തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം രാഷ്ട്രീയം ശക്തമായി പിടിമുറുക്കുകയാണെന്നും സംസ്ഥാനത്ത് ഹിന്ദു- ക്രൈസ്തവ ഐക്യം സാധ്യമാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീ​ഗിന്റെ ഭരണാധിപത്യത്തിലേക്ക് കേരളം പോകുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയുടെ അഭിമുഖ പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിൽ പറഞ്ഞു.

1921ലെ കലാപത്തിന്റെ നൂറാം വാർഷികം വരുമ്പോൾ ഇവിടെ ഉയർന്നുവരുന്ന ആശയം എന്നുള്ളത് ഒരു മലബാർ സംസ്ഥാനം എന്നുള്ളതാണ്. എങ്ങോട്ട് പോകുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണിതെന്നും കെ സുരേന്ദ്രൻ പറയുന്നു. 2026 ആകുമ്പോൾ പുതിയ മണ്ഡല പുനഃസംഘടന വരുമ്പോൾ ഒരു മുസ്ലിം ലീ​ഗ് സംസ്ഥാനത്തിനുള്ള എല്ലാ കോപ്പുംകൂടുകയാണ്. അത് എങ്ങോട്ടാണ് നമ്മളെ നയിക്കുക. ഇപ്പോ ഞങ്ങളിത് പറയുമ്പോ നിങ്ങളാരും വിശ്വസിക്കില്ല. പക്ഷേ സംഭവിക്കാൻ പോകുന്നതും അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നതും അതിന് വേണ്ടീട്ടാണ്. അത് കഴിഞ്ഞാൽ മലബാറിൽ ഇത് ഒതുങ്ങുന്നില്ല. ആവശ്യങ്ങൾ മധ്യതിരുവിതാംകൂറിലേക്കും കേരളത്തിലേക്കും വരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം വിശദമായിട്ട് ഞാൻ പരിശോധിച്ചു. സമീപകാലത്ത് ഒന്നുമില്ലാത്ത വിധം മധ്യകേരളത്തിലേക്കും മധ്യതിരുവിതാംകൂറിലേക്കും തിരുവിതാംകൂറിലേക്കും സീറ്റുകളുടെ എണ്ണം മുസ്ലിം ലീ​ഗ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺ​ഗ്രസ് വഴങ്ങിക്കൊടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളി ആർഎസ്എസോ ബിജെപിയോ ഹിന്ദുക്കളോ അല്ലെന്ന് കെ സുരേന്ദ്രൻ പറയുന്നു. അവർ നേരിടുന്ന വെല്ലുവിളി ഇസ്ലാമിക ഭീകരവാദമാണ്. അത് ലോകം മുഴുവൻ അവർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ രാജ്യങ്ങളെല്ലാം ഇസ്ലാമിക രാജ്യങ്ങളായി മാറാൻ പോകുകയാണ്. ആയിക്കൊണ്ടിരിക്കുന്നു. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നൽകുന്നു.

അഭിമുഖത്തിലേക്ക്...

സിപിഎം ആണോ കോൺ​ഗ്രസ് ആണോ നിങ്ങളുടെ മുഖ്യ ശത്രു?

രണ്ടും ഒരുപോലെയാണ്. രണ്ടും ഈ നാടിനെ നശിപ്പുകയാണ്. രണ്ടും അഴിമതിക്കാരാണ്. രണ്ടും വർ​ഗീയ പ്രീണനവാദികളാണ്. രണ്ടും വികസന വിരുദ്ധന്മരാണ്. എന്ത് വ്യത്യാസമാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ അഞ്ച് കൊല്ലവും പിണറായിയുടെ അ‍ഞ്ച് കൊല്ലവും കൂടി ഒന്ന് താരതമ്യം ചെയ്താൽ മതിയല്ലോ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ന‌ടന്നതിന്റെ കാർബൺ പതിപ്പാണ് പിണറായി വിജയൻചെയ്യുന്നത്. ഇവര് രണ്ടുപേരും തമ്മിൽ എന്താ വ്യത്യാസം.

എന്നാലും രണ്ടിൽ തമ്മിൽ ഭേദം ആരാ?

ഇല്ല. അങ്ങനെയൊന്നുമില്ല. തമ്മിൽഭേദം തൊമ്മൻ എന്ന് പറയാൻ പറ്റില്ല. രണ്ടും കള്ളന്മാരാണ്. രണ്ടും ജനങ്ങളെ ദ്രോഹിച്ചവരാണ്. രണ്ടും അഴിമതിക്കാരാണ്.

