- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂർവ്വാശ്രമത്തിലെ പേര് ചിത്രകല; ദേവിയുടെ അനുഗ്രഹം ലഭിച്ചത് ഏഴ് വർഷം മുമ്പ് ആറ്റുകാൽ പൊങ്കാല ദിവസം; സിദ്ധി ചൂണ്ടിക്കാണിച്ചു തന്നതൊരു ദിവ്യൻ; ആത്മീയതയിലേയ്ക്ക് തിരിഞ്ഞപ്പോൾ ബന്ധുക്കൾ ഒറ്റപ്പെടുത്തി; ചിത്രാനന്ദമയി അമ്മ മറുനാടനോട് പറഞ്ഞ ജീവിതകഥ
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ താരം ചിത്രാനന്ദമയി അമ്മയാണ്. പലതരത്തിലുള്ള ട്രോളുകളും വിവിധ വീഡിയോകളും കൊണ്ട് ചിത്രാനന്ദമയിയെ ആഘോഷിക്കുകയാണ് മലയാളികൾ. ശരിക്കും ആരാണ് ചിത്രനന്ദമയി അമ്മ? എങ്ങനെയാണ് ഇത്രപെട്ടെന്ന് അവർ ട്രോളുകൾക്ക് വിഷയമായത്? അത്തരമൊരു അന്വേഷണമാണ് മറുനാടനെ വട്ടിയൂർക്കാവിലെ ചിത്രനന്ദമയി അമ്മ ഫൗണ്ടേഷന് മുന്നിലെത്തിച്ചത്. അവരുടെ ജീവിതകഥ മറുനാടനോട് തുറന്നു പറയുകയും ചെയ്തു.
''അലൗകികമായ മാതൃഭാവത്തിന്റെ അർത്ഥപൂർണമായ സന്നിധി' എന്ന ക്യാപ്ഷനോടെ വട്ടിയൂർക്കാവ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷനിലേയ്ക്ക് ഞങ്ങൾ എത്തിയപ്പോൾ ചില ഭക്തരൊക്കെ 'അമ്മ'യെ കാണാൻ അവിടെ കാത്തുനിൽക്കുന്നുണ്ട്.
ചിത്രകല എന്ന ചിത്രാനന്ദമയി
പൂർവാശ്രമത്തിൽ ചിത്രകല എന്നായിരുന്നു പേരെന്ന് ചിത്രാനന്ദമയി മറുനാടനോട് വെളിപ്പെടുത്തി. നെയ്യാറ്റിൻകരയ്ക്ക് സമീപം വണ്ടന്നൂരാണ് സ്വദേശം. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സുഹൃത്തുക്കളോട് നടത്തുന്ന പ്രവചനങ്ങളെല്ലാം ശരിയായി വന്നിരുന്നു എന്ന് അവർ അവകാശപ്പെടുന്നു.
ഭർത്താവ് മരിച്ച ശേഷം ജീവിക്കാനായി പല ജോലികളും ചെയ്തിരുന്നു. ഏറെ ദുരിതങ്ങൾ അക്കാലത്ത് അനുഭവിച്ചിരുന്നെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവി്ക്കാനായി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വർഷം ആയുർവ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിൽക്കാനും പോയിട്ടുണ്ട്. ഒടുവിൽ ജീവിക്കാൻ മാർഗമില്ലാതെ ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു. അക്കാലത്തും അവർ പ്രവചനങ്ങൾ നടത്തിയിരുന്നു. ഒരു ജോലി സ്ഥലത്തും അധികനാൾ തുടരാൻ അവർക്ക് കഴിഞ്ഞില്ല. വിവരണാതീതമായ ഒരു ആത്മീയസിദ്ധി തന്നിൽ നിറയുന്നത് അന്നേ തിരിച്ചറിഞ്ഞിരുന്നെന്നും അവർ പറയുന്നു.
സിദ്ധി തിരിച്ചറിയുന്നത്
ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകൾ കളിയാക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടുകയും ചെയ്തെങ്കിലും തന്റെ കഴിവിൽ പൂർണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്. മുമ്പ് പല ജോലികൾ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന താൻ ചിത്രാനന്ദമയി അമ്മയായതെന്ന് അവർ പറയുന്നു.
തന്റെ സിദ്ധികൾ കൊണ്ട് മറ്റ് മനുഷ്യർക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കിൽ താനിപ്പോഴും വാടകവീട്ടിൽ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവർക്ക് തന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കിൽ തന്നെ അറിയുന്നവർ അത് പരസ്യമായി ചോദിക്കുമല്ലോ എന്നും അവർ പറയുന്നു.
