെ തെരഞ്ഞെടുപ്പ് പരിപാടികളിൽ താൻ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീശാന്തിനെ തിരുവനന്തപുരത്തെ സ്ഥാരാർഥിയാക്കിയത് മികച്ച തീരുമാനമാണെന്നും ശ്രീശാന്തിന്റെ താരമൂല്യം ശരിക്കും ഉപയോഗിക്കാവുന്ന ഒന്നാണെന്നും ഇത് തീർച്ചയായും കേരളത്തിലെ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വരുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ പാർട്ടി 15 ശതമാനത്തിലധികം വോട്ട് നേടുമെന്നതിൽ സംശയമില്ല.ഇത്തവണ ബിജെപി തീർച്ചയായും അക്കൗണ്ട് തുറക്കും. പതിനഞ്ചോളം മണ്ഡലത്തിലെങ്കിലും രണ്ടാംസ്ഥാനത്തും എത്തുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയോട് അടുത്ത് നിൽക്കുന്ന രാഷ്ട്രീയമാണ് തനിക്കെങ്കിലും കക്ഷിരാഷ്ട്രീയത്തിനധീതമായി നല്ല വ്യക്തികൾ വരേണ്ടതാണ് കേരളത്തിന്റെ ആവശ്യകതയെന്നാണ് വിശ്യസിക്കുന്നത്.

കേരളത്തിൽ ബിജെപി ശ്രമിക്കേണ്ടത് ശരിക്കും മദസൗഹാർദവും ഹിന്ദു ഐക്യവും ഒരുമിച്ച് നടപ്പിലാക്കാനാണ്. തീവ്രമായ ഹിന്ദുത്വ നിലപാടുകൾക്ക് കേരളത്തിൽ സ്ഥാനമില്ല. ഏവരേയും ഒരു കുടക്കീഴിൽ നിർത്താനും ഒപ്പംതന്നെ ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുക എന്നതാണ് പ്രധാനം. കേരളത്തിൽ ബിഡിജെഎസ് കൂടി ഒപ്പം നിൽക്കുന്നത് എൻഡിഎ മുന്നണിക്ക് ശക്തി പകരും. എന്നാൽ ബിഡിജെഎസിന് മുസ്ലിം ലീഗിനെ മാതൃകയാക്കാവുന്നതാണ്. വികസനവും ഒപ്പംതന്നെ മുസ്ലിം സമുദായത്തിലെ പ്രശ്‌നങ്ങളിൽ അവർ നടത്തുന്ന ഇടപെടലും മാതൃകാപരമാണ്. ഇത്തരത്തിലുള്ള പ്രവർത്തനം തന്നെയാണ് മതേതര രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന ഇടതുപക്ഷ നേതാക്കൾ പോലും ലീഗിനെ പല അവസരങ്ങളിലും അഭിനന്ദിച്ചിട്ടുള്ളതിന്റെ കാരണം.

കേരളത്തിന്റെ വികസനത്തിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കുന്ന പൊതു മിനിമം അജണ്ഡയുടെ ആവശ്യകത വളരെ വലുതാണ്. ഏതൊരു പദ്ധതിയും എതിർകക്ഷി കൊണ്ടുവരുമ്പോൾ എതിർക്കുകയും അങ്ങനെ അവർക്കു സൽപ്പേരു ലഭിക്കുന്നതിനു തടസ്സംനിന്ന ശേഷം സ്വന്തം സമയത്ത് മറ്റോരു പേരിൽ ആ പദ്ധതിയെ പുനർജീവിപ്പിക്കുന്നതിൽ അർഥമില്ല. അത്തരം പ്രവണതകൾ വികസനത്തെ പിന്നോട്ടടിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും അവിടെയാണ് എല്ലാ കക്ഷികളും അംഗീകരിക്കുന്ന പൊതു മിനിമം അജണ്ഡയുടെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ നേതൃത്ത്വത്തിൽ ഇടതുപക്ഷത്തിനുണ്ടായിരിക്കുന്ന വ്യതിയാനം ഭാവിയിൽ കേരളത്തിനു ഗുണകരമായി മാറുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

യുവാക്കൾ വോട്ട് ചെയ്യുന്നത് കുറയുന്നു എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവി അലങ്കരിക്കുന്ന നമുക്ക് ശുഭമായ ഒന്നല്ല. നിങ്ങൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതിലല്ല മറിച്ച് നിങ്ങൾ വോട്ട് ചെയ്തു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. നമ്മെ ആരു ഭരിക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാനുള്ള അവസരമാണ് വോട്ട് ചെയ്യുക എന്ന പ്രക്രിയ.അത് നടപ്പാക്കുമ്പോഴാണ് പൗരന്റെ ധർമ്മം പൂർണ്ണമാകുന്നതെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.