തിരുവനന്തപുരം: കന്യാമറിയം കന്യക ആയിരുന്നില്ലെന്ന എന്ന് സമർത്ഥിച്ചു കൊണ്ടും ഹാസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയുമായിരുന്ന അവളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനാണെന്നും പറഞ്ഞു കൊണ്ടുള്ള മലയാളത്തിലെ യുവ എഴുത്തുകാരി ലിജി മാത്യു എഴുതിയ പുതിയ നോവൽ 'ദൈവാവിഷ്ടർ' കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ സജീവ ചർച്ചക്ക് ഇടയാക്കിയിരുന്നു. നോവലിനെ കഥാപശ്ചാത്തലത്തിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

ക്രൈസ്തവ വികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിലാണ് നോവലെന്ന വിമർശനം പോലും ചില കോണുകളിൽ നിന്നും ഉയരുന്നു. കാലങ്ങളായി ക്രൈസ്തവർ അനുവർത്തിച്ചു പോന്ന വിശ്വാസപ്രമാണങ്ങൽ തിരുത്തപ്പെടുന്നുവെന്ന തോന്നൽ നോവൽ വായിച്ച പലരിലും ഉണ്ട്. വിശ്വാസത്തിന്റെ പരമ്പരാഗത സാക്ഷ്യങ്ങൾ തിരുത്തുന്നതാണ് ലിജി മാത്യുവിന്റെ നോവൽ.

യേശുവിന് കന്യകയിലുണ്ടായ പിറപ്പും മരണത്തിൽനിന്നുണ്ടായ ഉയിർപ്പുമാണല്ലോ ദൈവപുത്രൻ എന്ന നിലയിൽ അദ്ദേഹത്തെ മനുഷ്യാതീതനാക്കുന്നത്. ഇതുരണ്ടും അപനിർമ്മിക്കുന്ന ഭാവനയുടെ വിപ്ലവവും വിസ്മയവും വഴിമാറിനടപ്പുമാണ് ദൈവാവിഷ്ടർ. അതുമാത്രമല്ല, അത്ഭുതങ്ങളിലും മായികഘടകങ്ങളിലും നിന്ന് ക്രിസ്തുവിനെ സ്വതന്ത്രനാക്കി പച്ചമനുഷ്യനായി ചരിത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും ലിജി നടത്തുന്നു. രാജകുമാരിയായി ജീവിക്കേണ്ട മറിയം ജറുസലേമിലെ മുഖ്യപുരോഹിതൻ ഹന്നാസിന്റെ ബലാൽക്കാരത്തിനിരയായി ഗർഭിണിയാകുന്നു. ബന്ധുക്കൾ രക്ഷപെടുത്തി നാടുകടത്തിയ മറിയം ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു. പല രചനകളിലും കണ്ടിട്ടുള്ളതുപോലെ മഗ്ദ്ദലനമറിയമല്ല ഈ നോവലിൽ യേശുവിന്റെ പ്രണയിനി; ബഥാന്യയിലെ മറിയമാണ്. യൂദാസ് അവന്റെ ഉറ്റതോഴനും സംരക്ഷകനുമാണ്-ഇങ്ങനെ ക്രൈസ്തവ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന പലതുമുണ്ട് നോവലിൽ.

യാഥാസ്ഥിതിക മതവിശ്വാസികളെയും ക്രിസ്തുഭക്തരെയും സ്വതന്ത്രരായ ബൈബിൾവായനക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് വേറിട്ടുനിൽക്കുന്ന തന്റെ നോവലിനെക്കുറിച്ച് ലിജി മാത്യു മറുനാടൻ മലയാളിയുമായി സംസാരിച്ചു. തന്റെ നോവലിലെ കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയവരോടു കൂടിയാണ് ലിജ സംവദിക്കുന്നത്. നോവലിനെ കുറിച്ച് ലിജി പറയുന്നത് ഇങ്ങനെ:

  •    കന്യകാത്വം എന്ന മിത്തിനെ നിരാകരിക്കുന്നത് എന്തുകൊണ്ട്?