ഉമ്മൻ ചാണ്ടിയുടെ വരവ് ഒരു ഹിന്ദുവിരുദ്ധ നീക്കമാണെന്ന് തോന്നുന്നുണ്ടോ?

അത് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരാണ് പറയേണ്ടത്. ഉമ്മൻ ചാണ്ടി നാലര കൊല്ലം എന്താണ് പറഞ്ഞത്. നമുക്കെല്ലാവർക്കും അറിയാം. ഉമ്മൻ ചാണ്ടിക്ക് ഒരു സ്ഥാനവും വേണ്ടാന്ന് പറഞ്ഞു. ഞങ്ങടെ ചോദ്യമല്ല കേട്ടോ. ഞങ്ങൾക്ക് ഇതിൽ ഇടപെടേണ്ട ആവശ്യമേയില്ല. ചെയർമാനാക്കാം എന്ന് പറഞ്ഞു, വേണ്ടെന്ന് പറഞ്ഞു. ഞാൻ ഒരു പദവിയും സ്വീകരിക്കില്ലാന്ന് പറഞ്ഞു. ഇപ്പോ എങ്ങനെയാണ് ഒരു പദവി സ്വീകരിച്ചത്. ഉമ്മൻ ചാണ്ടി പറയേണ്ടതെന്തായിരുന്നു? രമേശ് മുഖ്യമന്ത്രി ആകട്ടെ, ഞാൻ അതിന് വേണ്ടീട്ട് ശ്രമിക്കാം എന്നായിരുന്നു പറയേണ്ടത്. അദ്ദേഹം യേശുക്രിസ്തുവിനെ പോലെ എല്ലാം ത്യജിച്ചവനായിരുന്നെങ്കിൽ അദ്ദേഹം പറയേണ്ടിയിരുന്നത്, രമേശ് മുഖ്യമന്ത്രി ആകട്ടെ ഞാൻ സപ്പോർട്ട് ചെയ്യാം എന്നായിരുന്നു. അത് പറഞ്ഞില്ലല്ലോ. എന്റെ ചോദ്യം എന്തിനാണ് രമേശിനെ മാറ്റിയത്. കഴിവുകെട്ടവനാണോ. കഴിവുകെട്ടവനാണെങ്കിൽ രമേശിനെ പ്രതിപക്ഷ നേതാവായി എന്തിന് വെച്ചു. നാലരകൊല്ലം രമേശ് ചെന്നിത്തല എന്തിന് ഇവിടെ ഇതെല്ലാം പറഞ്ഞു. ഇപ്പോ തെരഞ്ഞെടുപ്പിനെ നേരിടുമ്പോ 92വയസ്സായ ആളെ എന്തിന് കൊണ്ടുവന്നു എന്ന ചോദ്യമുണ്ട്. അപ്പോ അവിടെയാണ് ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് ഞങ്ങൾ പറഞ്ഞത്. അല്ലാതെ കോൺ​ഗ്രസിന്റെ ഉൾപ്പാർട്ടി പ്രശ്നത്തിന് ഞങ്ങൾക്ക് കുഴപ്പമില്ല.

ബാഹ്യശക്തികൾ എന്ന് പറയുമ്പോ ആരാണ്, ലീ​ഗാണ്. ലീ​ഗിനെ ആരാണ് നിയന്ത്രിക്കുന്നത്, ജമാ അത്തെ ഇസ്ലാമിയാണ്. അടുത്ത നിയമസഭാ മണ്ഡലങ്ങൽ പുനഃസംഘടിപ്പിക്കുമ്പോൾ ഈ രീതിയിലുള്ള ജനസംഖ്യാ വിസ്ഫോടനമാണെങ്കിൽ 40 സീറ്റ് ലീ​ഗിനായിരിക്കും. ഇപ്പോ 16 സീറ്റുണ്ട് മലപ്പുറത്ത്. ഇനി കൂടും. ബാക്കിയെല്ലായിടവും കുറയും. തിരുവിതാംകൂറിലും മധ്യതിരുവിതാംകൂറിലും എല്ലാം കുറയും. എല്ലാ സീറ്റുകളും അങ്ങോട്ട് വർധിക്കും. എവിടേക്കാണ് പോകുന്നത്? മുസ്ലിം ലീ​ഗിന്റെ ഭരണാധിപത്യത്തിലേക്ക് കേരളം പോകുകയാണ്. അതിന് കോൺ​ഗ്രസ് വഴങ്ങുകയാണ്. നേതാവ് ആരാണെന്ന് തീരുമാനിക്കുന്നത് മുസ്ലിം ലീ​ഗാണ്. കോൺ​ഗ്രസിന് സ്വന്തമായൊരു അഭിപ്രായമില്ല. അവിടെയാണ് ചോദ്യം.

