ബ്ദുള്‍ നാസര്‍ മഅദനി... കേരളത്തില്‍ ഒരു കാലത്തു മുഴങ്ങിക്കേട്ട ശബ്ദം. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇപ്പോള്‍ ബംഗളുരു സ്‌ഫോടനക്കേസിലും കുരുങ്ങി വിചാരണപോലുമില്ലാതെ ദുരിതത്തിന്റെ തീ തിന്നു ജീവിക്കുന്നു. മഅദനിയോടു ഭരണകൂടങ്ങള്‍ കാട്ടുന്നതു കടുത്ത മനുഷ്യാവകാശലംഘനമാണെന്നു പല കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നിട്ടും മോചനത്തിനോ ജാമ്യത്തിനോ നടപടികളില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേരളത്തില്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ മഅദനിയുടെ പേരുപയോഗിക്കുന്നവര്‍ ഒരിക്കല്‍ പോലും മഅദനിയുടെ യഥാര്‍ഥ മോചനത്തിനായി ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യം സാധാരണ മലയാളികള്‍ പലവട്ടം ചോദിച്ചിട്ടുള്ളതാണ്. ഇനിയെങ്കിലും നീതിപീഠങ്ങളും ഭരണകൂടങ്ങളും തങ്ങളുടെ പ്രിയപ്പെട്ട ഉപ്പകൂടിയായ മഅദനിക്കു യഥാര്‍ഥ നീതി ലഭ്യമാക്കണമെന്ന ആവശ്യമാണ് മക്കളായ ഉമര്‍ മുഖ്താറിനും സ്വലാഹുദീന്‍ അയൂബിക്കും ഉന്നയിക്കാനുള്ളത്. ഇവര്‍ ഇന്നലെ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസസമരം നടത്താനെത്തിയപ്പോള്‍ മറുനാടന്‍ മലയാളിക്കു നല്‍കിയ അഭിമുഖം.

മഅദനിയുടെ മക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കുന്നത് എന്തിന് വേണ്ടിയാണ്? എന്താണ് നിങ്ങളുടെ ആവശ്യം?
ഞങ്ങളുടെ വാപ്പിച്ചിയുടെ മേല്‍ ചുമത്തപ്പെട്ട കേസ് പുനരന്വേഷണം നടത്തണം എന്നാണു ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സത്യസന്ധരും പ്രഗത്ഭരുമായ ഉദ്യോഗസ്ഥന്മാര്‍ നേതൃത്വം നല്‍കി പുനരന്വേഷണം നടന്നാല്‍ മാത്രമേ ഞങ്ങളുടെ വാപ്പിച്ചിയുടെ നിരപരാധിത്വം തെളിയിക്കപ്പെടൂ. എങ്കില്‍ മാത്രമേ കളളക്കേസില്‍ കുടുങ്ങി യുഎപിഎ ഉള്‍പ്പെടെയുള്ള കൊടുംഭീകരക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

  • വാപ്പിച്ചിയെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?


വാപ്പിച്ചി ആദ്യമായിട്ട് ജയിലില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് നാലുവയസ്സും ആറു മാസവുമാണ് പ്രായം. 1998 മാര്‍ച്ച് 31നാണ് വാപ്പിച്ചി ആദ്യമായി കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. പിന്നീടുള്ള നേര്‍ത്ത ഓര്‍മ്മകളൊക്കെ കോയമ്പത്തൂരിലെ ജയിലിലെ ഇരുമ്പ് വലകള്‍ക്കിടയിലൂടെ അവ്യക്തമായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. വാപ്പിച്ചിയെ ഒന്നു തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ഞങ്ങള്‍ കൊതിച്ചിട്ടുണ്ട്. പിന്നീട് 2007 ഓഗസ്റ്റ് ഒന്നിനു വാപ്പിച്ചി പുറത്തിറങ്ങി. പക്ഷേ, അപ്പോള്‍ ഞങ്ങള്‍ ഹോസ്റ്റലില്‍നിന്ന് പഠിക്കുകയായിരുന്നു. വാപ്പിച്ചിയെ എന്നെ്നേക്കുമായി തിരിച്ചുകിട്ടിയെന്നു കരുതി ഞങ്ങളും ഉമ്മയും സന്തോഷിച്ചു.

ഞങ്ങള്‍ക്ക് ഓര്‍മ്മ വച്ച ശേഷം വാപ്പിച്ചിയെ ആദ്യമായിട്ട് കാണുന്നത് അന്നാണ്. മറ്റുള്ളവരില്‍ നിന്നും പറഞ്ഞറിഞ്ഞ് മനസ്സിലാക്കിയിരുന്ന വാപ്പിച്ചി വളരെ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാല്‍ ഞങ്ങള്‍ നേരിട്ട് കണ്ട വാപ്പിച്ചി നിരവധി രോഗങ്ങള്‍ക്കടിമപ്പെട്ട് ആരോഗ്യം തകര്‍ന്ന് അസ്ഥികൂടം പോലെയായിരുന്നു.