മറിയത്തിന്റെ കന്യകാത്വത്തെ നിരാകരിക്കുന്നത് ലളിതമായ സാമാന്യയുക്തി അതിന് അനുവദിക്കാത്തതുകൊണ്ടു തന്നെയാണ്. ആദിമ മനുഷ്യസ്ത്രീയെന്നു ബൈബിൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ള ഹവ്വ മുതൽക്കിങ്ങോട്ടു മരിച്ചു മൺമറഞ്ഞു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഭാവിയിൽ ജീവിക്കാൻ പോകുന്നവരുമായ സർവ സ്ത്രീകളെയും സങ്കൽപ്പിച്ച് അവരിലൊരുവൾ വന്ന് പുരുഷ സംസർഗമില്ലാതെ താൻ ഗർഭവവതിയായി എന്ന് വാദിച്ചാൽ നിങ്ങൾക്കോ എനിക്കോ എന്തു കാരണം കൊണ്ടാണോ ആ വാദം ശുദ്ധനുണയായി അനുഭവപ്പെടാനിടയുള്ളത് അതേ കാരണത്താൽ ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല. സന്താനോൽപാദത്തിനു നിദാനമായ ശാരീരിക കാരണങ്ങളെപ്പറ്റി ലഭിച്ചിട്ടുള്ള അറിവ് യുക്തിഭദ്രമായി തോന്നുന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. ഒരു വേള പഴക്കമേറിയാൽ നുണയും സത്യമായ് വരാം..എന്ന് എനിക്കു ബോധ്യമാവുന്നില്ല.

  • ക്രിസ്തുവിന്റെ ഉയിർപ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ ആയിരിക്കെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ക്രൂശാരോഹണത്തെയും പുനരുത്ഥാനത്തെയും മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുന്നു?

യേശുവിന്റെ വിശുദ്ധ ജനനം, പീഡാസഹനം, ക്രൂശുമരണം, പുനരുത്ഥാനം എന്നീ നാലു സ്തംഭങ്ങളിന്മേലാണ് ക്രൈസ്തവസഭയുടെ വിശ്വാസ ഗോപുരം പണിതുയർത്തപ്പെട്ടിരിക്കുന്നത്. നോവലിൽത്തന്നെ സാന്ദർഭികമായി പരാമർശിക്കപ്പെട്ടിട്ടുള്ളതുപോലെ, വ്യാജ പ്രവാചകരുടെയും രക്ഷകരുടെയും ഒരു നീണ്ടനിര പലവിധ അടവുകളും പയറ്റി രക്ഷകസ്ഥാനത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ജനത്തെ വേണ്ടപോലെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഒരു ദൈവികസാക്ഷ്യമെങ്കിലും മുന്നോട്ടു വെയ്ക്കാൻ അത്തരക്കാർക്ക് ആർക്കും സാധിച്ചിരുന്നില്ല എന്നു കാണാം. എന്നാൽ മരിച്ചുയിർക്കുക എന്ന, പ്രത്യക്ഷത്തിൽ തീർത്തും അസംഭവ്യമായ ഒരു സാക്ഷ്യത്തിനു വേണ്ടത്ര സ്വീകാര്യത ലഭിക്കുമെന്നും അപ്രകാരം ഒരു പരീക്ഷണം ജയിച്ചാൽ യേശുവിനെ രക്ഷകനായി യഹൂദജനതയ്ക്ക് അംഗീകരിക്കേണ്ടി വരുമെന്നും, മനസ്സിലാക്കിയ ചിലർ അന്നുണ്ടായിരിക്കാം. ലക്ഷ്യബോധവും പ്രതീക്ഷയും നഷ്ടപ്പെട്ട, റോമൻ ആധിപത്യത്തിന്റെ പേരിൽ സർവ്വവിധമായ അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരുന്ന, ഒരു ജനതയെ ഒന്നിപ്പിക്കുവാൻ ഉതകുന്ന ഒരു രക്ഷാമാർഗം, ഒരു രക്ഷകന്റെ അവതാരത്തിലൂടെയല്ലാതെ സാധ്യമാവുന്ന ഒരു കാലഘട്ടമായിരുന്നില്ല അത്.

