കൊച്ചി: മസിലളിയൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന യുവതാരങ്ങൾക്കിടയിലെ ശ്രദ്ധേയനാണ് ഉണ്ണിമുകുന്ദൻ. വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ തുടങ്ങി ഇടക്കിടെ മാറ്റുന്ന രൂപഭാവങ്ങൾ വരെ ഉണ്ണിമുകുന്ദനെ പ്രേക്ഷകരുടെ പ്രിയ താരമാക്കുന്ന ഘടകങ്ങളാണ്. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരും, ചാണക്യതന്ത്രത്തിലെ സ്ത്രീവേഷവും ഇപ്പോൾ പുറത്തിറങ്ങാൻ നിൽക്കുന്ന മേപ്പടിയാനിലെ ജയകൃഷ്ണനും ഒക്കെ ഈ യുവതാരത്തിന് അഭിനയത്തോടുള്ള സമീപനം തന്നെയാണ് എടുത്തുകാട്ടുന്നത്.

കോവിഡ് കാലത്തെ ലോക്ക് ഡൗണിലെ ദീർഘമായ ഇടവേളക്ക് ശേഷം ആദ്യമായി തന്റെ പുതിയ പ്രൊജക്ടിന്റെ വിശേഷങ്ങളും ലോക്ഡൗൺ അനുഭവങ്ങളും പ്രേക്ഷകരോട് പങ്കുവെക്കുകായാണ് ഉണ്ണി മുകുന്ദൻ. സിനിമാറ്റിക് യുട്യൂബ് ചാനലിനോടാണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറന്നത്.

  • എങ്ങിനെയുണ്ടായിരുന്നു ലോക്ഡൗൺ കാലം? ലോക്ഡൗണിന് ശേഷം ആദ്യമായാണോ ഒരു മീഡിയയ്ക്കു മുന്നിലെത്തുന്നത്?

തന്നെ സംബന്ധിച്ച് പൂർണ്ണമായും മോശമായിരുന്നു ലോക്ഡൗൺ കാലം എന്നു പറയാൻ പറ്റില്ല. കുറെ നല്ല കാര്യങ്ങൾ ഉണ്ടായി. പിന്നെ മറ്റെല്ലാവരെപ്പോലെ ലോക്ഡൗണിന്റെതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളായി അച്ഛനും അമ്മയ്ക്കുമൊപ്പം ഇത്രയും ദിവസം ചെലവഴിച്ചിട്ട് അത് ഈ സമയത്ത് നടന്നു. പിന്നെ സോഷ്യൽ മീഡിയയിൽ നിന്നൊക്കെ വിട്ടുനിന്ന ഞാൻ വീണ്ടും ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായതും ഇ സമയത്താണ്. എന്നാൽ ലോക്ഡൗൺ തീർന്നതോടെ ഇതു രണ്ടും ഉപേക്ഷിച്ചു. പിന്നെ പാട്ടുപാടി, അത്യാവശ്യം എഴുതി, കൃഷിയിലേക്കിറങ്ങി ഇങ്ങനെ കുറെ നല്ല കാര്യങ്ങൾ തന്നെ സംബന്ധിച്ച് നടന്നത് ഈ സമയത്തായിരുന്നു. തന്റെ അനുഭവങ്ങളും കോവിഡ് കാലത്തെ ചിന്തകളുമാണ് ഈ സമയത്ത് എഴുതിയതെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചു.

ലോക്ഡൗൺ സമയത്തുണ്ടായ ഏറ്റവും സന്തോഷം തരുന്ന കാര്യം യുഎംഎഫ് അഥവ ഉണ്ണി മുകുന്ദൻ ഫിലിംസ് യാഥാർത്ഥ്യമായതായിരുന്നു. തന്റെ പുതിയ ചിത്രം മേപ്പടിയാൻ നിർമ്മിച്ചതും ഉണ്ണി മുകുന്ദൻ ഫിലിംസാണ്. ഇത്തിരി വണ്ണം കൂടിയ കഥാപാത്രമാണ് ചിത്രത്തിലേത്. ലോക്ഡൗൺ കാലത്തെ വീട്ടിലെ ഭക്ഷണം കൊണ്ട് തന്നെ അത് നടന്നു. 95 കിലോയോളമാണ് ആ സമയത്ത് തന്റെ വെയിറ്റെന്നും ചിരിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞു.

