- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനൂപ് മിടുക്കനായ ഭരണാധികാരിയെങ്കിലും അച്ചാച്ചന്റെയത്ര പോരാ; മന്ത്രിയായ മകനെ വിലയിരുത്തി ഡെയ്‌സി ജേക്കബ് മറുനാടൻ മലയാളിയോട്
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. അന്തരിച്ച മുന്മന്ത്രി ടി എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്‌സി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃനിരയിലേക്കെത്തുകയാണ്. ഈ സന്ദർഭത്തിൽ മറുനാടൻ മലയാളി ചീഫ് റിപ്പോർട്ടർ സുനിത ദേവദാസിന് നൽകിയ പ്രത്യേക അഭിമുഖം. കേരളാ
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. അന്തരിച്ച മുന്മന്ത്രി ടി എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്‌സി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃനിരയിലേക്കെത്തുകയാണ്. ഈ സന്ദർഭത്തിൽ മറുനാടൻ മലയാളി ചീഫ് റിപ്പോർട്ടർ സുനിത ദേവദാസിന് നൽകിയ പ്രത്യേക അഭിമുഖം.
- കേരളാ കോൺഗ്രസ് ജേക്കബിന്റെ നേതൃത്വത്തിലേക്ക് ഡെയ്‌സി ജേക്കബ് കടന്നു വരികയാണോ? എന്താണ് പുതിയ മാറ്റങ്ങൾ?
1964-ൽ കേരളാ കോൺഗ്രസിലെ ആദ്യകാല മെമ്പറാണ് എന്റെ അമ്മ. പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാനും അച്ചാച്ചനോടൊപ്പം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. എന്നാൽ ഫെഡറൽ ബാങ്കിൽ ജോലിയുള്ളത് കൊണ്ട് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. ഈ ജൂലൈയിൽ ഞാൻ ജോലിയിൽ നിന്നും വിരമിച്ചു. ഇപ്പോഴെനിക്ക് സമയം ധാരാളമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തണം എന്നതാണ് ആഗ്രഹം. കുറച്ച് പ്രവർത്തകർ അസംതൃപ്തരായി മാറിനിൽക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരണം. പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ട് വരണം. ഇതൊക്കെയാണ് ആഗ്രഹം.
- അസംതൃപ്തരായി മാറിനിൽക്കുന്ന പ്രവർത്തകരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
അച്ചാച്ചൻ പാർട്ടിയെ നയിച്ചിരുന്നപ്പോൾ 24 മണിക്കൂറും ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. കഠിനാദ്ധ്വാനിയായിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനവും ഭരണവും പിഴവുകളില്ലാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഏത് സാധാരണക്കാരനും തന്റെ ഏത് ആവശ്യവും അദ്ദേഹത്തിനോട് നേരിട്ട് പറയാൻ കഴിയുമായിരുന്നു. ദീർഘകാലത്തെ ഭരണപരിചയം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഭരണവും രാഷ്ട്രീയപ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ ഭരണത്തിൽ തുടക്കക്കാരനായ അനൂപിന് ഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിലും പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടാൻ സാധിക്കുന്നില്ല. ആ കുറവ് നികത്താനാണ് ഞാൻ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അവരുടെ ആവശ്യങ്ങളിൽ നടത്തിക്കൊടുക്കാൻ പറ്റുന്നത് നടത്തിക്കൊടുക്കണം.
- പൊതുപ്രവർത്തനത്തിലും ഭരണത്തിലും അനൂപ് വലിയ പരാജയമാണോ?
ഒരിക്കലുമല്ല. അനൂപ് വളരെ സത്യസന്ധനായ, സ്‌ട്രൈറ്റ്‌ഫോർവേഡ് ആയ, വ്യക്തിയാണ്. അച്ചാച്ചന്റെ ഒരു വ്യക്തി പ്രഭാവം വച്ചാണ് ആളുകൾ അനൂപിനെ വിലയിരുത്തുന്നത്. അത് ശരിയല്ല. അച്ചാച്ചൻ ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെയാണ് മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും രാഷ്ട്രീയക്കാരനുമായി മാറിയത്. അനൂപിന്റെ തുടക്ക കാലഘട്ടമാണിത്. എങ്കിലും വളരെ ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ അനൂപ് ശ്രമിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. മണ്ഡലത്തിലും നിരവധി വികസനപ്രവർത്തനങ്ങൾ അനൂപ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. നമ്മുടെ നാടിന്റെ പ്രത്യേകതയനുസരിച്ച് നല്ല കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ.
