ലയാളിമനസിന്റെ പൊന്നോമന, കുടുംബ സദസുകളുടെ കിലുക്കാംപെട്ടി അക്ഷരക്കുട്ടിക്ക് തിരക്കോടു തിരക്കാണ്. ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് എപ്പോഴും, എന്നാൽ അതിന്റെ ഒരു തെല്ല് ക്ഷീണവും ഈ കുട്ടികലാകാരിയുടെ മുഖത്ത് കാണുന്നില്ല. എപ്പോൾ കണ്ടാലും ആയിരം വോൾട്ട് ചാർജാണ്. മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കും ഈ കൊച്ചു സുന്ദരി തന്റെ സാന്നിദ്ധ്യം അറിയിച്ചു. വേട്ട, ആടുപുലിയാട്ടം, കനൽ, ഹലോ നമസ്‌തേ, അടൂർ ഗോപാലകൃഷ്ണന്റെ 'പിന്നെയും' അങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് അക്ഷരക്കുട്ടിക്ക് ഇപ്പോൾ. എല്ലാവരെയും ആകർഷിക്കുന്ന എന്തോ ഒരു സിദ്ധി ദൈവം ഈ കുട്ടിക്ക് നൽകിയോ എന്ന് അക്ഷരക്കുട്ടിയെ പരിചയപ്പെടുന്ന ആർക്കും തോന്നിപ്പോകും. അത്രയ്ക്ക് വാത്സല്യം തോന്നും ഈ കുരുന്ന് കലാകാരിയോട്. പ്രസരിപ്പ് തുളുമ്പുന്ന മുത്തോടും കുസൃതിച്ചിരിയോടും കൂടി അക്ഷരക്കുട്ടി, അല്ല, 'വീട്ടമ്മമാരുടെ സ്വന്തം ബാലമോൾ' തന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.

മലയാളികളുടെ സൂപ്പർസ്റ്റാറാണോ അക്ഷരക്കുട്ടി എന്ന് ചോദിച്ചപ്പോൾ... ചേച്ചിയുടെ പേരെന്താ എന്ന മറുചോദ്യമാണ് എനിക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ കട്ടി ചോദ്യങ്ങൾ ഞാൻ തന്നെയങ്ങ് ഉപേക്ഷിച്ചു. 'അതേ... ഞാൻ മൂന്നാം ക്ലാസിലാണേ' എന്ന ഓർമ്മപ്പെടുത്തലും അക്ഷരക്കുട്ടി നടത്തി. രണ്ടു കൈയും കൊണ്ട് വാപൊത്തി ചിരിച്ചുകൊണ്ട് അക്ഷരക്കുട്ടി തുടർന്നു. 'സൂപ്പർ സ്റ്റാറെന്ന് വച്ചാൽ മമ്മൂട്ടി അങ്കിളും മോഹൻലാൽ അങ്കിളും ഒക്കെയല്ലേ... അപ്പോ ഞാൻ കുട്ടി സൂപ്പർസ്റ്റാർ...' പല്ലുപോയ മോണ കാട്ടി ചിരിച്ചുകൊണ്ട് അക്ഷരക്കുട്ടി പറഞ്ഞു. സീരിയലിന്റെ ഡബ്ബിങ്ങിനിടയിൽ വീണുകിട്ടിയ സമയത്താണ് അക്ഷരക്കുട്ടി മറുനാടൻ മലയാളിയോട് തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

  • പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലമോളെ എല്ലാവർക്കും അറിയാം. മോളുടെ വീട്ടുകാരെ പരിചയപ്പെടുത്താമോ?

