ർക്കാറിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സെക്രട്ടറിയറ്റിന് മുന്നിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം തുടങ്ങിയിട്ട് മൂന്ന് മാസത്തോളമാകുന്നു. ചുവന്ന ലൈറ്റും കൊടിവച്ച കാറുമായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദിവസവും ഇതുവഴി കടന്നുപോകുമെങ്കിലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാൻ ഇവർ തയ്യാറാകില്ല. വോട്ടെടുപ്പ് അടുക്കുമ്പോൾ വടിവൊത്ത ഖദറുമിട്ട് ചിരിയും പാസാക്കി തങ്ങളുടെ കുടിലിലേക്ക് ഇവർ എത്തുമെന്ന് ഒരുപിടി മണ്ണിനായി സമരം ചെയ്യുന്ന ഇവർക്കറിയാം. ജൂലൈ ഒമ്പതിന് തുടങ്ങിയ സമരത്തെ രാഷ്ട്രീയ മേലാളന്മാരാരും തിരിഞ്ഞു നോക്കിയിട്ടില്ല. സിനിമാപ്രവർത്തകരും തെന്നിയും തെറിച്ചുമെത്തിയ ചില നേതാക്കളും മാത്രമാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയത്. പക്ഷേ, പ്രശ്‌നത്തിന് പരിഹാരം കാണേണ്ടവർ കണ്ടില്ലെന്ന് നടിച്ചിരിക്കയാണ്.

മതമേലാധികളും മറ്റ് പ്രബലരായ സംഘടിതരും ഒന്നു തുമ്മിയാൽ പോലും ഓടിയെത്തി പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മടങ്ങുന്ന രാഷ്ട്രീയക്കാർ അസംഘടിതരാണ് എന്ന ഒറ്റക്കാരണം കൊണ്ട് ആദിവാസികളുടെ ആവശ്യങ്ങളെ തഴയുകയാണ്. നമുക്കിടയിൽ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യജന്മങ്ങളാണ് വേദനകൾ കടിച്ചിറക്കി മഴയും വെയിലും അവഗണിച്ച് നിൽപ്പുസമരം നടത്തുന്നത്. ഇത് ആദിവാസികളുടെ മാത്രമായ സമരമായി കാണേണ്ട വിഷയമല്ല. മണ്ണിനും മനുഷ്യനും സകലചരാചരങ്ങൾക്കും വേണ്ടിയുള്ള സമരമാണ്. നമ്മൾ ഓരോ മലയാളിയും ലജ്ജിക്കേണ്ടത് ഇവിടെയാണ്.

നാട്ടുരാജാക്കന്മാരുടെ കാലത്തോളമുണ്ട് ആദിവാസികളോടുള്ള ചൂഷണത്തിന് പഴക്കം. രാജഭരണം മാറി ജനാധിപത്യഭരണം വന്നപ്പോഴും അതിന് മാറ്റമൊന്നും സംഭവിച്ചില്ല. ഇടതും വലതും ഭരണകക്ഷികൾ ആദിവാസികളെ ചൂഷണം ചെയ്യുന്നതിൽ തുല്യപങ്കാണ് വഹിക്കുന്നത്. ആദിവാസികളുടെ പേരിൽ രാഷ്ട്രീയക്കാരും അവരുടെ ഏജന്റുമാരും തട്ടിയെടുക്കുന്നത് കോടികളാണ്.

കേരളം കണ്ട ഏറ്റവും നല്ല ജനകീയ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്ന ഇ കെ നായനാർ ഭരിക്കുന്ന കാലത്ത് ആദിവാസികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ പട്ടിണിസമരം നടത്തിയിരുന്നു. ദിവസങ്ങൾ പലത് കഴിഞ്ഞിട്ടും ഗവൺമെന്റ് തിരിഞ്ഞു നോക്കാതിരുന്നപ്പോൾ 'ആദിവാസി സമരം തീർക്കണ്ടേ' എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 'അവന്മാര് കുറെ ദിവസം പട്ടിണി കിടന്ന് മടുക്കുമ്പോൾ എഴുന്നേറ്റ് പൊയ്‌ക്കോളും' എന്നാണ് അദ്ദേഹം മറുപടി നൽകിയത്. സകല അപമാനവും സഹിച്ച് ആ പാവങ്ങൾ വീണ്ടും പട്ടിണി കിടന്ന് സമരം നടത്തി.