അനൂപ് നല്ല കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടല്ല അവ ജനശ്രദ്ധയിൽ എത്തിക്കാൻ കഴിയാത്തതാണ് യഥാർത്ഥ പ്രശ്‌നം. അനൂപിനെക്കുറിച്ചുള്ള വിമർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു. തിരുത്തലുകൾ ആവശ്യമായ മേഖലയിൽ അവനത് ചെയ്യും. ദൈവം കൈപിടിച്ച് നടത്തിയ കുട്ടിയാണ് അനൂപ്. അനൂപിന് ഈ ജീവിതത്തിൽ ലഭിച്ചിട്ടുള്ളതെല്ലാം ദൈവാനുഗ്രഹത്താൽ ലഭിച്ചതാണ്. അതുകൊണ്ട് തന്നെ ആ നന്മ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
- ടിഎം ജേക്കബുമായി താരതമ്യം ചെയ്യുമ്പോൾ അനൂപ് എന്ന ഭരണാധികാരി എവിടെ നിൽക്കുന്നു?
അച്ചാച്ചന്റെ വ്യക്തിത്വം താരതമ്യം ചെയ്യാനോ പകരം വയ്ക്കാനോ കഴിയാത്ത ഒന്നായിരുന്നു. നൂറ് ശതമാനവും സത്യസന്ധനും കഠിനാദ്ധ്വാനിയുമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്ത് കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ എത്ര വിമർശനമുണ്ടായാലും ഉറച്ച് നിൽക്കുമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്ന മികച്ച നേതാവായിരുന്നു അദ്ദേഹം. എങ്കിലും ചിലരെങ്കിലും അദ്ദേഹത്തെ തലക്കനമുള്ള നേതാവ് എന്ന് വിളിച്ചിരുന്നു.
എന്നാൽ അനൂപ് ജനകീയനായ നേതാവാണ്. അച്ചാച്ചന്റെ ഗുണങ്ങളൊക്കെ അനൂപിനും ലഭിച്ചിട്ടുണ്ടെങ്കിലും കാലക്രമേണ പ്രവർത്തന പരിചയത്തിലൂടെ മാത്രമേ അവൻ അച്ചാച്ചന്റെ പിൻഗാമിയാകുകയുള്ളൂ. അനൂപ് എന്നെപ്പോലെയും മകൾ അമ്പിളി അച്ചാച്ചനെപ്പോലെയുമാണെന്ന് എല്ലാവരും പറയും.
അനൂപ് ഒരു ഭരണാധികാരി എന്ന രീതിയിൽ പരാജയമാണെന്ന് ഞാൻ കരുതുന്നില്ല. അനൂപിനെക്കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം പൊതുവാണ്. കൃത്യമായി ഇന്ന തെറ്റ് പറ്റി, ഇതാണ് ഭരണവീഴ്ച, എന്ന് ആരും ഇന്നേവരെ ചൂണ്ടിക്കാട്ടിയിട്ടില്ല. പിന്നെ സിവിൽ സപ്ലൈസ് വകുപ്പ് എല്ലാക്കാലത്തും ആര് ഭരിക്കുമ്പോഴും നിരവധി ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന വകുപ്പാണ്. അനൂപിന്റെ പ്രത്യേക ഭരണവീഴ്ചകൾ എന്നതിനപ്പുറം വകുപ്പിന് പൊതുവായിട്ടുള്ള പ്രശ്‌നങ്ങൾ തന്നെയാണ് ഇപ്പോഴും ചർച്ചയാകുന്നത്.
- മക്കളെക്കുറിച്ച് ടിഎം ജേക്കബിനുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തൊക്കെയായിരുന്നു?
അച്ചാച്ചൻ എത്ര തിരക്കിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരുന്ന ആളാണ്. മക്കളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടുമായിരുന്നു. മക്കളെ രണ്ട് പേരെയും ഐഎഎസുകാരായി കാണാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മക്കൾ രണ്ട്‌പേരും ഉയർന്ന വിദ്യാഭ്യാസം നേടിയെങ്കിലും ആരും ഐഎഎസ് ഒന്നും എടുത്തില്ല. എങ്കിലും നല്ല രണ്ട് വ്യക്തികളായി എന്റെ മക്കൾ വളർന്നു വന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ, ഞങ്ങൾ അവരെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്നിട്ടുണ്ട്.
