- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശിന് വേണ്ടി മാത്രം അഭിനയിക്കില്ല; മലയാളിക്ക് ഒളിഞ്ഞു നോട്ടം കൂടുതൽ; ലെഗിന്സിനെ എതിർക്കുന്നവർ ആണുങ്ങൾ ബെർമുഡ ഇടുന്നതിനെ എതിർക്കാത്തതെന്ത്? ഭാമ മറുനാടൻ മലയാളിയോട് മനസു തുറന്നു..
ലണ്ടൻ: മലയാള സിനിമക്ക് ലഭിച്ച ഒറ്റ മന്ദാരമാണ് ഭാമ എന്ന് ഒറ്റവാക്കിൽ പറയാം. മഞ്ജു വാര്യരെയും മീര ജാസ്മിനെയും പോലെ മലയാള സിനിമയ്ക്ക് മഹാനായ സംവിധായകൻ ലോഹിതദാസ് സമ്മാനിച്ച നായിക. എട്ടു വർഷം മുൻപ് സിനിമയിൽ എത്തുമ്പോൾ ഭാമ വെറും കോട്ടയയത്തുകാരി പെൺകുട്ടിയാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തെന്നിന്ത്യൻ ഭാഷകളിലായി 35 ഓളം ചിത്രങ്ങൾ. ഭാമ ഏറ്

ലണ്ടൻ: മലയാള സിനിമക്ക് ലഭിച്ച ഒറ്റ മന്ദാരമാണ് ഭാമ എന്ന് ഒറ്റവാക്കിൽ പറയാം. മഞ്ജു വാര്യരെയും മീര ജാസ്മിനെയും പോലെ മലയാള സിനിമയ്ക്ക് മഹാനായ സംവിധായകൻ ലോഹിതദാസ് സമ്മാനിച്ച നായിക. എട്ടു വർഷം മുൻപ് സിനിമയിൽ എത്തുമ്പോൾ ഭാമ വെറും കോട്ടയയത്തുകാരി പെൺകുട്ടിയാണ്. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തെന്നിന്ത്യൻ ഭാഷകളിലായി 35 ഓളം ചിത്രങ്ങൾ. ഭാമ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട നിവേദ്യം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒറ്റമന്ദാരം വരെ എടുത്തു നോക്കുമ്പോൾ നടിയെന്ന നിലയിൽ ഈ സുന്ദരിക്ക് അഭിമാനിക്കാൻ ഏറെ.
നടിയെന്നതിനേക്കാൾ സാമൂഹ്യ വിഷയങ്ങളിൽ പോലും തികഞ്ഞ ഉൾക്കാഴ്ചയോടെയാണ് ചോദ്യങ്ങൾക്ക് ഭാമയുടെ മറുപടി. ഒരു പക്ഷെ പ്രായത്തിൽ കവിഞ്ഞ പക്വത കാട്ടുന്ന നടിയെന്നും ഭാമയെ വിശേഷിപ്പിക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടിയിട്ടില്ലാത്ത ഭാമ തിരഞ്ഞെടുപ്പിൽ കണിശക്കാരി ആണെന്ന് കൂടി തെളിയിക്കുകയാണ് ഈ അഭിമുഖത്തിൽ. അതുകൊണ്ട് തന്നെയാകാം അനേകം മലയാള നടിമാർക്കിടയിൽ ഒരാളായി മാറാതെ ഭാമ എന്ന ദ്വിത്വാക്ഷരി വേറിട്ട് നിൽക്കുന്നതും. ഈ വെള്ളിയാഴ്ച പുതുവർഷത്തിലെ തന്റെ ആദ്യ ചിത്രം മാൽഗുഡി ഡയസ് പ്രദർശനത്തിന് എത്തുമ്പോഴും ഭാമ ബ്രിട്ടനിലാണ്. ഇപ്പോൾ ബ്രിട്ടനിലുള്ള ഭാമ മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
പേരിൽ നിന്ന് തന്നെ തുടങ്ങാം, രഖിത എങ്ങനെ ഭാമയായി?