വർഷങ്ങൾക്ക് ശേഷം അവർ നിൽപ്പുസമരവുമായി സെക്രട്ടറിയേറ്റ് നടയിൽ എത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയിലാണോ ഇപ്പോഴത്തെ മുഖ്യമന്ത്രിയും? പാറശ്ശാല മുതൽ കാസർകോട് വരെ 'അതിവേഗം ബഹുദൂരം' ഓടിയെത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ഭരണാധികാരി ഈ പാവം ആദിവാസികളുടെ പ്രശ്‌നങ്ങൾ എന്തുകൊണ്ട് കാണുന്നില്ല. അതോ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണോ? മണ്ണിന് വേണ്ടി ആദിവാസികൾ നടത്തുന്ന സമരത്തിന്റെ മുൻനിര പോരാളിയും ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു നിൽപ്പ് സമരം എന്തിനാണെന്നും സർക്കാറിന്റെ പിന്തിരിപ്പൻ നയത്തെക്കുറിച്ചും മറുനാടൻ മലയാളിയാളിയോട് വിശദീകരിച്ചു. മറുനാടൻ മലയാളി ലേഖകൻ രാകേഷ് രാധാകൃഷ്ണന് നൽകിയ അഭിമുഖത്തിലേക്ക്..

  • നിൽപ്പ് സമരത്തിലൂടെ എന്തിനാണ് ലക്ഷ്യം വെക്കുന്നത്, അല്ലെങ്കിൽ നിൽപ്പുസമരത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ്?

നിൽപ്പുസമരം തുടങ്ങിയിട്ട് 83 ദിവസം ആയി. ഈ സമരം ശരിക്കും പെട്ടെന്നുള്ള സമരമല്ല. 2001ലെ കുടിൽകെട്ടി സമരത്തോടനുബന്ധിച്ചുണ്ടാക്കിയ കരാർ നടപ്പിലാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. കരാറിൽ പറഞ്ഞത് കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബത്തിനും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമികൊടുക്കാം എന്നാണ്. ഭൂമിയുടെ ലഭ്യത അനുസരിച്ച് ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ. ഭൂമി കൊടുത്ത് കഴിഞ്ഞാൽ ആ ഭൂമി കൃഷിയോഗ്യമാക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കും. പണി എടുക്കുന്ന ആളുകൾക്ക് ചെറിയ രീതിയിലുള്ള കൂലിയും ഭക്ഷണവും നൽകും, സ്ഥലം കൃഷിയോഗ്യമാക്കുന്നത് വരെ.

ഇതിനുവേണ്ടി പ്രത്യേക ട്രൈബൽ മിഷൻ രൂപീകരിച്ചു. ഭൂരഹിതരായ ആളുകളെ കണ്ടെത്തുക, ഭൂമി കണ്ടെത്തുക എന്നിവയാണ് ട്രൈബൽ മിഷന്റെ ജോലി. ആ മിഷൻ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല. ആ മിഷൻ പുനർജീവിപ്പിക്കുക. കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ കൊടുക്കുന്ന ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ 244-ാം വകുപ്പ് അനുസരിച്ച് പട്ടികവർഗ്ഗ പ്രദേശമാക്കാൻ വ്യവസ്ഥയുണ്ട്. അതിലെ അഞ്ചാം ഷെഡ്യൂളിലും ആറാം ഷെഡ്യൂളിലും. കേരളത്തിൽ ആറാം ഷെഡ്യൂൾ നടപ്പാക്കാൻ പറ്റാത്തതിനാൽ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കണം. കൊടുത്ത ഭൂമിയിൽ ആദിവാസികളുടെ ഊര് ഭൂമിയും ഉൾപ്പെടുത്തുക. ആദിവാസികൾക്ക് ഈ ഭൂമി വിൽക്കാനും പുറത്തുനിന്ന് ആർക്കും വാങ്ങാനും പറ്റില്ല. ഈ നിയമം കൊണ്ട് വന്ന് ആ ഭൂമി സംരക്ഷിക്കണം. അതിനുവേണ്ടി കേന്ദ്ര ഗവൺമെന്റിന് ഒരു അപേക്ഷ കൊടുത്തിരുന്നു. പക്ഷേ കേരള സർക്കാർ അതിന്റെ ഫോളോഅപ്പ് നടത്തിയില്ല. അത് നടപ്പിലാക്കണം.

