- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുസ്തകംവിറ്റ് കള്ളുകുടിച്ചിട്ടുണ്ട്; ഇഷ്ടംപോലെ ഗേൾഫ്രണ്ട്സുമുണ്ട്; എല്ലാം പരീക്ഷിച്ചിട്ടും ജീവിതപൂർണത ഇല്ലാതായപ്പോൾ രക്ഷകയായത് മദർതെരേസ; ബോബി ചെമ്മണ്ണൂർ മറുനാടനോട് മനസു തുറക്കുന്നു
മാർച്ച് പന്ത്രണ്ടിനാണ് ജ്വല്ലറി രംഗത്തെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ എന്ന യുവാവ് രക്തദാനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കാനും രക്തദാനസേനയും ജില്ലകൾതോറും രക്തബാങ്കും സ്ഥാപിക്കാനും ഉദ്ദേശിച്ച് കാസർകോട്ടുനിന്ന് ഓട്ടം തുടങ്ങിയത്. ജ്വല്ലറിയുടെ പരസ്യപ്രചരണവുമായി ബന്ധപ്പെട്ട് ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയെ ആദ്യമായി കേര
മാർച്ച് പന്ത്രണ്ടിനാണ് ജ്വല്ലറി രംഗത്തെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ എന്ന യുവാവ് രക്തദാനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കാനും രക്തദാനസേനയും ജില്ലകൾതോറും രക്തബാങ്കും സ്ഥാപിക്കാനും ഉദ്ദേശിച്ച് കാസർകോട്ടുനിന്ന് ഓട്ടം തുടങ്ങിയത്. ജ്വല്ലറിയുടെ പരസ്യപ്രചരണവുമായി ബന്ധപ്പെട്ട് ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയെ ആദ്യമായി കേരളമണ്ണിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചപ്പോൾ മുതൽ ചെമ്മണ്ണൂർ ജ്വല്ലറിയുടമയായ ബോബിയുടെ ഓരോ ചുവടുവയ്പും വാർത്തയായി. മറഡോണയെ കൊണ്ടുവന്നതുൾപ്പെടെ കണ്ട പലരും ബോബിയെ 'അഭിനവ പ്രാഞ്ചിയേട്ടൻ' എന്നുവിളിച്ച് കളിയാക്കി.
രക്തദാന മഹത്വം പ്രചരിപ്പിക്കാൻ കേരളം മുഴുവൻ ഓടുന്നത് മറ്റൊരു 'പ്രാഞ്ചിയേട്ടൻ കിറുക്കാ'യും വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, അതിനൊന്നും ചെവികൊടുക്കാതെ ഉറച്ച ചുവടുകളുമായി ഓടിയോടി ബോബി ഒരു മാസവും പത്തുനാളും പിന്നിട്ട് ഇന്ന് തിരുവനന്തപുരത്ത് ഓട്ടത്തിന്റെ സമാപനത്തിന് ചുവടുവയ്ക്കുകയാണ്. ഇത്തരമൊരു സംരഭത്തിന് സഹായകമായതിനെക്കുറിച്ചും കുട്ടിക്കാലത്ത് പുസ്തകംവിറ്റ് കള്ളുകുടിച്ചതിനെക്കുറിച്ചും ഇഷ്ടംപോലെ ഗേൾഫ്രണ്ട്‌സ് ഉള്ളതിനെക്കുറിച്ചുമെല്ലാം ബോബി മറുനാടനേനാട് മനസ്സുതുറക്കുന്നു.
- ഇത്തരമൊരു സംരംഭത്തിന് തുടക്കമിടാനുള്ള പ്രചോദനം?
