- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ രാഷ്ട്രീയക്കാരൻ അല്ല, തെറ്റ് പറ്റിയാൽ തിരുത്തുന്നതാവണം ഇടതുപക്ഷ രാഷ്ട്രീയം, ആറന്മുളയിൽ തെറ്റ് പറ്റി ': ബിനോയ് വിശ്വം മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു
ബിനോയ് വിശ്വം. കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ ആൾ രൂപം, വിനയത്തിന്റെയും. വിപ്ലവത്തിന്റെ മണ്ണായ വൈക്കത്ത് നിന്നും, ഗ്രാമത്തിന്റെ വിശുദ്ധി നെഞ്ചിലേറ്റി കേരളീയ ജന മനസ്സിലേക്ക് നടന്നു കയറിയ ജനകീയ നേതാവ്. പാർട്ടി താത്പര്യങ്ങൾക്കുപരി ആയി ജനങ്ങളുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ. സി പി ഐ യുടെ സംസ്ഥാന സെക്
ബിനോയ് വിശ്വം. കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ ആൾ രൂപം, വിനയത്തിന്റെയും. വിപ്ലവത്തിന്റെ മണ്ണായ വൈക്കത്ത് നിന്നും, ഗ്രാമത്തിന്റെ വിശുദ്ധി നെഞ്ചിലേറ്റി കേരളീയ ജന മനസ്സിലേക്ക് നടന്നു കയറിയ ജനകീയ നേതാവ്. പാർട്ടി താത്പര്യങ്ങൾക്കുപരി ആയി ജനങ്ങളുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒരാൾ. സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയ ബിനോയ്ക്ക് സംസ്ഥാന നേതാവിന്റെ പരിവേഷത്തെക്കാൾ കൂടുതൽ ഇണങ്ങുന്ന പരിസ്ഥിതി പ്രവർത്തകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി, പരിഭാഷകൻ തുടങ്ങിയ വിശേഷണങ്ങളാണ്. ഓരോ യാത്രകളും പഠന മാർഗമായി കാണുന്ന ബിനോയ് ഇപ്പോൾ 76 ലേറെ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തോളമായി യു കെ സന്ദർശനം നടത്തുന്ന ജനയുഗം പത്രാധിപർ കൂടിയായ ബിനോയ് വിശ്വം മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോൻ നടത്തുന്ന അഭിമുഖം.
- രാഷ്ട്രീയക്കാരൻ അല്ലാത്ത ബിനോയ് വിശ്വത്തെ പരിചയപ്പെട്ടാൽ?
ഞാൻ രാഷ്ട്രീയക്കാരൻ എന്ന വിശേഷണം തന്നെ വെറുക്കുന്നു. ഞാൻ രാഷ്ട്രീയക്കാരൻ അല്ല. രാഷ്ട്രീയ പ്രവർത്തകൻ എന്ന വിശേഷണം കേൾക്കുവാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇത് രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. സ്ഥാനമാനത്തിനും പദവിക്കും വേണ്ടി അലയുന്നവനാണ് രാഷ്ട്രീയക്കാരൻ. എന്ത് പ്രചാര വേലകളും ഇക്കൂട്ടർ നടത്തും. അഴിമതിയും രാഷ്ട്രീയ വൃത്തികേടുകളും ഒക്കെ ഇവരുടെ സംഭാവനയാണ്. ഇവരെ ജനം വെറുക്കുന്നു. സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം പ്രച്ചരിപ്പിക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ. പണസമ്പാദനം രാഷ്ട്രീയ പ്രവർത്തനത്തിൽ ഉൾപ്പെടുന്നില്ല. ആശയം വിറ്റ് കീശ വീർപ്പിക്കാൻ രാഷ്ട്രീയ പ്രവർത്തകർക്ക് കഴിയില്ല. സ്വന്തം ജീവിതം പോലും ആശയ പ്രചാരണത്തിന് വേണ്ടി മാറ്റി വയ്ക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകർ.
- എന്തുകൊണ്ട് ഇക്കൂട്ടരുടെ (രാഷ്ട്രീയ പ്രവർത്തകരുടെ) എണ്ണം കുറവാകുന്നു?