എന്റെ പേര് എല്ലാവർക്കും ഉച്ഛരിക്കാൻ പ്രയാസം ആയിരിക്കും എന്ന് കണ്ടു ലോഹി സാർ തന്നെയാണ് ഭാമ എന്ന പേര് നിർദ്ദേശിച്ചത്. ആദ്യ ചിത്രമായ നിവേദ്യത്തിൽ എന്റെ കഥാപാത്രം സത്യഭാമയാണ്. എന്നാൽ ആ പേരിനും നീളം കൂടിയതിനാൽ ചുരുക്കി വെറും ഭാമ ആകുക ആയിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ എത്തിയപ്പോഴും ഇത് ഗുണകരമായി. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഒരു എ കൂടുതലാണ്. ആരോ ന്യൂമറോളാജി നോക്കി അങ്ങനെ നിർദ്ദേശിച്ചതാണ്, പിന്നെ മാറ്റിയില്ല.
ഫേസ്‌ബുക്കിൽ പൊതുവേയും സോഷ്യൽ മീഡിയയിലും ഭാമ സജീവമാണല്ലോ, ആരാണ് ഇതൊക്കെ കൈകാര്യം ചെയ്യുന്നത്?
അത് നോക്കാൻ ഞങ്ങൾക്ക് ഒരു ടീമുണ്ട്. എങ്കിലും എന്റെ പേജിൽ വരുന്നത് ഞാൻ കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ട്. ഫോട്ടോകളും അപ്‌ഡേഷനും ഒക്കെ എന്റെ നിർദ്ദേശ പ്രകാരം തന്നെയാണ് നടക്കുന്നത്. കമന്റുകൾ ഒക്കെ വായിച്ച് നീക്കം ചെയ്യേണ്ടവ കണ്ടു പിടിക്കലൊക്കെ ടീമിന്റെ ചുമതലയാണ്. എനിക്ക് സ്വന്തമായി പ്രൊഫൈൽ അക്കൗണ്ടും പേജും ഉണ്ട്. പ്രൊഫൈൽ അക്കൗണ്ടിൽ പ്രധാനമായും സിനിമ മേഖലകളിൽ നിന്നുള്ള സുഹൃത്തുക്കളും മറ്റുമാണ് കൂടെയുള്ളത്.
സിനിമ നടിമാരിൽ ഇയ്യിടെയായി ഫേസ്‌ബുക്കും മറ്റും 'ശ്രദ്ധ നേടൽ' ഉപാധിയായി മാറുക ആണല്ലോ?
പൂർണ്ണമായും യോജിക്കാൻ കഴിയില്ല. ഞങ്ങൾ പലപ്പോഴും പത്രവും ടിവിയും ഒന്നും കാണാറില്ല. സമയക്കുറവ് തന്നെ കാരണം. എന്നാൽ ചുറ്റുപാട് നടക്കുന്ന സകല കാര്യങ്ങളും അറിയുന്നുമുണ്ട്. പ്രധാനമായും സോഷ്യൽ മീഡിയ തന്നെയാണ് സഹായിക്കുന്നത്. നമുക്ക് ഇഷ്ടമായ ന്യൂസ് പോർട്ടലുകളും മാദ്ധ്യമ പേജുകളും ഒക്കെ ലൈക്ക് ചെയ്തു ഇട്ടിരിക്കുന്നതിനാൽ ഓരോ അപ്‌ഡേഷനും പ്രാധാന്യം അനുസരിച്ച് കൺ മുന്നിൽ എത്തുന്നു. യാത്രക്കിടയിൽ ഇത് ഫോളോ ചെയ്യലാണ് പ്രധാന ഹോബി. അതിനാൽ വാർത്തകളും മറ്റും ഒരിക്കലും മിസ് ചെയ്യാറില്ല. നടികളും മറ്റും ഫോട്ടോയും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ ഒരു പറ്റം അസൂയാലുക്കളായ ആളുകളാണ് മോശം കമന്റുകളും മറ്റുമായി എത്തുന്നത്. എല്ലാവർക്കും ആഗ്രഹം ഉള്ളതും എന്നാൽ കുറച്ചു പേർക്ക് മാത്രം അവസരം കിട്ടുന്നതുമായ സിനിമ മേഖലയിൽ സമൂഹം പലപ്പോഴും അസൂയയോടെ കാണുകയാണ്. അല്ലെങ്കിൽ എന്തിനാണ് ഫോട്ടോകൾ മോർഫിങ് നടത്തി പോസ്റ്റിങ്ങ് നടത്തുന്നത്? എല്ലാ വിഭാഗത്തിൽ പെട്ടവരും ഇത്തരം മോശം കമന്റുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്.