- കേരളാ കോൺഗ്രസിൽ പൊതുവായും ജേക്കബ് ഗ്രൂപ്പിൽ ഇപ്പോൾ പ്രത്യേകിച്ചും കുടുംബവാഴ്ചയാണോ നിലനിൽക്കുന്നത്? ജോണി നെല്ലൂരിനെപ്പോലെ മുതിർന്ന ഒരു നേതാവിനെ പിന്തള്ളി ടിഎം ജേക്കബിന്റെ മകൻ ആയതുകൊണ്ട് മാത്രമല്ലേ അനൂപ് പാർട്ടിയുടെ തലപ്പത്ത് എത്തിയത്?
അനൂപ് രാഷ്ട്രീയത്തിൽ വരണമെന്ന് അച്ചാച്ചൻ ആഗ്രഹിച്ചിരുന്നു. മാർ ഇവാനിയോസ് കോളേജിൽ അനൂപ് പഠിക്കുമ്പോൾ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഒരു യൂണിറ്റ് കോളേജിൽ സ്ഥാപിച്ചിരുന്നു. അവൻ മാഗസിൻ എഡിറ്റർ ആയിരുന്നു. പിന്നീട് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായി. അച്ചാച്ചൻ അനൂപിനെ രാഷ്ട്രീയത്തിൽ കൈപിടിച്ചിറക്കിയില്ലെങ്കിലും അവന്റെ പ്രവർത്തനങ്ങൾക്കൊക്കെ മാനസികമായ പിന്തുണ നൽകിയിരുന്നു.
മരിക്കുന്നതിന് 15 വർഷം മുമ്പേ അദ്ദേഹം രോഗിയായിരുന്നു. തന്റെ കാലശേഷം മകൻ രാഷ്ട്രീയത്തിൽ സജീവമാകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
ജോണി നെല്ലൂർ പാർട്ടിയുടെ ചെയർമാനായി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. അനൂപ് പാർട്ടിയുടെ ലീഡർ എന്ന രീതിയിലും മന്ത്രി എന്ന നിലയിലും നല്ല പ്രവർത്തനമാണ് നടത്തുന്നത.് ജോണി നെല്ലൂരും അനൂപും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. അവർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.
രാഷ്ട്രീയത്തിലും ഭരണത്തിലും തുടക്കക്കാരനായ അനൂപിനെ ഇരുത്തം വന്ന നേതാവായ ടിഎം ജേക്കബുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അവൻ ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത്. വ്യക്തിപരമായി അവൻ മികച്ച നേതാവ് തന്നെയാണ്.
- യുഡിഎഫ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളും എങ്ങനെ വിലയിരുത്തുന്നു?
നല്ല ഭരണമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കാഴ്ചവയ്ക്കുന്നത്. എന്നാൽ എല്ലായ്‌പ്പോഴും വിവാദങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിലും ജനനേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇത്രയും കഠിനാദ്ധ്വാനിയായ ഒരു മനുഷ്യനെ കാണാൻ തന്നെ കിട്ടില്ല. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയിലൂടെ നിരവധി സാധാരണക്കാർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്. അച്ചാച്ചൻ മന്ത്രിയായിരുന്നപ്പോൾ അസുഖം മൂർച്ഛിച്ചിരുന്ന അവസാന കാഘട്ടങ്ങളിൽ പറയുമായിരുന്നു മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താൻ കഴിയുന്നില്ലെന്ന്.
- മന്ത്രി പത്‌നി, അമ്മ, ബാങ്കിലെ തിരക്കുള്ള ജോലി എന്നിവ എങ്ങിനെയാണ് മുന്നോട്ട് കൊണ്ടുപോയത്? എല്ലാ റോളുകളും ഭംഗിയായി നിർവ്വഹിക്കുവാൻ കഴിഞ്ഞുവോ?