എന്നാല്‍ മാനസികമായി വാപ്പിച്ചി വലിയ ആത്മവിശ്വാസമുള്ള ആളായിരുന്നു. ഏത് ദുരിതത്തേയും ദുഖത്തേയും പുഞ്ചിരിയോടെ കാണാന്‍ വാപ്പിച്ചിക്ക് കഴിഞ്ഞിരുന്നു. ഒരേസമയം കാരുണ്യത്തിന്റെ കടലും ധീരതയുടെ പ്രതീകവുമായിരുന്നു വാപ്പിച്ചി. വലുതും ചെറുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വാപ്പിച്ചി സംസാരിക്കുമായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഓരോ നോട്ട്ബുക്ക് അദ്ദേഹം തന്നിരുന്നു. അതില്‍ അദ്ദേഹം സംസാരിക്കുന്നതിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ എഴുതിവയ്ക്കും. മതകാര്യങ്ങളും സാഹിത്യവും കലയും രാഷ്ട്രീയവും ഒരേസമയം സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അറിവിന്റെ ഒരു കടലാണ് വാപ്പിച്ചി.

  • എവിടെയാണ് വാപ്പിച്ചിക്ക് പിഴച്ചത്? എങ്ങിനെയാണ് കേസിലേക്കും ജയിലിലേക്കും കോടതിയിലേക്കും അദ്ദേഹം എത്തുന്നത്?


ബംഗളുരു പോലീസും മറ്റു ചില ഏജന്‍സികളും കൂടി വാപ്പിച്ചിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് പോലെ ഞങ്ങളും വിശ്വസിക്കുന്നു. ഞങ്ങള്‍ക്കറിയാവുന്ന വാപ്പിച്ചി നൂറു ശതമാനവും നിരപരാധിയാണ്. വാപ്പിച്ചിയുടെ പ്രസംഗത്തില്‍ ശൈലി കുറച്ച് തീവ്രമായിരുന്നിരിക്കാം. എന്നാല്‍ വാപ്പിച്ചിയുടെ ആശയങ്ങള്‍ അന്നും ഇന്നും ഒന്നാണ്. അത് പ്രകടിപ്പിക്കുന്ന ഭാഷയ്ക്ക് മാറ്റമുണ്ടായിട്ടുണ്ടാകാം. വാപ്പിച്ചിയുടെ പഴയ പ്രസംഗങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ കേള്‍ക്കാം. അഹിംസയെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ അക്രമകാരികള്‍ ശിക്ഷിക്കപ്പെടണമെന്നും അവര്‍ണ്ണന് അധികാരം ലഭിക്കണമെന്നും തുറന്ന് പറയാന്‍ വാപ്പിച്ചി മടിച്ചിട്ടില്ല. ഭരണകൂടത്തേയും അധികാര കേന്ദ്രങ്ങളേയും വിമര്‍ശിക്കാന്‍ വാപ്പിച്ചി മടിച്ചിട്ടില്ല. അതൊക്കെയും ശക്തമായ ഭാഷയിലായിരുന്നു എന്നതുകൊണ്ട് ശത്രുക്കള്‍ ധാരാളമുണ്ടായി.

ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഒരിക്കല്‍ വാപ്പിച്ചിയോട് പറഞ്ഞത് നിങ്ങള്‍ പൊതുസ്ഥലത്താണ് ഞങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്നതല്ല ഞങ്ങളുടെ പ്രശ്‌നം. അങ്ങയുടെ വിമര്‍ശനങ്ങള്‍ ഞങ്ങളുടെ അണികളും പാര്‍ട്ടികളില്‍ ഉന്നയിക്കുന്നതാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്നതായിരുന്നു. അതിനര്‍ത്ഥം അത്രത്തോളം ജനങ്ങളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നാണ്. സ്വാഭാവികമായും അദ്ദേഹത്തിന് ധാരാളം ശത്രുക്കള്‍ ഉണ്ടായി. ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോഴും അമ്പലത്തിന്റെ ഒരുപിടി മണ്ണുപോലും അതിനായി എടുക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.

  • വാപ്പിച്ചിയെ ആഴത്തില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുന്നത്? വാപ്പിച്ചി ഒരു തീവ്രവാദിയാണോ?