നമുക്ക് ലഭിച്ച ആരോഗ്യം, ജീവൻ, ജീവിതം, സമ്പത്ത് ഇതൊന്നും നമ്മുടെ കഴിവല്ല. ദൈവത്തിന്റെ ദാനമാണ് എന്നുള്ള ഒരു തിരിച്ചറിവ്. ഈ അനുഗ്രഹങ്ങളെല്ലാം മറ്റുള്ളവർക്കുകൂടി ഉപകാരമുണ്ടാകും വിധം പങ്കുവയ്ക്കണം. അത് അവർക്കുമാത്രമല്ല, നമുക്കും സന്തോഷം തരും എന്നതാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിയതിന്റെ പ്രധാന കാരണം. രക്തദാന പ്രോത്സാഹനം എന്നതിലേക്ക് വരാൻ പ്രധാനമായും കാരണമായത് ബാംഗ്‌ളൂരിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ്.
രണ്ടുവർഷം മുമ്പ് മാണ്ഡ്യയ്ക്ക് സമീപത്തുവച്ചാണെന്നാണ് ഓർമ്മ. ഒരു അപകടത്തിന് ഞാൻ ദൃക്‌സാക്ഷിയായി. പരിക്കേറ്റ ഒരു യുവാവ് നെഞ്ചുപിളർന്ന് കിടക്കുന്നു. അയാളെ പലരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്തുകൊണ്ടോ ഞാൻ കൂടെ പോയില്ല. പിറ്റേന്നുകേട്ടു അയാൾ മരിച്ചെന്ന്. ആശുപത്രിയിലെത്തി രണ്ടുമണിക്കൂർ കാത്തിരുന്നാണ് രക്തം കിട്ടിയത്. അത് കാശുകൊടുത്ത് വാങ്ങേണ്ടിവന്നു എന്നും അറിഞ്ഞു. എന്നിട്ടും അയാൾ രക്ഷപ്പെട്ടില്ല. ഇതറിഞ്ഞതോടെ അയാൾക്കൊപ്പം പോകാനാകാതിരുന്നതിൽ വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ ഒരു പക്ഷേ, കൂടെ പോയിരുന്നെങ്കിൽ... എന്റെ രക്തം ഒരുപക്ഷേ അയാൾക്ക് ഉപകരിച്ചിരുന്നെങ്കിൽ എന്നല്ലാം ഓർത്ത് വിഷമമായി. അതിനുശേഷമാണ് ഇത്തരത്തിൽ രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കണമെന്നും രക്തബാങ്കുകൾ സ്ഥാപിക്കണമെന്നുമെല്ലാം തോന്നലുണ്ടായത്.
ഇതല്ലാതെ പ്രധാനമായും അനാഥരെ സംരക്ഷിക്കുന്ന പദ്ധതികളാണ് ഞാൻ പ്രധാനമായും നടത്തുന്നത്. മൂന്നുവർഷമായി ആ രംഗത്തുണ്ട്. അനാഥരില്ലാത്ത ഒരു ലോകം എന്നതാണ് സങ്കൽപം. തെരുവിൽകിടക്കുന്ന അനാഥരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. അങ്ങനെ നാന്നുറോളം അനാഥരെ സംരക്ഷിക്കുന്നു. ചെമ്മണ്ണൂർ ലൈഫ് വിഷൻ ഹോമിൽ നേനരിട്ട് നൂറുപേരെയും മറ്റുള്ള സ്ഥലങ്ങളിൽ മുന്നൂറോളം പേർക്ക് സഹായങ്ങൾ നൽകിയും സംരക്ഷിക്കുന്നുണ്ട്.
- അനാഥരെ സംരക്ഷിക്കുക എന്ന ആശയത്തിനു പിന്നിൽ?
