തിരുവനന്തപുരം: സിനിമയിലേക്കുള്ള തന്റെ വരവിന് വഴിതുറന്നത് ഒ എൻ വി കുറുപ്പാണെന്ന് ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ജേണലിസം കോഴ്സ് എടുക്കുന്നതും അതുവഴി ചെന്നൈയിലും പിന്നീട് സിനിമയിലും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമദിക്യുവിന് അനുദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലചന്ദ്രമേനോൻ തന്റെ അനുഭവങ്ങൾ ഓർത്തെടുത്തത്. ഇത്രത്തോളം സിനിമകളുടെ ഭാഗമായിട്ടും മോഹൻലാലും മമ്മൂട്ടിയുമായും സഹകരിച്ചത് വളരെ കുറവാണ്. അതിന്റെ കാരണം പ്രേക്ഷകർ തന്നെ മനസിലാക്കിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.ബാലചന്ദ്രമേനോനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം...

മദ്രാസിലേക്കുള്ള യാത്രാ തീരുമാനം എപ്പോഴാണ് എടുക്കുന്നത്? ജേണലിസം പഠനത്തിനായാണോ ചെന്നൈയിലേക്ക് എത്തുന്നത്?

അതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഒഎൻവി സർ ആണ് എന്റെ കലാജീവിതത്തെ മാറ്റിമറിച്ച വ്യക്തി. കോളേജിൽ പഠിക്കുന്ന സമയത്ത് യുണിവേഴ്സിറ്റി മത്സരത്തിലേക്ക് പോകുന്നതിനായി ഞാനും സുഹൃത്തുക്കളും നാടകം അവതരിപ്പിക്കുന്നു. ഒഎൻവി സാറും കൃഷ്ണകുമാർ സറും ജഡ്ജാണ്. നാടകത്തിന്റെ റിഹേഴ്സലിന് പലരും വരാറില്ല. അതിനാൽ തന്നെ പരിശീലനം പൂർത്തിയാക്കാത്തവരുമായാണ് സ്റ്റേജിൽ കയറേണ്ടി വന്നത്. ഡയലോഗ് മറന്നുപോയതോടെ എല്ലാം കൈയീന്നുപോകുമെന്ന അവസ്ഥയിൽ ഞാൻ എന്റെ കയ്യീന്ന് ഇട്ട് കുറെയൊക്കെ മാനേജ് ചെയ്തു.

നാടകം പൂർത്തിയാക്കിയാണ് ഞങ്ങൾ അന്ന് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്. എന്നെ കണ്ടയുടനെ ഒഎൻവി സർ പറഞ്ഞു നാടകത്തെക്കുറിച്ച് ഞാൻ അഭിപ്രായം ഒന്നും പറയുന്നില്ല. കാരണം ഈ നാടകമല്ലലോ നിങ്ങൾ കളിച്ചത്. പക്ഷെ നിങ്ങൾ സമയം മുഴുവൻ പൂർത്തിയാക്കി മാനേജ് ചെയ്തതിന് നിങ്ങൾക്ക് മുഴുവൻ മാർക്കും തന്നേ പറ്റു. അങ്ങനെയാണ് ഞാനും ഒഎൻവി സാറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. അങ്ങനെ സംവിധായകനാകണമെന്ന ആഗ്രഹം ഞാൻ പറഞ്ഞു. ഇത് കേട്ട അദ്ദേഹം കെ ടി മുഹമ്മദിന് കൊടുക്കാൻ എനിക്കൊരു കത്ത് തന്നു.

