ലണ്ടൻ: കലാഭവൻ മണി, ഹരിശ്രീ അശോകൻ, ഗിന്നസ് മനോജ് എന്നിവരൊക്കെ കലാരംഗത്ത് സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ കലാലയത്തിന്റെ പേര് കൂടി കൂട്ടിച്ചേർത്തവരാണ്. എന്നാൽ കഥാപാത്രം തന്നെ താരത്തിന്റെ പേര് മോഷ്ടിച്ച ചരിത്രം ഒരു പക്ഷെ അവകാശപ്പെടാൻ കഴിയുന്നത് അയ്യപ്പ ബൈജുവിന് മാത്രം ആയിരിക്കും. അയ്യപ്പ ബൈജു എന്നറിയപ്പെടുന്നത് പുന്നപ്ര പ്രശാന്ത് എന്ന കലാകാരനാണ്. പ്രശാന്ത് എന്നാണ് പേരെന്ന് കേട്ടാൽ പലരും അത്ഭുതപ്പെടുമെന്നത് തീർത്തചയാണ്. പ്രശാന്തിനെ അപ്രസക്തനാക്കി അയ്യപ്പ ബൈജു വളർന്നു കഴിഞ്ഞു. എന്നാൽ, ബൈജുവെന്ന പേര് തനിക്ക് ഭാഗ്യമാണ് കൊണ്ടുവന്നതെന്നതിനാൽ പ്രശാന്തിന് അങ്ങനെ വിളിക്കുന്നതിൽ തെല്ലും പരിഭവവും ഇല്ല.

ബ്രിട്ടനിലെ മലയാളി അസോസിയേഷനുകളുടെ പരിപാടിയിൽ പങ്കെടുക്കാനായി ലണ്ടനിലാണ് പ്രശാന്ത് ഉള്ളത് നിലവിലുള്ളത്. ഇവിടെ വച്ച് മറുനാടൻ മലയാളി ലേഖകൻ കെ ആർ ഷൈജുമോനുമായി പ്രശാന്ത് അയ്യപ്പ ബൈജുവായ കഥ അദ്ദേഹം പങ്കുവച്ചു. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്..

  • പ്രശാന്ത് പുന്നപ്രയെ അപ്രസക്തം ആക്കി അയ്യപ്പ ബൈജു ജനിച്ചതെങ്ങനെ?

അതൊരു രസകരമായ കഥയാണ്. 2004 ലിൽ കുവൈറ്റിൽ പരിപാടി ചെയ്യാൻ അങ്കമാലിയിൽ എത്തുമ്പോൾ യാദൃശ്ചികമായി മുന്നിൽ വന്നു പെട്ട കുടിയനാണ് പ്രശാന്തിന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. കെസ്റ്റർ പാടി പ്രശസ്തമാക്കിയ ജീസസ് എന്നാ ആൽബത്തിലെ ''വഴിയരികിൽ പധികനായി കാത്തു നിൽക്കും നാഥൻ '' എന്ന പാട്ടിനെ കുടിയാൻ മനോഹരമായി ആലപിക്കുന്നത് ''വഴിയരികിൽ പഥികനായി കാത്തു നിൽക്കും ബൈജു '' എന്ന രൂപ മറ്റത്തോടെയാണ്. പെട്ടെന്ന് കുടിയനെ കേന്ദ്രമാക്കി സ്‌കിറ്റ് ചെയ്യാൻ ആലോചിച്ചിരുന്ന പ്രശാന്തിന് എന്തുകൊണ്ട് ഈ ബൈജുവിനെ തന്നെ അനുകരിച്ചു കൂടാ എന്ന് തോന്നി. കണ്ടാൽ തന്നെ പോലെ ഏകദേശം മെലിഞ്ഞ രൂപവും ഒക്കെ ഉള്ളതിനാൽ ക്ലിക്ക് ആകും എന്ന് തോന്നി. ശേഷം ഉണ്ടായതു ചരിത്രം. കഴിഞ്ഞ 12 വർഷമായി പ്രശാന്തിനെ മാറ്റി നിർത്തി ബൈജു നൂറു കണക്കിന് വേദികളിൽ ജീവിക്കുകയാണ്.

  • കുടിയനെ അനുകരിക്കാം എന്നു തോന്നുന്നതിന് കാരണം ഉണ്ടോ?