എന്റേത് ഒരു പ്രത്യേക സ്വഭാവമാണ്. എന്തും എളുപ്പം മടുത്തുപോകുന്ന പ്രകൃതം. ആറാംക്‌ളാസിലൊക്കെ പഠിക്കുമ്പോൾ സൈക്കിൾ കിട്ടണമെന്നായിരുന്നു ആഗ്രഹം. രണ്ടുവർഷമായപ്പോഴേക്കും അത് മടുത്തു. പത്തിലെത്തിയപ്പോഴേക്കും ബൈക്ക് കിട്ടണമെന്നായി മോഹം. കോളേജിലെത്തിയപ്പോൾ കാറുവേണം എന്നായി. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം കൂടി സിഗരറ്റുവലി തുടങ്ങി. അതു മടുത്തപ്പോൾ കള്ളുകുടിയായി. പിന്നീട് അതിൽതാൽപര്യംകുറഞ്ഞ് ഗേൾഫ്രണ്ട്‌സിലായി കമ്പം. അതൊരു നല്ലപരിപാടി ആണെങ്കിലും അതുകൊണ്ടൊന്നും കാര്യങ്ങൾ പൂർണമാകുന്നില്ലെന്നൊരു തോന്നലായി. ഒരു താൽക്കാലിക സുഖമുണ്ട് എന്നതൊരു സത്യംതന്നെ. ദൈവത്തിന്റെ സൃഷ്ടിയിലുള്ളതാണല്ലോ ആണും പെണ്ണുമൊക്കെ. അതിനെ മോശമായി ചിത്രീകരിക്കാൻ പറ്റില്ല. എങ്കിലും അതുകൊണ്ടൊന്നും പൂർണമായ ജീവിതത്തിലേക്ക് എത്തി എന്ന് പറയാനാവില്ലെന്ന തോന്നലായി. അപ്പോൾ അമ്മയൊക്കെ പറഞ്ഞു കല്യാണം കഴിച്ചാൽ ശരിയായും. ഇതെല്ലാം പ്രായത്തിന്റേതാണ് എന്നൊക്കെ. അങ്ങനെ കല്യാണംകഴിച്ചു. ഭാര്യയും ഒരു കുട്ടിയുമായി. എന്നാലും എന്തൊക്കെയോ ചെയ്യാൻ വേണ്ടിയൊരു വെമ്പൽ. അങ്ങനെ മടുത്തു നിൽക്കുമ്പോഴാണ് മദർതെരേസയുടെ പുസ്തകങ്ങൾ വായിക്കാൻ കിട്ടുന്നത്.
മനുഷ്യർക്കെല്ലാം മടുപ്പുണ്ടാകുമെന്നും പലതും ലഭിക്കാത്തതുകൊണ്ടാണ് മടുക്കാത്തതെന്നും ആ പുസ്തകങ്ങളിൽ നിന്നാണ് മനസ്സിലാകുന്നത്. ഒന്നു കിട്ടിയാൽ പത്തുകിട്ടണമെന്നും പിന്നെ നൂറു വേണമെന്നുമൊക്കെ തോന്നുന്നത് മനുഷ്യസഹജം. പക്ഷേ, സ്‌നേനഹം മാത്രം മടുക്കില്ലെന്ന മദർതെരേസയുടെ വാക്കുകളാണ് അനാഥരെ സംരക്ഷിക്കണമെന്ന തോന്നലുണ്ടാക്കിയത്. അതൊന്നു പരീക്ഷിക്കാമെന്ന് തോന്നി. ചാരിറ്റി പ്രവർത്തനങ്ങളാണ് മദർതെരേസ നിർദേശിക്കുന്നത്. അങ്ങനെയാണ് പുവർഹോമുകൾ തുടങ്ങുന്നത്. അപ്പോൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേകതരം സ്‌നേനഹം കിട്ടിത്തുടങ്ങി. അത് ഇതുവരെ മടുത്തിട്ടില്ല.