സാമൂഹിക പ്രസക്തമായ വിഷയത്തിൽ ഒക്കെ ഇടപെടൽ നടത്താറുണ്ടോ?
ഇടപെടുന്നതിനെക്കാൾ കൂടുതൽ ഞാൻ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ പലപ്പോഴും പ്രതികരിക്കാറുമുണ്ട്. ഡൽഹി നിർഭായ സംഭവം ഉണ്ടായപ്പോഴൊക്കെ ഞാൻ കൃത്യമായി അഭിപ്രായം പറഞ്ഞിരുന്നു. എല്ലാ കാര്യത്തിലും ഞാൻ അഭിപ്രായം പറയേണ്ട കാര്യം ഇല്ലല്ലോ.
ഇയ്യിടെ വീണ്ടും ലെഗിങ്ങ്‌സ് വിഷയം മാദ്ധ്യമങ്ങളിൽ വിവാദം ആകുക ആണല്ലോ?
ഒരു വ്യക്തി എന്ന നിലയിൽ എന്തിനാണ് നാം മറ്റുള്ളവരുടെ വസ്ത്രത്തെ കുറിച്ച് കൂടുതൽ ആശങ്ക പെടുന്നത്? അങ്ങനെ എങ്കിൽ ആണുങ്ങൾ ബെർമുടയും ത്രീ ബൈ ഫോർത്തും ഇടുന്നതും എതിർക്കപ്പെടേണ്ടതല്ലേ? നമുടെ വീട്ടിൽ സ്ത്രീകൾ ലെഗിങ്ങ്‌സ് ധരിക്കുന്നുണ്ടോ എന്ന് നാം വ്യാകുലപ്പെട്ടാൽ മാത്രം തീരുന്ന പ്രശ്‌നം ആണിത്. കൊച്ചിയും മറ്റും മെട്രോ നഗരമായി വളർന്നിട്ടും എല്ലാവരും ലെഗിങ്ങ്‌സിലും ജീൻസിലും പ്രത്യക്ഷപ്പെടുന്നില്ലല്ലോ. ഇപ്പോഴും ഭൂരിപക്ഷവും സാരിയിലും സൽവാർ കംമീസിലും തന്നെയല്ലേ. സാരിയും മറ്റും ഉടുത്ത് പുറത്തിറങ്ങാൻ പേടിക്കേണ്ട കാലം ആണ്. പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോൾ നമുക്ക് സദാ സമയം വസ്ത്രം നേരെയാണോ എന്ന് ചിന്തിക്കാൻ കഴിയില്ല. അപ്പോൾ അൽപ്പം സ്ഥാനം മാറിപ്പോയാൽ സൂം ചെയ്തു ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതിനെ എന്ത് വിളിക്കണം? ആരെങ്കിലും കുറച്ചു പേർ ലെഗിങ്ങ്‌സ് ധരിക്കുന്നു എന്ന് കരുതി അതിനെ ജെനറലൈസ് ചെയ്തു വിവാദം സൃഷ്ടിക്കേണ്ട കാര്യം ഒന്നുമില്ല.
മലയാളിക്ക് നെഗറ്റീവ് ചിന്താശൈലി കൂടുതൽ ആണെന്നാണോ പറഞ്ഞു വരുന്നത്?