  • ഉണ്ണി മുകുന്ദൻ ഫിലിംസ് പെട്ടെന്നെടുത്ത തീരുമാനമായിരുന്നോ, അതോ കൃത്യമായ പ്ലാനിങ്ങോടെ ആയിരുന്നോ?

സിനിമയിൽ വന്ന കാലം മുതൽക്കെ സ്വന്തമായ പ്രൊഡക്ഷൻ കമ്പനി എന്നൊരു ആശയം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പേരും മനസിലുണ്ടായിരുന്നു. അഞ്ചുവർഷക്കാലത്തോളമായി മനസ്സിൽ കൊണ്ടുന്ന നടന്ന ആഗ്രഹം അത്രയും അടുപ്പമുള്ളവരോട് മാത്രമാണ് പങ്കുവെച്ചിരുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന ചിത്രമായിരുന്നു യുഎംഎഫ് ആദ്യമായി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മേപ്പടിയാന്റെ തിരക്കഥയുമായി ദീർഘനാളായി ആ ടീമിനൊപ്പമുണ്ടായിരുന്നു. മാത്രമല്ല അത്യാവശ്യം അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമായതിനാലുമാണ് മേപ്പടിയാൻ വച്ച് തുടങ്ങാം എന്നുവച്ചത്.

  • ഇത്തിരി മസിലൊക്കെപ്പെരുപ്പിച്ച് ശരീരത്തിന് പ്രധാന്യം കൊടുത്താണ് ഉണ്ണിമുകുന്ദന്റെ ഇതുവരെയുള്ള കഥാപാത്രങ്ങൾ കണ്ടിട്ടുള്ളത്. എന്നാൽ തികച്ചും വ്യത്യസ്തമായാണ് വയറൊക്കെ ചാടിയുള്ള മേപ്പടിയാനിലെ ഗെറ്റ്എപ്പ്. ആരാണ് ജയകൃഷ്ണൻ?

മറ്റുഭാഷകളിലെപ്പോലെ ശരീരം നന്നായി മെയ്ന്റെയ്ൻ ചെയ്തതുകൊണ്ട് ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കുകയോ ഫാൻസ് ഉണ്ടാവുകയോ ചെയ്യുന്ന ഇൻഡസ്ട്രിയല്ല മലയാളത്തിലേത്. എന്നെ സംബന്ധിച്ച് ശരീരം നോക്കുന്നത് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. സിനിമയിൽ വരുന്നതിനു മുൻപും താൻ ഇതുപോലെ ശരീരം മെയ്ന്റെയ്ൻ ചെയ്യുമായിരുന്നു. എന്നാൽ സിനിമയിൽ എത്തിയതോടെ തനിക്ക് ചില കഥാപാത്രങ്ങൾ എടുക്കുന്നതിന് തന്നെ ഈ ശരീരപ്രകൃതി തിരിച്ചടിയായി വരുന്നുണ്ട്. ഉദാഹരണത്തിന് മേപ്പടിയാന്റെ സംവിധായകൻ തന്നോട് പറഞ്ഞത് ഇതിലെ കഥാപാത്രം ഒരു സാധാരണക്കാരന്റെതാണ് അതുകൊണ്ട് തന്നെ അത്ര ഫിസിക്ക് ഉള്ള രൂപം വേണ്ട എന്നായിരുന്നു. പക്ഷെ അതിന്റെ കാരണം എന്തുകൊണ്ടാണെന്ന് തനിക്ക് ഇതുവരെയും മനസിലായിട്ടില്ല. തന്റെ കാഴ്‌ച്ചപ്പാടിൽ കൂലിപ്പണിയൊക്കെ ചെയ്യുന്ന സാധാരണക്കാരുടെ ഫിസിക്കാണ് ഏറ്റവും നല്ല രീതിയിൽ ശ്രദ്ധിക്കുന്നതെന്നാണ് എന്റെ പക്ഷം.

