ആലപ്പുഴ : പുരോഹിത വേഷത്തിൽ അവസാന സമയത്ത് ആശുപത്രി പ്രദേശത്ത് തങ്ങൾ ആരെയും കണ്ടിരുന്നില്ല. ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്് മാർ ജോസഫ് പവ്വത്തിൽ ടി വിയെ കാണാൻ വന്നത് ഏതു വേഷത്തിലായിരുന്നുവെന്നുകൂടി വ്യക്തമാക്കണം. വേഷം മാറി എത്തിയതാണോയെന്നു കൂടി പറയണം. വേദനകൊണ്ട് പുളയുന്ന ടി വിയെ കാണാൻ ഒരു പുരോഹിതൻ വന്നതായി തനിക്കോ തന്റെ പിതാവ് വർഗീസ് വൈദ്യനോ അറിയില്ലെന്ന് കമ്യൂണിസ്റ്റ് സഹയാത്രികനും പ്രശസ്ത സിനിമാ നിർമ്മാതാവുമായ ചെറിയാൻ കല്പകവാടി മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

മരണസമയത്ത് തൊട്ടരികിലുണ്ടായിരുന്നത് എന്റെ പിതാവ് വർഗീസ് വൈദ്യനായിരുന്നു. അന്ത്യകൂദാശയും കുമ്പസാരവും ആവശ്യമെങ്കിൽ ആത്മസുഹൃത്ത് അരികിലുണ്ടായിട്ടും പറയാതെ വേദനകൊണ്ട് പുളയുന്ന സഖാവ് പുരോഹിതനെ തെരഞ്ഞുപിടിച്ച് കുമ്പസാരം ആവശ്യപ്പെട്ടെന്ന് പറയുന്നതിലെ ചതി ജനങ്ങൾ തിരിച്ചറിയണം. പവ്വത്തിൽ പിതാവ് വെളിപ്പെടുത്തിയത് സത്യമെന്നു തെളിയിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ സഭയ്ക്കും തിരുവസ്ത്രത്തിനും അപമാനമാണ്. ടി വിയുടെ അരികിലുണ്ടായിരുന്നവർക്കുപോലും അറിയാതിരുന്ന സംഗതി തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിൽ ദുരൂഹതയുണ്ട്.

വെളിപ്പെടുത്തലിനെതിരെ ഇടതുപക്ഷ നേതാക്കൾ രംഗത്തെത്തി ബിഷപ്പിനെതിരെ പറയുമെന്ന ചിന്തയായിരുന്നു പിതാവിന്റെത്. അതുവഴി ക്രിസ്ത്യൻ വോട്ടുകൾ യു ഡി എഫ് പാളയത്തിലെത്തിക്കാനുള്ള ശ്രമവുമായിരുന്നു. ഏതായാലും ബിഷപ്പിന്റെ മനക്കോട്ട തകരുകയേയുള്ളു. ഇത് ആരോഗ്യപരമായി തകർന്ന ബിഷപ്പിന്റെ മാത്രം കളിയല്ല. മറിച്ച് വെളിപ്പെടുത്തലിനു പിന്നിൽ ഒരു ഗൂഢസംഘം തന്നെയുണ്ടെന്നു ചെറിയാൻ കല്പകവാടി ആരോപിച്ചു.

വിപ്ലവകാരിയായ ടി വിയെ പള്ളിയിൽ അടക്കാതിരുന്നതിലുള്ള രോഷമാണിത്. ടി വിയുടെ കുടുംബാംഗങ്ങൾ മരണസമയത്ത് അടുത്തുണ്ടായിരുന്നു. സഹോദരൻ ടി വി ചാക്കോ തികഞ്ഞ വിശ്വാസിയായിരുന്നു. ഒരുപക്ഷേ പള്ളിയിൽ അടക്കാനുള്ള ശ്രമം നടന്നിട്ടുണ്ടായിരിക്കാം. ടി വി പുന്നപ്രവയലാർ വിപ്ലവഭൂമിയിൽ അന്ത്യവിശ്രമം കൊള്ളണമെന്ന് ആഗ്രഹിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. അതനുസരിച്ചാണ് അടക്കിയതും. പിന്നൊരു വിവാദത്തിന്റെ ആവശ്യംതന്നെയില്ലാത്ത അവസരത്തിലാണ് പിതാവ് ഈ അസംബന്ധം പുറത്തുവിട്ടത്.

ദിവസങ്ങളോളം വേദന മാത്രം കടിച്ചമർത്തിയിരുന്ന ആളാണ് ടി വി. ഭക്ഷണമോ വെള്ളമോ ഒന്നും തന്നെ നൽകാൻ കഴിയുന്ന തരത്തിലുമല്ലായിരുന്നു. ഏതായാലും വ്യക്തതയില്ലാത്ത വെളിപ്പെടുത്തലിലൂടെ ഒരു സംസ്ഥാനമാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വിപ്ലവകാരിയെ കരിവാരിത്തേക്കാൻ മുൻപിതാവും സംഘവും കാട്ടുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെറിയാൻ കല്പകവാടി പറഞ്ഞു.