അതു തിരിച്ചറിഞ്ഞ, രാഷ്ട്രീയ പ്രതിബദ്ധതയുള്ള, പ്രായോഗിക തന്ത്രങ്ങൾ മെനയാൻ കരുത്തുറ്റ മേധാശക്തിയുള്ള, ചില അധികാരകേന്ദ്രങ്ങൾ ആസൂത്രണം ചെയ്ത ഒരു നാടകമായിരുന്നു, കുരിശുമരണം എന്നത്. അതിശയോക്തിപരമല്ലാത്ത ഒരു സാധ്യതയാണ് അത് എന്നു ഞാൻ കരുതുന്നു. കൂടാതെ ലഭ്യമായ ചാവുകടൽചുരുൾ രേഖകൾ പ്രകാരം യേശുവും യോഹന്നാനും അരിമഥ്യയിലെ ജോസഫുമടക്കമുള്ളവർ എസ്സനി സന്യാസികളായിരുന്നു എന്ന പരാമർശങ്ങളുണ്ട്. ബൈബിൾ പുതിയ നിയമം, യോഹന്നാന്റെ സുവിശേഷം, 11-ആം അധ്യായം 49-53 വാക്യങ്ങൾ ഈ സാഹചര്യത്തിൽ വളരെ ശ്രദ്ധേയമാണെന്ന് തോന്നുന്നു. ''എന്നാൽ അക്കൊല്ലത്തെ മഹാപുരോഹിതനും അവരിൽ ഒരാളുമായ കയ്യഫാ പറഞ്ഞു..'' നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.

ജനത ഒന്നടങ്കം നശിക്കാതിരിക്കാൻ ജനത്തിനു വേണ്ടി ഒരുത്തൻ മരിക്കുന്നതാണ് നല്ലത് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുന്നില്ല. ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നിച്ചു കൂട്ടാൻ വേണ്ടിക്കൂടി, യേശു മരിക്കണം എന്ന് അക്കൊല്ലത്തെ മഹാപുരോഹിതൻ എന്ന നിലയിൽ അയാൾ പ്രവചിക്കുകയായിരുന്നു. അന്നുമുതൽ അവനെ എങ്ങനെ വധിക്കാം എന്ന് അവർ ആലോചിച്ചുകൊണ്ടിരുന്നു'' വിശ്വാസപരമായ മുൻവിധികൾ മാറ്റിവെച്ച് ഈ പ്രസ്താവത്തെപ്പറ്റി അനുവാചകർ ആലോചിക്കുന്നത് നന്നായിരിക്കും.

  • യെറുസലേം ദേവാലയത്തിന്റെ മുഖ്യ പുരോഹിതനായ ഹന്നാസിന്മേൽ യേശുവിന്റെ പിതൃത്വം ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?

സാമാന്യ യുക്തി അനുസരിച്ച് യേശുവിന്റെ പിതൃത്വത്തെപ്പറ്റി ഉണ്ടാകാവുന്ന നിഗമനങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും യുക്തമെന്നു തോന്നിയതൊന്ന് അവതരിപ്പിച്ചു എന്നു മാത്രം.

പിതൃത്വ സാധ്യതകൾ

1. പൗരാണിക യഹൂദ താൽമുഡുകളിലും മധ്യകാല യഹൂദ ലിഖിതങ്ങളിലും റ്റൈബീരിയസ് ജുലിയസ് പന്തേറ എന്ന റോമൻ പടയാളിയും മറിയവും തമ്മിലുള്ള ബന്ധത്തിൽ പിറന്ന സന്താനമാണ് യേശു എന്ന് പ്രസ്താവിച്ചു കാണുന്നു. ജീസസ് ബെൻ പന്തേറ എന്ന പേരിൽ അദ്ദേഹത്തെ സംബന്ധിച്ച പരാമർശങ്ങൾ ഗ്രീക് തത്വചിന്തകരായ സെത്സസിന്റെയും മറ്റും കൃതികളിൽ കാണാം (രണ്ടാം നൂറ്റാണ്ട് എ.ഡി)

2. ഖുറാൻ, പ്രോട്ടോവാഞ്ചലിയം ഓഫ് ജോൺ (ഇൻഫൻസി ഗോസ്പെൽ- രഹസ്യസുവിശേഷങ്ങളിൽ ഒന്ന്)- എന്നിവയിൽ ശിശുവായ മറിയം ശഖര്യാവിന്റെ സമ്പൂർണ്ണ സംരക്ഷണയിലായിരുന്നുവെന്നും ശഖര്യാവ് മറിയത്തെ യെരുശലേം ദേവാലയത്തിന്റെ ഹോളി ഓഫ് ഹോളീസ് എന്ന അതി വിശുദ്ധാതി വിശുദ്ധ സ്ഥലത്താണ് പാർപ്പിച്ചിരുന്നത് എന്നും വിശദീകരിച്ചു കാണുന്നു.

