- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്പിറ്റൽ പണിഷ്മെന്റും പട്ടിക്കഥയും തനിക്കെതിരായ ക്രൂര പ്രചാരണം; വി എസിനെ മരണം വരെ പാർട്ടിക്ക് വേണം; ജയശങ്കറിനോട് സഹതാപം: വിമർശനങ്ങൾക്ക് മറുപടിയായി സ്വരാജ് മറുനാടനോട് പറഞ്ഞത്
ഡി.വൈ. എഫ്. ഐ യുടെ കേരളത്തിലെ അമരക്കാരൻ എം. സ്വരാജ്, വയസ്സ് 36, ഇപ്പോൾ സി.പി. ഐ (എം) സമ്മേളനത്തിൽ യൗവനതുടിപ്പുമായി പാർട്ടി സംസ്ഥാന കമ്മറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച്, ലീഗിന്റെ തട്ടകത്തിൽ പോരാടി വളർന്നുവന്ന നേതാവ്. ഈ വിശേഷണങ്ങൾക്കപ്പുറം എം. സ്വരാജിനെ വ്യത്യസ്തനാക്കുന്നതെന്താണ് ? പ്രസംഗ
ഡി.വൈ. എഫ്. ഐ യുടെ കേരളത്തിലെ അമരക്കാരൻ എം. സ്വരാജ്, വയസ്സ് 36, ഇപ്പോൾ സി.പി. ഐ (എം) സമ്മേളനത്തിൽ യൗവനതുടിപ്പുമായി പാർട്ടി സംസ്ഥാന കമ്മറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറം ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച്, ലീഗിന്റെ തട്ടകത്തിൽ പോരാടി വളർന്നുവന്ന നേതാവ്. ഈ വിശേഷണങ്ങൾക്കപ്പുറം എം. സ്വരാജിനെ വ്യത്യസ്തനാക്കുന്നതെന്താണ് ? പ്രസംഗങ്ങളിൽ ഇടമുറിയാതെ ഒഴുകിയെത്തുന്ന വാക്കുകൾ, വാചകങ്ങൾ, ഉപമകൾ എല്ലാം ആരെയും ആകർഷിപ്പിക്കാൻ പോന്നവയാണ്. അവയിലെല്ലാം സഭ്യതയും, സംസ്‌കാരവും മാന്യതയും സദാപുലർത്തിപോന്നിരുന്നു.
സ്വരാജ് പറഞ്ഞതായി ആരോപിക്കപ്പെടുന്ന ചില പ്രയോഗങ്ങളുടെ പേരിൽ പലപ്പോഴും ഈ ചെറുപ്പകാരന് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. അതു വി എസ്സിനെ കുറിച്ചാകുമ്പോൾ ക്രൂരമായി ആക്രമിക്കപ്പെട്ടു എന്നതാണ് സത്യം. മാദ്ധ്യമങ്ങളുടെ മനോധർമ്മമനുസരുച്ച് എരിവും പുളിയും കൂട്ടി പ്രചാരണം നടത്തികൊണ്ടിരുന്നു. പിതൃശൂന്യത,ക്യാപിറ്റൽ പണിഷ്‌മെന്റ്,കൊറിയൻ മാതൃക, വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണം.... അങ്ങനെ തുടങ്ങുന്ന നിരവധി ആരോപണങ്ങൾ.
പൊതുസമൂഹത്തിൽ സ്വരാജിന്റെ അംഗീകാരം തകർക്കുന്നത് ഉദ്ദേശിച്ചുള്ളതല്ലേ ഇത്തരം ആരോപണങ്ങൾ ? ഇവയുടെ ഉറവിടം സ്വന്തം പ്രസ്ഥാനത്തിനുള്ളിൽ നിന്ന് തന്നെയല്ലേ? തന്റെ നിലപാടുകൾ സ്വരാജ് മറുനാടൻ മലയാളിയുമായി പങ്കുവയ്ക്കുന്നു.
ആദ്യപ്രയോഗം 'പിതൃശൂന്യത' അതിൽനിന്ന് തന്നെ തുടങ്ങാം, എന്തായിരുന്നു ആ വിവാദത്തിന് അടിസ്ഥാനം?