ഇവിടെ രണ്ട് വിഷയമുണ്ട്. ഒന്നാമത്തെ കാര്യം, ഈ വിഷയമാണ് ക്രൈസ്തവ സമൂഹം ഇവിടെ ഉയർത്തിക്കൊണ്ടുവരുന്നത്. പക്ഷേ, ഒരുവശത്ത് സിപിഎം കൃത്യമായ ഇസ്ലാമിക പ്രീണനം. അതും കുറച്ചൂടെ തീവ്രവും മൗലികവുമായ ഇസ്ലാം സമൂഹത്തെ. അവരെ വച്ച് നോക്കിയാൽ, എസ്ഡിപിഐ അ‌ടക്കമുള്ള രാഷ്ട്രീയ പാർട്ടികളെക്കാൾ ഭേദമാണ് ലീ​ഗ് എന്ന് പറയേണ്ടിവരില്ലേ?

ലീ​ഗിനെ ആര് നിയന്ത്രിക്കുന്നു എന്നുള്ളതാണ് പ്രശ്നം. ഇപ്പോ ലീ​ഗിനകത്ത് തന്നെ അതിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമി എന്ന് പറയുന്ന, ആ​ഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം അതാണ്. എല്ലാവർക്കും അറിയാമല്ലോ. ഐഎസ് ആയാലും എസ്ഡിപിഐ ആയാലും പല പേരുകളിലും രൂപങ്ങളിലുമൊക്കെയുള്ള ഈ മതസംഘടനകളുടെയെല്ലാം ബൗദ്ധിക ശക്തി എന്ന് പറയുന്നത് ജമാ അത്തെ ഇസ്ലാമിയാണ്. ആ മൗദൂദിയൻ തത്വചിന്തയെ കൊണ്ടുപോകുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടി യുഡിഎഫിൽ ഘടകകക്ഷിയാകുന്നു. കെ മുരളീധരൻ അതിനെ ന്യായീകരിക്കുന്നു. ഹസൻ പറയുന്നു ഉണ്ടെന്ന് പറയുന്നു. മുല്ലപ്പള്ളി മാത്രം ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ. എങ്ങനെ ഇതെല്ലാം അം​ഗീകരിച്ച് കൊടുക്കാൻ പറ്റും.

അല്ല, എസ്ഡിപിഐയെക്കാൾ ഭേദമല്ലേ ലീ​ഗ്?

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഒന്ന്തന്നെ. ഒരുപക്ഷം അവിടെ നിൽക്കുന്നു, ഒരുപക്ഷം ഇവിടെ നിൽക്കുന്നു. എസ്ഡിപിഐക്ക് വൈസ് ചെയർമാൻ സ്ഥാനം പത്തനംതിട്ടയിൽ കൊടുക്കാൻ സിപിഎമ്മിന് കുഴപ്പമില്ല. ഷൊർണ്ണൂരിൽ അവര് കൊടുക്കുന്നു. ഇതാ ഞങ്ങല് പറഞ്ഞത് രണ്ടും ഒരുപോലെയാണെന്ന്.

യുഡിഎഫിനെയും എൽഡിഎഫിനെയും മുസ്ലിം രാഷ്ട്രീയമാണ് നിയന്ത്രിക്കുന്നത്. ക്രൈസ്തവർ അതുകൊണ്ട് നിങ്ങളുടെ കൂടെ നിൽക്കും എന്നാണോ കരുതുന്നത്?