പക്ഷെ സംവിധായകൻ പറഞ്ഞുതുകൊണ്ട് ഒത്തിരി വെയ്റ്റ് കൂട്ടിയാണ് താൻ കഥാപാത്രമായത്. അതിൽ തനിക്ക് മടിയൊന്നുമില്ല. പക്ഷെ അത്തരം ശരീരം തനിക്ക് അധികനാൾ കൊണ്ടു നടക്കാൻ സാധിക്കില്ല. അങ്ങിനെ വന്നാൽ ഞാൻ മൈൻഡ് ഔട്ടായിപ്പോകും മേപ്പടിയാൻ പാക്ക് അപ്പ് ആയതോടെ ശരീരം പഴയതുപോലെ അക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ താൻ ഭ്രമത്തിന്റെ സെറ്റിലാണ്. പൃഥ്വിരാജിനൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നുവെന്ന സന്തോഷം തനിക്കുണ്ട്. കാരണം താൻ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് പൃഥ്വിരാജ്. മാത്രമല്ല ഞാൻ സിനിയിലേക്ക് വരുന്നകാലത്തൊക്കെ ഒരുപാട് ഇൻസ്പയർ ചെയ്ത നടനാണ് പൃഥ്വി.

ആദ്യമായി സിനിമയിലേക്കെത്തുന്നവരെപ്പോലും പൃഥ്വിരാജ് പരിഗണിക്കുന്ന ഒരു രീതിയുണ്ട്. മാതൃകയാക്കേണ്ട ഇടപെടലാണ് അതൊക്കെ. ബോംബെ മാർച്ച് സിനിമയുടെ സമയത്ത് ഞാൻ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.

  • പൊതുവേ താരങ്ങൾക്ക് ഫോർവീലറിനോടാണ് പ്രണയം തോന്നാറ്. എന്നാൽ ഉണ്ണിയുടെ കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്തമാണ്. ടൂവിലറുകളുടെ ശേഖരമാണ് വീട്ടിൽ നിറയെ. ഡുക്കാറ്റി പാനിഗാലെ വി2 വരെ ഈ കലക്ഷനിലുണ്ട്. എന്താണ് ഈ പ്രണയത്തിന് പിന്നിൽ?

സ്വതസിദ്ധമായ കുസൃതിച്ചിരിയോടെയാണ് ഈ ചോദ്യത്തിന് ഉണ്ണി ഉത്തരം പറഞ്ഞ് തുടങ്ങിയത്. ടൂവിലറിന് വില കുറവാണ് എന്നായിരുന്നു ആദ്യത്തെ കമന്റ്.
ഡുക്കാറ്റിക്കോ എന്ന തുടർചോദ്യം വന്നതോടെ മറുപടി വിശദമായി. താൻ ജനിച്ചതും വളർന്നതും ഇടത്തരം കുടുംബത്തിലാണ് അതുകൊണ്ട് തന്നെ തന്റെ ആഗ്രഹങ്ങളും അത്തരത്തിലാണ്. പത്ത് പതിനഞ്ച് വയസ്സിലൊക്കെ താൻ മനസിൽകൊണ്ടു നടന്ന പല ആഗ്രഹങ്ങളുമാണ് ഇപ്പോൾ താൻ യാഥാർത്ഥ്യമാക്കുന്നത്. അന്ന് തന്റെ സ്വപനങ്ങൾ ബൈക്കുകളായിരുന്നു. അതിനാൽ ഇപ്പോഴും ബൈക്ക് തന്റെ ഫസ്റ്റ് പ്രിഫറൻസായി കൊണ്ടു നടക്കുന്നു. ഡുക്കാറ്റി മാത്രമാണ് തന്റെ കൈയിലുള്ള വില കൂടിയ ബൈക്ക്. ബാക്കിയൊക്കെ സാധാരണ ബൈക്കുകളാണ്. പിന്നെ കൊറോണ എന്ന പഠിപ്പിച്ച പാഠം ആഗ്രഹങ്ങളൊന്നും നീട്ടിവെക്കരുത് എന്നാണ്. അതുകൂടിയുണ്ട് ഇത്തരം ചില നീക്കങ്ങൾക്ക് പിന്നിൽ.

  • ഉണ്ണി മുകുന്ദന് കുട്ടികളുടെ സ്വഭാവം ആണെന്ന് കേട്ടിട്ടുണ്ട്. കാരണം വീട്ടിൽ നിറയെ ടോയ്സും മിനിയേച്ചറുമൊക്കെയാണെന്ന ഒരു കഥകേട്ടിരുന്നു?