മുതലാളിത്തത്തിന്റെ നീരാളി പിടുത്തം സർവ്വ മേഖലകളിലും എത്തിയത് രാഷ്ട്രീയത്തിലും സംഭവിക്കുന്നു. അതിനെതിരെ ഉള്ള ചെറുത്ത് നില്പ് രാഷ്ട്രീയ പ്രവർത്തകരിൽ ഉണ്ടാകണം. ഇത് ഇടതുപക്ഷ പ്രവർത്തകർ കൂടുതൽ മനസ്സിലാക്കേണ്ട കാലഘട്ടം ആണ് ഇപ്പോൾ.
- രാഷ്ട്രീയത്തിൽ എന്നും സി പി ഐ ക്ക് വേറിട്ട ഒരു മുഖം ഉണ്ട്. ആം ആദ്മിയുടെ പ്രശാന്ത് ഭൂഷൻ പോലും സി പി ഐ യെ പ്രശംസിച്ചല്ലോ, സി പി എം നെ അഴിമതി പാർട്ടി എന്ന് പറയുകയും ചെയ്തു?
പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തോട് ബഹുമാനം ഉണ്ട്. സി പി ഐ എന്നും സ്വന്തം വ്യക്തിത്വം പുലർത്തുന്ന പ്രസ്ഥാനം ആണ്. എന്നുവച്ച് സ്വയം പ്രശംസയിൽ മുഴുകി ചതിക്കുഴി കാണാതിരിക്കരുത്. ജനങ്ങളുടെ പ്രതീക്ഷ യഥാർത്ഥ്യമാക്കാൻ ഉള്ള വെല്ലുവിളി ആണ് സി പി ഐ ഏറ്റെടുക്കുന്നത്. നിതാന്ത ജാഗ്രതയോടെ പ്രവർത്തിച്ചാലേ ഇപ്പോൾ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയൂ. അതിനു കൃത്യമായ പരിപാടികളും വേണം. ഈ ജാഗ്രതയിൽ ചെറിയൊരു കൈപ്പിഴവ് വന്നാലും വലിയ തെറ്റുകൾ സംഭവിക്കും.
- ഇയ്യിടെയായി കേരളത്തിൽ ഇടതു പ്രവർത്തനം വല്ലാതെ വിമർശിക്കപ്പെടുകയാണല്ലോ. സമരങ്ങളോട് ജനം വിയോജിപ്പിലാണോ?
സമരം സാമൂഹിക വികസനത്തിൽ മാറ്റി നിർത്താൻ കഴിയുന്ന ഒന്നല്ല. സമരവും സമൂഹത്തിന്റെ ഭാഗമാണ്. എന്നാൽ ശൈലിയിൽ മാറ്റം ഉണ്ടാകണം. സി പി ഐ എക്കാലവും ഇത് പറയുന്നുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും വേറിട്ട ശൈലിയിലൂടെയേ സമരം വിജയിപ്പിക്കാനാകൂ. ജന ജീവിതവും ആയി പൊരുത്തപ്പെട്ടെ സമരം ആസൂത്രണം ചെയ്യാനാകൂ. ജനങ്ങളുടെ പങ്കാളിത്തം തന്നെയാണ് സമരത്തിന്റെ വിജയത്തിൽ മുഖ്യ ഹേതു. ജനത്തിന് താല്പര്യം ഇല്ലാത്ത സമരം വിജയിക്കുകയും ഇല്ല. ഓരോ സമരവും ജയിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.
- കേരളത്തിൽ മധ്യ വർഗ്ഗത്തിന്റെ ഉയർച്ച കണ്ടില്ലെന്നു നടിച്ചാണോ രാഷ്ട്രീയ പാർട്ടികളുടെ സഞ്ചാരം? ഇതും സമീപകാല രാഷ്ട്രീയവും കൂട്ടിയിണക്കപ്പെടുന്നുണ്ടോ?