ക്രൈസ്തവ സമൂഹമെല്ലാം ബിജെപിയുടെ കൂടെ നിൽക്കുമെന്ന് അന്ധമായി ഞാൻ പറയുന്നില്ല. പക്ഷേ ക്രൈസ്തവ സമൂഹത്തിന് വസ്തുതകൾ മനസ്സിലായി തു‌ടങ്ങി. ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളി ആർഎസ്എസോ ബിജെപിയോ ഹിന്ദുക്കളോ അല്ല. അവർ നേരിടുന്ന വെല്ലുവിളി ഇസ്ലാമിക ഭീകരവാദമാണ്. അത് ലോകം മുഴുവൻ അവർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ രാജ്യങ്ങളെല്ലാം ഇസ്ലാമിക രാജ്യങ്ങളായി മാറാൻ പോകുകയാണ്. ആയിക്കൊണ്ടിരിക്കുന്നു. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്. ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ട് സംസ്ഥാനങ്ങളായി കേരളം മാറാൻ പോകുകയാണ്. 1921ലെ കലാപത്തിന്റെ നൂറാം വാർഷികം വരുമ്പോൾ ഇവിടെ ഉയർന്നുവരുന്ന ആശയം എന്നുള്ളത് ഒരു മലബാർ സംസ്ഥാനം എന്നുള്ളതാണ്. എങ്ങോട്ട് പോകുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണ് ഞാൻ പറഞ്ഞത്, 2026 ആകുമ്പോൾ പുതിയ മണ്ഡല പുനഃസംഘടന വരുമ്പോൾ ഒരു മുസ്ലിം ലീ​ഗ് സംസ്ഥാനത്തിനുള്ള എല്ലാ കോപ്പുംകൂടുകയാണ്. അത് എങ്ങോട്ടാണ് നമ്മളെ നയിക്കുക. ഇപ്പോ ഞങ്ങളിത് പറയുമ്പോ നിങ്ങളാരും വിശ്വസിക്കില്ല. പക്ഷേ സംഭവിക്കാൻ പോകുന്നതും അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നതും അതിന് വേണ്ടീട്ടാണ്. അത് കഴിഞ്ഞാൽ മലബാറിൽ ഇത് ഒതുങ്ങുന്നില്ല. ആവശ്യങ്ങൾ മധ്യതിരുവിതാംകൂറിലേക്കും കേരളത്തിലേക്കും വരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം വിശദമായിട്ട് ഞാൻ പരിശോധിച്ചു. സമീപകാലത്ത് ഒന്നുമില്ലാത്ത വിധം മധ്യകേരളത്തിലേക്കും മധ്യതിരുവിതാംകൂറിലേക്കും തിരുവിതാംകൂറിലേക്കും സീറ്റുകളുടെ എണ്ണം മുസ്ലിം ലീ​ഗ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺ​ഗ്രസ് വഴങ്ങിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.

കോൺ​ഗ്രസിലെ ഹിന്ദു നേതാക്കന്മാർക്കൊന്നും ഒരു പ‍ത്തുകൊല്ലത്തിനപ്പുറം ആ രാഷ്ട്രീയത്തിന് ആയുസ്സില്ല എന്നതാണ് സത്യം. ഇത് ഞങ്ങളിപ്പോ പറയുമ്പോ എന്തോ വർ​ഗീയത പറയുകയാണെന്ന് തോന്നും. അതാണ് സത്യം. അതവർ തിരിച്ചറിയേണ്ടിവരും. രമേശ് ചെന്നിത്തലയുടെ അനുഭവം ഒറ്റപ്പെട്ട അനുഭവമല്ല. കോൺ​ഗ്രസിലെ ഹിന്ദു മുഖങ്ങളെല്ലാം അപ്രസക്തരാകുകയാണ്.

അവരൊക്കെ ബിജെപിയിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടോ?

അങ്ങനെയല്ല. അതൊക്കെ അവര് തീരുമാനിക്കേമ്ട കാര്യമാണ്. ചൂണ്ടയിട്ട് പിടിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. അവർ വസ്തുതയിലേക്ക് വരികയാണ്. കേരളം മാറുകയാണ്. കേരളത്തിൽ ഈ രാഷ്ട്രീയ സംവിധാനങ്ങലെ വെച്ചുകൊണ്ട് നിലനിൽക്കാനാകില്ല.

കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ എന്താണ് കരുതുന്നത്. ഇസ്ലാമികവത്ക്കരണം ഒരുവശത്ത് നടക്കുന്നു, അതനുസരിച്ച് കോൺ​ഗ്രസ് അടക്കമുള്ള, സിപിഎം അടക്കമുള്ള പാർട്ടികളിലെ ഹിന്ദു നേതാക്കൾ പിന്നോട്ട് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു. ഇസ്ലാമിക പൊളിറ്റിക്സ് എൽഡിഎഫിനെയും യുഡിഎഫിനേയും ഹൈജാക്ക് ചെയ്യും. അത്തരം അവസരത്തിൽ കേരളത്തിന്റെ ഭാവി എങ്ങനെയായിരിക്കാം?