അങ്ങനെ കത്തുമായി ഞാൻ കോഴിക്കോട് എത്തി. പക്ഷെ അന്ന് അവിടെ കെ ടി ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ് കാണാൻ സാധിച്ചത്. പക്ഷെ എനിക്കവരുടെ രീതി ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഞാൻ തിരിച്ച് ഒഎൻവിയുടെ അടുത്തെത്തി .കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. നിങ്ങൾ തിരിച്ചുവരുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം നിങ്ങളുടെ ശരീരഭാഷയും രീതിയുമൊന്നും ഒരു ബോസും ഇഷ്ടപ്പെടില്ല. നിങ്ങൾക്ക് പറ്റിയ പണി ജേണലിസമാണ്. സത്യം പറഞ്ഞാൽ ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ അത് കേൾക്കുന്നത് അന്നാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ലിലേക്ക് സാധ്യത പറഞ്ഞുതരുന്നതും അദ്ദേഹമാണ്. അവിടുന്നത് ഗോൾഡ് മെഡൽ സഹിതം ഒന്നാം റാങ്കോടെയാണ് പുറത്തിറങ്ങുന്നത്. ആ വർഷം തന്നെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയും ലഭിച്ചതാണ്. പക്ഷെ നിരസിച്ചു. കാരണം നമ്മുടെ ലക്ഷ്യം സിനിമ മാത്രമായിരുന്നു.

ഹിന്ദുസ്ഥാൻ ടൈംസിലൊക്കെ ജോലി ലഭിക്കണമെങ്കിൽ നല്ല ഇംഗ്ലീഷ് പ്രാവീണ്യം വേണമല്ലോ.. അതെങ്ങനെ സ്വായത്തമാക്കി?

അത് എന്റെ വായന കൊണ്ടു തന്നെയാണ്. ഇന്നും രണ്ട് ഇംഗ്ലീഷ് പത്രം വായിക്കാതെ ഞാൻ ഉറങ്ങാറില്ല. മാത്രമല്ല ഒരു വരി വായിക്കുമ്പോൾ അതിൽ പിടികിട്ടാത്ത ഒരു വാക്കുകണ്ടാൽ ഡിക്ഷണറി വച്ച് അതിന്റെ അർത്ഥം കണ്ടുപിടിച്ചേ ഞാൻ വായന തുടരു. അങ്ങനെ നോക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ വായിച്ച പുസ്തകം ഡിക്ഷണറി ആണേന്ന് പറയേണ്ടി വരും. അങ്ങനെ ഹിന്ദുസ്ഥാൻ ടൈംസിലെ നല്ല സാലറിയുള്ള ജോലി ഉപേക്ഷിച്ചിരിക്കുമ്പോഴാണ് നാനയിൽ ചെന്നൈയിൽ ഒഴിവുണ്ടെന്നറിയുന്നത്. 250 രൂപയായിരുന്നു അവിടത്തെ വേതനം. എങ്കിലും കോടമ്പാക്കം എന്ന ലക്ഷ്യം മനസിൽ ഉള്ളതുകൊണ്ട് പോകാം എന്ന് വച്ചു.

എന്റെ സിനിമ മോഹത്തിന് അച്ഛന് വലിയ താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അച്ഛന്റെ സുഹൃത്തിനെയും കൂട്ടി നാനയുടെ ഓഫീസിലെത്തി. സർട്ടിഫിക്കറ്റുകൾ ഒക്കെ പത്രാധിപരെ കാണിച്ചെങ്കിലും ചെന്നൈയിലേക്ക് ഒരു പ്രതിനിധിയെ അയക്കേണ്ടന്നായിരുന്നു തീരുമാനം. കാരണം മുൻപ് അവിടെയിരുന്ന ആൾ കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നു.

അങ്ങനെ നിരാശയോടെ മടങ്ങാനൊരുങ്ങുമ്പോൾ പത്രാധിപർ ഒന്ന് ചോദിച്ചു.. മിസ്റ്റർ ബാലചന്ദ്രൻ നിങ്ങൾ ചെറുപ്പമാണ്.. കാണാനും കൊള്ളാം.. അങ്ങനെയുള്ള നിങ്ങൾ ഇത്ര ചെറുപ്പത്തിൽ തന്നെ ചെന്നൈയ്ക്ക് പോകുന്നത് പത്രപ്രവർത്തനത്തിലുള്ള താൽപ്പര്യം കൊണ്ടാണെന്ന് വിശ്വസിക്കണോ ഞാൻ.. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന ഒരു നടിയുമായി പ്രണയത്തിലായിരുന്നെങ്കിലോ.. ഒരു കൂട്ടച്ചിരിയാണ് പിന്നീട് ആ ഓഫിസിൽ ഉയർന്നത്.