കേരളത്തിൽ ഇന്നും ധാരാളം അടിസ്ഥാന വർഗത്തിൽ പെടുന്നവരുണ്ട്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും അവശത നേരിടുന്നവരുണ്ട്. അവരുടെ ശബ്ദം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. അവരുടെ ദുഖത്തിൽ പങ്കാളി ആകണം. പാർശ്വ വല്ക്കിരിക്കപ്പെടുന്നവരെ കൂടുതൽ അകറ്റുന്നത് ആകരുത് രാഷ്ട്രീയ സമീപനം. ഇപ്പോഴും കുടിവെള്ളവും പാർപ്പിടവും ഒക്കെ കേരള സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഉണ്ട്. ഒരു ജീവത മാർഗം തേടി അലയുന്ന അനേകായിരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്.
- മന്ത്രിയായിരുന്നപ്പോൾ ചെയ്യണം എന്നാഗ്രഹം ഉണ്ടായിട്ടും നടക്കാതെ പോയ കാര്യം?
അങ്ങനെ ഒന്നില്ല. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. വനത്തിനും പ്രകൃതിക്കും വേണ്ടി ഒരുപാടു വിമർശനം സഹിച്ചാണ് കാര്യങ്ങൾ നടപ്പാക്കിയത്. പ്രകൃതി സ്‌നേഹികൾ എന്ന് കരുതപ്പെടുന്നവർ പോലും എതിർപ്പുയർത്തിയിട്ടുണ്ട്. മരങ്ങൾ വച്ച് പിടിപ്പിക്കാൻ വേണ്ടി നടത്തിയ കാമ്പൈൻ പ്രധാനമാണ്. ''മരമാണ് മറുപടി ന'ന' എന്ന സന്ദേശം ഉയർത്തിയാണ് സാമൂഹിക വനവല്ക്കരണ പരിപാടി ഏറ്റെടുത്തത്. 1.86 കോടി വൃക്ഷ തൈകൾ ആണ് നട്ടു പിടിപ്പിച്ചത്. 56000 ഏക്കർ ഭൂമി റിസർവ് വനമാക്കാൻ കഴിഞ്ഞു.
- നട്ട മരം ഒക്കെ പരിരക്ഷിക്കപ്പെടുന്നുണ്ടോ?
ഞാൻ ശുഭാപ്തി വിശ്വാസിയാണ്. അതിൽ പകുതി എങ്കിലും വളർന്നു വന്നാൽ വലിയ കാര്യമായി എന്നാണ് എന്റെ വിശ്വാസം.
- വികസനവും പ്രകൃതി സംരക്ഷണവും കേരളത്തിൽ കൂട്ടിയിണക്കപ്പെടുന്നുണ്ടോ?
കേരളത്തിൽ വികസന സങ്കല്പം മാറേണ്ടതുണ്ട്. പ്രകൃതിയെ മറന്നു ഒരു വികസനം നിലനിൽക്കുന്നില്ല. ലോക രാഷ്ട്രങ്ങൾ എല്ലാം ഇത് തിരിച്ചറിഞ്ഞു, പുതിയ പാതയിലൂടെയാണ് സഞ്ചാരം. പ്രകൃതിക്ക് വേണ്ടി നേരത്തെ വികസനത്തിന് മുടക്കിയതിനെക്കാൾ പണം ആണ് വികസിത രാജ്യങ്ങൾ ചിലവിടുന്നത്.
- ആറന്മുളയിൽ തെറ്റ് പറ്റിയോ? അങ്ങയുടെ സഹപ്രവർത്തകൻ ആയ എം എ ബേബിയുടെ നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?
ആറന്മുളയിൽ തെറ്റ് പറ്റി എന്ന് തന്നെയാണ് എന്റെയും പക്ഷം. തെറ്റുകൾ തിരുത്തുന്നതാകണം നല്ല രാഷ്ട്രീയം. നിങ്ങൾ ചെയ്തില്ലേ, അത് കൊണ്ട് ഞങ്ങൾ തുടരുന്നു എന്ന വലതു പക്ഷ സമീപനം ശരിയല്ല. ഒരാൾക്കു സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുകയാണ്. ഇത് ശരിയല്ല. ഈ പോക്ക് മാറിയെ പറ്റൂ, ഇതൊരു വെല്ലുവിളി ആയി ഇടതു പക്ഷം ഏറ്റെടുക്കണം.
