- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിംസി സൂപ്പറാകാൻ കാരണം ദിലീഷേട്ടനും ഫഹദും; കഥാപാത്രത്തെ പോലെ തന്നെയാണ് ഞാൻ ജീവിതത്തിലും; തീയറ്ററിൽ പോയി സിനിമ കണ്ടപ്പോൾ ആരും തിരിച്ചറിഞ്ഞില്ല: മഹേഷിന്റെ പ്രതികാരത്തിലെ 'സൂപ്പർ' നായിക അപർണ മറുനാടനോട്
'ചേട്ടൻ സൂപ്പറല്ലേ..' മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ഈ ഡയലോഗ് മറക്കാൻ ഇടയില്ല; ജിംസിയെന്ന മിടുക്കിക്കൊച്ചിനേയും. ഇടുക്കിക്കാരുടെ കൂസലില്ലായ്മയും തന്റേടവും വളരെ കൂളായാണ് അപർണ അവതരിപ്പിച്ചിരിക്കുന്നത്. ചായം പൂശാത്ത, സ്വാഭാവികമായ അഭിനയത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം ഉറപ്പിക്കുകയാണ് അപർണ ബാലമുരളി. സിനിമയെക്കു
'ചേട്ടൻ സൂപ്പറല്ലേ..' മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ഈ ഡയലോഗ് മറക്കാൻ ഇടയില്ല; ജിംസിയെന്ന മിടുക്കിക്കൊച്ചിനേയും. ഇടുക്കിക്കാരുടെ കൂസലില്ലായ്മയും തന്റേടവും വളരെ കൂളായാണ് അപർണ അവതരിപ്പിച്ചിരിക്കുന്നത്. ചായം പൂശാത്ത, സ്വാഭാവികമായ അഭിനയത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം ഉറപ്പിക്കുകയാണ് അപർണ ബാലമുരളി. സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും ഏറെയുണ്ട് അപർണയ്ക്ക് പറയാൻ.
- കുറച്ച് ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും വളരെ മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച്. എത്തരത്തിലുള്ള പ്രതികരണമാണ് അപർണയ്ക്ക് ലഭിക്കുന്നത്?
പൊതുവെ നല്ല അഭിപ്രായമാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്. ഇതുവരെ ആരും മോശമായൊന്നും പറഞ്ഞിട്ടില്ല. എനിക്കു തോന്നുന്നു ഒരുപാട് നാളുകൾക്ക് ശേഷമാണ് എല്ലാതരം ആളുകളെയും എല്ലാപ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ആസ്വദിപ്പിക്കുന്ന ഒരു സിനിമ വരുന്നതെന്ന്. വളരെ ലളിതമായൊരു ചിത്രമാണ് മഹേഷിന്റെ പ്രതികാരം. അങ്ങനെയൊരു ചിത്രം എല്ലാവരും ഒരു പോലെ ഏറ്റെടുത്തപ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്. എന്നെക്കൂടാതെ ഒരുപാട് പുതുമുഖങ്ങൾ ചിത്രത്തിലുണ്ട്. എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്.
- ജിംസി എന്ന കഥാപാത്രമായി എങ്ങനെയാണ് അപർണ തെരഞ്ഞെടുക്കപ്പെടുന്നത്?
പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർക്കിടെക്ച്ചർ വിദ്യാർത്ഥിയാണ് ഞാൻ. മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാം പുഷ്‌കർ ചേട്ടന്റെ ഭാര്യ എന്റെ ടീച്ചറാണ്. ഓഡീഷൻ നടക്കുന്ന കാര്യം ടീച്ചറാണ് എന്നെ അറിയിച്ചത്. അപ്പോൾ വെറുതെ ഒന്നു പോയി നോക്കാം എന്നു കരുതി. രണ്ട് ഓഡീഷൻ ഉണ്ടായിരുന്നു. അതുകഴിഞ്ഞാണ് ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ഞാനാണ് ചിത്രത്തിലെ ജിംസിയാകുന്നത് എന്നു പറഞ്ഞത്. സത്യത്തിൽ വല്ലാത്ത സന്തോഷം തോന്നിയ അവസരമായിരുന്നു അത്.
- സിനിമ കണ്ടിറങ്ങുന്ന എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റുന്ന ഒരു കഥാപാത്രമായിരിക്കും ജിംസി. കഥാപാത്രമായി മാറാൻ എന്തെങ്കിലും പ്രത്യേകം തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?
ജിംസിയെന്ന കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ദിലീഷേട്ടനാണ്. അത്രയ്ക്കും എന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ കൂടെയുണ്ടായിരുന്ന ഫഹദ് ഫാസിൽ, അനുശ്രീ എല്ലാവരും വലിയ പിന്തുണയായിരുന്നു. ഒരുപുതുമുഖമാണെന്ന് പറഞ്ഞ് എന്നെ ആരും മാറ്റിനിർത്തിയിട്ടില്ല. സെറ്റിൽ എല്ലാവരും തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്നു. ഇതൊക്കെ ശരിക്കും നല്ലരീതിയിൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സത്യത്തിൽ ജിംസിക്കും എനിക്കും ചില സാമ്യതകൾ ഉണ്ട്. ജിംസിയെ പോലെ ഒരുപാട് സംസാരിക്കുന്ന ബഹളം വച്ചു നടക്കുന്ന ഒരാളാണ് ഞാനും. നന്നായി വായിട്ടലയ്ക്കും, തല്ലുകൂടും, എന്തും തുറന്നു പറയും.. ഒരു പക്ഷെ ഇതുകൊണ്ടൊക്കെ തന്നെയായിരിക്കണം ദിലീഷേട്ടൻ എന്നെ ജിംസിയാക്കിയത്. മാത്രമല്ല, ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പും ഇടവേളകളിലുമൊക്കെയായി വെറുതെ ഇടുക്കി ചുറ്റിക്കാണാൻ പോകുമായിരുന്നു. അവിടുത്തെ ചെറിയ ചായക്കടകളിൽ കയറി ചായകുടിച്ചും നാട്ടുകാരോടൊക്കെ സംസാരിച്ചും ഇടുക്കിക്കാരിയായി മാറാൻ ശ്രമിച്ചിട്ടുണ്ട്.
- കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് അപർണ വരുന്നത്. സിനിമ എന്നത് നേരത്തേ മുതലുള്ള സ്വപ്‌നമായിരുന്നോ?
സിനിമ, അഭിനയം എന്നീ മേഖലകളിലൊന്നും ആരും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും സംഗീത പാരമ്പര്യമുണ്ട്. അമ്മ അഡ്വേക്കറ്റും പ്രൊഫഷണൽ ഗായികയുമാണ്. ഞാനും സംഗീതവും ക്ലാസിക്കൽ ഡാൻസും പഠിച്ചിട്ടുണ്ട്. പക്ഷെ ആ മേഖലയിലേക്ക് വരുമെന്നൊന്നും കരുതിയിരുന്നില്ല. എന്നിട്ടുകൂടി ചിത്രത്തിൽ ഒരു പാട്ടുപാടാൻ അവസരം ലഭിച്ചു. മൗനങ്ങൾ എന്നു തുടങ്ങുന്ന ഗാനം വിജയ് യേശുദാസും ഞാനും ചേർന്നാണ് പാടിയത്. ബിജിബാലേട്ടനെ പോലൊരു സംഗീത സംവിധായകന്റെ പാട്ട് തുടക്കത്തിൽ പാടാൻ കഴിയുക എന്നത് ഒരു വലിയ സന്തോഷമാണ്. സിനിമയൊന്നും മനസിലങ്ങനെ ഉണ്ടായിരുന്നില്ല. പിന്നെ മഹേഷിന്റെ പ്രതികാരത്തിനു മുൻപ് ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലും വളരെ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.
- മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. ജിംസിയെന്ന കഥാപാത്രം ക്ലിക്കായി. ഈ പശ്ചാത്തലത്തിൽ സിനിമയിൽ കൂടുതൽ സജീവമാകാനാണോ തീരുമാനം?
ഇതുപോലത്തെ നല്ല കഥാപാത്രങ്ങൾ വരുകയാണെങ്കിൽ തീർച്ചയായും അഭിനയിക്കും. ചില അവസരങ്ങളൊക്കെ വന്നിരുന്നു. പക്ഷെ ഈ ചിത്രം ഇറങ്ങിക്കഴിഞ്ഞിട്ടേ മുന്നോട്ടെന്തെങ്കിലും നോക്കൂ എന്നായിരുന്നു തീരുമാനം. സംവിധായകനും വളരെ പ്രതീക്ഷയും ഉറപ്പുമുള്ള കഥാപാത്രമായിരുന്നു ജിംസി. ഈ ചിത്രം പുറത്തിറങ്ങുന്നതുവരെ ഒരു കഥപാത്രവും കമ്മിറ്റ് ചെയ്തിട്ടില്ല.
- ചിത്രം ഇതുപോലെ സൂപ്പർഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സത്യത്തിൽ റിലീസിങ് ഡേറ്റ് അടുത്തു തുടങ്ങിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. അപ്പോളൊക്കെ ദിലീഷേട്ടൻ പറഞ്ഞത്, കൂടുതലൊന്നും ആലോചിക്കണ്ട നമുക്ക് ചെയ്യാനുള്ളത് നമ്മൾ ഭംഗിയായി ചെയ്തിട്ടുണ്ടെന്നായിരുന്നു. ഇതൊരു ലളിതമായ ചിത്രമാണ്. സാധാരണക്കാരുടെ കഥപറയുന്ന സാധാരണ ചിത്രം. ഈ ചിത്രം കാണുന്ന പ്രേക്ഷകന് ഇതിലെ ഓരോ രംഗങ്ങളും തന്റെ നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നിയാൽ അത്ഭുതമില്ല. ഒരു കുഞ്ഞു സിനിമ. നമ്മുടെയൊക്കെ ജീവിതവും അതിലെ വഴക്കുകളും പ്രതികാരങ്ങളും എല്ലാം ഇത്രയേ ഉള്ളൂ എന്ന് സിനിമ കണ്ടിറങ്ങുന്ന ഏതൊരാൾക്കും തോന്നും. പിന്നെ ഓരോ ചെറിയ ഒബ്‌ജെക്ടിനും വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയായിരിക്കണം മഹേഷിന്റെ പ്രതികാരം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
- തീയേറ്ററിൽ പോയി സിനിമ കണ്ടിരുന്നോ?
ചില തിരക്കുകൾ കാരണം ആദ്യ ദിനങ്ങളിൽ പോയി കാണാൻ കഴിഞ്ഞില്ല. കുറച്ച് വൈകിയാണ് കണ്ടത്. തീയേറ്ററിൽ ആരും എന്നെ അങ്ങനെ തിരിച്ചറിഞ്ഞതൊന്നും ഇല്ല. പക്ഷെ ഓരോ സീനിലുമുള്ള ചിരിയും കൈയടിയുമൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഭയങ്കര സന്തോഷമായിരുന്നു. പ്രേക്ഷകർ സിനിമയെ സ്വീകരിച്ചു കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ ഓരോ കൈയടിയും.