പിന്നെയുള്ളത് അറിവാണ്. നമ്മൾ സമ്പത്തിന്റെ അവകാശികളല്ല എന്നുള്ളത്. നമ്മൾ സൂക്ഷിപ്പുകാർ മാത്രമാണ്. ജനിച്ചപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോൾ ഒന്നും കൊണ്ടുപോകുകയുമില്ല. എത്ര കോടീശ്വരനും മൂന്നുനേനരം തന്നെയേ കഴിക്കുന്നുള്ളൂ. ആയിരം രൂപയുള്ളവനും ആയിരം കോടിയുള്ളവനും ഒരു കാഷ്യറെപ്പോലെ എണ്ണിക്കൊണ്ടിരിക്കാനേന സാധിക്കുന്നുള്ളൂ. സമ്പത്തുവേണം.. പണിയെടുക്കണം അതിനൊന്നും എതിരല്ല. പക്ഷേ, മനുഷ്യൻ സമ്പത്തിനുവേണ്ടി കൊലപാതകംവരെ ചെയ്യുന്നു. സമ്പത്ത് എത്തിപ്പിടിക്കാൻ പറ്റാതെ നിരാശരായി, മരണം വരെ സ്‌നേനഹിക്കാനറിയാതെ, ജീവിക്കാനറിയാതെ, ജീവിതം എന്തെന്നറിയാതെ മരിച്ചുപോകുന്നു. ആ അറിവാണ് പ്രധാനം. അതിനാൽ സമ്പത്ത് വേണം എന്ന് പറയുമ്പോൾത്തന്നെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സ്‌നേനഹം, സേവനം എന്നതൊക്കെയാണ് മടുക്കാത്ത ഒരു അവസ്ഥയുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി ഇത്തരത്തിൽ ഒരു സന്തോഷമുള്ള ജീവിതത്തിലേക്ക് വരാൻ കാരണം.
- റൺ ബോബി റൺ ഓട്ടത്തിനിടയിലെ അനുഭവങ്ങൾ?
നല്ല അനുഭവങ്ങളാണ്. ഒന്നാമതായി ഓടിയോടി ഭാരം ശരിക്കും കുറഞ്ഞു. 85 കിലോ ഉണ്ടായിരുന്നത് പത്തരക്കിലോ കുറഞ്ഞ് 74.5 കിലോയായി. മാർച്ച് 12നാണ് കാസർകോട്ട് ഓട്ടം തുടങ്ങിയത്. ഇടയ്ക്ക് മൂന്നുനാല് ദിവസം ഗ്യാപ് ഉണ്ടായതൊഴിച്ചാൽ ബാക്കിയെല്ലാദിവസവും ഓടി. സ്‌നേഹത്തോടും ആത്മാർത്ഥതയോടും കൂടിയാണ് കുട്ടികളും മുതിർന്നവരുമെല്ലാം എന്നെ സ്വീകരിച്ചതും പിന്തുണച്ചതും. കണ്ണൂരിൽ 90 വയസ്സുകഴിഞ്ഞ ഒരു അമ്മൂമ്മ കൂടെ ഓടിയത് എന്നെ അത്ഭുതപ്പെടുത്തി. ഓരോയിടത്തും കുറച്ചുകുറച്ചുപേർ വന്ന് കുറച്ചുദൂരം കൂടെ ഓടും. അങ്ങനെ ലക്ഷക്കണക്കിനു പേർ ഓടിക്കഴിഞ്ഞു. മുഴുവനായും ആരും കൂടെ ഓടിയിട്ടില്ല. കൂടെയുള്ളവർ ഇടയ്ക്ക് വിശ്രമിക്കും. പിന്നെ കൂടെയെത്തും. അങ്ങനെയായിരുന്നു ഓട്ടം. 812 കിലോമീറ്ററാണ് ഓടിയത്. 600 സെന്ററുകളിലെ സ്വീകരണവും ബോധവൽക്കരണ ക്‌ളാസും വിവിധ പാർട്ടികളിലെ നേനതാക്കളുടെ പ്രസംഗവും എല്ലാം ഉണ്ടായിരുന്നു. ഇതുവരെ ഏകദേശം 19 ലക്ഷത്തോളം പേർ രക്തദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി കേരളത്തിൽ എല്ലാ ജില്ലകളിലും രക്തബാങ്കുകൾ തുടങ്ങും. ആദ്യം ഒരു ജില്ലയിൽ പൈലറ്റ് ബാങ്ക് തുടങ്ങിയ ശേഷം അത് ശരിയായി പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞാൽ പടിപടിയായി മറ്റു ജില്ലകളിലും ബാങ്കുകൾ തുടങ്ങാനാണ് പരിപാടി.
- ഓട്ടത്തിനിടയിലെ ഒരുദിവസം?