ബന്ധുക്കളിൽ നിന്നും അകന്ന്
ചിത്രാനന്ദമയി ആൾദൈവമായത് ബന്ധുക്കൾക്കാർക്കും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോൾ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. മക്കൾ വല്ലപ്പോഴും കാണാൻ വരും. അതിനപ്പുറം അവരുമായി ബന്ധമില്ല.
സിദ്ധി തിരിച്ചറിയുന്ന പൊങ്കാല നാൾ
ഒരു ആറ്റുകാൽ പൊങ്കാലദിവസമാണ് തനിക്ക് ദേവിയുടെ അനുഗ്രഹം ലഭിച്ചതെന്ന് ചിത്രാനന്ദമയി വിശ്വസിക്കുന്നു. ഏഴുവർഷം മുമ്പുള്ള ഒരു ദിവസം അവർ അനുഗ്രഹം ലഭിച്ച് ബോധം കെട്ട് വീഴുകയായിരുന്നു. മറ്റൊരുദിവസം തന്നെ പരീക്ഷിക്കാൻ വന്ന ഒരാളുടെ ഭൂകാലങ്ങൾ താൻ കണ്ണടച്ച് പറഞ്ഞത് കേട്ട് അയാൾ അത്ഭുതപ്പെട്ടു. എന്റെ ഉള്ളിൽ ദിവ്യത്വമുണ്ടെന്ന് ആധികാരികമായി പറയുന്നത് അദ്ദേഹമാണ്. അദ്ദേഹത്തെ ഞാനെന്റെ മാനസഗുരുവായി കാണുന്നു. ചിത്രാനന്ദമയി പറയുന്നു.
ഭക്തരുടെ വിശപ്പടക്കുന്ന ചിത്രാനന്ദമയി ഫൗണ്ടേഷൻ
ചിത്രാനന്ദമയിയെ കാണാൻ ധാരാളം ഭക്തർ വരുന്നുണ്ടെന്ന് അവർ പറയുന്നു. അവർ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാൻ നോക്കാറില്ല. അവർ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കൾക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ടെന്നും അവർ പറയുന്നു.
ഭക്തർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ച് അവർക്ക് ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ അന്നദാനം നൽകുന്നു. എല്ലാ മലയാളമാസം ഒന്നാം തീയതിയും വിശേഷദിവസങ്ങളിലും അന്നദാനമുണ്ട്.
ആക്രമണമാരംഭിച്ചത് വട്ടിയൂർക്കാവിലെത്തിയശേഷം
വട്ടിയൂർക്കാവിൽ വരുന്നതിന് മുമ്പ് കരമന, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നത്. അവിടെയൊന്നും താൻ ഒരു തട്ടിപ്പും നടത്തിയിട്ടില്ല. അവിടെയൊന്നും ഇത്തരത്തിലുള്ള ആക്രമണം തനിക്ക് നേരെ ഉണ്ടായിട്ടില്ലെന്ന് ചിത്രാനന്ദമയി പറയുന്നു. വട്ടിയൂർക്കാവിലെത്തിയ ശേഷം കൂട്ടമായ ആക്രമണമാണ് ഉണ്ടായത്. ഇവിടെ ബോർഡ് വച്ചിട്ട് അഞ്ച് മാസമായി. പക്ഷെ താനിവിടെ താവസം തുടങ്ങാൻ കാത്ത് നിൽക്കും പോലെയാണ് കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആക്രമണമുണ്ടായതെന്നും അവർ പറയുന്നു.
ദീക്ഷയില്ല, സിദ്ധി മാത്രം
ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും ചിത്രാനന്ദമയി സ്വീകരിച്ചിട്ടില്ല. ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണമെന്ന ചിന്ത മാത്രം. ശ്രീരാമകൃഷ്ണ പരമഹംസനടക്കമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിപേരെ മാനസഗുരുക്കളായി വരിച്ചിട്ടുണ്ട്. പാപ്പനംകോട് വീട്ടിൽ ഇരുന്നപ്പോൾ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂർക്കാവിൽ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണെന്നുമാണ് ചിത്രാനന്ദമയി പറയുന്നു. എന്തായാലും ട്രോളുകൾ ഹിറ്റായതിനെ തുടർന്ന് ഇപ്പോൾ കൂടുതൽ പേർ ചിത്രാനന്ദമയിയെ തേടി വട്ടിയൂർക്കാവിലെത്തുന്നുണ്ട്.