തീർച്ചയായും ഇവിടെ യോജിപ്പിന്റെ മേഖലകൾ തുറന്ന് കിടക്കുകയാണ്. വിശാലമായ അർത്ഥത്തിൽ ക്രൈസ്തവ സമൂഹവും പാർശ്വവത്ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമൂഹവും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിയേ മതിയാകൂ. ഇന്നിപ്പോ മെറ്റീരിയലൈസ് ചെയ്യപ്പെടാത്ത ഒരു സ്വപ്നമായിട്ട് താങ്കൾക്ക് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. പക്ഷേ ഞാൻ ശുഭാപ്തി വിശ്വാസത്തിലാണ്. ഈ പോക്കാണ് പോകുന്നതെങ്കിൽ, കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും ഭൂരിപക്ഷ സമൂഹത്തിനും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ടതായി വരും. രാഷ്ട്രീയ അധികാരം മാത്രമല്ല, ഭരണനിർവഹണം മാത്രമല്ല, വിദ്യാഭ്യാസം, ആരോ​ഗ്യം, സാമൂഹിക രം​ഗത്തെ കേരളത്തെ കേരളമാക്കിയ എല്ലാ മേഖലകളിലും ഈ രണ്ട് സമൂഹങ്ങൾ പുറംതള്ളപ്പെടുകയാണ്. ഇത് വളരെയധികം ദൂരവ്യാപകമായിട്ടുള്ള പ്രത്യാഘാതങ്ങളായിരിക്കും കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നത്. ഇപ്പോ ഞാൻ പറയുമ്പോൾ എന്നെ എന്ത് വേണമെങ്കിലും വിമർശിച്ചോ. പക്ഷേ വസ്തുത അതാണ്.

പക്ഷേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുപാട് ദുരനുഭവങ്ങൾ ക്രൈസ്തവർക്കുണ്ടെന്നാണ് പറയുന്നത്.

പഴേ സംഭവങ്ങളുടെ പേരിലാണ്. അതീന്നൊക്കെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. പണ്ട് എപ്പോഴോ അവിടെ ഒരു സംഭവം ഉണ്ടായി എന്നതിന്റെ പേരിൽ കുറ്റപ്പെടുത്താനാകില്ല. ഇപ്പോ ​ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിവലെ ചെറിയ മൊനോരിറ്റി ആയിട്ട് പോലും അവർക്ക് കിട്ടുന്ന സുരക്ഷിതത്വം ചില്ലറയല്ല. ​ഗോവ ഒരു ക്ലാസിക്കൽ എക്സാംപിളാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 100ശതമാനം അവിടെ സാറ്റിസ്ഫൈഡാണ്. മോദി ​ഗവൺമെന്റ് വന്നതിന് ശേഷം ക്രൈസ്തവ സമൂഹത്തിനോ മറ്റേതെങ്കിലും മതന്യൂനപക്ഷത്തിനോ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായതായുള്ള ​ഗൗരവതരമായ ഒരു ആരോപണവും ഉയർന്ന് വന്നിട്ടില്ല. ഇവിടെപല പ്രചരണങ്ങളും നടക്കും.

ആർഎസ്എസ് ഒരു നയപരമായി തന്നെ ക്രൈസ്തവരോട് ഒരു താത്പര്യം കാട്ടുന്ന നിലപാടിലേക്ക് വന്നിട്ടുണ്ടോ?

ആർഎസ്എസ് ഇൻഷ്യേറ്റീവ് എടുത്ത ചർച്ചകൾ എത്രയാണ് ഇന്ത്യയിൽ ഇപ്പോൾ നടന്നിട്ടുള്ളത്. സമീപകാലത്ത് പോലും അത്തരം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിലെ എമിനന്റ് പേഴ്സണാലിറ്റീസ് എത്രപേര് ബിജെപിയോടും ആർഎസ്എസിനോടും അടുത്ത് വന്നുകൊണ്ടിരിക്കുന്നു. അവർക്കെല്ലാം മനസ്സിലായിട്ടുണ്ട് കാര്യങ്ങൾ. ഇതൊരു പ്രചരണമാണ്. ഈ പ്രചരണം കൊണ്ട് ആരാണ് നേടിയത്.