രാവിലെ എട്ടര, ഒമ്പതുമണിയോടെയാണ് ഓട്ടം തുടങ്ങുക. താമസം വീടുള്ള സ്ഥലങ്ങളിൽ അവിടെ. അല്ലെങ്കിൽ ഹോട്ടലിൽ. ഒരു മണിവരെയാണ് ഓട്ടം. അതിനിടയ്ക്ക് സ്വീകരണങ്ങൾ ഉണ്ടാകും. ഓടുന്നതിന് ഫുള്ളായി ലൈവ് റെക്കോഡിങ് ഉണ്ട്. ഷൂസിൽ എത്ര ദൂരം ഓടിയെന്നറിയാൻ ചിപ്പ് ഉണ്ട്. സെൻസറുണ്ട്. പിന്നെ കളക്ടർ, പൊലീസ് തുടങ്ങിയവരിൽ നിന്ന് എത്ര കിലോമീറ്റർ ഓടിയെന്ന് സാക്ഷ്യപ്പെടുത്തി വാങ്ങുന്നുണ്ട്. ഒറ്റ കിലോമീറ്റർ പോലും വാഹനത്തിൽ പോയിട്ടില്ല. എല്ലായിടത്തും ഓടുകതന്നെയായിരുന്നു. ലോകത്ത് പലരും ഓടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഫുൾ പ്രൂഫായി ഓടിയിട്ടില്ല. അവർ ഒറ്റയ്ക്കാണ് ഓടിയിട്ടുള്ളത്.
ഇതിന്റെ ലക്ഷ്യം പക്ഷേ, റെക്കോഡ് ഒന്നുമല്ല. പൂർണലക്ഷ്യം ബ്‌ളഡ് ബാങ്ക്, രക്തദാനം എന്നതുതന്നെയാണ്. അതേസമയം റെക്കോഡ് വരുന്നത് നല്ലതാണ്. അത് പ്രോത്സാഹനമാണ്. കൂടുതൽ ആവേശം തരുമെന്ന് മാത്രം. കോഴിക്കോടും തൃശൂരുമൊക്കെ എത്തിയപ്പോഴൊക്കെ ഫാമിലിയും കൂടെയുണ്ടായിരുന്നു. ഇന്ന് സമാപനത്തിന് അവർ എത്തില്ല. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് പോയിരിക്കുകയാണ്.
- ഭാവി പരിപാടികൾ?
ഇതു കഴിഞ്ഞാൽ 'യുദ്ധത്തിനെതിരെ.. പട്ടിണിക്കെതിരെ..' എന്ന സന്ദേശവുമായി ഒരു ഓട്ടമാണ് പദ്ധതിയിൽ. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും എല്ലാമായിരിക്കും ഈ ഓട്ടം. കേരളം, തമിഴ്‌നാട്, ബോംബെ, ഗൾഫ് എന്നിവിടങ്ങളിലാണ് ഇപ്പോൾ ബിസിനസ് നെറ്റ്‌വർക്കുകൾ ഉള്ളത്. സാധാരണയായി ബിസിനസ് രംഗത്തുള്ളവർ ഇങ്ങനെ സാമൂഹ്യസേവന രംഗത്തേക്ക് കടന്നുവരുന്നത് കുറവാണ്. പക്ഷേ, ഇതൊക്കെയൊരു തോന്നലാണ്. ദൈവം തോന്നിപ്പിച്ചു. ചെയ്യുന്നു. അങ്ങനെ തോന്നുന്നത് ചെയ്യുന്നവൻ ആണല്ലോ മനുഷ്യൻ. അതാണല്ലോ തോന്ന്യവാസി എന്ന് പറയുന്നത്. ഇങ്ങനെ ഓടി ലക്ഷ്യത്തിലെത്താൻ പറ്റുമെന്ന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. ഇതിന് പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും വേണ്ടിവന്നില്ല. നേനരത്തെ തന്നെ ഞാൻ സ്ഥിരമായി ദിവസം അഞ്ചാറുകിലോമീറ്റർ ഓടുന്നയാളാണ്. നല്ലൊരു സ്‌പോർട്‌സ്മാൻ ആണ്. പക്ഷേ, ആരോഗ്യം മാത്രം പോരാ. മനസ്സ് പതറരുത്. മനസ്സും ശരീരവും ഒരുപോലെ തുണച്ചതുകൊണ്ടാണ് ഓട്ടം പൂർത്തിയാക്കാനായത്. ഞാൻ ഫുട്ബോൾ ഓട്ടം, ചാട്ടം, വോളിബാൾ, ഷൂട്ടിങ്, ഹൈജമ്പ്, കരാട്ടെ, കുങ്ഫു, ഡാൻസ് എന്നിവയെല്ലാം അത്യാവശ്യം പരിശീലിച്ചിട്ടുണ്ട്.
