സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വരദയ്ക്ക് അവിടെ ചുവടുറപ്പിക്കാൻ സാധിച്ചില്ല. എന്നാൽ സീരിയലിലേക്കുള്ള ചുവടുമാറ്റം തനിക്ക് നല്ല കുറേ കഥാപാത്രങ്ങൾ നൽകിയെന്ന് വരദ പറയുന്നു. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളുമായി കഴിയുന്ന നടികളെപ്പോലെയല്ല വരദ. അഭിനയമോഹം ഒട്ടുമില്ലാതിരുന്നിട്ടും തനിക്ക് കിട്ടിയ അവസരങ്ങൾ വരദ ഉപേക്ഷിച്ചില്ല. സീരിയൽ നടൻ കൂടിയായ ഭർത്താവിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് വരദ. മംഗളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വരദ മനസ്സ് തുറക്കുന്നത്.

അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ച് വരദ പറയുന്നത് ഇങ്ങനെ-ഒരു കുടുംബസുഹൃത്തിന്റെ സ്റ്റുഡിയോയുടെ കലണ്ടർ ചെയ്യാൻ മോഡലിനെ ആവശ്യമായി വന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ചു. ആ കലണ്ടർ കണ്ട് തൃശ്ശൂരിലെ ഒരു ലോക്കൽ ചാനലിൽ പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണിച്ചു. അവിടുന്ന് ജീവൻ ടിവിയിൽ കുറച്ചുകാലം അവതാരികയായി. ഇതിനിടയിൽ മംഗളത്തിൽ എന്റെ കവർഫോട്ടോ വന്നു. അതു കണ്ടാണ് ആദ്യ സിനിമയായ സുൽത്താനിലേക്ക് അവസരം ലഭിച്ചത്. തുടർന്ന് നാലു സിനിമകൾ ചെയ്തു. പക്ഷേ, സിനിമയിൽ നിലനിൽക്കാൻ സാധിച്ചില്ല. പിന്നീട് സീരിയലിലേക്ക് വഴിമാറി.

പൊതുവേ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്നയാളാണ്. ഒരിക്കൽ എന്റെയൊരു കൂട്ടുകാരി പറഞ്ഞു 'നീയൊരിക്കലും ഒരു നടിയാകുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല'. കാരണം സ്‌ക്കൂളിൽ പഠിക്കുന്ന സമയത്ത് സ്റ്റേജ് പോലും കാണാത്ത കുട്ടിയായിരുന്നു. ആദ്യമായി ക്യാമറ ഫെയ്‌സ് ചെയ്തത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ഫോട്ടോയെടുക്കുമ്പോൾ ചിരിക്കാൻ എനിക്കറിയില്ല. അവർ കുറേ തവണ എന്നോട് ചിരിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ അവർ വഴക്കു പറഞ്ഞു. സങ്കടം വന്ന് ചുണ്ടൊക്കെ വിറയ്ക്കാൻ തുടങ്ങി. അങ്ങനെ ആ ഫോട്ടോഷൂട്ട് ആകെ കുളമായി. സിനിമയുടെ ഷൂട്ടിങ്ങിനിടെ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ടെൻഷൻ കാരണം ഡയലോഗുകളെല്ലാം മറന്നുപോകും. മൂന്നു ദിവസം കൊണ്ടാണ് ഒരു ഡയലോഗ് കാണാതെ പറഞ്ഞത്-വരദ പറഞ്ഞു.

സിനിമ വിട്ടുകളഞ്ഞത് എന്റെ മണ്ടത്തരമാണ്. നാലു സിനിമകൾ ചെയ്തു. അതിലെല്ലാം വലിയ പ്രാധാന്യമില്ലാത്ത റോളുകളായിരുന്നു. പിന്നീട് വന്ന സിനിമകളിലെ കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. അന്നത്തെ ചിന്ത നായികയാണെങ്കിൽ മാത്രമേ പ്രേക്ഷകർ ശ്രദ്ധിക്കൂ എന്നായിരുന്നു. അങ്ങനെ സിനിമ വേണ്ടെന്നു വച്ച് സീരിയലുകളിൽ സജീവമായി. സ്‌നേഹക്കൂട് എന്ന സീരിയലിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഹൃദയം സാക്ഷി, അമല തുടങ്ങി ഇപ്പോൾ പ്രണയം എന്ന സീരിയൽ ചെയ്യുന്നു. കരിയറിൽ ബ്രേക്കായ സീരിയൽ അമലയാണ്. ധാരാളം സീരിയലുകൾ കിട്ടിയപ്പോൾ സിനിമയിൽ കിട്ടാത്ത പരിഗണന ഇവിടെ നിന്നും ലഭിച്ചു. ഇപ്പോൾ സിനിമകളിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട്. ഡേറ്റ്‌സിന്റെ പ്രോബ്ലമുള്ളതുകൊണ്ട് ഒന്നും സ്വീകരിക്കുന്നില്ല. ഇപ്പോൾ ആലോചിക്കുന്നു, അന്ന് സിനിമ വിട്ടില്ലായിരുന്നെങ്കിൽ നല്ല കുറേ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചേനേയെന്ന്.

എന്റെ വിവാഹമാണ് എനിക്ക് മറക്കാനാകാത്ത സംഭവം. അമല എന്ന സീരിയൽ ഷൂട്ടിങ്ങിനിടയിൽ ഒരു ഫെബ്രുവരി മാസത്തിലാണ് ജിഷിൻ എന്നോട് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറയുന്നത്. ആദ്യം തമാശയായിട്ടാണ് ഞാനതിനെ കണ്ടത്. അതുകൊണ്ട് ധൈര്യമായി വീട്ടിൽ ആലോചിക്കാൻ പറഞ്ഞു. അത് ജിഷിൻ കാര്യമായി തന്നെയായിരുന്നു പറഞ്ഞതെന്ന് ആറുമാസത്തിനുശേഷമാണ് എനിക്ക് മനസ്സിലായത്. ജിഷിൻ വീട്ടിൽ വന്ന് സംസാരിച്ചു. പിന്നെയധികം താമസിച്ചില്ല വിവാഹവും നടന്നു-വരദ പറയുന്നു.