അതെനിക്കറിയില്ല. എങ്കിലും എല്ലാത്തിലും കുറ്റം പറയാൻ ഉള്ള വാസന നമുക്കുണ്ട്.
ഇടയ്ക്ക് പടങ്ങൾ കുറയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു, ടൈപ് ചെയ്യപ്പെടുന്നു എന്ന് ഭാമ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു?
കുറച്ചു കാലം ഓടി നടന്നു കുറെ പടങ്ങൾ ചെയ്തു. ഈശ്വരൻ അനുഗ്രഹിച്ചു കുറെ നല്ല വേഷങ്ങൾ ലഭിച്ചു. ആവശ്യത്തിനു പണവും ലഭിച്ചു. ഈ ഘട്ടത്തിൽ നടിയെന്ന നിലയിൽ സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ പണം മാത്രം പോരെന്നും നല്ല കഥാപാത്രങ്ങൾ വേണമെന്നും തോന്നി. അതിനാൽ അൽപ്പം സെലക്ടീവ് ആയി. വർഷത്തിൽ ഒരു പടം മാത്രം ലഭിച്ചാലും ഞാൻ സന്തോഷവതിയാണ്. കാശിനു വേണ്ടി മാത്രം അഭിനയിക്കില്ലെന്ന് ചുരുക്കം. എന്നാൽ കാശ് ആവശ്യത്തിൽ കൂടുതൽ ആണെന്നല്ല പറഞ്ഞു വന്നത്. ജീവിക്കാനുള്ള പണമേ ആവശ്യമുള്ളൂ, അതിനു ഒരു പടം മാത്രം ലഭിച്ചാലും മതി.
കിട്ടുന്ന കാശൊക്കെ ധൂർത്തടിക്കുന്ന ശീലം പൊതുവെ സിനിമ രംഗത്തുണ്ട്. സമ്പാദ്യത്തെ കുറിച്ച്?
എനിക്ക് ഒരുപാടു കാശ് പൊട്ടിക്കുന്ന ശീലം ഇല്ല. ആവശ്യത്തിനു സമ്പാദ്യവുമുണ്ട്. (എന്നാൽ എന്താണ് സമ്പാദ്യം എന്ന് എടുത്തു ചോദിച്ചപ്പോഴും ഭാമ തുറന്നു പറയാൻ തയ്യാറായില്ല).
പലരും ചെയ്തത് പോലെ ബിസിനസിൽ എന്തെങ്കിലും പദ്ധതികൾ?
ഒരു പക്ഷെ ഭാവിയിൽ എന്തെങ്കിലും ചെയ്യുമായിരിക്കാം. എന്നാൽ ഇപ്പോൾ അത്തരം പദ്ധതികൾ ഒന്നുമില്ല. എന്റെ വീട്ടിലാർക്കും ബിസിനസ് പാരമ്പര്യവും ഇല്ല.
താലി എന്ന പരിപാടി ചാനലിൽ അവതരിപ്പിച്ച ഭാമക്ക് വിവാഹത്തെ പറ്റി നല്ല ധാരണ ഉണ്ടാകും. എന്താണ് ഇപ്പോൾ പറയാൻ ഉള്ളത്?
തൽക്കാലം മൗനം ആയിരിക്കട്ടെ മറുപടി. എങ്കിലും സിനിമ വേണ്ടെന്നു പറയുന്ന ആളെ ഞാൻ വിവാഹം കഴിക്കില്ല.
അപ്പോൾ സിനിമ രംഗത്ത് നിന്ന് ഭാവി വരൻ വരാൻ സാധ്യത കൂടുതലാണോ?
(മനോഹരമായ ചിരിയാണ് ഭാമ മറുപടി നൽകിയത്, പിന്നീട് ഒറ്റ വാക്കിൽ ഉത്തരവും) god knows
ഇതുവരെ ചെയ്തതിൽ ഇഷ്ട വേഷം, എന്തുകൊണ്ട്?