പല തരത്തിൽ ക്രെഡിറ്റ് എടുക്കാൻ മിടുക്കരാണ് നാം മലയാളികൾ. നല്ലതും ചീത്തയും ഒക്കെ അഭിമാനത്തോടെ നെഞ്ചിൽ ഏറ്റുന്നവർ. അങ്ങനെ ഒരു ചർച്ചയിലാണ് പല തരത്തിൽ നാട്ടുകാരുടെ തല്ലു കൊള്ളുന്നതിൽ പരിഭവം ഇല്ലാത്ത ബൈജു മനസ്സിൽ രൂപം കൊള്ളുന്നത്. ഇത്തരക്കാർ ഏറെയുള്ള നാടാണ് കേരളം. അപ്പോൾ അസ്വാഭാവികത ഒട്ടും ഫീൽ ചെയ്യാത്തത് കൂടിയാകും അയ്യപ്പ ബൈജുവിനെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണം.[BLURB#1-H] 

ഒരു തരി മദ്യം കൈകൊണ്ടു തൊടാത്ത പ്രശാന്ത് എങ്ങനെ ബൈജുവിന്റെ മാനറിസങ്ങൾ സൂക്ഷമതയോടെ അനുകരിക്കുന്നു. ബൈജു റിയൽ കള്ളുകുടിയൻ ആണെന്ന് കാണികൾക്ക് തോന്നുന്നുവെങ്കിൽ അതിലും വലിയ അംഗീകാരം എനിക്ക് വേറെ ഇല്ല. കുടിയന്മാരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് അതെ വിധം അനുകരിക്കാൻ കഴിയുന്നത്. ഷാപ്പുകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് ഞങ്ങളുടെ പുന്നപ്ര. ചെറുപ്പം മുതലേ കാണുന്ന കാഴ്ച. കൂടെ അൽപം നിരീക്ഷണം കൂടി ആയപ്പോൾ ബൈജു ഒരു വെല്ലുവിളി അല്ലാതെ ആയി എന്ന് മാത്രം.

  • ഒരു നെഗറ്റീവ് കഥാപാത്രത്തെ അനുകരിക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?

ബൈജു എന്ന കഥാപാത്രം മദ്യപാനം പ്രോത്സാഹിപ്പിക്കാൻ വേണ്ടി സൃഷ്ടിച്ചത് ആണെന്ന് തെറ്റിദ്ധരിക്കരുത്. എപ്പോഴും മദ്യപാനത്തിന് എതിരെ സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ. കേരളത്തില ഏറ്റവും കൂടുതൽ മദ്യ വർജ്ജന പരിപാടികൾക്ക് ക്ഷണിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. തമാശ അതേ വിധം ആസ്വദിക്കാൻ കഴിവുള്ളവരാണ് പ്രേക്ഷകർ എന്നതാണ് എന്റെ ഭാഗ്യം. ഇന്നേവരെ ആരും മോശമായി സംസാരിച്ചിട്ടില്ല. തമാശകൾ ആസ്വദിക്കാൻ ഉള്ള കഴിവ് എല്ലാ മനുഷ്യരിലും ഉണ്ട്. ഏതു ഉൽപ്പന്നം വിപണിയിൽ ചെലവാകണം എങ്കിലും അതിനു മനോഹരമായ പായ്ക്കിങ് കവർ കൂടി വേണം. മാർക്കറ്റിങ്ങിൽ അത് പ്രധാനമാണ്. പ്രശാന്ത് പുന്നപ്ര എന്ന കലാകാരന് വിപണി കണ്ടെത്തുന്ന പായ്ക്കിങ് കവര ആണ് അയ്യപ്പ ബൈജു എന്ന് പ്രേക്ഷകർക്കും അറിയാം. മാത്രമല്ല മുന്നിൽ ഇരിക്കുന്ന കാണികളിൽ ഭൗദ്ധികമായി ഏറെ ഉന്നതിയിൽ ഉള്ളവരും ഉണ്ടെന്ന തിരിച്ചറിവും എനിക്കുണ്ട്.

  • സ്ത്രീകളാണോ പ്രശാന്തിന്റെ ഫാൻസ് ക്ലബ്

അങ്ങനെ ഒരു ക്ലാസ് തരംതിരിവ് ഇല്ല. എല്ലാ വിഭാഗത്തിൽ പെട്ടവരും എന്നെ ഇഷ്ടപ്പെടുന്നു. കുടുംബങ്ങളുടെ ഇഷ്ടക്കാരൻ എന്ന നിലയിലാണ് ഞാൻ കൂടുതൽ ശ്രദ്ധ നേടുന്നത്. മദ്യപാനത്തിന്റെ ഇരകൾ എന്ന നിലയിൽ സ്ത്രീകളും കുട്ടികളും നന്നായി ഇഷ്ടപ്പെടുന്നുണ്ടാകം.