- ഇത്തരം സമീപനം മൂലം ഇടതും വലതും ഒന്നാണെന്ന ചിന്ത കേരളത്തിലും വേര് പിടിച്ചില്ലേ?
വലിയ ആപത്തു നിറഞ്ഞ പ്രചാര വേലയാണിത്. ഇന്ന് ഇടതു വലതു വേർ തിരിവ് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. എന്നാൽ രാഷ്ട്രീയം മടുക്കുന്നു എന്ന ചിന്ത വളരുന്നത് അപകടം സൃഷ്ടിക്കും. ജനാധിപത്യത്തിന്റെ നിലനില്പ് രാജ്യത്തിന്റെ ആവശ്യമാണ്. ചിന്തിക്കുന്നവരും, എഴുതുന്നവരും വായിക്കുന്നവരും ഒക്കെ രാഷ്ട്രീയത്തിൽ നിന്നും അകലുന്ന ഒരു പ്രവണത വളരുന്നുണ്ട്. ഇതൊരു വെല്ലുവിളി ആണ്. ലോകത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ തളർച്ച കൂടുതലായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ പോലും ആ വഴിക്ക് പറഞ്ഞിരുന്നു. കേരളത്തിൽ ഇടതും വലതും ഒന്നാണെന്ന പ്രചരണം എറ്റെടുക്കുന്നത് വലതു പക്ഷ പ്രചാരകരാണ്. ഇതിലൂടെ ഇടതു ആശയങ്ങളെ തകർക്കാം എന്നാണ് അവരുടെ ചിന്ത. ഇതിനെ ആശയം, ചിന്ത, പ്രവർത്തി, നയം എന്നിവയിലൂടെ ഒക്കെ യഥാർത്ഥ ഇടതു പക്ഷ പ്രവർത്തകർ മറി കടക്കണം. ഇത് വലിയ വെല്ലുവിളി തന്നെയാണ്.
- ചെറുപ്പക്കാരുടെ മനസ്സറിയാൻ വയോധിക നേതൃത്വത്തിന് കഴിയുന്നില്ല എന്ന പരാതിയെ പറ്റി?
''പ്രായമായവർ എല്ലാം മോശക്കാരൻ എന്ന് എനിക്ക് അഭിപ്രായം ഇല്ല. പ്രായം ആയവരുടെ കൂടെ അനേകകാലം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, എല്ലാം നല്ല അനുഭവങ്ങൾ ആയിരുന്നു. എങ്കിലും ലോകത്ത് യുവ പ്രാധിനിത്യം ഏറുകയാണ്. ചിന്തയിലും പ്രവർത്തിയിലും യുവത്വം കൂടുതൽ പിടി മുറുക്കുന്നുണ്ട്. തലച്ചോറും ശരീരവും കൂടുതൽ ക്രിയാത്മകതയോടെ ചെറുപ്പക്കാരിൽ പ്രവർത്തിക്കും എന്നത് അവരുടെ ശൈലിയിലും പ്രകടമാകും. പ്രായമായാൽ പുത്തൻ ആശയങ്ങളെ സ്വീകരിക്കാൻ വിമുഖത ഉണ്ടാകും. ഇത് ദോഷം ചെയ്യും.
- നവ മാദ്ധ്യമങ്ങളെ ഇടതു പക്ഷം അടക്കം തിരസ്‌ക്കരിക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. അതൊന്നും വിപ്ലവത്തിന്റെ വഴി അല്ലെന്നും പറഞ്ഞു കേട്ടു. എങ്ങനെ ആണ് വിപ്ലവം വരുന്നത്?
ആരും മുൻകൂട്ടി എഴുതി വച്ച വഴിയിലൂടെയല്ല അത് സംഭവിക്കുന്നത്. അത് ഇനിയും സംഭവിക്കും, സംഭവിച്ചു കൊണ്ടിരിക്കും. വിപ്ലവത്തെ അതിന്റെ പൂർണതയിൽ കാണുവാൻ പരാജയപ്പെടുന്നിടത്താണ് തളർച്ച ഉണ്ടാകുന്നത്. അതിനു വ്യക്തമായ പരിപാടി വേണം. പാളിച്ച ബോധ്യമായാൽ തിരുത്തണം. അത് ഏറ്റു പറയണം. തെറ്റിൽ നിന്നും ശരിയിലേക്ക് സഞ്ചരിക്കാൻ കഴിയണം. തെറ്റുകൾ ആവർത്തിക്കുന്നത് ഇടതു സമീപനം അല്ല.