സ്വാശ്രയ വിദ്യാഭ്യാസ അഴിമതിക്കെതിരെ എസ്.എഫ്.ഐ 2006 ഓഗസ്റ്റ് 1-ാം തീയതി തിരുവനന്തപുരത്ത് ഒരു വിദ്യാർത്ഥി സമരം സംഘടിപ്പിച്ചിരുന്നു. പ്രസ്തുത സമരം ഉദ്ഘാടനം ചെയ്യവേ ഞാൻ നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് മാദ്ധ്യമങ്ങളും , സാംസ്‌കാരിക നായകന്മാരും വൻ കോലാഹലമുണ്ടാക്കിയത്. അന്ന് എസ്.എഫ്.ഐ ക്കെതിരെ ചില മാദ്ധ്യമങ്ങൾ വ്യാപകമായി പ്രചാരണങ്ങൾ നടത്തികൊണ്ടിരുന്നു. ഇത്തരം പ്രചാരണങ്ങൾ മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് ഹീനമായ മഞ്ഞ പത്രനിലവാരത്തിലേക്ക് തരംതാണ് പോയപ്പോഴാണ് ഞാൻ പ്രസംഗമധ്യേ വിമർശനം ഉന്നയിച്ചത്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെതിരായി വ്യക്തിഹത്യപരമായ ചില ഗോസിപ്പുകൾ ഊരും, പേരും ഉറവിടവും ഇല്ലാതെ ഒരു പ്രമുഖ പത്രത്തിൽ അച്ചടിച്ചുവന്നു. ഇത്തരം പിതൃശൂന്യ വാർത്തകളെയാണ് ഞാൻ പ്രസംഗത്തിൽ വിമർശിച്ചത്. എന്നാൽ പത്രപ്രവർത്തകരെ 'പിതൃശൂന്യൻ' എന്ന് വിളിച്ചാക്ഷേപിച്ചു എന്നാരോപിച്ചാണ് വിവാദമുണ്ടാക്കിയത്. കേരളത്തിന് പുറത്തുള്ള പ്രമുഖരും ഈ വിവാദത്തിൽ പങ്കാളികളായി. ആദരണീയനായ കുൽദീപ്നയ്യാർ ആയിരുന്നു അവരിൽ പ്രമുഖൻ. എന്നാൽ യഥാർത്ഥ വസ്തുത മനസ്സിലാക്കിയ കുൽദീപ്നയ്യാർ അടുത്ത ദിവസം തന്നെ തന്റെ പ്രസ്ഥാവന തിരുത്താൻ തയ്യാറായത് എനിക്ക് വലിയ ആശ്വാസം നൽകി.
ആലപ്പുഴ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച പ്രയോഗങ്ങൾ?
വി എസ്സി.നെതിരെ ഞാൻ പറഞ്ഞുവെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. സംസ്‌കാരമുള്ള ഒരാളും മറ്റൊരാളെകുറിച്ച് ഇങ്ങനെ പറയുകയില്ല, പറയാൻ പാടില്ല എന്നതാണ് എന്റെ അഭിപ്രായവും. മനുഷ്യത്വമുള്ള, ചിന്തിക്കുന്ന, സംസ്‌കാരമുള്ള ഒരു വ്യക്തിയും അങ്ങനെ ഒരു പദപ്രയോഗം നടത്തുകയില്ല. എത്ര ക്രൂരമായ പ്രചാരണമാണ് ഇത് ! ഒരു മലയാള ദിനപത്രത്തിലാണ് ഇങ്ങനെ ഒരു വാർത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. തുടർന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങളും അത് ഏറ്റെടുത്തു. വാർത്ത തെറ്റണെന്ന് മനസ്സിലാക്കി പലരും അതിൽ നിന്നും പിന്തിരിഞ്ഞു. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്‌മെന്റ് വി എസ്സിന് നൽകണമെന്ന് ഞാൻ പറഞ്ഞതായിട്ടായിരുന്നു പ്രചാരണം. ചിലർ വി എസ്സിനെ തൂക്കിലേറ്റണമെന്ന് വരെ പറഞ്ഞതായി പ്രചാരണം നടത്തി. എന്ത് അസംബന്ധമാണിതൊക്കെ. ഇങ്ങനെയുള്ളകാര്യങ്ങൾ പറഞ്ഞുവെന്ന് കേൾക്കുമ്പോൾ സത്യം അന്വേഷിക്കാനെങ്കിലും മാദ്ധ്യമങ്ങൾ തയ്യാറാകേണ്ടേ ?
സമ്മേളനകാലത്ത് നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾ സ്വഭാവികമാണ്. ഏതൊരു നേതാവിനേയും പാർട്ടിക്കുള്ളിൽ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്യവും ഏതൊരു പാർട്ടി അംഗത്തിനുമുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ അന്തസ്സോടെയാണ് ഉയർത്തേണ്ടതെന്ന ബോധ്യം എനിക്കുണ്ട്. ഇ.എം.എസ്സിനെതിരെ പോലും രൂക്ഷമായ വിമർശനങ്ങൾ പാർട്ടിസമ്മേളനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അതെല്ലാം അവരോടുള്ള ബഹുമാനകുറവുകൊണ്ട് ഉണ്ടാകുന്നതല്ല. ഞാനും എന്റെ സുചിന്തിതമായ അഭിപ്രായങ്ങൾ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. സമ്മേളനത്തിൽ പറഞ്ഞകാര്യങ്ങൾ പുറത്തുപറയാൻ പാടില്ലാത്തതുകൊണ്ട് പറയുന്നില്ല. ഒരു പക്ഷേ, നാളെ ഇതെല്ലാം പാർട്ടി ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോൾ സത്യങ്ങളെല്ലാം പുറത്തുവരുമെന്നകാര്യത്തിൽ തർക്കമില്ല.