  • മദ്യപാനികളെ കുറിച്ച് പ്രശാന്തിന്റെ അഭിപ്രായം എന്താ?

മദ്യപാനം കൊണ്ട് തകർന്നവരാണ് ഏറെ പേരും. എന്നാൽ മദ്യപാനികളെ കൊണ്ട് രക്ഷപ്പെട്ട ഒരേ ഒരാൾ ഞാൻ ആണ് ( അയ്യപ്പ ബൈജുവിന്റെ പ്രസിദ്ധമായ നോട്ട് ദി പോയിന്റ് സ്‌റ്റൈലിൽ കൂടെ ഒരു ചിരിയും ) മദ്യപാനികളെ ഭയപ്പെടേണ്ട കാര്യം ഇല്ല. പലരും സാഹചര്യം കൊണ്ട് അങ്ങനെ ചെയ്യുന്നു എന്നേ ഉള്ളൂ. പലരും നല്ല രസികന്മാരും ആണ്. മദ്യപാനികളെക്കൾ മോശമായി സംസാരിക്കുന്ന, പ്രവർത്തിക്കുന്ന ബുദ്ധിമതികൾ എത്രയോ ഉണ്ട്. അവരൊക്കെ ചെയ്യുന്ന കാര്യങ്ങൾക്കു എന്താണ് നീതികരണം?

  • മദ്യപാനികൾ മനസ്സിൽ നന്മ ഉള്ളവർ ആണെന്നാണോ പറഞ്ഞു വരുന്നത്

തീർച്ചയായും. എല്ലാവരുടെയും മനസ്സിൽ നന്മയുണ്ട്. നല്ല ശതമാനം മദ്യപാനികളും സ്‌നേഹ സമ്പന്നർ ആണ്. മദ്യപരെക്കൾ മോശക്കാരായ എത്രയോ ആളുകൾ ഉണ്ട്. ലഹരി, ലൈംഗികത, വിശപ്പ് എന്നീ മൂന്നു കാര്യങ്ങൾക്കു ജാതി, മത വ്യത്യാസം ഇല്ലെന്നാണ് എന്റെ പക്ഷം. ജീവിത സാഹചര്യങ്ങൾ ആണ് പലരെയും അത്തരം അവസ്ഥകളിൽ എത്തിക്കുന്നത്.[BLURB#2-VR] 

  • ഇയ്യിടെ ആയി കലാരംഗത്ത് ഉള്ള പലരുടെയും അകാരണ മരണം മദ്യപാനത്തെ കുറിച്ച് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു. കലാരംഗത്ത് ഉള്ളവർ കൂടുതലായി മദ്യത്തെ ആശ്രയിക്കുന്നു എന്ന നിരീക്ഷണം ശരിയാണോ?

സാഹചര്യവും കാഴ്ചപ്പാടും ആണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് എന്റെ തോന്നൽ. ഞാൻ എന്തായിരിക്കണം എന്നത് ഞാൻ മാത്രമാണ് ചിന്തിക്കേണ്ടതും തീരുമാനിക്കേണ്ടതും. കൂടെ ഉള്ളവരോ കുടുംബം പോലുമോ അല്ല. പിന്നെ ഓരോരുത്തരുടെയും സാഹചര്യം എന്താണെന്നു മറ്റൊരാൾക്ക് അറിയണം എന്നില്ല. നമ്മൾ എല്ലാവരും മനുഷ്യരല്ലേ, എല്ലാവർക്കും ഉണ്ട് കുറ്റവും കുറവുകളും. നമ്മുടെ സ്വഭാവും അലർജിയും ഒന്നു പോലെയാണ്. നൂറു കണക്കിന് അലർജി ലോകത്ത് ഉണ്ടെങ്കിലും എല്ലാം നമ്മളെ ബാധിക്കണം എന്നില്ല. ഇതു പോലെയാണ് സ്വഭാവവും. എനിക്ക് തണുപ്പുള്ള ഭക്ഷണം ഒരു തരം അലർജി പോലെയാണ്. അപ്പോൾ പലവട്ടം ആവർത്തിക്കുമ്പോൾ ചോദിക്കാൻ കഴിയണം, പ്രശാന്തേ എന്താ ഇങ്ങനെ എന്ന്. അപ്പോൾ നമുക്ക് ഒരു ഉത്തരം ലഭിക്കും. അത് കണ്ടെത്തി കഴിഞ്ഞാൽ ഒരു അലർജി ഉള്ള സാഹചര്യം മാറ്റി നിർത്തും പോലെ നാം ആ സ്വഭാവത്തെ മാറ്റി നിർത്തണം. അല്ലെങ്കിൽ അത് നമ്മെ അലോസരപ്പെടുത്തുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കും.