ഒരു കമേഴ്‌സ്യൽ മൂവി അല്ലെന്നറിഞ്ഞാണ് ഞാൻ ഒറ്റ മന്ദാരത്തിൽ പോയത്. 15 കാരിയായ പെൺകുട്ടി അമ്മയാകുന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രം. എന്റെ അഭിനയ ശേഷി ഏറെ ആവശ്യമായി വന്ന കഥാപാത്രം. ഞാൻ ഇഷ്ടപ്പെടുന്ന കഥാപാത്രം തന്നെയാണ് ഒറ്റ മന്ദാരം എനിക്ക് തന്നത്. ഏറെ അവാർഡുകളും അതിലൂടെ ലഭിച്ചു. അതിലുമേറെ വിനോദ് മങ്കര എന്ന സംവിധായകന്റെ കൂടെ ജോലി ചെയ്യാനും സാധിച്ചു എന്നതാണ് മറ്റൊരു സന്തോഷം.
മാൽഗുഡി ഡയസ് കാത്തിരിക്കുമ്പോൾ എന്തൊക്കെയാണ് പറയാനുള്ളത്?
ഒരുപാടു വ്യത്യസ്ഥതകൾ ഒന്നും ഞാൻ അവകാശപെടുന്നില്ല. ഒരു യുവതിയായ അമ്മയുടെ വേഷമാണ് അനൂപ് മേനോനും ഒത്തുള്ള ആദ്യ ചിത്രമാണ്. കുട്ടിക്കാലം മുതലേ അറിയുന്ന ആൾ ആണെങ്കിലും ഈ ചിത്രത്തിൽ പ്രവർത്തിച്ചതിലൂടെ വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. എല്ലാവരും ചിത്രം കാണാൻ ശ്രമിക്കണം. ഇവിടെ ആയതിനാൽ കയ്യോടെ പടം കാണാൻ കഴിയില്ലല്ലോ എന്ന സങ്കടവും കൂടെയുണ്ട്.
യുകെയിൽ ഭാമ കണ്ട കാഴ്ചകൾ വച്ച് നാട്ടിലെ കാഴ്ചകളുമായി താരതമ്യം ചെയ്യാമോ?
നമ്മളെ ഇഷ്ടപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെ ഉണ്ട്. നാട്ടിലെ രീതിക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടായിരിക്കാം. എന്നാൽ റോഡു നിയമങ്ങളും ഉപയോഗ രീതികളും ഒക്കെ കാണുമ്പോൾ നാട്ടിൽ നമ്മൾ എന്നായിരിക്കും ഇതൊക്കെ ശീലിക്കുക എന്നോർക്കുകയാണ്. ഗവൺമെന്റിന് ചെയ്യാൻ കഴിയുന്നതിനേക്കാൾ നമ്മൾ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ് പലതും. അപരിചിതരായ ആളുകൾ പോലും കാണുമ്പോൾ അഭിവാദ്യം ചെയ്യുന്നതും നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതും ഒക്കെ യൂറോപ്യൻ കാഴ്ചകളുടെ നന്മ തന്നെയാണ് ഒരു ദിവസം തുടങ്ങുമ്പോൾ ഒരു ഗുഡ് മോണിങ് പറയുന്നതുകൊണ്ട് വല്ല നഷ്ടവും ഉണ്ടോ? മറിച്ചു പലപ്പോഴും പരുഷ വാക്കുകൾ കേട്ടേ നമുക്ക് ഒരു ദിവസം തുടങ്ങാൻ കഴിയൂ. പലപ്പോഴും ആ ദിവസം തന്നെ നമ്മളെ മൂഡ് ഓഫ് ആക്കിക്കളയാൻ അത്തരം ഒരാളുടെ വാക്കോ പ്രവർത്തിയോ ധാരാളം മതിയാകും. ഇതൊക്കെ മാറണമെങ്കിൽ നാം തനിയെ ശ്രമിക്കണം.