ഇൻഫൻസി ഗോസ്പലിലെ പല സൂചനകളും ശഖര്യാവിനെ യേശുവിന്റെ പിതാവായി വിഭാവന ചെയ്യാൻ പ്രേരിപ്പിക്കത്തക്കവിധം ധ്വന്യാത്മകമാണ്. പല വിദേശ ബൈബിൾ ഗവേഷകരും ഇത്തരം സൂചനകൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത്തരം അഭ്യൂഹങ്ങൾക്കുപരിയായി ഹന്നാസിനെ യേശുവിന്റെ പിതൃസ്ഥാനത്ത് സങ്കൽപ്പിക്കുവാൻ എന്നെ പ്രേരിപ്പിച്ചത് ഇൻഫൻസി ഗോസ്പലിൽ മറിയത്തിന്റെ ഗർഭധാരണ സന്ദർഭത്തോടനുബന്ധിച്ച് ഹന്നാസിന്റെ അർത്ഥഗർഭമായ സാന്നിധ്യം പരാമർശിക്കപ്പെടുന്നുണ്ട് എന്നതും, പ്രധാന പുരോഹിതൻ 'അത്യുന്നതൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നവനാണ് എന്നതും ഹോളി ഓപ് ഹോളീസിൽ പ്രവേശിക്കുന്ന പുരോഹിതൻ പരിശുദ്ധാത്മാവായി താദാത്മ്യം പ്രാപിക്കും എന്ന നിരീക്ഷണം പല സുവിശേഷങ്ങളിലും കാണപ്പെടുന്നുണ്ട് എന്നതുമാണ്; കൂടാതെ യോഹന്നാന്റെ നാമകരണത്തിലെ അസാധാരണത്തം - ഒരു ഗ്രാമത്തെ മുഴുവൻ നടുക്കിക്കളഞ്ഞ രീതിയിലുള്ള അസാധാരണത്തം - അതെന്ത് എന്ന അന്വേഷണം യോഹന്നാൻ എന്ന പേര് ഒരു മിശ്രപദമാണെന്നും അതിന്റെ ആദ്യപാതിയായ 'യാഹ്' ദൈവം എന്ന അർഥസൂചകമാണെന്നും രണ്ടാം പാതിയായ 'ഹന്നാൻ', ഹന്നാസ്, ഹനാനിയ, ഹനനാസ് എന്നൊക്കെ പലമാതിരി വിളിപ്പേരുകളുള്ള ഹന്നാസ്സിന്റെ നാമത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്നുമുള്ള നിരീക്ഷണം. നാമകരണച്ചടങ്ങിനെ തുടർന്ന് ശഖര്യാവിനുണ്ടായ ദുർമരണം.. ദേവാലയത്തെ ഹന്നാസിന്റെ ദേവാലയം എന്നു ജനം വിളിക്കുന്ന സാഹചര്യത്തിൽ ദേവാലയത്തെ തന്റെ പിതൃഭവനം എന്ന് യേശു വിശേഷിപ്പിക്കാറുണ്ടായിരുന്നു.

അതിനും പുറമേ ദേവാലയപ്പിരിവുകാരോട് ഭൂമിയിലെ രാജാക്കന്മാർ (രാജാക്കന്മാർ എന്നു പറയുന്നുവെങ്കിലും നികുതി ആവശ്യപ്പെട്ടത് ഹന്നാസ്സിന്റെ ആൾക്കാരാണ് എന്നത് ശ്രദ്ധേയമാണല്ലോ) സ്വപുത്രന്മാരിൽ നിന്നും നികുതി ആവശ്യപ്പെടാറുണ്ടോ എന്ന യേശുവിന്റെ ചോദ്യത്തിലെ അർഥർഭമായ മുന..... എന്നിങ്ങനെ പലതുമുണ്ട് ഈ നിഗമനത്തിനു പിന്നിൽ.

  • യോഹന്നാനും യേശുവും ജൈവ സഹോദരങ്ങൾ ആണെന്ന നിരീക്ഷണത്തിന്റെ സാധുത എന്താണ്?