  • മണിരത്‌നം ചെയ്ത കടൽ എന്ന ചിത്രത്തിൽ പോലും പ്രശാന്തിന്റെ സാന്നിധ്യം ഉണ്ടായി. മദ്യപൻ ആയി കാറ്റഗറി ചെയ്യപ്പെട്ടത് ദോഷമായി എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലും ഇല്ല. മണിരത്‌നം ഒക്കെ ദൈവത്തെ പോലെ കാണുന്ന ആളാണ് ഞാൻ. ആ ചിത്രത്തിന്റെ തിരക്കഥ കൃത്ത് ജയമോഹൻ എന്റെ യൂ ട്യൂബ് വീഡിയോ ആരാധകനാണ്. അങ്ങനെ അദ്ദേഹമാണ് എന്നെ റെഫർ ചെയ്യുന്നത്. എന്നെ പോലെ ഒരാൾക്കു പറ്റിയ വേഷം. വ്യത്യസ്തമായ വേഷങ്ങൾ പലതും സിനിമയിൽ ചെയ്യുന്നുണ്ട്. സിനിമ ഫോക്കസ് ഏരിയ അല്ലാത്തതുകൊണ്ട് എണ്ണം കൂടുന്നില്ല എന്ന് മാത്രം. ഇപ്പോൾ 4 5 ചിത്രങ്ങൾ പോസ്റ്റ് പ്രോഡക്ഷൻ ജോലികളുമായി മുന്നേറുന്നു.

  • എന്താണ് അയ്യപ്പ ബൈജുവിനെ മാറ്റി നിർത്തിയാൽ പ്രശാന്ത് പുന്നപ്ര

ബൈജു അല്ലാത്ത ഞാൻ വെറും സാധാരണ മനുഷ്യൻ. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പാവം. അതൊരു മഹാഭാഗ്യമല്ലേ. ഒരു കാരണവും ഇല്ലാതെ വെറുക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൊതുവെ ആളുകൾ. അപ്പോൾ എല്ലാവരുടെയും ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയുക എന്നത് ചെറിയ കാര്യം അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യവും.

  • വിപ്ലവത്തിന്റെ നാട്ടിൽ നിന്നാണ് പ്രശാന്തിന്റെ വരവ്. ഇപ്പോൾ തിരഞ്ഞെടുപ്പും. നാട്ടിലെ രാഷ്ട്രീയം എങ്ങനെ കാണുന്നു?

എനിക്കിഷ്ടമല്ല. പറയുന്നത് പോലും. കഴിക്കുന്ന ഭക്ഷണത്തിൽ പോലും മായം ഉള്ള നാടായി കേരളം മാറുന്നു. ഒന്നിനെയും വിശ്വസിക്കാൻ വയ്യ. അതെ അവസ്ഥ രാഷ്ട്രീയത്തിലും ഉണ്ട്. നല്ലവരും ഉണ്ടായിരിക്കും. പക്ഷെ അവരുടെ എണ്ണം ഭയാനകമായി കുറയുകയാണ്. സ്വന്തം കാര്യം നോക്കുന്നവരുടെ എണ്ണം കൂടി വരുന്നു. പലതും പ്രഹസനം ആയി മാറുന്നു. വിശ്വാസവും പ്രതീക്ഷയും ഒക്കെ വിൽപ്പന ചരക്കായി മാറുന്നു. ഇത് എന്റെ അഭിപ്രായം മാത്രമാണ്, ശരിയായ നിരീക്ഷണം ആകണം എന്നില്ല.

ഭാര്യ ആശ. രണ്ടു മക്കൾ, ഒരാണും പെണ്ണും. മൂന്നാം ക്ലാസിൽ പഠിക്കുന്ന മണിക് ശാന്തും രണ്ടാം ക്ലാസ്സുകാരി മെനക് ശാന്തും.