ചെറിയ തിരുത്തുണ്ട്. കുട്ടികളുടെ സ്വഭാവം എന്നല്ല. കുട്ടികളുടെ ഇഷ്ടമാണ് എന്റെത്. കുട്ടികൾക്ക് പ്രായം കൂടുംതോറും ഇഷ്്ടങ്ങൾ മാറി മാറി വരും. പക്ഷെ തനിക്ക് അങ്ങിനെ ഒരു മാറ്റം വന്നില്ലെന്ന് മാത്രം. കുട്ടിക്കാലത്തെ ഇഷ്ടങ്ങളാണ് തനിക്കിപ്പഴും എന്നുമാത്രം. പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി. മാത്രമല്ല താൻ കാണാനിഷ്ടപ്പെടുന്നത് ആനിമേഷൻ സിനിമകളും ഫാന്റസി ടൈപ്പൊക്കെയാണ്.അതുപോലെയാണ് പട്ടിക്കുട്ടികൾ. മൂന്നുപേരാണ് ഇപ്പോൾ തന്റെ വീട്ടിലുള്ളത്.ചിലർക്ക് പ്രായം കുടുമ്പോൾ ഇഷ്ടം മാറാറുണ്ട് പക്ഷെ എനിക്കെന്തോ അങ്ങിനെ വന്നിട്ടില്ല കുട്ടിക്കാലത്തെ ഇഷ്ടങ്ങൾ തന്നെയാണ് ഇപ്പോഴും ഉള്ളത് എന്ന് മാത്രം.

സൂപ്പർമാനാണ് തന്റെ ഹീറോ. ഒട്ടേറെ പ്രതീക്ഷകൾ നൽകുന്ന ഒരു കഥാപാത്രമാണ് സൂപ്പർമാൻ. അതുപോലെ ഒരു ശ്രദ്ധേയ കഥാപാത്രം യുഎംഎഫിലും ഉണ്ടാകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത്.

  • കല്ല്യാണത്തെക്കുറിച്ച്?

തന്റെ ജീവിതത്തിൽ എല്ലാം സംഭവിച്ചതാണ്. യുഎംഎഫും അത്തരത്തിൽ സംഭവിച്ചതാണ്. അതുപോലെ സമയമാകുമ്പോൾ ഇതും സംഭവിക്കും എന്നാണ് കരുതുന്നത്.
ഇതുവരെ സംഭവിച്ചതെല്ലാം താൻ ആഗ്രഹിച്ച കാര്യങ്ങളാണ്. എന്നുവച്ച് കല്യാണം ആഗ്രഹിക്കുന്നില്ല എന്നല്ല. അതും ആഗ്രഹിക്കുന്നുണ്ട്. സമയമാകുമ്പോൾ നടക്കട്ടെ

  • അഞ്ചു വർഷം മുൻപുള്ള ആഗ്രഹമായിരുന്നു യുഎംഎഫ് എന്ന് പറഞ്ഞല്ലോ.. അതുപോലെ അഞ്ച് വർഷം കഴിഞ്ഞിട്ടുള്ള ഉണ്ണി മുകുന്ദൻ എങ്ങിനെയാവും?

അങ്ങിനെ തന്റെ ആഗ്രഹങ്ങൾ മറച്ചുവെക്കുന്ന ഒരാളല്ല താൻ. പബ്ലിക്ക് സ്പേസിൽ പറയാറില്ലെങ്കിലും സുഹൃത്തുക്കൾക്കിടയിൽ ഇതെല്ലാവർക്കും അറിയാം.കമ്പനി അന്താരാഷ്ട്ര തലത്തിലേക്ക് വളരട്ടെ. നല്ല ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം നല്ല് ചിത്രങ്ങൾ ലഭിക്കട്ടെ എന്നുമാണ് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്.താൻ ഇത് ചെയ്യും അത് ചെയ്യും എന്നല്ല പറയാൻ ആഗ്രഹിക്കുന്നത്. വളരെ മികച്ച ഇടങ്ങളിൽ സ്ഥാനങ്ങളിൽ നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കുമെന്നാണ് പറയാൻ താൽപ്പര്യം.