പക്ഷെ എന്റെ വാശി കൊണ്ട് ഞാൻ പറഞ്ഞു..സർ എനിക്ക് ഒരു മൂന്നുമാസത്തെ സമയം തരു.. ഞാൻ ആരാണെന്ന് തെളിയിച്ചു കാണിക്കാം. എന്റെ വാക്കിനുമുന്നിൽ അദ്ദേഹം നിലപാട് മാറ്റി. നേരെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു എന്നെ ചെന്നൈയിലെ കറസ്പോണ്ടന്റായി നിയമിക്കാൻ പറഞ്ഞു..അവിടുന്നാണ് എന്റെ തുടക്കം.

ചെന്നൈയിലെ ജീവിതം എങ്ങനെയായിരുന്നു?

250 രൂപയായിരുന്നു കമ്പനി തരുന്നത്. ബാക്കിയൊക്കെ സ്വന്തം റിസ്‌കിൽ. പക്ഷെ സിനിമയെക്കുറിച്ചുള്ള ആഗ്രഹം വിടാത്തതുകൊണ്ട് തന്നെ അവിടെ വച്ച് ഞാൻ അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രൈ ചെയ്തു. ഇന്റർവ്യുവിന് എത്തിയപ്പോഴും രസകരമായ അനുഭവമായിരുന്നു. വിൻസന്റ് മാസ്റ്ററും നാഗറെഡിയും പ്രിൻസിപ്പളുമായിരുന്നു ഇന്റർവ്യു ബോർഡിൽ.

നാഗറെഡി ചോദിച്ചു, മലയാളത്തിൽ ഇറങ്ങുന്ന സിനിമകളെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. മലയാളത്തിൽ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ചവറാണെന്നായിരുന്നു എന്റെ മറുപടി. മറുപടി കേട്ടതോടെ വിൻസന്റ് മാസ്റ്ററുടെ നിയന്ത്രണം വിട്ടു. നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു ഇങ്ങനെ പറയാൻ എന്നായി അദ്ദേഹം. സർ എന്റെ സത്യസന്ധമായ അഭിപ്രായമാണ് ഞാൻ പറഞ്ഞതെന്നും ഞാൻ മറുപടി നൽകി.

പക്ഷെ ദേഷ്യം ശമിക്കാത്ത വിൻസന്റ് മാഷ് എന്നോട് ഞാൻ ധരിച്ച ഷർട്ടിന്റെ കളർ ചോദിച്ചു. ധരിച്ചത് ചെക്ക് ഷർട്ടായതുകൊണ്ട് തന്നെ എനിക്ക് ഉത്തരം പറയാൻ പറ്റിയില്ല. എന്റെ നിരീക്ഷണം പോരെന്നായിരുന്നു ഇന്റർവ്യു പാനലിന്റെ പ്രതികരണം. പക്ഷെ അതിന് മറുപടിയും നൽകിയാണ് ഞാൻ അന്ന് ഇന്റർവ്യൂ ഹാൾ വിട്ടത്. ഇത് നിരീക്ഷണമല്ലെന്നും ഓർമ്മശക്തിയാണെന്നുമായിരുന്നു എന്റെ മറുപടി. അങ്ങനെ ആ വർഷം സെലക്ഷൻ ലഭിക്കാതെ ഞാൻ ഔട്ടായി. പക്ഷെ അവിടുന്ന് ആറ് മാസത്തിനുള്ളിൽ ഞാൻ സംവിധായകനായി.

അതങ്ങനെ സംഭവിച്ചു.. ആ കഥ പറയാമോ?

അന്ന് ഞാൻ താമസിച്ചിരുന്ന ലോഡ്ജ് ഇത്തരത്തിൽ സിനിമാ മോഹവുമായി ചെന്നൈയിലെത്തുന്ന ആൾക്കാർ താമസിക്കുന്നവരാണ്. എന്റെ ജോലി കഴിഞ്ഞാൽ ഞാൻ ദിവസവും വൈകുന്നേരം ലോഡ്ജിൽ ഒരോരോ കഥകൾ പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം കഥപറയുന്ന് കേൾക്കാൻ അവിടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ കോഴ്സിൽ പഠിക്കുന്ന ഒരു പയ്യനുമുണ്ടായിരുന്നു. കഥ സൂക്ഷ്മതയോടെ കേട്ട അയാൾ എല്ലാവരും പോയതിന് ശേഷം എന്റെ അടുത്ത് വന്ന് ചോദിച്ചു: 'ഈ സിനിമ ഞാൻ നിർമ്മിക്കട്ടെ'. ആദ്യം കളിയാക്കുന്നതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം സീരിയസായിരുന്നു. ഒറ്റ നിബന്ധന മാത്രം .. അയാളെ നായകനാക്കണം. ഒരു മുടക്കവും കൂടാതെ ഞാൻ സമ്മതിച്ചു.