2003ലെ മുത്തങ്ങ സമരത്തിലൂടെ വയനാട്ടിലെ മുഴുവൻ ആദിവാസികൾക്കും കൊടുക്കാൻ ഭൂമി തികയാത്തതിനാൽ കുറച്ച് വനഭൂമി കൂടി കിട്ടണം എന്ന് ആന്റണി ഗവൺമെന്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 30,000 ഏക്കർ ഭൂമി വിട്ടുതരണം എന്ന് ആവശ്യപ്പെട്ടെങ്കിലും 19,000 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാർ നൽകിയത്. മുത്തങ്ങസമരം മൂലം ഒരു വനാവകാശനിയമം രൂപീകരിച്ചു. ഈ കൊടുത്ത ഭൂമി വനാവകാശ നിയമത്തിൽ ഉൾപ്പെടുത്തി. ഈ നിയമത്തിൽ ഉൾപ്പെടുത്തിയ ഭൂമി വനേതരാവശ്യത്തിന് എടുക്കാൻ പാടില്ല, വലിയ കെട്ടിടനിർമ്മാണം നടത്താൻ പാടില്ല. ആദിവാസ പുനരധിവാസത്തിന് മാത്രം നൽകുക, ആദിവാസ പുനരധിവാസം നടന്നില്ലെങ്കിൽ ആ ഭൂമി അതുപോലെ നിലനിർത്തുക എന്നിവയാണ് ഈ നിയമത്തിൽ ഉള്ളത്.[BLURB#1-H]

ഈ ഭൂമി പല ജില്ലകളിലാണ്. വയനാട് ജില്ലയിൽ ഇങ്ങനെ അനുവദിച്ച ഭൂമിയാണ് പൂക്കോട് ഡയറി പ്രോജക്ട്. അഞ്ച് വർഷം കഴിഞ്ഞ് പദ്ധതിപ്രദേശം ആദായകരമാകുമ്പോൾ ഭൂമി അഞ്ച് ഏക്കർ വച്ച് ആദിവാസികൾക്ക് പതിച്ച് പട്ടയം നൽകി സൊസൈറ്റി പിരിച്ച് വിടണം എന്നായിരുന്നു അന്നത്തെ തീരുമാനം. ഇത്രയും കാലമായി അത് നടപ്പിലാക്കിയിട്ടില്ല എന്ന് മാത്രമല്ല ഗവൺമെന്റിന്റെ ഒത്താശയോടെ അനധികൃത കൈയേറ്റം നടന്നുകൊണ്ടിരിക്കുന്നു. വെറ്റിനറി കോളേജ് അനധികൃതമായി കെട്ടിക്കഴിഞ്ഞു. അതിന്റെ മറവിൽ അവിടെ വ്യാപകമായി റിസോർട്ട് നിർമ്മാണവും നടക്കുന്നു. ഈ ഭൂമി മൊത്തം ആദിവാസികൾക്ക് വിട്ടുകൊടുക്കണം. അട്ടപ്പാടിയിലെ ശിശുമരണത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണം. ഇതെല്ലാം നേരത്തേ മുതൽ ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. പുതിയതായി ഒരു ആവശ്യംപോലും ഉന്നയിക്കുന്നില്ല. ഗവൺമെന്റ് പറഞ്ഞ വാഗ്ദാനവും കരാറും നടപ്പാക്കാനേ ആവശ്യപ്പെടുന്നുള്ളൂ.

  • സമരം ഇത്രയും ദിവസം നീട്ടേണ്ട ആവശ്യമുണ്ടായിരുന്നോ?

ചുരുക്കിപ്പറഞ്ഞാൽ ഈ സമരം 83 ദിവസം നീട്ടേണ്ട ആവശ്യമില്ല. ഗവൺമെന്റ് പറഞ്ഞ കാര്യങ്ങൾ നടത്തണം എന്ന ആവശ്യവുമായി നടത്തുന്ന ഒരു സമരമാണ്. ഇതിന്റെ എല്ലാ വശങ്ങളും പഠിച്ചിട്ടാണ് സർക്കാർ ഇത് അന്ന് അംഗീകരിച്ചത്. വീണ്ടും അത് പഠിക്കാൻ മൂന്നുമാസം എടുക്കേണ്ട കാര്യം എന്തിനാണ്. ഇപ്പോൾ ഗവൺമെന്റ് സീരിയസ്സായി ചർച്ച നടത്തി കാര്യങ്ങൾ നടത്താം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വാക്കാൽ തന്ന ഒരു ഉറപ്പുമാത്രമാണ്. അവരുടെ ഭാഗത്ത് നിന്ന് രേഖാമൂലമുള്ള ഉറപ്പ് കിട്ടിയാലേ ഈ സമരം അവസാനിപ്പിക്കുന്നുള്ളൂ. അതുവരെ ഈ നിൽപ്പുസമരം തുടരും.

