മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ ബാക്കിയുള്ളൂവെങ്കലും പ്രവചനങ്ങൾ സജീവമായി തന്നെ തുടരുകയാണ്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറത്ത് ഇത്തവണ മുസ്ലിംലീഗിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇതനുസരിച്ചായിരിക്കും സ്ഥംസ്ഥാന ഭരണത്തിലെ ഇരുമുന്നണികളുടെയും മേൽകൈ എന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലയുടെ തീരദേശ മണ്ഡലവും ലീഗിന്റെ ശക്തികോട്ടയുമായ താനൂർ മണ്ഡലമാണ് എല്ലാവരെയും പ്രവചനാതീതമാക്കുന്നത്. ഇരുകൂട്ടരും അവസകാശവാദവുമായി ഇവിടെ രംഗത്തു വന്നുകഴിഞ്ഞു.

എൽ.ഡി.എഫ് സ്വതന്ത്രനായി വി.അബ്ദുറഹിമാൻ മത്സരിച്ച താനൂരിൽ ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു ഏറ്റുമുട്ടിയത്. ഇവിടെ വെറും ഏറ്റുമുട്ടലുകളായിരുന്നില്ല, കടുത്ത പോരാട്ടം തന്നെയായിരുന്നു കാഴ്ചവച്ചത്. പണവും വാഗ്ദാനങ്ങളും ഇരു മുന്നണികളും യഥേഷ്ടം ഒഴുക്കുകയുണ്ടായി. മാത്രമല്ല, അടിവലികളും ബിജെപി, എസ്.ഡി.പി.ഐ വോട്ടുകൾ കച്ചവടമാക്കുന്നതിലും എൽ.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസമുണ്ടായിരുന്നില്ല. ഇടത് സ്വതന്ത്രൻ വി അബ്ദുറഹിമാൻ 5000 മുതൽ 8000 വരെയുള്ള വോട്ടുകൾക്ക് വിജയിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൾ മുൻനിർത്തി വ്യക്തമാക്കിയത്.

എന്നാൽ എൽ.ഡി.എഫിന്റെ ഈ വാദം കളവാണെന്നും ഇടത് മുന്നണിയുടെ മനക്കോട്ട മാത്രമാണെന്നും ആയിരുന്നു മുസ്ലിംലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതികരണം. 2006 ലും 2011 ലും താനൂരിനെ പ്രതിനിധീകരിച്ച അബ്ദുറഹിമാൻ രണ്ടത്താണിക്ക് ഇത്തവണ കടുത്ത വെല്ലുവിളിയായിരുന്നു ഇടത് സ്വതന്ത്രൻ സൃഷ്ടിച്ചത്. വികസന മുരടിപ്പായിരുന്നു ഇവിടത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലം നിലനിർത്തുക എന്നത് മുസ്ലിംലീഗിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. എന്നാൽ കിട്ടുന്നതത്രയും നേട്ടമെന്നു മാത്രമാണ് സിപിഎമ്മും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്.

കണക്കുകൾ കൂട്ടിയും കിഴിച്ചും ഫലപ്രഖ്യാപനത്തെ നേരിടാനിരിക്കുമ്പോഴും കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് അബ്ദുറഹിമാൻ രണ്ടത്താണി. 5000 വോട്ടിന്റെ ലീഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രണ്ടത്താണി മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇത്തവണ കോൺഗ്രസുകാർ സജീവമായി ഒപ്പം നിന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയിൽ പണ്ടു മുതലേ ഉണ്ടായിരുന്ന കോൺഗ്രസുകാരും കഴിഞ്ഞ തവണ ലഭിക്കാത്ത എ.പി സുന്നികളുടെ വോട്ടും ഇത്തവണ ലഭിച്ചിട്ടില്ലെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു.

തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്കുകളിലെ വിശകലനത്തിനു ശേഷം താനൂരിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയും ലീഗ് നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി മറുനാടൻ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:

താനൂരിൽ ഐക്യജനാധിപത്യമുന്നണി നല്ല മത്സരം നടത്തുകയുണ്ടായി. പ്രചാരണത്തിൽ എവിടെയും കുറവു വരുത്തിയിട്ടില്ല, വിജയ സാധ്യതയാണുള്ളത്. ഇപ്പോൾ ബൂത്ത് ലെവൽ കണക്കുകളെല്ലാം ഞങ്ങൾ വിശകലനം ചെയ്തു. ഇതിൽ 5000 ൽ അധികം വോട്ടിന്റെ ലീഡിന് ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പാണ്. എന്നാൽ എൽ.ഡി.എഫ് പ്രചരിപ്പിക്കുന്ന കണക്കുകൾ കളവാണ് അത്രയും ഭൂരിപക്ഷം ഒരിക്കലും അവർക്ക് കിട്ടുകയില്ല. ഞങ്ങളുടെ അറിവിൽ നിറമരുതൂർ, താനാളൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമെ അവർക്ക് ലീഡ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. ബാക്കിയുള്ള പഞ്ചായത്തുകളെല്ലാം യു.ഡി.എഫിന് ലീഡാണുള്ളത്. താനൂർ മുനിസിപ്പാലിറ്റിയിൽ നിന്നാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ലീഡ് ലഭിക്കുക.

കോൺഗ്രസുകാർ ഞങ്ങളോടു ചേർന്ന് നിന്നിട്ടുണ്ട്. തലേദിവസം കോൺഗ്രസ് കാലുവാരിയെന്നുള്ള പ്രചാരണമൊക്കെ തെറ്റാണ്. താനൂർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ലീഗ് വിരുദ്ധ ചേരിയിൽ കുറച്ചു കോൺഗ്രസുകാർ ഉണ്ടായിരുന്നു. അതു നേരത്തെ തന്നെ അവർ ഞങ്ങളെയും തിരിച്ചും എതിർത്തിരുന്നു എന്നല്ലാതെ കോൺഗ്രസ് പ്രവർത്തകർ കാലുവാരില്ല. അവരെല്ലാം ആത്മാർത്ഥമായിട്ടായിരുന്നു പ്രവർത്തിച്ചത്. ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലാണ് ലീഗ്-കോൺഗ്രസ് പ്രശ്‌നം കൂടുതൽ ഉണ്ടായിരുന്നത്. അവിടെ പൊന്മുണ്ടം കോൺഗ്രസ് എന്ന കോൺഗ്രസിൽ നിന്നും പോയ ഒരു ഭിന്ന വിഭാഗം മാത്രമാണ് ലീഗിനെതിരെയുള്ളത്. അവർ നേരത്തെ ഞങ്ങൾക്കെതിരാണ്. യഥാർത്ഥ കോൺഗ്രസുകാർ ഞങ്ങളോടൊന്നിച്ച് അവസാനം വരെ നിന്നിട്ടുണ്ട്, ഇപ്പോഴും അവർ ഉണ്ട്. ആ പിന്തുണ ഗുണമാകുമെന്നാണ് കരുതുന്നത്.

അടിയൊഴുക്കുകൾ ഞങ്ങൾ കൂടുതൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. കഴിഞ്ഞ തവണ ലഭിക്കാതിരുന്ന എ.പി സുന്നികളുടെ വോട്ടുകൾ ഇത്തവണയും ലഭിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചിരുന്ന വോട്ടുകൾ ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നെ തിരഞ്ഞെടുക്കപ്പെട്ടാൻ താനൂരിൽ തുടങ്ങിവച്ച വൻപദ്ധതികളുടെ പൂർത്തീകരണങ്ങൾക്കാണ് പ്രധാന്യം നൽകുക. പിന്നെ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന രണ്ട് വലിയ കുടിവെള്ള പദ്ധതികളും പൂർത്തിയാക്കാൻ ഉണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞ സ്റ്റേഡിയവും മേൽപ്പാലവും പൂർത്തീകരിക്കുക തുടങ്ങിയ പദ്ധതികളാണ് ഞങ്ങളുടെ മുന്നിലുള്ളത്. തുടങ്ങി വച്ച പദ്ധതികളുടെ പൂർത്തീകരണാണ് ഞങ്ങളുടെ ലക്ഷ്യം.