അഡ്വ. ജയശങ്കർ താങ്കളെ കുറിച്ച് പറഞ്ഞത്?
സംസ്‌കാരമുള്ള ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ മൃഗത്തോട് താരതമ്യം ചെയ്യാറില്ല. ജയശങ്കർ അതു ചെയ്തു. എന്നെ കുരങ്ങിനോടു ഉപമിച്ചു. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് കാണിച്ച് ചർച്ച നടത്തുക, എന്നിട്ട് വ്യക്തിഹത്യ നടത്തുക അതാണ് ഇവിടെ സംഭവിച്ചത്. എന്തൊരു ക്രൂരതയാണിത്. എനിക്ക് അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. മറിച്ച്, സഹതാപമാണ് ഉള്ളത്. വിചിത്രയായ ഒരു മാനസികാവസ്ഥയുടെ ഉടമയാണ് അദ്ദേഹം. ഒരു കൗൺസിലിംഗിന് അദ്ദേഹം വിധേയമാകണമെന്നാണ് എന്റെ അഭിപ്രായം.
വി എസ്സിനെ കുറിച്ചുള്ള അഭിപ്രായം
വിഎസിനെ കുറിച്ച് പറയാനുള്ളത്?
അളവറ്റ ആദരവും എനിക്ക് അദ്ദേഹത്തോടുണ്ട്. അദ്ദേഹം മരണം വരെ പാർട്ടിയിൽ തുടരണമെന്നതാണ് എന്റെ വിശ്വാസം. എന്നാൽ നിർഭാഗ്യകരമായ ചില സമീപനങ്ങൾ അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ കരുത്തായി സഖാവ് വി എസ്സ് തുടരണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിനെതിരെ മോശപ്പെട്ട ഒരു പ്രയോഗവും ഞാൻ ഇതുവരെയും നടത്തിയിട്ടില്ല.
ഏറെനാളായി മനസ്സറിയാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വരുന്ന ഒരാളാണ് ഞാൻ. പറയുകയോ,ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളുടെപേരിൽ ആക്ഷേപങ്ങൾ ഏറ്റു വാങ്ങേണ്ടിവരുമ്പോൾ ആദ്യകാലത്ത് മാനസ്സികവിഷമം ഉണ്ടാകുമായിരുന്നു. ഇപ്പേൾ അത്തരം പ്രയാസങ്ങളും ഉണ്ടാകാറില്ല. എന്നാൽ ഇപ്പേഴുണ്ടായിട്ടുള്ളത് എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീചമായ നുണപ്രചരണമാണ്. പി.കൃഷ്ണപിള്ളയും,എ.കെ.ജിയും,ഇ.എം.എസ്സും,വി,എസ്സും,പിണറായിയും ഒക്കെ പാർട്ടിയുടെ സമുന്നത നേതാക്കളാണ്. എന്നാൽ ഇവരെക്കാൾ മഹത്തരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു ഞാൻ കരുതുന്നു.
പാർട്ടിയിൽനിന്ന് വാർത്തകൾ ചോരുന്നതിന്റെ ഫലമല്ലേ ഇതൊക്കെ ?
ശരിയാണ് പാർട്ടിക്കുള്ളിൽ നിന്ന് പല വാർത്തകളും പുറത്തുവരുന്നുണ്ട്. അതു പാർട്ടിയുടെ ദൗർബല്യമാണ്. അങ്ങനെയാണ് ഒരാളെ ബോധപൂർവ്വം തേജോവധം ചെയ്യുന്ന വാർത്തകളുടെ ഉറവിടം ഉണ്ടാകുന്നത്.
കവിയും എഴുത്തുകാരനും കൂടിയാണ് സ്വരാജ്. 'വേനൽപക്ഷി, എന്ന ഒരു കവിതാസമാഹാരം ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വരാജിന്റെ ധൈഷണികമികവും, വാക്ചാതുര്യവും അദ്ദേഹത്തിനുതന്നെ വിനയായിതീർന്നിട്ടുണ്ടെന്നുവേണം കരുതാൻ. ഇത് പലർക്കും അസ്വസ്ഥരും അസൂയയും സൃഷ്ടിക്കുന്നുണ്ടെന്ന് സൂക്ഷമമായി വിലയിരുത്തുന്നവർക്ക് മനസ്സിലാകും. അതായിരിക്കാം ഈ വിവാദങ്ങൾക്ക് പുറകിലുള്ള യാഥാർത്ഥ്യവും.