ആലപ്പുഴ : എസ് എൻ ഡി പിയുമായി ചങ്ങാത്തം കൂടാമെന്ന സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം ധൃതരാഷ്ട്രാലിംഗനമാണോയെന്ന് സംശയിക്കുന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളാപ്പള്ളി നാളെ ചർച്ച നടത്തുന്നുണ്ട്. സിപിഐ(എം) രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന നിലപാട് ഇപ്പോഴും വെള്ളാപ്പള്ളി തുടരുന്നുവെന്നാണ് അദ്ദേഹം മറുനാടനോട് പങ്കുവച്ച വാക്കുകൾ നൽകുന്ന സൂചന.

ഇവർ അടുത്തുകൂടുന്നത് ഗുരുവിനോടുള്ള സ്‌നേഹം കൊണ്ടല്ല. മറിച്ച്, അണികളിൽ ചേരിതിരിവുണ്ടാക്കി സംഘടനയെ ശിഥിലമാക്കാനാണ്. ഒരുവേള ജനപ്രതിനിധിയായി എത്തിയ ഉമേശ് ചള്ളിയിലിനോട് ഗുരുവിനു പകരം കുട്ടിച്ചാത്തനെ പിടിച്ച് സത്യവാചകം ചൊല്ലാൻ പറഞ്ഞവരാണ് സി പി എമ്മുകാർ. ഇവരുടെ ഗുരുപ്രേമം ഇതിൽനിന്നും മനസിലാക്കാവുന്നതേയുള്ളു. പോളിറ്റ് ബ്യൂറോ ചേർന്നു ധാരണയാകാമെന്നു തീരുമാനിച്ചെങ്കിലും കേരളത്തിൽ ഇന്നും നേതാക്കന്മാർ തന്നെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയും പള്ളുരുത്തിയൽ തനിക്കെതിരെ പിണറായി വിജയൻ പ്രസംഗിച്ചതായി അറിഞ്ഞു. കാരണം പോളിറ്റ് ബ്യൂറോയിലും വലിയ കമ്മിറ്റിയാണല്ലോ കേരളത്തിലുള്ളത്.

ഏതായാലും എനിക്ക് സന്തോഷമാണ് തോന്നുന്നത്. ഉറങ്ങിക്കിടന്ന ശ്രീനാരായണീയരെ ഉണർത്താൻ സി പി എം വിചാരിച്ചപ്പോൾ കഴിഞ്ഞു. ഇതു ഗുരുവിനെ നിന്ദിച്ചതിനു കിട്ടിയ തിരിച്ചടിയാണ്. ഒരേസമയം ഗുരുവിനെ അവഹേളിക്കുകയും പിന്നീട് ഗുരുഭക്തരുമായി ചേർന്ന് പ്രവർത്തിക്കാമെന്ന് തീരുമാനം എടുക്കുകയും ചെയ്യുന്നത് ഗുരു നൽകിയ ശിക്ഷയായി മാത്രമെ കാണാൻ കഴിയുവെന്നു വെള്ളാപ്പള്ളി പറഞ്ഞു.

ഇപ്പോൾ സി പി എമ്മിൽ രണ്ടുവിഭാഗമാണുള്ളത്. ഒന്നു ഗുരുപ്രേമക്കാരും മറ്റൊന്ന് ഗുരുനിന്ദക്കാരും. ഇവരിൽ പലരും വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും മറ്റുചിലർ തള്ളിപ്പറയുകയും ചെയ്യുന്നു. ഇതിൽ മിടുക്കൻ വി എസ് അച്ചുതാനന്ദൻ ആണ്. ജി സുധാകരനും എം എ ബേബിയും തന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചപ്പോൾ വി എസ് പൊതുവേദിയിൽ എതിർത്തു. അദ്ദേഹം ഒരു കാര്യം ആലോചിക്കാനുണ്ട്. പാർട്ടി അദ്ദേഹത്തെ കൈവിട്ടപ്പോൾ മലമ്പുഴയിൽ എടുത്തുയർത്താൻ ശ്രീനാരായണീയരെ ഉണ്ടായിരുന്നുള്ളു. എന്റെ നിർദ്ദേശ പ്രകാരം ഈഴവനായ വി എസ്സിനെ വിജയിപ്പിക്കാൻ ആലപ്പുഴയിൽനിന്നും ചേർത്തലയിൽനിന്നും കൊച്ചി, കോട്ടയം ജില്ലകളിൽനിന്നും നിരവധി ഗുരുഭക്തർ മലമ്പുഴയിൽ എത്തിയിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അയിളിപ്പോൾ ഇതൊക്കെ മറന്നുവെന്നു വെള്ളാപ്പള്ളി പറഞ്ഞു.

അല്ലെങ്കിലും സി പി എമ്മിൽ ആർക്ക് ആരോടാണ് പ്രതിബദ്ധതയും നന്ദിയുമുള്ളത്. ഇപ്പോൾ പൊതുവേദിയിൽ കയറിനിന്ന് തനിക്കെതിരെ പറഞ്ഞ് ആളാകാൻ ശ്രമിക്കുന്നു. തികച്ചും ലജ്ജാകരമെന്ന് പറയാനെ തരമുള്ളു. ഇപ്പോൾ എസ് എൻ ഡി പിക്ക് സീറ്റ് തരാൻ ആളുകൾ ക്യൂനിൽക്കുകയാണ്. പക്ഷേ ഒരുകാര്യം മാത്രമെ പറയാനുള്ളു. ആരുടെ പിന്തുണയും സ്വീകരിക്കും. ചിഹ്നം ഞങ്ങൾ തീരുമാനിക്കും. സ്വതന്ത്രരായി മൽസരിക്കും. ആർക്കും ഞങ്ങളോടൊപ്പം ചേരാം. ഗുരുപ്രേമം കവിഞ്ഞൊഴുകുന്ന സി പി എം വേണമെങ്കിൽ അംഗീകരിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.