  • സിനിമാക്കാരെ കുറിച്ച് പറയുമ്പോൾ ആദ്യം വരിക ഗോസിപ്പുകളായിരിക്കും. പ്രത്യേകിച്ചും പ്രണയം സംബന്ധിച്ച്. പക്ഷെ ഉണ്ണി മുകുന്ദനെപ്പറ്റി അത്തരത്തിലൊന്ന് കേട്ടിട്ടില്ല. പ്രണയിക്കാൻ ഇഷ്ടമല്ലെ?

നേരത്തെ പറഞ്ഞതാണ്.. എങ്കിലും പറയാം. പ്രണയിക്കാൻ ഇഷ്ടമാണെങ്കിലും അയാൾക്ക് പ്രണയിനി വേണമെന്ന് നിർബന്ധം ഇല്ലലോ.. ഇഷ്ടമാണ് പ്രണയവും പ്രണയിക്കാനുമൊക്കെ. താൽപ്പര്യക്കുറവൊന്നുമില്ല(ചെറുചിരിയോടെ) എല്ലാം സംഭവിക്കുന്നതല്ലെ.. ഇതും സംഭവിക്കട്ടെ.

  • കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഒരു നിബന്ധനയൊന്നും വയ്ക്കാറില്ലെന്നു തോന്നുന്നു.നായകനായും വില്ലനായുമൊക്കെ കാണുന്നുണ്ടല്ലോ?

ഇപ്പോഴത്തെ മാറ്റത്തിനനുസരിച്ച് നായകൻ വില്ലൻ എന്നൊക്കെയുള്ള വേർതിരിവ് ഉണ്ടെന്ന് തോന്നുന്നില്ല. പ്രേക്ഷകർ പോലും ഇപ്പോൾ നോക്കുന്നത് മികച്ച കഥാപാത്രമാണോ എന്നാണ്. എല്ലാം ചെയ്യാൻ ഇഷ്ടമാണ്. എങ്കിലും എല്ലാത്തരം വേഷം ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. തനിക്ക് അങ്ങിനെ ഒരു പ്രത്യേക വിഭാഗത്തോട് ഇഷ്ടമില്ല. എങ്കിലും അധികം കാണുന്നത് ആക്ഷൻ ഓറിയന്റഡ്, കളർഫുൾ സിനിമകളാണ്.

  • ഇടിച്ചിട്ടുണ്ടോ ആരെയെങ്കിലും ?

കുട്ടിക്കാലത്ത് ഫ്രണ്ട്സ് സർക്കിളിൽ അടികൂടിയിട്ടുണ്ട്. കാരണമൊന്നും ഓർമ്മയില്ല. സഡൺ റിയാക്ഷനാണ് തന്റെത്. എന്നുവച്ച് താൻ ഒരു പ്രശ്നക്കാരനൊന്നുമല്ല. പൊതുവേ സമാധാനക്കരാനായ പ്രകൃതമാണ് തന്റെത്. ആദ്യം തന്നെ കാണുമ്പോൾ ഒരു ജാഡക്കരനാണെന്നു പറയുന്ന പലരും പിന്നീട് അടുത്തറിയുമ്പോൾ അത് തിരുത്തിയിട്ടുണ്ട്.

  • സോഷ്യൽ മീഡിയയിൽ ഇറിറ്റേറ്റിങ്ങ് ആയിട്ട് തൊന്നിയ കാര്യങ്ങൾ വല്ലതും ഉണ്ടോ?

വളരെ നിസാര കാര്യത്തെപ്പോലും വലുതാക്കിക്കാണിക്കുന്നു എന്നൊരു പ്രശ്നം സോഷ്യൽ മീഡിയയിൽ തോന്നിയിട്ടുണ്ട്. തുടർന്ന് ഉപയോഗിക്കുന്ന ഭാഷയും വളരെ ഹാർഷാണ്.അതാണ് ഏറ്റവും വലിയ നെഗറ്റീവായി തോന്നിയിട്ടുള്ളത്.

  • സിനിമയിലുള്ള ഉണ്ണി മുകുന്ദനും വീട്ടിലെ ഉണ്ണി മുകുന്ദനും തമ്മിലുള്ള വ്യത്യാസം ?

രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. പക്ഷെ അത് പറയേണ്ടത് ഞാനല്ല.അതിന് പറ്റിയ ആൾ എന്റെ അമ്മയാണ്. പക്ഷെ ലോക്കേഷനിലെ ആളെ അല്ല ഞാൻ വീട്ടിൽ. സോഷ്യൽ മീഡിയയിലെ ഒന്നു രണ്ട് വീഡിയോ കൊണ്ടോന്നും തന്റെ ക്യാരക്ടർ മനസിലാക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെ ചിലർക്കൊക്കെ അബദ്ധങ്ങൾ പറ്റാറുമുണ്ട്.

  • സെലിബ്രിറ്റി പരിവേഷം ഒരു തലവേദനയായി തോന്നിയിട്ടുണ്ടോ?

(ചോദ്യം പൂർത്തിയാക്കും മുൻപേ തന്നെ മറുപടി പറഞ്ഞുതുടങ്ങി) ഇല്ല ഒരിക്കലുമില്ല മാത്രമല്ല അനുഗ്രഹമായിട്ടേ തോന്നിയുള്ളു. കാരണം ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു അവസ്ഥകൂടിയാണിത്. അതുകൊണ്ട് തന്നെ ആ പ്രൊഫഷനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.

  • കാമുകി ഉണ്ടെന്ന് സങ്കൽപ്പിക്കുക.. അങ്ങിനെയെങ്കിൽ എന്തൊക്കെ ക്വാളിറ്റിസാണ് പ്രതീക്ഷിക്കുന്നത്?

പണ്ടൊരു ക്വാളിറ്റി പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പൊ അങ്ങിനൊന്നും ചിന്തിക്കാറെ ഇല്ല എന്നതാണ് സത്യം.(വീണ്ടും ചിരിക്കുന്നു)

  • ഇത്ര വർഷത്തെ കരിയറിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?

ആദ്യ പ്രിഫറൻസ് ബോംബെ മാർച്ച് തന്നെ.. പിന്നെ മല്ലുസിങ്ങ്, സ്‌റ്റൈൽ, കെഎൽ പത്ത് ഒക്കെ ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിൽപ്പെടുന്നവയാണ്. കഥാപാത്രം നോക്കിയാൽ മാർക്കോ ജൂനിയർ, ഒരു മുറൈ വന്ത് പാർത്തായയിലെ പ്രകാശൻ ഇതൊക്കെ തന്റെ ഇഷ്ടപ്പെതാണ്.

  • അടുത്ത പടങ്ങൾ?

പപ്പ എന്നൊരു പൊളിറ്റിക്കൽ മൂവി, ബ്രുസ്ലി,രണ്ട് ത്രില്ലർ, ഒരു ഫാമിലി സബ്ജക്ട് എന്നിവയൊക്കെഇപ്പോൾ മുൻപിലുണ്ട്.പിന്നെ ഒരു തെലുങ്ക്, രണ്ട് തമിഴ്, ഒരു ഹിന്ദി ചിത്രവും ചർച്ചയിലുണ്ട്. ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ്് പ്രതീക്ഷ. മുൻപൊക്കെ ഒരു പടം ചെയ്താൽ രണ്ട് മാസം ബ്രേക്ക് എടുത്ത് ഫ്രണ്ട്സിനെ കാണാൻ ഗുജറാത്ത് വരെ ഒരു കറക്കമുണ്ട്. പക്ഷെ കൊറോണയ്ക്ക് ശേഷം ആ ബ്രേക്ക് എടുക്കുന്ന രീതി ഒഴിവാക്കി.

  • എങ്ങിനെയാണ് പാട്ടിലേക്ക് വന്നത്?