അച്ഛനും അമ്മേം ചേച്ചീം ഞാനുമാ വീട്ടിൽ. അമ്മേടെ പേര് ഹേമപ്രഭ, അച്ഛൻ കിഷോർ കുമാർ, ചേച്ചി അനില, ഞാൻ അക്ഷര... (ചെറു ചിരിയോടെ തുടർന്നു) ചേച്ചീം ഞാനും ഭയങ്കര ഫ്രണ്ട്‌സാ. പക്ഷേ എപ്പോഴും വഴക്കും ഇടും. (വാ പൊത്തിച്ചിരിച്ച് അക്ഷരക്കുട്ടി പറഞ്ഞു.)

  • എപ്പോഴും ഇങ്ങനെയാണോ, മോള് ഫുൾ ടൈം ചിരിയാണോ?

(അക്ഷരയുടെ അമ്മ ഹേമയാണ് അതിന് മറുപടി നൽകിയത്) എപ്പോഴും ബഹളം വച്ച് ഇരിക്കാനാണ് മോൾക്ക് ഇഷ്ടം. ആരും മിണ്ടാതിരിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. ഞങ്ങളിൽ ആരെങ്കിലും തന്നെ അവളോട് പിണങ്ങിയാൽ പോലും ഒരു മിനിറ്റിൽ കൂടുതൽ മിണ്ടാതിരിക്കാൻ അവൾക്ക് പറ്റില്ല. ഞങ്ങൾക്കും പറ്റില്ല. (അമ്മയും ചിരിക്കുന്നു)

പെട്ടെന്നാണ് ബാലമോളുടെ (അക്ഷരയുടെ) മുഖം വാടിയത്. സംഗതി എന്തെന്നാൽ, വളർച്ചയുടെ ഭാഗമായി വായുടെ മുൻനിരയിലെ ഒരു പല്ല് പോയതാണ് പ്രശ്‌നം. 'അമ്മേ, ആ അങ്കിള് പറയുവാ, എന്റെ പല്ലിനി തിരിച്ച് വരില്ലാന്ന്... വരില്ലേ അമ്മേ? 'എന്ന് ചോദിച്ചുകൊണ്ട് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് ചിണുങ്ങുന്ന അക്ഷരക്കുട്ടിയെ കണ്ടാൽ ആർക്കാണെങ്കിലും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നും. അമ്മ എന്തോ ഒന്ന് അക്ഷരക്കുട്ടിയുടെ ചെവിയിൽ മന്ത്രിച്ചു. അതോടെ ആൾ ഉഷാർ...

  • സീരിയലാണോ സിനിമയാണോ അക്ഷരയ്ക്ക് ഇഷ്ടം?

അയ്യോ... അതെങ്ങെനാ പറയാ..? രണ്ടും ഇഷ്ടാ... തിരക്ക് കാരണം കളിക്കാൻ പറ്റില്ലാന്ന സങ്കടേ ഉള്ളൂ.

  •  പഠിച്ചു വലുതായി സിനിമാ നടി ആകാനാണോ ആഗ്രഹം?

സിനിമേലും അഭിനയിക്കണം, ഡോക്ടറും ആകണം. ഡോക്ടർ അങ്കിളിനെപ്പോലുള്ള ഡോക്ടർ (സീരിയലിൽ കിഷോർ സത്യ ചെയ്യുന്ന കഥാപാത്രം). പിന്നെ... വേറൊരു ആഗ്രഹമുണ്ട്... ഐശ്വര്യാ റായിയെപ്പോലെ ലോകസുന്ദരി ആകണംന്ന്... (നാണം കലർന്ന ചിരിയോടെ അക്ഷര പറഞ്ഞു)

  • ആഹാ, അപ്പോ മോഡലിങ്ങും ഇഷ്ടമാണോ?

പിന്നേ... ചേച്ചിമാരൊക്കെ ടിവിയിൽ നടക്കാറില്ലേ... ഇങ്ങനെ, ഇങ്ങനെ... (ഇറങ്ങി നിന്ന് അതുപോലെ കൈ ഇടുപ്പിൽ വച്ച് റാംപ് വാക്ക് ചെയ്ത് കാണിക്കുന്നു) അതുപോലൊക്കെ ഞാൻ കണ്ണാടി നോക്കി ചെയ്യാറുണ്ട്.