ഞാൻ ഈ അടുത്തകാലത്ത് ഒരു ഉന്നതനായ മെത്രൊപ്പൊലീത്തയെ കണ്ടു. അദ്ദേഹം കുമ്മനം രാജശേഖരനെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു. ‍ഞാൻ അത്ഭുതപ്പെട്ടുപോയി. ഒരുതവണ കുമ്മനത്തെ കണ്ട കഥയാണ് പറയുന്നത്. ഇങ്ങനെ അടക്കാതെ. ഞാൻ അത്ഭുതപ്പെട്ടുപോയി. വല്യ മെത്രാനാണ്.

പ്രധാനപ്പെട്ട സഭാ മേലധികാരിയുമായി ഒരു ദിവസം സംസാരിക്കേണ്ട ആവശ്യമുണ്ടായി. എന്റെകൂടെ വേറെ ആൾക്കാരുമുണ്ടായിരുന്നു. സുരേന്ദ്രൻ ഒന്ന് ഉള്ളിലേക്ക് വരണമെന്ന് പറഞ്ഞു.ഒരു സിഡി എടുത്ത് അദ്ദേഹം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ഇട്ട് എന്നെ കാണിച്ച് തന്നു. പല ക്രൈസ്തവ രാജ്യങ്ങളിലും ഇപ്പോ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിഭയാനകമായിട്ടുള്ള മതപരിവർത്തനത്തിന്റെ കണക്ക്. എന്നിട്ട് അവരുടെ പ്രൊജക്ഷൻ. 2020ൽ എന്താവും, 2025ൽ എന്താവും, 2030ൽ എന്താവും, 2040ൽ എന്താവും.ഞെട്ടിപ്പിക്കുന്നതായിരുന്നു. സമാനമായിട്ടുള്ള സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മൾ അത് കാണാതിരുന്നിട്ട് കാര്യമില്ല.

ഈ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ പിന്തുണ പ്രതിഫലിക്കും എന്ന് ഉറപ്പാണോ?

ക്രൈസ്തവ- ഹൈന്ദവ യോജിപ്പിന്റെ രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പിലൂടെ മാത്രം ഉണ്ടായിവരേണ്ടതല്ല. അത് ഇന്നത്തെ ആവശ്യത്തിന് അനുസരിച്ച് ഉരുത്തിരിഞ്ഞ് വരേണ്ട കാര്യമാണ്. ഞങ്ങൾക്കുള്ള അതേവികാരം തന്നെയാണ് പല ക്രൈസ്തവ സമൂഹങ്ങൾക്കും ഉള്ളത്.

മെത്രാന്മാർക്കിടയിൽ വലിയ സ്വീകാര്യതയാണല്ലേ?

വിശ്വാസി സമൂഹങ്ങളുടെയാകെ ഇക്കാര്യത്തിൽ സമാനാമായ അഭിപ്രായമാണ്. ക്രൈസ്തവ സമൂഹത്തിനിടയിൽ ശക്തമായ സംഘടനകളില്ല. രണ്ടാമതായി പൊതുവെ സൈലന്റായുള്ള മതനേതൃത്വമാണല്ലോ. അവരുടെ ഉള്ളിൽ അതുണ്ട്.

വലിയ ആരോപണമുള്ളത് തുടർഭരണത്തിന് ബിജെപിയുടെ പിന്തുണയുണ്ടെന്നാണ്?

എന്ത് തുടർഭരണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ കഴിയുന്ന തരത്തിലേക്ക് വേറേ ആളുകൾ വരും. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തയാണ്. കോൺ​ഗ്രസിനെ തകർക്കുന്നത് മുസ്ലിംലീ​ഗ് തന്നെയാണ്. ഞങ്ങൾ പ്രവർത്തിക്കുന്നത് വിജയിക്കാൻ വേണ്ടി തന്നെയാണ്.

ലാവ്ലിൻ കേസൊക്കെ നീണ്ട് നീണ്ട് പോകുകയല്ലേ?

അതൊക്കെ കോടതിയിൽ നടക്കുന്ന കാര്യങ്ങളാണ്. നിയമം ശക്തമായി നിയമത്തിന്റെ വഴിക്ക് പോകും.

സ്വർണക്കടത്ത് കേസ് ഒരിടത്തും എത്തിയില്ലല്ലോ?

ഒരാൾക്ക് ജാമ്യം കിട്ടി എന്നതുകൊണ്ട് കേസിന്റെ ശക്തി കുറയുന്നില്ല. മുൻവിധിയോടെ ഒരുകാര്യവും പറഞ്ഞിട്ടില്ല.