ഇദ്ദേഹത്തിന്റെ അമ്മാവനാണ് ചിത്രം നിർമ്മിക്കുന്നത്. അങ്ങനെ മരുമകന് വേണ്ടി അമ്മാവനും അമ്മായിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അങ്ങനെയാണ് എന്റെ ആദ്യ സിനിമ ഉത്രാടരാത്രിയിൽ സംഭവിക്കുന്നത്. പുള്ളി തന്നെയായിരുന്നു നായകൻ. ഉത്രാട രാത്രിയിൽ ശശി എന്നായിരുന്നു പുള്ളി പിന്നീട് അറിയപ്പെട്ടിരുന്നത്. എന്റെ മികച്ച ചിത്രമെന്ന് ചിലരൊക്കെ ഇന്നും പറയുന്നത് ഉത്രാട രാത്രികളാണ്.

ഒരാളെ അസിസ്റ്റ് ചെയ്യാത്ത, ക്യാമറയുമായി ഒരു ബന്ധവുമില്ലാത്ത 22 വയസ്സുകാരനായ പയ്യൻ എങ്ങനെയാണ് ഒരു സിനിമ എടുത്തത്?

ആ ചോദ്യവും അതിനുള്ള ഉത്തരവും വളരെ വലുതാണ്. നായകനൊഴിച്ച് മധു, സുകുമാരൻ, കുതിരവട്ടം പപ്പു തുടങ്ങി അന്നത്തെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയണ് ഞാൻ ആ സിനിമ ചെയ്തത്. അന്ന് പുതിയ നായകനായതുകൊണ്ട് ആരും ഉടക്കൊന്നും പറഞ്ഞില്ല. അങ്ങനെയാണ് ഓരോ ആൾക്കാരോടും കഥയും വിഷയവും പറഞ്ഞത്. ഉദാഹരണത്തിന് മധു സാറിനോട് പറഞ്ഞത്..സാറിനെ മുൻപെ പരിചയം ഉണ്ടായിരുന്നു.. സാറിനെ പോയിക്കണ്ടു പറഞ്ഞു.. എനിക്കൊരു പടം കിട്ടിയിട്ടുണ്ട്.. നായകനും പുതിയതാണ് പ്രൊഡ്യൂസറും പുതിയതാണ്. സാറിന്റെ തലവെട്ടി ഒട്ടിച്ചാലേ സിനിമ പുറത്തിറങ്ങു. ഒന്നു വന്ന് അഭിനയിച്ച് തരണം.. അങ്ങനെയാണ് മധു എത്തുന്നത്.

അവിടെ മധു സാറും എനിക്കൊരു കൊട്ടുതന്നു.. സംസാരത്തിനിടയ്ക്ക് ഞാൻ സർ എന്ന് വിളിച്ചിരുന്നു. ഇറങ്ങാൻ നേരം അദ്ദേഹം എന്നോട് ചോദിച്ചു..നീ എന്താ എന്നെ വിളിച്ചത് സർ എന്നോ.. മധു എന്നല്ലേ നീ എന്നെ മുൻപ് വിളിച്ചിരുന്നത്.. ജീവിക്കാൻ പഠിച്ചുവല്ലെ എന്ന്... എന്റെ വസ്ത്രം അഴിഞ്ഞ് പോയത് പോലെയായി.