ലൂക്കിന്റെ സുവിശേഷത്തിൽ മാത്രമാണ് മറിയത്തിന്റെയും എലിസബത്തിന്റെയും (അസാധാരണമായ ദൈവിക ഇടപെടൽ മൂലമുണ്ടാകുന്ന) ഗർഭധാരണ കഥകൾ ഏതാണ്ട് സമാനമായ സംഭവക്രമങ്ങളുടെ സ്വാധീനം സൂചിപ്പിച്ചുകൊണ്ട് വിവരിച്ചിട്ടുള്ളത്. ദൈവാനുഗ്രഹത്താൽ മഹത്വവത്കരിക്കപ്പെട്ട് ദിവ്യമായ ഗർഭം ഉൾവഹിക്കാനിടയായ എലിസബത്താകട്ടെ അഭിമാനാദരങ്ങളോടെ, ദൈവസ്തുതികളോടെ, സ്വജനങ്ങൾക്കിടയിൽ ആകാശത്തോളം ഉയർന്ന ശിരസ്സുമായി ആഹ്ലാദത്തോടെ ഗർഭകാലം കഴിക്കേണ്ടുന്നതിനു പകരം അഞ്ചു മാസം അവമാനിതയെപ്പോലെ രഹസ്യമായിക്കഴിച്ചുകൂട്ടി.

അപ്രകാരം തന്നെ ദൈവനിയോഗത്താൽ ഏതാണ്ട് സമാനമായി ഗർഭം ധരിച്ച മറിയവും നാണക്കേടും അപവാദവും ഭയന്ന് സ്വഗൃഹം വിട്ട് ബന്ധുവായ എലിസബത്തിനൊപ്പം മൂന്നു മാസക്കാലം (?) കഴിച്ചൂകൂട്ടി. ഈ രണ്ട് സംഭവഗതികളും യുക്തിസഹമായ നിരീക്ഷണത്തിൽ ഇണക്കിച്ചേർത്തപ്പോൾ മനസ്സിൽ തോന്നിയ ഇരട്ടക്കുട്ടികളുടെ ജനനസാധ്യത തള്ളിക്കളഞ്ഞില്ല. മാത്രമല്ല, സുവിശേഷത്തിൽ നിന്നുള്ള, താഴെക്കൊടുത്തിരിക്കുന്ന, ഉദ്ധരണികളെ യുക്തിസഹമായി വിലയിരുത്തുന്നത് ഉചിതമാകുമെന്നു തോന്നുന്നു.

ലൂക്കോസ് 9: 7-9:- ''യോഹന്നാൻ മരിച്ചവരിൽ നിന്നും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും... ഏലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു ചിലരും... പറഞ്ഞിരുന്നു.'' (യേശുവാരെന്ന സന്ദേഹത്തിന് മറുപടിയായി) ഹേറോദേസ് പറഞ്ഞു, ''ഞാൻ യോഹന്നാന്റെ തല വെട്ടി, പിന്നെ ആരെപ്പറ്റിയാണ് ഇക്കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ? ഹേറോദേസ് അയാളെ (യേശുവിനെ) കാണാൻ ആഗ്രഹിച്ചു.''

യോഹന്നാൻ 4 1-3: - ''യോഹന്നാനെക്കാൾ അധികം ആളുകളെ താൻ ശിഷ്യനാക്കി സ്നാപനം നൽകുന്നു എന്ന് ഫരിസേയർ കേട്ടതായി കർത്താവ് (യേശു) അറിഞ്ഞു.. അപ്പോൾ അവൻ യൂദാ വിട്ടു ഗലീലയയിലേയ്ക്കു പോയി...'' രണ്ടുപേരും ഒരേ സ്ഥലത്ത് ഒരേ കാലം വെളിപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തിയിരുന്നു എന്നതിന്റെ സൂചനകൾ സുവിശേഷങ്ങളിൽ പലയിടങ്ങളിലുമുണ്ട്.

യേശുവിന്റെ അതേ മുഖഛായയിൽ മറ്റാരുമില്ലെങ്കിൽ യേരുശലേം ദേവാലയത്തിൽ വളരെക്കാലം സുവിശേഷ പ്രചാരണം നടത്തി ദേവാലയ കിങ്കരന്മാർക്കു സുപരിചിതനായ ഒരാളെ ഒരു 'അപര'നിൽ നിന്നും തിരിച്ചറിയാനല്ലാതെ ഒരു ചുംബനനാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന സംശയത്തിനു ന്യായമില്ലെന്നു വരുമോ?