  • ഭൂമികൊടുക്കാം എന്ന് മന്ത്രി പി കെ ജയലക്ഷ്മി പറയുന്നുണ്ടല്ലോ?

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഒരുവർഷം കഴിഞ്ഞപ്പോൾ തന്നെ അവിടെ പൊലീസ് ഇടപെടലിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് മനുഷ്യവകാശകമ്മീഷന്റെ റിപ്പോർട്ട് വന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് നഷ്ടപരിഹാരം നൽക്കാൻ ഉത്തരവ് വന്നു. അത് ഇതുവരെ നടപ്പായിട്ടില്ല. അതാണ് ജയലക്ഷ്മി പറഞ്ഞത് 447 കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം കൊടുക്കാം എന്ന്. എന്നാൽ അതിൽ കൂടുതൽ കുടുംബങ്ങൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ ലിസ്റ്റ് കൊണ്ടു വന്നാൽ എല്ലാവർക്കും വേണ്ടത് നൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അതും വെറും വാക്കാൽ മാത്രമേ പറഞ്ഞിട്ടുള്ളു.

വാക്കാൽ പറഞ്ഞാൽ സമരം നിർത്തില്ല. വേണ്ടത് ഒരു രാഷ്ട്രീയ തീരുമാനമാണ്. കാബിനറ്റ്കൂടി എഴുതി തയ്യാറാക്കിയ പ്രമേയം പാസാക്കി അത് പരസ്യപ്രഖ്യാപനം നടത്തണം. അതിന്റെ ഒരു കോപ്പി തരികയും വേണം.

  • ആറളം ഫാമിൽ ആദിവാസികൾക്ക് ഭൂമി കൊടുത്തില്ലേ?

മുത്തങ്ങ സമരത്തിനുശേഷം കണ്ണൂർ ജില്ലയിലെ മുഴുവൻ ഭൂമി കൊടുക്കാൻ ഇല്ല എന്ന് പറഞ്ഞ് കേരളസർക്കാർ ടിഎസ്‌പി ഫണ്ടിൽ നിന്നും 42 കോടി രൂപ കൊടുത്ത് കേന്ദ്രസർക്കാരിൽ നിന്നും വാങ്ങിയ ഭൂമിയാണ് ആറളം ഫാം. ആദിവാസി പുനരധിവാസത്തിനു വേണ്ടിയാണ് ആ ഭൂമി വാങ്ങിയത്. അതിൽ 3500 ഏക്കർ ഭൂമിവിതരണം ചെയ്യാം എന്നും ബാക്കി 3000 ഏക്കർ ഭൂമി ആദിവാസികളുടെ ആവശ്യങ്ങൾക്കും എന്നുമാണ് പറഞ്ഞിരുന്നത്. അവർക്ക് തൊഴിൽ നൽകി അത് നിലനിർത്താൻ പബ്ലിക് ലിമിറ്റഡ് കമ്പനി ആക്കാം എന്നാണ് പറഞ്ഞത്. നിലവിലുള്ള തൊഴിലാളികൾ പിരിഞ്ഞു പോകുമ്പോൾ ഭൂമി കൊടുത്ത ആദിവാസികളെ നിയമിക്കുക വിആർഎസ് എടുത്ത പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക് പകരം ആദിവാസികളെ നിയമിച്ച് മൊത്തത്തിൽ ആദിവാസികളുടെ നടത്തിപ്പ് ആക്കാം എന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷെ ഇതുവരെ ഒരു ആദിവാസിയെ ജോലിക്ക് എടുത്തിട്ടില്ല എന്ന് മാത്രമല്ല ഇപ്പോൾ അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കി മാറ്റി. ഇപ്പോൾ അത് വാഴക്കുളം, തൊടുപുഴ എന്നിവിടങ്ങളിലുള്ള ഏതാനും വ്യകതികൾക്ക് പൈനാപ്പിൾ കൃഷിക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്.