ഞാൻ വലിയ ദൈവവിശ്വാസിയാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ സാധിച്ചു. ഒരു ദിവസം പോലും ബാങ്കിൽ നിന്ന് ഞാൻ ലീവെടുക്കുമായിരുന്നില്ല. റിട്ടെയർ ചെയ്ത് കഴിയുമ്പോൾ കൂടുതൽ സമയം അച്ചാച്ചനോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം പങ്കാളിയാകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിന് മുമ്പ് അദ്ദേഹം എന്നെ തനിച്ചാക്കി കടന്നുപോയി. എങ്കിലും ഞാൻ ദൈവത്തെ കുറ്റം പറയുന്നില്ല. എത്രയേറെ സൗഭാഗ്യങ്ങളാണ് ജീവിതത്തിൽ എനിക്ക് ലഭിച്ചത്. എത്ര നന്മകൾ എത്ര നല്ല നിമിഷങ്ങൾ, എത്ര നേട്ടങ്ങൾ!
- സാമൂഹ്യപ്രവർത്തനത്തിലേക്ക് സജീവമായി ഇറങ്ങുക എന്ന് പറയുമ്പോൾ സമൂഹത്തിലെ എന്തെല്ലാം പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്?
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും ചെറിയ പ്രശ്‌നങ്ങളിലും ഇടപെട്ട് എന്നെക്കൊണ്ടാകുന്നത് ഓരോരുത്തർക്കും ചെയ്ത് കൊടുക്കുക എന്നതാണ് എന്റെ ഉദ്ദേശം. ഞാൻ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും ജനങ്ങൾ എന്നെവന്ന് കണ്ട് എല്ലായ്‌പ്പോഴും ഓരോന്ന് ആവശ്യപ്പെടും. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കുക എന്ന കാര്യം ഞാൻ ആലോചിച്ചത്. സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.
പൊതുപ്രവർത്തനത്തിൽ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എത്ര ചെറിയ സഹായം കൊണ്ടാണെങ്കിലും ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അത് വലിയ പുണ്യമായി ഞാൻ കണക്കാക്കുന്നു. ബൈബിളിൽ പറയുന്നതുപോലെ നിങ്ങൾ ഒരുവന് ചെയ്യുന്ന സഹായം ദൈവത്തിന് ചെയ്യുന്നത് പോലെയാണ് എന്ന രീതിയിൽ ഒരു ദൈവീകപ്രവൃത്തിയായിട്ടാണ് ഞാൻ സാമൂഹ്യപ്രവർത്തനത്തെ കാണുന്നത്.
- എന്തൊക്കെയാണ് ഭാവിപരിപാടികൾ? എന്തൊക്കെയാണ് ആഗ്രഹങ്ങൾ ?
ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് കുടുംബ ട്രസ്റ്റാണ്. ഞാനും അനൂപും അമ്പിളിയുമാണ് ട്രസ്റ്റ് അംഗങ്ങൾ. അച്ചാച്ചന്റെ ആഗ്രഹമനുസരിച്ചുള്ള കാര്യങ്ങൾ ട്രസ്റ്റിലൂടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഈ വർഷം മികച്ച സാമാജികനുള്ള അവാർഡ് അടക്കം ചില പുരസ്‌കാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകിയിരുന്നു. അച്ചാച്ചന് അസുഖമായി കിടന്നപ്പോൾ ചികിത്സാചെലവുകളും മരുന്നിന്റെ ഉയർന്ന വിലയും സാധാരണക്കാരെ എത്രമാത്രം ബാധിക്കുന്നുണ്ടാകുമെന്ന് അച്ചാച്ചൻ പറയുമായിരുന്നു. അതുകൊണ്ട് കുറഞ്ഞ ചെലവിൽ രോഗികൾക്ക് മരുന്നും ഭക്ഷണവും വസ്ത്രവും നൽകാൻ ആഗ്രഹമുണ്ട്.
കാലമെത്ര മാറിയാലും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നും കൂടി വരികയാണ്. എത്ര നിയമങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു സ്ത്രീക്കും പൂർണ്ണ സുരക്ഷിതത്വം നൽകുന്നില്ല. സ്ത്രീകൾക്കാവശ്യമായ നിയമസഹായവും സംരക്ഷണവും നൽകണമെന്നുണ്ട്.
- ചെറിയ ചെറിയ കാര്യങ്ങളിലൂടെ എനിക്കാവുന്നത് പൊതുസമൂഹത്തിന് വേണ്ടി ചെയ്യാൻ ശ്രമിക്കുന്നു.
ഭരണത്തിലിടപെടാറുണ്ടോ?