- പൊളിറ്റിക്‌സ്, സിനിമ, ദൈവവിശ്വാസം?
ഈ ഓട്ടത്തിനിടയിൽ പലരും ചോദിച്ചിരുന്നു. ഇതുകഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് വരുമോ.. അല്ലെങ്കിൽ സിനിമയിൽ അഭിനയിക്കുമോ എന്നൊക്കെ. രാഷ്ട്രീയത്തിൽ വരാൻ ഉദ്ദേശ്യമേയില്ല. ഒരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞാൽ പോലും താൽപര്യമില്ല. അതൊക്കെ വലിയ കഷ്ടപ്പാടും ബുദ്ധിമുട്ടുമുള്ള പണിയാണ്. അതൊന്നും സാധിക്കില്ല. നടനാവാനും ആഗ്രഹമില്ല. പക്ഷേ, സിനിമ ഇഷ്ടമാണ്. ഒരുവിധം സിനിമയൊക്കെ കാണും. ഈ ഓട്ടത്തിനിടയില്പോലും പ്രധാന പണി സിനിമ കാണലായിരുന്നു. ഓട്ടംകഴിഞ്ഞ് രാത്രിയാണ് സിനിമ കാണുക. പലതിലും അഭിനയിക്കാനും മറ്റും വിളിച്ചിരുന്നു. പക്ഷേ, തീരെ താൽപര്യമില്ല.
എന്നാൽ വായന വളരെ കുറവാണ്. മടിയനാണ്. എന്നാൽ മദർതെരേസയുടെ പുസ്തകങ്ങൾ വായിച്ചത് വേറെ കാര്യം. അന്നത്തെ അവസ്ഥ അങ്ങനെയായിരുന്നു. ജീവിതം മടുത്തുതുടങ്ങിയ സ്ഥിതിയായിരുന്നു. അപ്പോഴാണ് ആ പുസ്തകങ്ങൾ പ്രതീക്ഷ തന്നത്. പിന്നൊരു കാര്യം ഈ ഓട്ടത്തിൽ സംഭാവന എടുക്കുന്നില്ല. കൊടുക്കുകയാണ് ചെയ്യുന്നത്. 600 സെന്ററുകളിലാണ് സഹായം ചെയ്യുന്നത്. ജില്ലയിൽ ഒരുകോടി എന്ന നിലയിൽ 14 കോടിയാണ് ചെലവഴിക്കുന്നത്. ഇന്ന് ഓട്ടത്തിന്റെ സമാപനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആയിരംപേർക്ക് ധനസഹായവും നൽകുന്നുണ്ട്.
- താങ്കൾ സിംപിൾ സ്വഭാവക്കാരനാണോ?