അങ്ങിനെ എപ്പഴും പാട്ടുപാടുന്ന ആളല്ല ഞാൻ. തന്റെ അടുത്തുകൂട്ടുകാർക്ക മാത്രമാണ് തന്റെ ഇ സാഹസത്തെക്കുറിച്ച് അറിയുക. അച്ചായൻസിന്റെ സമയത്ത് സംവിധായകൻ കണ്ണൻ താമരക്കുളം സർ ആണ് തന്നോട് ഒരു ശ്രമം നടത്താൻ പറയുന്നത്. സിനിമയിലേക്ക് ഒരു മിനിട്ടേ ആ പാട്ട് വേണ്ടതുള്ളു പക്ഷെ ചെയ്തു വന്നപ്പോൾ നന്നായതുകൊണ്ട് മുഴുവനായി ചെയ്യുകയായിരുന്നു. പിന്നിടാണ് ഷൈലോക്ക്, കുട്ടനാടൻ ബ്ലോഗ്, ചാണക്യ തന്ത്രത്തിലൊക്ക പാടുന്നത്. ഒരിക്കലും ഞാൻ ഒരു പാട്ടുകാരനല്ല. പാടാൻ ഇഷ്ടമാണ്. അതുകൊണ്ട് ചെയുമ്പോ നന്നാവുന്നു എന്നാണ് കരുതുന്നത്.

  • സിനിമയിൽ ഒരു ബാക്ഗ്രൗണ്ടോ.. ഗോഡ്ഫാദറൊ ഒന്നുമില്ലാതെ സിനിയിലെത്തിയ ആളാണ് ഉണ്ണി മുകുന്ദൻ. അപ്പൊ ആരെങ്കിലും തളർത്താൻ നോക്കിയിട്ടുണ്ടോ? അങ്ങിനെ ആരോടെങ്കിലും വിരോധം തോന്നിയിട്ടുണ്ടോ?

അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉണ്ണിയെക്കൊണ്ട് അതിന് കഴിയില്ല എന്നൊക്കെ പറഞ്ഞവർ ഉണ്ട്. പക്ഷെ എനിക്ക് അവരോട് ദേഷ്യം തോന്നാറില്ല. കാരണം അത്തരം സംസാരങ്ങൾ ഇല്ലെങ്കിൽ എന്നെപ്പോലെ ഒരാൾക്ക് വളരാൻ പറ്റില്ല. അതാണ് എന്റെ കാര്യക്ടർ. അതുകൊണ്ട് തന്നെ അത്തരം സംസാരത്തെ ഞാൻ പോസറ്റീവായെ എടുക്കാറുള്ളു.മാത്രമല്ല നല്ല സമയം ചീത്ത സമയം എന്നതിലൊക്കെയും ദൈവത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

  • ഇൻസ്റ്റഗ്രാമിൽ നോക്കുമ്പോൾ യാത്രകൾ ചെയ്യുന്നത ഫോട്ടോസും ഡിറ്റേൽസും ഒക്കെ കാണാറുണ്ട്. യാത്രകൾ ഇഷ്ടമാണോ? ഇനി അടുത്ത് പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്?

ബ്രസീൽ, ഇറ്റലിയാണ് ആദ്യ ലക്ഷ്യം, പിന്നെ ഹിമാലയൻ പ്രദേശങ്ങളും ലിസ്റ്റിൽ ഉണ്ട്.

  • അഭിമുഖങ്ങൾ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം എന്താണ്?

ഒറ്റ കാരണം..ആവർത്തന ചോദ്യങ്ങളും ബോറിങ്ങ് ചോദ്യങ്ങളും

കുറച്ച് യസ് ഓർ നോ ക്വസ്റ്റൻസ് ഉണ്ടെന്ന പറഞ്ഞപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു.. പേടിക്കണ്ട വളരെ സിംപിളാണെന്ന് പറഞ്ഞപ്പോൾ ഒ കെ പറഞ്ഞു..

  • ഉണ്ണി മുകുന്ദൻ കരയാറുണ്ടോ?

ഉണ്ട്. കഴിഞ്ഞ ദിവസവും കരഞ്ഞിരുന്നു

  • ഉണ്ണി മുകുന്ദൻ നല്ല കാമുകനാണോ?

തീർച്ചയായും

  • നല്ല ചൂടനാണോ?

അതെ

  • നല്ലൊരു വാഹന ഭ്രാന്തനാണോ?

അത്യാവശ്യം

ഒരുപാട് നല്ല സിനിമകൾ തിയേറ്ററിലേക്ക് വരുന്നുണ്ടെന്നും പരമാവധി തിയേറ്ററുകളിൽ നിന്ന് തന്നെ സിനിമകൾ കാണാൻ ശ്രമിക്കണമെന്നുമാണ് പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥ എന്നു പറഞ്ഞാണ് ഉണ്ണി അഭിമുഖം അവസാനിപ്പിച്ചത്.