വിശുദ്ധ തോമസ്സിന്റെ അപ്പൊസ്തോല പ്രവൃത്തികളിൽ യേശുവിന്റെ തനിമുഖഛായയുള്ള ഇരട്ടയായിരുന്നു തോമസ് എന്നു സംശയലേശമെന്യേ പറയുന്നുണ്ട്. തോമസ് എന്ന പദത്തിന്റെ അർഥം തന്നെ ഇരട്ട എന്നത്രെ. തദ്ദേവൂസ് എന്ന പേരിന്റെയും. ഒരേ പേരുകളിൽ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യക്തികളുടെ തനിമ വെളിപ്പെട്ടുകിട്ടാൻ ഒരവസരവും തരാത്തവിധത്തിൽ കൗശലപൂർവമാണ് ബൈബിൾ സംരചിച്ചിട്ടുള്ളത്. ആ മറിയം, മറ്റേ മറിയം, യോഹന്നാൻ സ്നാപകൻ, ശിഷ്യനായ യോഹന്നാൻ... (യൂദാസുകളുണ്ട് ഒന്നിലധികം) ഇങ്ങനെ തനിസ്വരൂപം കാട്ടി പിടിതരാൻ പലരും കൂട്ടാക്കാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകൾ വെച്ച് ഇരട്ടകളാകാൻ യോഗ്യർ യേശുവും യോഹന്നാനുമാണെന്ന യുക്തിക്കിണങ്ങും മട്ടിൽ പാത്രസൃഷ്ടി നടത്തേണ്ടി വന്നു.

  • ചാവുകടൽ ചുരുളുകളിൽ നിന്നും ലഭ്യമാവുന്ന വിവരങ്ങൾ അംഗീകൃതമായ സുവിശേഷങ്ങൾ മുൻപോട്ടു വെയ്ക്കുന്ന വിശ്വാസ പ്രമാണങ്ങളേയും ക്രിസ്തുചരിത്രത്തെയും എങ്ങനെ മാറ്റി മറിക്കും?

സഭ അംഗീകരിച്ചിട്ടില്ലാത്ത, ചാവുകടൽ ചുരുളുകളിലെ സുവിശേഷങ്ങളിൽ നിന്നു ലഭ്യമാകുന്ന വസ്തുതകൾ പലതും സഭ ഉയർത്തിപ്പിടിച്ചിരിക്കുന്ന വിശ്വാസ മൂല്യത്തെ, യേശുവിന്റെ ദൈവിക സത്തയെ, ഒക്കെ തകിടം മറിക്കുമെന്നതിൽ സന്ദേഹമില്ല. ബർണബാസിന്റെ സുവിശേഷം തത്വശാസ്ത്രപരമായ ചിന്തകളുടെ ഔന്നത്യം കൊണ്ടും അവതരണ ഭംഗികൊണ്ടും അംഗീകൃത സുവിശേഷങ്ങളെ കവച്ചുവെയ്ക്കുമെങ്കിലും, യേശു കുരിശിൽ മരിച്ചിട്ടില്ല എന്ന പരാമർശം കൊണ്ടും അത് ഇസ്ലാമിക മത ചിന്തകളോട് ആഭിമുഖ്യം പുലർത്തുന്നതു കൊണ്ടും സഭാവിരുദ്ധമാണ്.

മാർക്കിന്റെ രഹസ്യ സുവിശേഷത്തിലാകട്ടെ യേശുവിനെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്ന സന്ദർഭമുള്ളത് സഭയുടെ സമാധാനം കെടുത്തുന്നു. മഗ്ദലന മറിയത്തിന്റെ സുവിശേഷത്തിലൂടെയാണെങ്കിൽ യേശുവും മറിയവും തമ്മിലുള്ള ഒരു പ്രണയത്തിന്റെ നേർത്ത സുഗന്ധമാണ് പരക്കുന്നത് എങ്കിലും സഭയ്ക്ക് അത് അരോചകമാകുന്നു.. എല്ലാ സുവിശേഷങ്ങളും സൂക്ഷ്മനിരീക്ഷണം നടത്തിയാൽ ഏറെ കുളിപ്പിക്കപ്പെടുമ്പോൾ ഇല്ലാതാകുന്ന ശിശുവായിപ്പോകും യേശു.

ഡിസി ബുക്‌സാണ് ലിജി മാത്യുവിന്റെ ദൈവാവിഷ്ടർ നോവലിന്റെ പ്രസാദകർ. 199 രൂപയാണ് വില.