കൊച്ചി: മലയാളം ടെലിവിഷൻ ചാനൽ ഷോകളിൽ റേറ്റിംഗിൽ മുമ്പിൽ നിൽക്കുന്ന പരിപാടിയാണ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്. മുകേഷ് അവതാരകനായ പരിപാടിയിലെ സ്ഥിര താരങ്ങൾ ആര്യയും രമേഷ് പിഷാരടിയുമാണ്. ഇരുവരുടെയും കോമ്പിനേഷൻ പ്രേക്ഷകർ നന്നായി ആസ്വദിക്കാറുണ്ട് താനും. ബഡായി ബംഗ്ലാവിലെ ഭാര്യഭർത്താക്കന്മാരായാണ് ഇവരെ പ്രേക്ഷകർക്ക് പരിചയം. ഷോ കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഇവർ ജീവിതത്തിലും ഭാര്യാ ഭർത്താക്കന്മാരാണെന്നാണ്. എന്നാൽ അങ്ങനെയാണോ കാര്യങ്ങൾ?

പ്രേക്ഷകരുടെ ഭാഗത്തു നിന്നും പലതവണ ഇത്തരം ചോദ്യങ്ങൾ താനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ബഡായി ബംഗ്ലാവിലെ നായിക ആര്യ പറയുന്നത്. മറുനാടൻ മലയാളിക്ക് നൽകി അഭിമുഖത്തിലും ആര്യ ഇക്കാര്യം പറഞ്ഞു. നേരിൽ കാണുമ്പോൾ പലരും ചോദിക്കുന്നത് ബഡായി ബംഗ്ലാവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഷോയിലെ മണ്ടത്തരങ്ങളും അബദ്ധങ്ങളുമെല്ലാം ശരിക്കും പറ്റുന്നതാണോ? ഈ ചോദ്യവും അവിടെ പലരും ഉന്നയിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങളൊക്കെ തന്റെ പരിപാടിക്കും തനിക്കും കിട്ടുന്ന അഭിനന്ദനങ്ങളാണെന്നാണ് ആര്യ മറുനാടനോട് വ്യക്തമാക്കിയത്. ബഡായി ബംഗ്ലാവിലേക്ക് എത്തിയതും സിനിമയും മോഡലിംഗിനെ കുറിച്ചുമൊക്കെ ആര്യ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്:

+2 പഠന കാലത്തു തന്നെ എനിക്ക് സിനിമയോട് മോഹമുണ്ടായിരുന്നു. ആ ആഗ്രഹം സഫലമാകാൻ തുണയായത് മോഡലിംഗാണ്. +2വിൽ പഠനത്തോടൊപ്പം മോഡലിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ അവസരങ്ങൾ തേടിയെത്തി. അമൃതാ ചാനലിലൂടെയായിരുന്നു മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. അമൃത ചാനലിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത ദി ഓഫീസർ സീരിയലിലാണ് ബ്രേക്കായി മാറിയത്. ഈ സീരിയലിൽ അഭിനയിച്ച ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു.

നെസ്‌ലെ മഞ്ച് സ്റ്റാർ എന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിൽ ഒരു സ്‌കിറ്റിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് പിന്നീടുള്ള ജീവിതം തന്നെ മാറ്റിമറിക്കുന്നതായി മാറിയത്. ഈ ഷോയിൽ ഒരു കോമഡിയാണ് ചെയ്തത്. ഈ ഷോയിലെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് ബഡായി ബംഗ്ലാവിലേക്ക് ക്ഷണം ലഭിക്കുന്നത്. ബഡായി ബംഗ്ലാവിലെ പിഷാരടിയുടെ കുടുംബിനി ആയി തന്നെ നിശ്ചയിച്ചത് പരിപാടിയുടെ പ്രൊഡ്യൂസറായിരുന്ന ഡയാന സിൽവർസ്റ്റർ ആയിരുന്നു. തുടർന്നങ്ങോട്ട് ഒരു കടുംബം പോലെ തന്നെ ബഡായി ബംഗ്ലാവിൽ ജീവിക്കുകയായിരുന്നു താൻ- ആര്യ പറയുന്നു.

രണ്ടു വർഷമായി ബഡായി ബംഗ്ലാവി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. ഈ ഷോയാണ് തന്റെ കലാജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയത്. ബഡായി ബംഗ്ലാവിൽ എന്ത് സംഭവിച്ചാലും പിഷാരടി അപ്പോൾ തന്നെ ആര്യയുടെ അച്ഛന്റെ പെഡലിക്ക് വെക്കാറുണ്ട്. എന്നാൽ പിഷാരടി അച്ഛനെ വിളിക്കുമ്പോൾ അത് തന്റെ അച്ഛനെയല്ലെന്ന ബോധ്യം തനിക്കുണ്ടെന്നും ആര്യ വ്യക്തമാക്കുന്നു. ഒരു കുടുംബം പോലെ രണ്ട് വർഷമായി ഒരാൾ പോലും മാറാതെ ഷോ നല്ലരീതിയിൽ മുന്നോട്ടു പോകുകയാണ്.