ഞാൻ സിംപിൾ ആവാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പക്ഷേ, എല്ലാവരും പറയുന്നുണ്ട് സിംപിളായെന്ന്. ഒരുപക്ഷേ, അതിനു കാരണം ഈ ഡ്രസ് ആയിരിക്കും. വെള്ളയും വെള്ളയും ഇട്ട് നടക്കുന്നതുകൊണ്ട് പറയുന്നതായിരിക്കും. ഇതെന്റെ അപ്പാപ്പന്റെ ഡ്രസ്സിങ് സ്റ്റൈലാണ്. പുള്ളിയോടുള്ള സ്‌നേനഹംകൊണ്ട ജനങ്ങൾ പറഞ്ഞ് നമ്മളെ സിംപ്‌ളൻ ആക്കിയതാണ്. എന്റെ ഡ്രസ്സിങ് ഓരോ മൂഡ് അനുസരിച്ചാണ്. ചില ദിവസം വളരെ സിംപിളായി നടക്കും. ചിലപ്പോൾ ഫൈവ്സ്റ്റാറിൽ താമസിക്കും. ചിലപ്പോൾ ലോഡ്ജിൽ. തട്ടുകടയിൽ നിന്ന് കഴിക്കും. കൂടുതൽ ഇഷ്ടം അതാണ്. എന്നാലും എല്ലാ റേഞ്ചുകളിലും പോകുന്നൊരു ക്യാരക്ടറാണ്. അല്ലാതെ, ഒരു പേരെടുക്കാൻ വേണ്ടി സിംപിൾ ആവാൻ ചെയ്തതല്ല. അങ്ങനെ ഇല്ലാത്തൊരു സിംപതി പറഞ്ഞുണ്ടാക്കേണ്ട കാര്യമില്ല. പറ്റാവുന്ന സഹായംചെയ്യുക. സ്‌നേനഹം നേനടുക എന്നു മാത്രമേ ഉദ്ദേശ്യമുള്ളൂ. സ്‌നേനഹമാണെന്റെ ഏറ്റവും വലിയ പ്രചോദനം.
- കള്ളപ്പണവുമായും മറ്റും ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ?
അത്തരം ആരോപണങ്ങളെ ഞാൻ വളരെയധികം സപ്പോർട്ട് ചെയ്യും. കാരണം പോസിറ്റീവും നെഗറ്റീവും അല്ലാതെ ഒരു ആക്ഷൻ ഉണ്ടാവില്ല. വെറും പോസിറ്റീവായി, എല്ലാവരും നല്ലതുമാത്രം പറഞ്ഞാൽ തീർന്നു. നമുക്ക് ഒരു ആക്ഷൻ, അല്ലെങ്കിൽ ഒരു ത്രില്ല് ഉണ്ടാവണമെങ്കിൽ എപ്പോഴും നെഗറ്റീവും ഉണ്ടാവണം. ആ നെഗറ്റീവാണ് ഒരാൾ പോസിറ്റീവ് ആണ് എന്നതിന്റെ ലക്ഷണം. ആരോപണം ഉയരുന്നു എന്നുണ്ടെങ്കിൽ അയാൾ വളരെ പോസിറ്റീവായി മുന്നേറുന്നു എന്നതിന്റെ തെളിവാണത്. അത് നമ്മുടെ ആത്മവിശ്വാസം കൂട്ടും. വഴിയിൽക്കൂടി പോകുന്നവരെക്കുറിച്ച് ആരും ഒന്നും പറയാറില്ലല്ലോ. ബിസിനസിലും അത്യാവശ്യം ശത്രുതയൊക്കെയുണ്ട്. പാരവയ്‌പ്പും കൊള്ളിവയ്‌പ്പുമെല്ലാം. പക്ഷേ, അതൊന്നും മൈൻഡ് ചെയ്യാറില്ല.
കാരണം ബിസിനസ് എന്നെ സംബന്ധിച്ച് സെക്കൻഡറിയാണ്. സംഭാവന സ്വീകരിക്കാത്തതുകൊണ്ട് സേവനത്തിനും മറ്റുമായി ബിസിനസ് ചെയ്യുന്നു. അത്യാവശ്യം സന്ദർഭങ്ങളിൽ ഡവലപ് ചെയ്ത് ഒരുവിധം റീസണബിൾ ആയി പോകുന്നു. ഒരു ബിസിനസ് ജയന്റായി ലോകംമുഴുവൻ പടർന്ന് വളരണമെന്ന ആഗ്രഹമൊന്നും ഇല്ല. അങ്ങനെ ഉദ്ദേശിക്കുന്നേയില്ല. കാരണം ആകെയൊരു ജന്മമേയുള്ളൂ. അത് ക്യാഷും ടൈമും ബിസിനസും മാത്രമായി ഇരിക്കാൻ താൽപര്യമേയില്ല. ചാരിറ്റി, എന്റെ പേഴ്‌സണൽ സമയം, എൻജോയ്‌മെന്റ്, സ്‌പോർട്‌സ്, ബിസിനസ്.. അങ്ങനെ എല്ലാംകൂടി അനുഭവിച്ച് മരിക്കുന്നതുവരെ ജീവിക്കുക എന്നേയുള്ളൂ.
