ആലപ്പുഴ : ഈഴവനായ വി എസ്സിന് ഗുരുദേവനെക്കുറിച്ചു പഠിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഈഴവനെ സംബന്ധിച്ചിടത്തോളം ഗുരു സാമൂഹ്യപരിഷ്‌ക്കർത്താവും വിപ്ലവകാരിയൊന്നുമല്ല. സാക്ഷാൽ ദൈവം തന്നെയാണ്. ഇത് മനസിലാക്കാൻ ഈഴവനായ വി എസ്സിനു കഴിയാതെ പോയത് ഖേദകരമാണ്. എഴുതിത്ത്ത്തന്ന പ്രസംഗം വായിക്കുമ്പോൾ അതു വിളിച്ചു പറയുന്നതിനുമുമ്പ് ഒന്നു വായിച്ചുനോക്കേണ്ട സാമാന്യമര്യാദപോലും വി എസ് കാട്ടിയില്ല. എങ്കിൽ ഈ അബദ്ധം സംഭവിക്കില്ലായിരുന്നു. നേതൃത്വത്തിന്റെ മുന്നിൽ നല്ലപിള്ള ചമയാൻ ശ്രമിച്ചതാണ് വിനയായത്. അവർ പറയുന്നതെന്തും അനുസരിക്കുമെന്ന് തെളിയിക്കാൻ വി എസ് കാട്ടിയ പരാക്രമമാണ് നിലവിലുള്ള വിലപോലും ഇടിച്ചു കളഞ്ഞത്, വി എസ് പറഞ്ഞു

തനിക്കെതിരെ പ്രസംഗിച്ച വേദിയിൽനിന്നും പ്രവർത്തകർ രാത്രിവൈകിയും പിരിഞ്ഞുപോയില്ലെന്നുള്ള യാഥാർത്ഥ്യം വി എസ് മനസിലാക്കണം. തന്റെ പ്രസംഗം സസൂക്ഷം കേട്ടതിനുശേഷമാണ് ജനങ്ങൾ അർദ്ധരാത്രിയിൽ പിരിഞ്ഞത്. അതേസമയം ഈഴവന്റെ വേദിയിൽ കയറി തോന്ന്യാസം വിളിച്ചു പറയുകയും മറ്റിടങ്ങളിൽ പോയി പുകഴ്‌ത്തിപറഞ്ഞ് കാര്യം സാധിക്കുന്ന പണിയാണ് ഇപ്പോൾ സി പി എമ്മിന്. ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ ഈഴവ സമുദായത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളായ ചെറുപ്പക്കാർ കൃസ്ത്യാനി പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ചപ്പോൾ ഈഴവനായ വി എസ് എവിടെയായിരുന്നു. അന്ന് ബിജെപിയാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയത്. ഉടൻ ബിഷപ്പ് പരാമർശം മാറ്റിയില്ലേ.

അപ്പോൾ അവസരവാദ രാഷ്ട്രീയം കളിച്ച് അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നിക്കങ്ങൾക്ക് പിന്നിലെന്ന് ജനങ്ങൾക്ക് അറിയാം. ഇതിനായി കാലഹരണപ്പെട്ട വി എസ് അച്ചുതാനന്ദനെ പാർട്ടി ഉപയോഗിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഞാൻ ഇടതു ചിന്താഗതിയുള്ള ഈഴവനാണെന്ന് മനസിലാക്കാൻ വി എസ് മറന്നുപോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എ കെ ആന്റണിയും വയലാർ രവിയും തന്റെ സമകാലികരാണെങ്കിലും ഞാൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ളയാളാണ്. അത് പല തെരഞ്ഞെടുപ്പുകളിലും ഞാൻ പ്രകടിപ്പിച്ചിട്ടുള്ളതാണ്.

എന്നാൽ ഈഴവന്റെ വോട്ടുവാങ്ങി അധികാരത്തിലെത്തിയശേഷം അവർക്ക് പണിവെക്കുന്ന നയങ്ങളാണ് ഇടത് സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. പാലോളി കമ്മിറ്റിയും സച്ചാർ റിപ്പോർട്ടും ന്യൂനപക്ഷങ്ങൾക്ക് വാരിയും കോരിയും എല്ലാ സൗകര്യങ്ങളും അനുവദിച്ചപ്പോൾ ഈഴവന് എന്തു നൽകി? സി പി എം പരിശോധിക്കണം. ചാരായം നിരോധിച്ചപ്പോൾ അവിടെ പണിയെടുത്ത തൊഴിലാളികളെ കുറിച്ച് അന്വേഷിച്ചില്ല. ഇപ്പോൾ ബാറുകൾ അടച്ചപ്പോൾ മുതലാളിമാർക്ക് വേണ്ടി ഒത്താശചെയ്യുന്നു. ബിഷപ്പുമാരുടെ നിയന്ത്രണത്തിൽ കേരളത്തിൽ മദ്യവ്യവസായം നടത്തുകയാണ് ഇരുമുന്നണികളും.

ഇപ്പോൾ എങ്ങടവുമില്ലാത്ത ആരെയോ കൂട്ടുപിടിച്ച് എസ് എൻ ഡി പിയെ പൊളിക്കാമെന്ന് സി പി എം മോഹിക്കേണ്ട. അതു നടക്കില്ല. യോഗം വേദികളിൽ രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനം ചിലർക്കുള്ള സൂചന കൂടിയാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.