- യു കെ യിലെ പ്രവാസികളെ കുറിച്ച്?
പ്രവാസികൾ എല്ലായിടത്തും സ്വന്തം സംസ്‌ക്കാരം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. 1985 മുതൽ ഞാൻ യു കെ യിൽ എത്തുന്നു. ഇത്തവണ ആണ് കൂടുതൽ മലയാളി പരിപാടികളിൽ പങ്കെടുത്തത്. ഇവിടെ മലയാളികൾ ശരീരം കൊണ്ട് മാത്രമാണ് കേരളത്തിൽ നിന്നും അകന്നു നില്ക്കുന്നത്. മനസ് പൂർണമായും കേരളത്തിൽ തന്നെയാണ്. ഹൃദയ വികാരം കൊണ്ട് അകലം കുറയ്ക്കാനാണ് ഞാൻ കണ്ട മലയാളികൾ ഇവിടെ ശ്രമിക്കുന്നത്. മാർഗരറ്റ് തച്ചരുടെ കാലത്ത് ഖനി തൊഴിലാളികൽ നടത്തിയ സമര കാലത്താണ് ഞാൻ ആദ്യം ഇവിടം സന്ദർശിക്കുന്നത്. ലോക യൂത്ത് ഫെഡറേഷൻ പ്രതിനിധിയായി സമരത്തോട് ഐക്യദാർഢ്‌യം പ്രഖ്യാപിക്കുക ആയിരുന്നു സന്ദർന ഉദ്ദേശം. ഒട്ടേറെ പ്രത്യേകതകൾ ഉള്ള നാടാണ് ബ്രിട്ടൻ. ഒരു കാലത്ത് ലോകം അടക്കി വാണതിന്റെ കറുത്ത പാടുകൾ ചരിത്രത്തിൽ ധാരാളം ഉണ്ട്. എങ്കിലും മനുഷ്യ സ്‌നേഹികളുടെ നാടാണിത്. ഇവിടെ ചരിത്രം ഉറങ്ങുന്നു . മുതലാളിത്തം നിലനില്ക്കുമ്പോഴും മാർക്‌സിനും മറ്റും അഭയം നല്കിയ നാട്. കലയും സംഗീതവും ശില്പകലയും ഒക്കെ ഉന്നതി കൈവരിച്ച നാട്. എഞ്ചിനീയറിങ് ലോകത്തിലേക്ക് വേര് പിടിച്ചത് ഇവിടെ നിന്ന്. വ്യവസായ വല്ക്കരണവും അനുബന്ധമായി തൊഴിലാളി പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് ലോകത്തിലേക്ക് പരിക്രമിച്ചത്. തൊഴിലാളി വർഗ്ഗത്തിന്റെ ഉദയവും ഈ നാട് സമ്മാനിച്ചു. അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ബ്രിട്ടനുണ്ട്.
- കുടുംബത്തെ കുറിച്ച്?
ബാങ്ക് ഉദ്യോഗസ്തയായ ഷൈല ആണ് ഭാര്യ. ഇപ്പോൾ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ്ങിൽ പഠനം നടത്തുന്നു. രണ്ടു പെൺകുട്ടികൾ, രശ്മിയും സൂര്യയും. രശ്മി ഹിന്ദുവിൽ പത്രപ്രവർത്തക, ഭർത്താവ് ഷംസുദ്ദീൻ ദേശാഭിമാനിയിലും. സൂര്യ നാഷണൽ ലോ സ്‌കൂളിൽ എൽഎൽബി കഴിഞ്ഞു കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎം കരസ്ഥമാക്കി. എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ എൽഎൽഎം പഠിക്കുന്ന ഭർത്താവിനൊപ്പമാണിപ്പോൾ. അത്യാവശ്യം കവിത എഴുത്തും തുടങ്ങിയിട്ടുണ്ട്.