260 ഏക്കർ ആണ് പാട്ടത്തിന് കൊടുത്തതെങ്കിലും 2000ൽ അധികം ഏക്കറിൽ അനധികൃതമായി പൈനാപ്പിൾ കൃഷി നടത്തി കഴിഞ്ഞു. ഈ പൈനാപ്പിൾ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന എൻഡോസൾഫാൻ എന്ന കീടനാശിനിയും പൈനാപ്പിൾ ഒരേ സമയം പാകമാകാനും നല്ലനിറം ലഭിക്കാനും വേണ്ടി ഉപയോഗിക്കുന്ന എത്തിഫോൺ എന്ന് ഹോർമോണും ആണ്. അവിടെ കുടിലുകൾ കെട്ടി താമസിക്കുന്ന കുറച്ച് ആദിവാസികൾ ഉണ്ട്. അവിടെ ആദിവാസി പാക്കേജ് നടത്താത്തതുകൊണ്ട് അവർക്ക് വേണ്ട ആവശ്യ സർവ്വീസ്‌പോലും കിട്ടുന്നില്ല. ചെറിയ കുഴികൾ ഉണ്ടാക്കിയാണ് കുടിക്കാനും മറ്റുമുള്ള വെള്ളം എടുക്കുന്നത്. ഒരുമഴ പെയ്താൽ ഈ പൈനാപ്പിളിന് തളിക്കുന്ന മാരകവിഷങ്ങൾ ഒലിച്ച് ഈ കുഴികളിലും മറ്റും എത്തുന്നു. അത് അവരുടെ വംശഹത്യക്കു തന്നെ കാരണമാകുന്നു. അതിനാൽ ഈ കൃഷി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാണ് ഗോത്രമഹാസഭയുടെ ആവശ്യം. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന് ഈസ്ഥലം പാട്ടത്തിന് കൊടുക്കേണ്ട ഒരു ആവശ്യവുമില്ല.

ഒരു ഏക്കറിന് പാട്ടക്കാർ നൽകുന്നത് 25 കിലോ പൈനാപ്പിളാണ്. ഒരു ഏക്കറിൽ നിന്ന് മൂന്നുനാല് ലോഡ് പൈനാപ്പിൾ കിട്ടുമ്പോൾ 25 കിലോ ആണ് പാട്ടം നൽകുന്നത്. എന്നിട്ട ഓരോ വർഷവും ഫാം നഷ്ടത്തിൽ എന്ന് പറഞ്ഞ് ടിഎസ്‌പി ഫണ്ടിൽ നിന്നും ആണ് പണം നൽകുന്നത്. ശരിക്കും ഈ പൈസ തിന്നുമുടിക്കുന്ന ഒരു വെള്ളയാന ആണ്. അതിന് അവസാനം ഉണ്ടാക്കി ഈ ഭൂമി ആദിവാസികൾക്ക് പതിച്ച് നൽകണം ഇത് കർശനമായും നടപ്പാക്കണം.[BLURB#2-H]

2001ൽ മുത്തങ്ങ സമരത്തോടെ കുറച്ചുകാര്യങ്ങൾ നടന്നു. കുറച്ച് ആദിവാസികൾക്ക് ഭൂമി കൊടുത്തു. പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ല. ആ കരാർ നടപ്പാക്കണം എന്നാണ് ഈ സമരത്തിലൂടെ പറയുന്നത്. അന്നത്തെ കരാർ നടപ്പിലാക്കിയാൽ ആദിവാസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നടപ്പാകും.

  • മുത്തങ്ങ സമരത്തെ കുറിച്ച്. അന്നത്തെ പൊലീസ് നീക്കം പിന്നീട് കേരളം ഒരുപാട് ചർച്ച ചെയ്തതാണ്, മുത്തങ്ങയിൽ അന്ന് പൊലീസ് നീക്കം ആവശ്യമായിരുന്നോ?