വാപ്പിച്ചി കരുണയുടെ ഒരു കടലാണ്. ഒരിക്കലും മറ്റൊരു ജീവിയേയോ ജീവനേയോ അറിയാതെ പോലും വേദനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഞങ്ങള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ വാപ്പിച്ചിയുടെ വലതുകാല്‍ ശത്രുക്കള്‍ ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. വാപ്പിച്ചി കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനാകുമ്പോഴും ആ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നില്ല. ജയില്‍ മോചിതനായി പുറത്ത് വന്ന് ആദ്യ ദിവസം ശംഖുമുഖത്തെ സ്വീകരണയോഗത്തില്‍ വച്ച് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം പറഞ്ഞത് - തന്നെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് മാപ്പു കൊടുക്കുന്നു എന്നാണ്. കേസിന്റെ വിചാരണ കൊല്ലം ഫാസറ്റ് ട്രാക്ക് കോടതിയില്‍ ആരംഭിച്ചപ്പോള്‍ പ്രതികള്‍ക്ക് കോടതി മാപ്പ് കൊടുക്കണമെന്നും സാക്ഷിപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതിയില്‍ അദ്ദേഹം എഴുതി നല്‍കി. അന്ന് രാത്രി ഞങ്ങള്‍ അദ്ദേഹത്തോട് വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് എന്തിനാണ് മാപ്പ് കൊടുത്തത് എന്ന് ചോദിച്ചു. വാപ്പിച്ചിയുടെ മറുപടിയില്‍ നിന്നും ഞങ്ങള്‍ പഠിച്ചത് മനുഷ്യത്വത്തിന്റേയും കാരുണ്യത്തിന്റെയും വിവേകത്തിന്റെയും പാഠങ്ങളാണ്. 'വാപ്പിച്ചിക്ക് നഷ്ടപ്പെട്ട കാല്‍ ഒരിക്കലും തിരിച്ച് കിട്ടില്ല. അതുകൊണ്ട് അതിന്റെ പേരില്‍ ഒരു വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കാനോ കേരളത്തിലെ സമാധാനാന്തരീക്ഷം തകരാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് വാപ്പിച്ചി പറഞ്ഞത്. മുറിച്ചുമാറ്റപ്പെട്ട കാലില്‍ തലോടി നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ വാപ്പിച്ചിയെ അറിയുകയായിരുന്നു.

ആ വാപ്പിച്ചിയെങ്ങനെ ബംഗളുരുവിലെ വഴിയോരത്തുകൂടി നടന്നുപോയ ഒരു സാധുസ്ത്രീയെ ബോംബ് വെച്ച് കൊല്ലുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യും? അദ്ദേഹത്തെ മനസ്സിലാക്കിയവര്‍ക്കാര്‍ക്കും അത് വിശ്വസിക്കാന്‍ കഴിയില്ല.

  • അദ്ദേഹത്തെ സ്‌ഫോടനകേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യണമെങ്കില്‍ പോലീസിന്റെ കയ്യില്‍ തെളിവുകളുണ്ടാകുമല്ലോ?


സ്‌ഫോടന കേസില്‍ അദ്ദേഹത്തെക്കുടുക്കിയ പ്രധാന സാക്ഷിമൊഴി എറണാകുളത്തുകാരനായ മജീദ് എന്നയാളുടേതാണ്. എറണാകുളം കലൂരില്‍ മഅദനി താമസിക്കുന്ന വീട്ടില്‍ വച്ച് ബംഗളുരുവില്‍ സ്‌ഫോടനം നടത്താന്‍ അദ്ദേഹം ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് അയാള്‍ കണ്ണൂരില്‍ വച്ച് മൊഴികൊടുത്തു എന്നാണ് ചാര്‍ജ്ജ് ഷീറ്റ്. എന്നാല്‍ ആ ദിവസം ക്യാന്‍സര്‍ രോഗബാധിതനായ മജീദ് അബോധാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു. പോലീസ് മൊഴിനല്‍കിയെന്ന് പറയുന്നതിന്റെ അഞ്ചാം ദിവസം അദ്ദേഹം മരണപ്പെട്ടു. പ്രോസിക്യൂഷന്റെ ഓരോ ആരോപണങ്ങളും കള്ളത്തരങ്ങളും കോടതിയില്‍ ഞങ്ങള്‍ തെളിയിക്കുമ്പോള്‍ അവര്‍ പുതിയ ആരോപണങ്ങളുമായി രംഗത്ത് വരുന്നു. ഞങ്ങള്‍ തീര്‍ത്തും നിസഹായരാണ്.

  • മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പറഞ്ഞത് മഅ്ദനിയുടെ രോഗങ്ങള്‍ അഭിനയമാണെന്നാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി?