തിയേറ്ററിൽ എങ്ങനെയായിരുന്നു ഉത്രാട രാത്രികളുടെ റസ്പോൺസ്? ആദ്യത്തെ സിനിമയിൽ എന്തൊക്കെ ചെയ്തു

സാമ്പത്തികമായി പരാജയമായിരുന്നു. പക്ഷെ ബാലചന്ദ്രമേനോൻ എന്ന സംവിധായകൻ ശ്രദ്ധിക്കപ്പെട്ടുവെന്നതും ചിത്രം മികച്ച അഭിപ്രായം നേടിയെന്നതുമാണ് പ്രധാനകാര്യം. ആ ചിത്രത്തിൽ എഡിറ്റർക്ക് അവാർഡും ലഭിച്ചു. ആദ്യ സിനിമയുടെ കഥ, തിരക്കഥ,, സംഭഷണം സംവിധാനം, അഭിനയം എന്നീ മേഖലകൾ ഞാൻ കൈവെച്ചു. അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തടസ്സങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ എല്ലാ പ്രശ്നത്തെയും ഓവർകം ചെയ്യാൻ സാധിച്ചു.

ഇപ്പോ ഒരു ഇടവേള വന്നില്ലെ ശരിക്കും?

എന്നെ സംബന്ധിച്ച് ഇല്ല എന്ന് പറയുന്നതാകും ശരി. ഒരുപാട് ചിത്രങ്ങൾ എന്നെത്തേടി വരുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രമെ ഞാൻ യസ് പറയു. ഇപ്പോൾ തന്നെ 4 ഓളം ഒടിടി ചിത്രങ്ങൾ ഞാൻ ഒഴിവാക്കി. പിന്നെ സംവിധായകനായി വന്ന ഇടവേളക്ക് ഒരു കാരണമുണ്ട്. ഞാൻ സംവിധാനം ചെയ്യും, എന്നാലും ശരത്ത് എന്നീ രണ്ട് ചിത്രങ്ങളാണ് ഇടക്കാലത്ത് ഞാൻ ചെയ്തത്. ഇതിൽ എന്നാലും ശരത്ത് എന്ന ചിത്രം തിയേറ്ററിൽ എത്തിയ സമയത്തായിരുന്നു പ്രളയം ഉണ്ടാകുന്നത്. അതോടെ അ ചിത്രം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാൻ പറ്റിയില്ല. അത് ഒടിടി മുഖേനയോ മറ്റൊ പ്രേക്ഷകരെ ഒന്ന് കാണിച്ചുവേണം എനിക്ക് വീണ്ടും ഒരു ചിത്രം ചെയ്യാൻ. അതാണ് ഈ ഇടവേള വരാൻ കാരണം. അടുത്ത പടവും എന്റെ മനസിൽ പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ തീരുമാനമായി വേണം അതിന്റെ പണി തുടങ്ങാൻ.

മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്തിട്ടില്ലെ?

തീർച്ചയായും .. പക്ഷെ അവർ ഇന്നത്തെ താരങ്ങളാകുന്നതിന് മുൻപായിരുന്നു ആ ചിത്രങ്ങളോക്കെയും. മോഹൻലാൽ സ്വയം പരിചയപ്പെടുത്തുന്ന കാലത്താണ് ഞാൻ അദ്ദേഹവുമായി സിനിമ ചെയ്തത്. കേൾക്കാത്ത ശബ്ദമായിരുന്നു ആ ചിത്രം.

ആ ചിത്രത്തിന് ശേഷം മോഹൻലാലുമായി സിനിമകൾ കുറവാണ്. ഒന്നിച്ചഭിനയിച്ചത് കോളേജ് കുമാരനിൽ ഒരു ചെറിയ വേഷം. അത് വച്ച് നോക്കുമ്പോൾ മമ്മൂട്ടിയാണ് കൂടുതൽ. മൂന്നു സിനിമകൾ മമ്മൂട്ടിയുമായി ഉണ്ട്. കൂടെ അഭിനയിച്ചതും കൂടുതൽ ആണ്. പക്ഷെ മൊത്തത്തിൽ എടുത്തുനോക്കുമ്പോൾ ഇവർ രണ്ടുപേരുടെയും കൂടെ വളരെ കുറവാണ്.. അതിന്റെ കാരണം പ്രേക്ഷകർ സ്വയം കണ്ടത്തട്ടെ..

തുടരും..