ഇല്ല. അനൂപിന്റെ പൂർണ്ണമായ നിയന്ത്രണത്തിലാണ് വകുപ്പ്. ഒരു കാര്യത്തിലും ഞാൻ ഇടപെടാറില്ല. എന്നെ പരിചയമുള്ളവർ ചിലപ്പോഴൊക്കെ വന്ന് ഓരോ ആവശ്യങ്ങൾ പറയാറുണ്ട്. അവരെ അനൂപിനടുത്തേക്ക് പറഞ്ഞ് വിടുകയല്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല.
- കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് മാണി വിഭാഗവുമായുള്ള പ്രധാന വ്യത്യാസം എന്താണ്? ഒന്നിച്ച് പ്രവർത്തിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടോ?
അടിസ്ഥാനപരമായി കർഷകരുടെ പാർട്ടിയാണ് കേരളാ കോൺഗ്രസ്. വലിയ വ്യത്യാസം ഞങ്ങൾക്കിടയിലില്ല. യോജിക്കാവുന്ന ധാരാളം മേഖലകളുണ്ട്. എന്നാൽ ലയനത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല.
- ആം ആദ്മി പാർട്ടിയുടെ വിജയത്തേയും അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുളപൊട്ടുന്ന പുതിയ ചില പ്രവണതകളേയും എങ്ങനെ കാണുന്നു?
വിവരസാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇനിയുള്ള കാലഘട്ടത്തിൽ ആർക്കും ഒന്നും ഒളിച്ചുവയ്ക്കാൻ സാധിക്കുകയില്ല. സുതാര്യമായ പ്രവർത്തനവും ഭരണവും മാത്രമേ ഇനിയുള്ള കാലഘട്ടങ്ങളിൽ പൊതുപ്രവർത്തകരെ പിന്തുണയ്ക്കൂ. അഴിമതിയെന്നത് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വലിയ പ്രശ്‌നംതന്നെയാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോൾ അവൻ മറ്റ് മാർഗ്ഗങ്ങൾ തേടും. നമ്മുടെ നാട്ടിലാണെങ്കിലും ചിലപ്പോഴെങ്കിലും അഞ്ച് മിനിട്ട് കൊണ്ട് നടക്കേണ്ട കാര്യങ്ങൾ അഞ്ച് ദിവസം എടുത്താണ് നടക്കുന്നത്. അസംതൃപ്തരായ ഒരു വലിയ വിഭാഗം ജനങ്ങൾ അതിനെതിരെ നിലകൊള്ളുന്നവരുടെയും ശബ്ദമുയർത്തുന്നവരുടേയും കൂടെ അണിചേർന്നാൽ അതിൽ അത്ഭുതമില്ല. അഴിമതിക്കെതിരായ മുന്നേറ്റം എന്ന നിലയിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.
ക്ലിഫ് ഹൗസ് ഉപരോധം ഉണ്ടായപ്പോൾ സന്ധ്യ എന്ന സാധാരണക്കാരിയായ സ്ത്രീ പ്രതികരിച്ചത് പോലെ സാമൂഹ്യ തിന്മകൾക്കെതിരെ ഓരോരുത്തരും പ്രതികരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ധ്യയുടെ പ്രതികരണത്തിന് നല്ല റിസൽട്ട് ഉണ്ടായി. ഇതിനകത്ത് താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കറിയാം ആ ഉപരോധം നടക്കുമ്പോൾ ഇവിടുത്തെ താമസക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തുമാത്രം തടസ്സപ്പെട്ടിരുന്നു എന്ന്.
സ്ത്രീകൾ യഥാർത്ഥത്തിൽ വലിയ കഴിവുള്ളവരാണ്. കുടുംബത്തെ നയിക്കുക എന്നത് എത്രമാത്രം പ്രയാസമുള്ള ജോലിയാണ്. അത് ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാനും കഴിയും .നിരവധി സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണം എന്നാണ് എന്റെ ആഗ്രഹം. അതുവഴി തിന്മകളും അഴിമതിയും സ്വജനപക്ഷപാതവും ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയും. തന്റേടവും കഴിവും ആത്മധൈര്യവുമുള്ള സ്ത്രീകൾപൊതുപ്രവർത്തനത്തിലേക്ക് കൂടുതൽ ആയി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം മൂല്യങ്ങൾക്ക് കൂടുതൽ വിലകല്പിക്കുന്നവരാണ് സ്ത്രീകൾ.