വേണ്ടിയിരുന്നില്ല. അന്ന് 600 പേരുടെ പേരിലാണ് കേസ് ചാർജ് ചെയ്തത്. റിസർവ്വ് ഫോറസ്റ്റ് ആണ്, വന്യജീവി സങ്കേതമാണ്, നീലഗിരി ജൈവവൈവിധ്യ മണ്ഡലം ആണ്. അവിടെ കയറിയതു കൊണ്ടാണ് പൊലീസ് വെടിവയ്‌പ്പ് ഉണ്ടായത് എന്നാണ് ഗവൺമെന്റ് ന്യായം പറഞ്ഞത്. അതിന്റെ കേസ് നടക്കുമ്പോൾ കോടതി ഗവൺമെന്റിനോട് അതിന്റെ ഫയൽ ആവശ്യപ്പെട്ടു. ഹാജരാക്കിയ രേഖയിൽ ബിർളക്ക് യൂക്കാലി കൃഷി നടത്താൻ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് അത് എന്ന് കണ്ടെത്തി. 25 വർഷമായി ബിർള പാട്ടം പോലും കൊടുങ്ങുന്നില്ല. ആ ഭൂമിയാണ് റിസർവ്വ് ഫോറസ്റ്റ് എന്നൊക്കെ പറഞ്ഞ് അന്നത്തെ ഗവൺമെന്റ് നരനായാട്ട് നടത്തിയത്. അങ്ങനെ കേസ് തള്ളിപ്പോയി.

  • 2003ലെ മുത്തങ്ങ സമരത്തിന് ശേഷം ഭൂമി വിതരണം ചെയ്യാൻ ഒരുപാട് കാലതാമസം വന്നു. അത് എന്തുകൊണ്ടാണ്?

2003ലെ മുത്തങ്ങ സമരം മൂലം കുറേ ആളുകളുടെ അറസ്റ്റ് ജാമ്യം ഒക്കെയായി ഒന്നുരണ്ട് വർഷം പോയി. അതിന് ശേഷം ആറളം ഫാമിൽ വളരെ സജീവമായ സമരം നടത്തുന്നുണ്ട്. അതുകൊണ്ടാണ് 2500 കുടംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തത്. ശരിക്കും സമരരംഗത്ത് നിന്ന് മാറിയിട്ടില്ല. ആദിവാസികൾക്ക് ഗുണമുണ്ടാകുന്ന രീതിയിൽ ഓരോ സ്ഥലങ്ങളിലും സമരം നടന്നിട്ടുണ്ട്.

  • ഇടതും വലുതും ഭരിച്ചിട്ടും നീതി കിട്ടുന്നില്ല എന്നാണോ?

രണ്ടു പേരും മാറിമാറി ഭരിച്ചിട്ടും നീതി കിട്ടാത്തതുകൊണ്ട് ഈ നിൽപ്പ് സമരത്തിന് ഇറങ്ങിയത്.

  • ജനയുഗത്തിലെ വാർത്തയെക്കുറിച്ച്?

[BLURB#3-VL]കാട്ടിലെ മൃഗങ്ങളെക്കാൾ നാട്ടിലെ ഇരുകാലിമൃഗങ്ങളെ ആണ് സൂക്ഷിക്കേണ്ടത്. 10 ലക്ഷം രൂപ അല്ല. ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയാണ് വേണ്ടത്. ആദിവാസികൾ മുഴുവൻ കർഷകരാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവർ പോലും മറ്റുള്ളവരുടെ കൂടി സ്ഥലങ്ങളിൽ പണിയെടുത്ത് ജീവിക്കുന്നത്. വിദ്യാഭ്യാസപരമായി ആദിവാസികൾ ഏറെ പിന്നിലാണ്. കൃഷി ചെയ്‌തേ ആദിവാസികൾക്ക് ജീവിക്കാൻ അറിയൂ. പത്ത് ലക്ഷം രൂപ ആദിവാസിയുടെ പേരിൽ പാസായാലും അവർ അറിയുന്നുപോലുമില്ല. അത് ഇടനിലക്കാരുടെ പോക്കറ്റിലേക്ക് ആണ് പോകുന്നത്. അതിനാൽ ഇത് ആദിവാസികൾക്ക് ഒരിക്കലും ഗുണം നൽകില്ല. കരാർ നടപ്പാക്കി ഭൂമി കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ഇടതുപക്ഷത്തിന് അപമാനമാണ് ഉണ്ടാക്കുന്നത്. അധികാരത്തിൽ ഇരിക്കുമ്പോൾ ആദിവാസിക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുക അധികാരം പോകുമ്പോൾ കുടിൽകെട്ടൽ സമരത്തിന് പോകുക. ആദിവാസികളെ വഞ്ചിക്കുന്നതിൽ ഇടതുപക്ഷം ഒരുപടികൂടി മുന്നോട്ട് പോയി എന്നാണ് മനസ്സിലാക്കുന്നത്.