കെ സുരേന്ദ്രനോടുള്ള എന്റെ ഏറ്റവും കൂടുതൽ ഇഷ്ടം ശബരിമല വിഷയത്തിലുള്ള നിലപാടാണ്. ജന്മഭൂമിയും ജനവും അനുകൂലിക്കുന്നതിന് മുമ്പ് ഭക്തർക്ക് അനുകൂലമായി നിന്നത് മറുനാടനാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഞാൻ ഭ​ഗവാന്റെ അയൽക്കാരനാണ്. ഞാൻ ഒരുപാട് തവണ ശബരിമലക്ക് പോയിട്ടുള്ള ആളാണ്. ഞങ്ങലെ സംബന്ധിച്ച് മതേതര ദൈവമാണ് അയ്യപ്പൻ. കോടതിവിധിക്ക് മുമ്പ് തന്നെ ഇതിൽ കോടതി അഭിപ്രായം പറയരുതെന്ന് ഞാൻ വീഡിയോ ചെയ്തിരുന്നു. അവിടെ ഒരു ടേണിം​ഗ് പോയിന്റ് അങ്ങയുടെ ഇടപെടലാണ്. എന്ത് കാരണത്താലാണ് വിഷയത്തിൽ പാർട്ടിയിൽ ഒരു ധാരണ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അങ്ങനെയൊരു നിലപാട് എടുത്തത്?

ഒരു ആത്മാഭിമാനം എല്ലാവർക്കുമുണ്ടല്ലോ. കോടതിവിധി മനോഹരമായിട്ട് ഹാൻഡിൽ ചെയ്യാൻ സാധിക്കുമായിരുന്നു. ഒരു പക്വമായ നിലപാട് പിണറായി വിജയന് എടുക്കാമായിരുന്നു. പിണറായി വിജയൻ വിധി വന്ന ഉടൻ തന്നെ അത് ന‌ടപ്പാക്കാൻ ജനാധിപത്യ വിരുദ്ധമായിട്ടുള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു. ​ഗവൺമെന്റ് എടുത്തത് പ്രതികാര നടപടിയാണ്. ഭീകരമായ വിശ്വാസ വേട്ടയാണ് നടന്നത്. ​ഗവൺമെന്റ് മെഷിനറി മുഴുവൻ ഉപയോ​ഗപ്പെടുത്തി സ്ത്രീകളെ പതിനെട്ടാംപടി ചവിട്ടിച്ചേ അടങ്ങൂ എന്ന് പറഞ്ഞപ്പോ അതിനെ നേരിടേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം ഉയർത്തിയ ഒരു വെല്ലുവിളി തന്നെയായിരുന്നു അത്. പത്തനംതിട്ടക്ക് അപ്പുറം കോൺ​ഗ്രസിന്റെ ആരും വന്നിട്ടില്ല. ഞങ്ങളുടെ പ്രവർതത്തകർ എല്ലാ സ്ഥലത്തും രാവും പകലും കാവൽ കിടന്നാണ് മല ചവിട്ടിക്കാനുള്ള നീക്കം അവസാനിപ്പിച്ചത്. ഞങ്ങളെ ജയിലിൽ അ‌ടച്ചതിന് ശേഷമാണ് അർദ്ധരാത്രിയിൽ രണ്ട് സ്ത്രീകളെ ആംബുലൻസിൽ എത്തിച്ചത്. ആ പാപം എന്ന് പറയുന്നത് നിസ്സാരമല്ല. ഞങ്ങൽ അന്നൊരു നിലപാട് എടുത്തില്ലായിരുന്നെങ്കിൽ ശബരിമല മലീമസമായി മാറുമായിരുന്നു. ശബരിമലയുടെ എല്ലാ പവിത്രതയും പിണറായി വിജയൻ തകർക്കുമായിരുന്നു.

അന്ന് അറസ്റ്റ് പ്രതീക്ഷിച്ചിരുന്നോ?

എല്ലാം എനിക്കറിയാമായിരുന്നു. എന്റെ പേരിലുള്ള എല്ലാ കേസുകളും എടുത്തെന്ന് ഒരു പൊലീസുകാരൻ തന്നെ വിളിച്ച് പറഞ്ഞിരുന്നു. അതോടെ എന്നെ കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ജയിലിലുള്ള ജീവിതം?

അതിൽ കൂടുതൽ അനുഭവിക്കാൻ തയ്യാറായിട്ടാണ് നമ്മൾ പോയത്.

പൊലീസുകാരുടെയും ജയിൽ അധികൃതരുടെയും സമീപനം എങ്ങനെയായിരുന്നു?