  • സിനിമയിൽ ഇപ്പോ മോഹൻലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ ഒപ്പം അഭിനയിച്ചല്ലോ, ആരെയാ ഏറ്റവും ഇഷ്ടം?

അയ്യോ, അത് പറയാൻ പാടില്ല. അപ്പോ... മറ്റേയാൾക്ക് സങ്കടാവൂല്ലേ... എല്ലാരേം ഇഷ്ടാ....

  • സീരിയലിൽ ഒരുപാട് കരച്ചിൽ സീനൊക്കെ ഇല്ലേ? അപ്പോ കരച്ചിൽ വരാൻ മോള് എന്താ ചെയ്യാറ്, ഗ്ലിസറിൻ തേയ്ക്കുമോ?

ഏയ്, ഇല്ല... അത് പിന്നെ ഡയറക്ടർ പറഞ്ഞു തരും. അപ്പോ ഞാൻ കേട്ടിട്ട് പിന്നെ പറയുമ്പോൾ ഞാൻ തന്നങ്ങ് കരയും... കരച്ചില് താനെ അങ്ങ് വരും.

  • മോൾക്ക് പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ബാലമോളേ എന്ന് പറഞ്ഞ് ഓടിവരാറുണ്ടോ?

ഒരുപാട് പേര് വരാറുണ്ട്. എനിക്ക് അത് വല്ല്യ ഇഷ്ടാ... ചില ആന്റിമാര് മിഠായിയൊക്കെ കൊണ്ടുതരും. എല്ലാർക്കും വല്ല്യ ഇഷ്ടാ... എന്നെ... (കൈ വായിൽ പൊത്തി വീണ്ടും ചിരിക്കുന്നു)

  • സ്‌കൂളിൽ പോകാൻ സമയം കിട്ടാറുണ്ടോ?

ഇല്ല, കുറേ നാളായി പോയിട്ട്. അമ്മയും ടീച്ചർമാരും മിസ്സ്മാരും പാഠമൊക്കെ പഠിപ്പിച്ച് തരും. ടീച്ചർമാരെ എനിക്ക് ഭയങ്കര ഇഷ്ടാ... വഴക്കൊന്നും പറയൂല്ല...

  • ടൂർ പോകാനൊക്കെ ഇഷ്ടമാണോ? എവിടേയ്ക്ക് പോകാനാ ഏറ്റവും ഇഷ്ടം? ദുബായ്, ലണ്ടൻ, അമേരിക്ക...

എനിക്ക് വണ്ടർലായിൽ പോകാനാ ഏറ്റവും ഇഷ്ടം. (കുഞ്ഞുകുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ അക്ഷരക്കുട്ടി പറഞ്ഞു) അവിടെ എന്ത് രസമാന്നറിയ്യോ... പല തരത്തിലുള്ള റൈഡുകൾ ഉണ്ട്, വെള്ളത്തിൽ കളിക്കാം...

വാക്കുകളോടൊപ്പം അക്ഷരക്കുട്ടിയുടെ മുത്തും ഓരോരോ ഭാവങ്ങൾ മിന്നിമറഞ്ഞു, ഒരിരുത്തം വന്ന അഭിനേത്രിയെപ്പോലെ. ജന്മനാ കിട്ടിയ അഭിനയകലയുടെ വാസന ആ കണ്ണുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. അതാണ്, അതൊന്ന് മാത്രമാണ് ഈ കൊച്ചു മാലാഖക്കുട്ടിയെ മലയാളി മനസ്സ് നെഞ്ചിലേറ്റിയത്. പോകുന്നതിനു മുൻപ് മറുനാടൻ മലയാളിയുടെ വായനക്കാർക്ക് ഓണാശംസ പറയാനും മറന്നില്ല നമ്മുടെ സ്വന്തം അക്ഷരക്കുട്ടി...