ജയിലില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാരം 100 കിലോഗ്രാമായിരുന്നു. ഇന്ന് 48 കിലോയില്‍ താഴെയാണ് അദ്ദേഹത്തിന്റെ തൂക്കം. ഇല്ലാത്ത രോഗങ്ങളില്ല. മറ്റേക്കാലും മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണിന്ന്. കാഴ്ച ഏകദേശം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കഴിഞ്ഞു. ഖുറാന്‍ വായിക്കാന്‍ പോലും കഴിയുന്നില്ല. പ്രോസിക്യൂഷന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ അദ്ദേഹം മുപ്പതിലധികം അലോപ്പതി ഗുളികകളും ഏഴുതരം ഹോമിയോ മരുന്നുകളും കഴിക്കുന്നുണ്ട്. ദിവസം നാലു പ്രാവശ്യം ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. അത്രയ്ക്കും രോഗിയാണദ്ദേഹം. ഇനിയും ഈ നില തുടര്‍ന്നാല്‍ ചലനശേഷിയും സ്പര്‍ശനശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഇടതുകാല്‍ കൂടി മുറിച്ചുമാറ്റപ്പെടേണ്ടി വരും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  • ജയിലില്‍ പോയി വാപ്പിച്ചിയെ കാണാറില്ലേ? അദ്ദേഹം എന്താണ് നിങ്ങളോട് പറയാറ്?


നന്മയുടേയും സാമൂഹ്യനീതിയുടേയും ഉപദേശങ്ങളാണ് എപ്പോഴം നല്‍കാറ്. ഇപ്പോള്‍ താനനുഭവിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളുമൊന്നും ഒരിക്കലും താന്‍ ചെയ്ത തെറ്റിന്റെ പേരിലല്ലെന്നും താനൊരു പ്രതീകം മാത്രമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ പീഡനങ്ങളുടെയെല്ലാം ഒടുവില്‍ ജയിലില്‍ വച്ചോ അല്ലാതെയോ തന്റെ അന്ത്യം സംഭവിക്കുമ്പോള്‍ മറ്റൊരു നിരപരാധി തന്റെ സ്ഥാനത്ത് വരുമെന്ന് അദ്ദേഹം പറയും.

ജയിലില്‍ നിന്നും മോചനം കിട്ടിയാല്‍ കഴിയുന്നത്ര സാമൂഹികസേവനം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മാതാപിതാക്കളോടൊപ്പം കഴിയണമെന്ന ആഗ്രഹവും അദ്ദേഹത്തിന് തീവ്രമായുണ്ട്.

  • മഅ്ദനി ഒരിക്കലും ജയിലില്‍നിന്നു പുറത്തുവരരുതെന്ന് ആരാണ് ആഗ്രഹിക്കുന്നത്?


രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ സാധാരണക്കാരന്റെ മനസ്സും എന്നും ഞങ്ങളോടും വാപ്പിച്ചിയോടുമൊപ്പമാണ്. എന്നാല്‍ ചില ബ്യൂറോ ക്രാറ്റുകള്‍ മഅദനി ജയിലില്‍ കിടക്കണമെന്നാഗ്രഹിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവരാണവര്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐബിക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയില്ലേ? ആസ്ഥിതിക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത പോലും സംശയിക്കേണ്ടി വരുന്നു. ശംഖുമുഖത്ത് വച്ചും അദ്ദേഹം പ്രസംഗിച്ചത് താനൊരു പ്രതീകമാണെന്നും ഇനിയൊരു വ്യക്തിക്കും സമാനമായ അനുഭവങ്ങളുണ്ടാകാതിരിക്കാന്‍ താന്‍ കണ്ണും കാതും തുറന്ന് ജാഗരൂകനായിരിക്കുമെന്നാണ് അത്. ചില അധികാരകേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിട്ടുണ്ടാകാം.

  • അദ്ദേഹം ജയിലില്‍ നിന്നും ആവശ്യപ്പെടുന്നത് എന്താണ്?

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരും നിഷ്പക്ഷരുമായ ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരെക്കൊണ്ട് തനിക്കെതിരെ പറയപ്പെടുന്ന മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കണമെന്നും ഏതെങ്കിലും തീവ്രവാദസംഘടനകളുമായോ തീവ്രവാദആക്രമണങ്ങളുമായോ ഏതെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊന്നുകൊള്ളൂ എന്നാണ് അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ സ്വതന്ത്രമായി ജീവിക്കാനും സാമൂഹിക സേവനം നടത്താനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

  • എന്താണ് നിങ്ങള്‍ക്ക് പൊതുസമൂഹത്തോട് ആവശ്യപ്പെടാനുള്ളത്?

കേസ് പുനരന്വേഷിക്കണം. നിരപരാധിയെങ്കില്‍ വാപ്പിച്ചിയെ സ്വതന്ത്രനാക്കണം. ഞങ്ങള്‍ തീര്‍ത്തും നിസ്സഹായരാണ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ സഹോദരങ്ങളും മാതാപിതാക്കളും ഞങ്ങളെ സഹായിക്കണം അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശലംഘനങ്ങളും അത്രയ്ക്കും ക്രൂരമാണ്. നീതി മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സഹായിക്കണം.