  • സമരത്തിലേക്ക് പോകാതെ ഒരു മേശയുടെ അപ്പുറവും ഇപ്പുറവും പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമായിരുന്നോ ഇത്? നിൽപ്പ് സമരം നീണ്ടുപോകുന്നതിനെ കുറിച്ച്

അങ്ങനെ തീരുന്ന പ്രശ്‌നമായിരുന്നെങ്കിൽ പത്ത്പതിനാല് വർഷമായി എന്തുകൊണ്ട് പരിഹാരം കണ്ടില്ല. ചർച്ച ചെയ്ത് പരിഹാരിക്കാനാണ് ഞങ്ങളുടെയും ഇഷ്ടം. ഇത്രയും ആളുകളെ ഇവിടെ കൊണ്ടുവന്ന് കഷ്ടപ്പെടുത്തണം എന്ന് ആഗ്രഹം ഇല്ല, പക്ഷേ സർക്കാർ ഒന്നും ചെയ്യുന്നുമില്ലല്ലോ? പ്രശ്‌നത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ നടത്തിതരുന്നതിൽ കരാർ ഉണ്ടാക്കിയതിനാൽ അത് നടത്തിതരാൻ അവർക്ക് ബാധ്യതയുണ്ട്. അത് സർക്കാർ മനസ്സിലാക്കണം.

  • സി ജെ ജാനു കോൺഗ്രസ് അനുഭാവിയാണെന്നാണല്ലോ പ്രചരണം. സുധീരനൊപ്പം കെപിസിസി ഓഫീസിലെത്തിയ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു, ഇതേക്കുറിച്ച്?

വിവരമില്ലാത്ത ആളുകളാണ് അങ്ങനെ പ്രചരിപ്പിക്കുന്നത്. അന്ന് കെപിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പോയതാണ്. അത് കഴിഞ്ഞപ്പോൾ ഒരു ചെറിയ പുസ്തകപ്രകാശനം ഉണ്ട് അതിൽ സഹകരിക്കുമോ എന്ന് ചോദിച്ചു. എന്ത് പുസ്തകം ആണെന്നോ എന്ത് പ്രകാശനം ആണെന്നോ ഒന്നും പറഞ്ഞില്ല. അവിടെ എത്തിയപ്പോൾ മൊത്തം മീഡിയയും ഉണ്ട്. ഇന്ദിരാഗാന്ധിയുടെ ഫോട്ടോകളുള്ള പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. അവിടെ വച്ചാണ് ജയലക്ഷ്മിയും ഉണ്ടെന്ന് മനസ്സിലായത്. സത്യത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞതിന്റെ പേരിൽ മാത്രമാണ് ആ ചടങ്ങിൽ പങ്കെടുത്തത്. അതിനെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. അവരുമായുള്ള ബന്ധമോ സഹകരണമോ ഒന്നും കൊണ്ടല്ല പങ്കെടുത്തത്. അതിനപ്പുറത്തേയ്ക്ക് ഒരു അജണ്ട അതിനില്ലായിരുന്നു. ഈ സമരം തകർക്കാൻ നല്ലരീതിയിൽ ശ്രമിക്കുന്നുണ്ട്. അതിന് അവർക്ക് സാധിക്കുന്നില്ല. അതിന്റെ ഭാഗമാണ് ഇവർ ഇത്തരം തരംതാണ രീതിയിൽ പ്രവർത്തിക്കുന്നത്.

സോഷ്യൽ മീഡിയയിലും അല്ലാതെയും അനേകം ആളുകൾ ഈ സമരം ഏറ്റെടുത്ത് കഴിഞ്ഞു. പണ്ട് സമരം ചെയ്യുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ കൂട്ടായ്മയാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ സമരം അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരായ മുഴുവൻ ആളുകളും ഈ സമരത്തെ ഏറ്റെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുമുണ്ട്. ശരിക്കും മനുഷ്യന് വേണ്ടിയുള്ള സമരമാണ്. മണ്ണും വെള്ളവും പ്രകൃതിയും സംരക്ഷിക്കാനുള്ള സമരമാണ്. മണ്ണും വെള്ളവും പ്രകൃതിയും നന്നായി ഇരുന്നാൽ ആദിവാസികൾക്ക് മാത്രമല്ല ഗുണം. ലോകത്തിലെ സകല ജീവജാലങ്ങൾക്കും ഗുണം കിട്ടുന്നു.