നല്ല രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ കാരണവും ഇതിലെ കലാകാരന്മാരുടെ നല്ല കെമിസ്ട്രി തന്നെയാണ് എന്നതിൽ ആര്യക്കും ബഡായി ടീമിനും യാതൊരു സംശയവുമില്ല. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബഡായി ബംഗ്ലാവിന്റ ഷൂട്ട് നടക്കുന്നതുകൊച്ചിയിലാണ്. പരിപാടിക്ക് പൂർണ്ണമായും ഒരു സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലും അതിലെ താരങ്ങൾ ആദ്യം തന്നെ റിഹേഴ്‌സലിനൊന്നും നിൽക്കാറില്ല. ഷോയിലെ ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് പഠിച്ച് ക്യാമറയ്ക്ക് മുമ്പിൽ സ്വാഭാവികമായി അഭിനയിക്കുകയാണ് ചെയ്യു്ത്. ഇതിൽ തെറ്റ് വന്നാൽ റീടേക്ക് നോക്കും. അല്ലാതെ മുൻപേയുള്ള റിഹേഴ്‌സലൊന്നും ബഡായി ബംഗ്ലാവിലില്ല.

ഷൂട്ടിങ് ദിവസം ബോറടിയില്ലാതെ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഷൂട്ടിങ് വേളിയിൽ മുകേഷും, രമേഷ് പിഷാരടിയും ധർമജനുമൊക്കെ യാണ് ഉള്ളതുകൊണ്ട് തമാശകൾ നിറഞ്ഞ അന്തരീക്ഷം ആയിരിക്കും. വരുന്ന അതിഥികൾക്കും ആ സന്തോഷം ലഭിക്കും. മോഹൻലാൽ ബഡായി ബംഗ്ലാവിൽ എത്തിയതൊക്കെ വലിയ രസകരമായിരുന്നു. അതുപോലെ നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയവർ ബഡായി ബംഗ്ലാവിൽ അതിഥികളായപ്പോൾ ഈ എപ്പിസോഡുകളും ഏറെ രസകരമായി മാറി. ബഡായി ബംഗ്ലാവിൽ മണ്ടിയായ ഭാര്യയുടെ റോളാണ് തനിക്കെങ്കിലും ജീവിതത്തിൽ താൻ അത്രയ്ക്ക് മണ്ടിയൊന്നും അല്ലെന്നാണ് ആര്യ പറയുന്നത്.

സീരിയലുകളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്ന ആര്യയെ ഇന്നത്തെ ആര്യയാക്കിയതും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനും കാരണം ബഡായി ബംഗ്ലാവാണ്. സിനിമയിലേക്കുള്ള വഴി തുറന്നതും ഈ ഷോയാണ്. അതുകൊണ്ട് ബഡായി ബംഗ്ലാവ് തനിക്ക് ഭാഗ്യ ബംഗ്ലാവായി മാറുകയാണ് ഉണ്ടായത്. ജോഷി-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൈല ഓ ലൈലയാണ് ആര്യയുടെ ആദ്യ മലയാള സിനിമ. തുടർന്ന് ഒരു സെക്കൻഡ് ക്ലാസ്സ് യാത്ര, കുഞ്ഞിരാമായണം, പാ വാ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തോപ്പിൽ ജോപ്പൻ, പ്രേതം തുടങ്ങിയ സിനിമകളാണ് ആര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ടിവി ഷോയ്ക്കും സിനിമകൾക്കുമൊപ്പം വിദേശത്തു ഒരുപാടു സ്റ്റേജ് ഷോകളും ഇപ്പോൾ ആര്യക്കുണ്ട്. ഈ തിരക്കുകളിൽ വീട്ടിൽ നിന്നുള്ള സഹകരണം ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോവും കാലജീവിതത്തിൽ തനിക്കു തുടർന്നുപോകാൻ സാധിക്കുന്നതിന് കാരണമെന്നും ആര്യ പറയുന്നു. ടിസിഎസ് കമ്പനിയിലെ ഐടി ഉദ്യോഗസ്ഥനായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഇവർക്കു ഒരു മകളുണ്ട്. റോയ എന്ന നാലര വയസുകാരി. രോഹിത്തിന്റെ അനുജത്തി അർച്ചനയും സീരിയൽ രംഗത്ത് സജീവമാണ്.