- കുട്ടിക്കാലം എങ്ങനെയായിരുന്നു?
കുരുത്തംകെട്ടവനായിരുന്നു. എല്ലാ അർത്ഥത്തിലും. എല്ലാ കലാപരിപാടികളും ഉണ്ടായിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലും ഹോസ്റ്റലുകളിലും എല്ലാമായിരുന്നു പഠിത്തം. പൊതുവേ മടിയനായിരുന്നു. ക്‌ളാസ് കേട്ട് എഴുതി കഷ്ടി പാസ്സാവും. ഹോസ്റ്റലിൽ ഉള്ളപ്പോൾ പുസ്തകമൊന്നും വായിക്കാറില്ല. മടിയാണ് പൊതുവേ. പുസ്തകമൊക്കെ വിറ്റ് കള്ളു കുടിച്ചിട്ടുണ്ട്. ബാർട്ടർ സമ്പദായമായിരുന്നു. പുസ്തകം ഡേ സ്‌കോളേഴ്‌സിന് വിൽക്കും. ഒരു പുസ്തകത്തിന് ഒരു കുപ്പി. അങ്ങനെയായിരുന്നു. വീട്ടീന്ന് പോക്കറ്റ് മണി കിട്ടില്ല. പുസ്തകം വേണമെങ്കിൽ വാങ്ങിത്തരും. എത്രവേണമെങ്കിലും. യൂണിഫോമും ഇഷ്ടംപോലെത്തരും. അത് ഡസൻകണക്കിന് വാങ്ങിച്ചാണ് വിറ്റ് കള്ളുകുടി.
അന്ന് ഹോസ്റ്റലിനടുത്ത് ഷാപ്പിൽ നല്ല തെങ്ങിൻകള്ള് കിട്ടുമായിരുന്നു. ഇതു തുറന്നു പറയുന്നതുകൊണ്ട് ഇമേജ് പോകുമെന്നൊന്നും പേടിയില്ല. മന്ത്രിയാകാൻ ഉദ്ദേശമില്ല. തന്ത്രിയാവാനേനാ ആൾദൈവമാവാനേനാ ഒന്നും ആഗ്രഹവുമില്ല. എന്നതുകൊണ്ട് പ്രത്യേക ഇമേജിന്റെ ആവശ്യവുമില്ല. ചെയ്യുന്നതൊക്കെ തുറന്നുപറയും എന്നതാണ് എന്റെ പ്രകൃതം. എനിക്ക് ഇഷ്ടംപോലെ ഗേൾഫ്രണ്ട്‌സ് ഉണ്ട്. അതൊരു മോശം കാര്യമൊന്നുമല്ല. ദൈവത്തിന്റെ സൃഷ്ടിയിലുള്ളതാണ് ആണും പെണ്ണുമൊക്കെ. പക്ഷേ, എത്ര ഗേൾഫ്രണ്ട്‌സ് ഉണ്ടെന്ന് ഞാൻ പറയില്ല. കാരണം അത് ഞാൻ മാത്രമല്ലല്ലോ തുറന്നുപറയേണ്ടത്. അവരുടെ സമ്മതമില്ലാതെ ഞാൻ പറയാൻ പാടില്ലല്ലോ. അങ്ങനെ പറയുന്നത് ശരിയല്ല. അത് ഒറ്റയ്ക്ക പറയാനുള്ള അവകാശം നമുക്കില്ലല്ലോ.. ബോബി ചെമ്മണ്ണൂർ പറഞ്ഞു നിർത്തുന്നു. വീണ്ടും മറ്റ് ഇന്റർവ്യൂകളിലേക്കും 'റൺ ബോബി റൺ' ഓട്ടത്തിന്റെ സമാപന ചടങ്ങിലേക്കും.