ഒരുവിഭാ​ഗം പൊലീസുകാർ വിശ്വാസികളായിരുന്നു. അതിനകത്ത് കുറേ ഡിവൈെഎഫ്ഐ, എസ്എഫ്ഐ പൊലീസുകാർ മാത്രമാണ് എന്നോട് വളരെ മോശമായിട്ട് പെരുമാറിയത്. പിണറായി വിജയന്റെ ശിങ്കിടികൾ ഒഴിച്ച് മഹാഭൂരിപക്ഷവും സഹാനുഭൂതിയോടെയാണ് പെരുമാറിയത്.

ജയിൽ ജീവിതം എങ്ങനെയായിരുന്നു?

പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയായിരുന്നല്ലോ. അങ്ങനെ ഒരു പത്ത് പതിനാല് സ്ഥലങ്ങളിൽ പോയി.

ജഡ്ജിമാർക്ക് പോലും സഹതാപം ഉണ്ടായിരുന്നു അല്ലേ?

അവരൊക്കെ ജാമ്യം തന്നു. തേങ്ങയെറിഞ്ഞെന്ന കേസിലെ കുടുംബം എന്നെ വിളിച്ചിരുന്നു. അവര് പാവങ്ങൽ. ഡിവൈഎഫ്ഐക്കാർ ചെന്നിരുന്ന് എഴുതി ഉണ്ടാക്കിയ പരാതിയാണ്.

പിണറായി വിജയൻ എന്ന നേതാവിനെ എങ്ങനെ വിലയിരുത്തുന്നു?

പിണറായി വിജയനെ ഒരു വ്യക്തി എന്ന നിലയിൽ ഞാൻ വിലയിരുത്തേണ്ട കാര്യമില്ലല്ലോ. കേരളം വിലയിരുത്തേണ്ടതാണ്. പിണറായി വിജയൻ ഒരു കെട്ടിപ്പൊക്കിയ ഇമേജാണെന്നാണ് എന്റെ വിലയിരുത്തൽ. പിണറായി വിജയനെ പോലെ ദുർബലനായ ഒരു ഭരണാധികാരി ഇല്ല എന്നതിന് തെളിവാണ് ശിവശങ്കരൻ. ഇത്രയധികം വീഴ്‌ച്ച സംഭവിച്ച വേറെ ഏത് നേതാവുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിൽ നടന്ന അഴിമതികളിൽ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാൽ അദ്ദേഹം കഴിവുകെട്ട ഭരണാധികാരിയാണ്. അതല്ല അറിവുണ്ടെങ്കിൽ അഴിമതിക്കാരനും. വി എസ് അച്ചുതാനന്ദനുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയന് അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയില്ല എന്നാണെന്റെ വിശ്വാസം.

ഉമ്മൻ ചാണ്ടിയേയും പിണറായി വിജയനേയും താരതമ്യം ചെയ്താൽ?

അവർ രണ്ടും നല്ല സാമ്യതയുണ്ട്. എതിർപ്പുള്ളവരാണെങ്കിലും ഉമ്മൻ ചാണ്ടി മൂടിവെക്കും. അതൊഴിച്ചാൽ ഇവർ രണ്ടുപേരും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ല.

ഇത്രയും ധൂർത്തും ധാർഷ്ട്യവും മറ്റൊരു കാലത്തും ഇത്രയും ഉണ്ടായിട്ടുണ്ടോ?

ഇതുപോലെ കൊള്ളയടിച്ച ഒരു ​ഗവൺമെന്റ് ഉണ്ടാകില്ല. ഇപ്പോ ചെറുപ്പക്കാരുടെ കാര്യം. എംബി രാജേഷിനോട് ഇപ്പോൾ സഹതാപം തോന്നുകയാണ്. വലിയ തോതിൽ വിമർശിക്കുമ്പോഴും ഒരു ബഹുമാനം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം ഭാര്യക്ക് വേണ്ടി ഇത്ര ചീപ്പായി എങ്ങനെ ഒരാൾക്ക് പ്രവർത്തിക്കാൻ കഴിയും. ഒരാൾ മാത്രമല്ലല്ലോ. ഈ യുവ നേതാക്കൽ മുഴുവൻ. എല്ലാവരും ഭരണം മാറും മുമ്പ് വിവാഹം കഴിച്ച് ഭാര്യമാരെ സർക്കാർ സർവീസിൽ കയറ്റാൻ ഓടി നടക്കുകയാണ്.

തുടരും...