ആദിവാസികളുടെ സമരം കൊണ്ട് പാരമ്പര്യമായ കാടുകൾ തിരിച്ച് വന്ന് അവിടെ ശുദ്ധമായ വായു കിട്ടിയാൽ അത് ആദിവാസികൾ മാത്രമാണോ ശ്വസിക്കുന്നത്. അല്ലല്ലോ? ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള സമരമാണ് അത്. ആദിവാസികൾ ഏറ്റെടുത്തു എന്നേയുള്ളു. പഴയ പ്രകൃതി തിരിച്ചുവന്ന് തോടും പുഴകളും നിറഞ്ഞൊഴുകിയാൽ അത് ആദിവാസി മാത്രമാണോ ഉപയോഗിക്കുന്നത്. എല്ലാവരും ഉപയോഗിക്കുന്നില്ലേ? അപ്പോൾ ഈ സമരത്തിന്റെ ഗുണം അവർക്കുകൂടിയല്ലേ കിട്ടുന്നത്. അതൊന്നും ആരും മനസ്സിലാക്കുന്നില്ല. ശരിക്കും ഈ സമരത്തിന്റെ വിജയത്തോടെ കേരളത്തിൽ ഒരു പുതിയ കാർഷിക വികസനമാണ് നടക്കാൻ പോകുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി വന്നില്ലെങ്കിൽ ഇവിടെ കറിവയ്ക്കില്ല. ആന്ധ്രയിൽ നിന്ന് അരി കിട്ടിയില്ലെങ്കിൽ ഇവിടെ കഞ്ഞിവേവുമോ? ഈ കാർഷിക വിപ്ലവത്തിലൂടെ കേരളം സ്വാശ്രയം കൈവരിക്കാൻ പോവുകയാണ്. ഈ സമരത്തിന്റെ വ്യാപ്തി അതാണ്. ആരും അത് മനസ്സിലാക്കുന്നില്ല. ഇപ്പോഴത്തെ പുതിയ തലമുറ കുറെയൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഈ സമരത്തെ ഏറ്റെടുത്തത്.

  • ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് കേട്ടിരുന്നല്ലോ? ഇതിന്റെ യാഥാർത്ഥ്യം എന്തായിരുന്നു?

എഎപിയിൽ ചേർന്നിട്ടില്ല. ചേരാം എന്നും പറഞ്ഞിട്ടില്ല. ഇലക്ഷൻ സമയത്ത് അവർക്ക് വോട്ട് ചെയ്യുന്നകാര്യം തീരുമാനിച്ചിരുന്നു. അവർ അഴിമതി വിരുദ്ധ പ്രസ്ഥാനം ആയതുകൊണ്ടാണ് അങ്ങനെ ഒരു നിലപാട് എടുത്തത്. ഈ ആദിവാസി വിഭാഗമാണ് അഴിമതിയുടെ ഏറ്റവും വലിയ ഇരകൾ. എഎപിയിൽ പോകാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല.

ആദിവാസികളുടെ നിൽപ്പു സമരത്തെ കണ്ടില്ലെന്ന് രാഷ്ട്രീയക്കാർ നടിക്കുമ്പോഴും പോരാടാൻ തന്നെയാണ് സി കെ ജാനുവിന്റെ തീരുമാനം. സർക്കാരിനെ ഒരു തരത്തിലും വിശ്വാസിക്കില്ലെന്നും അവർ പറയുന്നു. മണ്ണിന് വേണ്ടിയുള്ള സമരത്തെ പിന്തുണച്ച് സമരരംഗത്തിറങ്ങാൻ നിരവധി പേർ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. അവർക്ക് നന്ദി പറയുന്ന ജാനു എല്ലാജില്ലകളിലും ഇതുപോലെ നിൽപ്പ് സമരം നടത്താനാണ് പദ്ധതിയിടുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിൽ ഇരുന്ന് മറുനാടൻ ലേഖകനോട് ആദിവാസികളുടെ സമരനായിക നിലപാട് വിശദീകരിക്കുമ്പോഴും നിരത്തിൽ പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ ചുവന്ന ലൈറ്റിട്ട മന്ത്രിവാഹനം ചീറി പാഞ്ഞു.. മണ്ണിന് വേണ്ടിയുള്ള ഈ നിൽപ്പ് സമരത്തെ കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തോടെ..