കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സി.പി.എം എതിരാണന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാൻ സിപിഎമ്മിനു ധാർമ്മിക അവകാശമില്ലെന്നും സംവിധായകൻ മൊയ്തു താഴത്ത്. തന്റെ സിനിമയെ നിശബ്ദമാക്കിയപ്പോ മെർസലിന്റെ ആവിഷ്‌കാര സ്വതന്ത്ര്യത്തിനായി ഇന്ന് വാദിക്കുന്ന ഇടത് വലത് ബുദ്ധി ജീവികൾ ഇരുട്ടിന്റെ മറവിൽ നിൽക്കുകയായിരുന്നെന്നും മെയ്തു മറുനാടൻ മലയാളിയോട് പറഞ്ഞു. ടിപി 51 വെട്ട് എന്ന സിനിമയുടെ സംവിധായകനാണ് മൊയ്തു താഴത്ത്.

പബ്ലിസിറ്റിക്കു വേണ്ടി തങ്ങളാണ് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ കാവൽക്കാർ എന്ന് വാദിക്കുന്നത് ശുദ്ധ കാപട്യമാണ്. വിജയ് അഭിനയിച്ച മെർസലിനും തന്റെ സിനിമയായ ടിപി 51 വെട്ടിനും ഒരേ ആവിഷ്‌കാര സ്വാതന്ത്ര്യമാണുള്ളത്. മെർസലിനു വേണ്ടി വാദിക്കുന്ന സി.പി.എം തന്റെ സിനിമയെ നിശബ്ദമാക്കാൻ പ്രവർത്തിച്ചു. മെർസലിനെ പോലെ തന്നെ തന്റെ സിനിമയ്ക്കും സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയതാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ഒരു ദിവസം പോലും തിയേറ്ററുകളിൽ ഓടാൻ സി.പി.എം സമ്മതിച്ചില്ല. തിയേറ്റർ ഉടമകളുടെ സംഘടനയുടെ നേതാവായിരുന്ന ലിബർട്ടി ബഷീറിനെ വിളിച്ച് ടിപി 51 വെട്ട് പ്രദർശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയത് സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണെന്നും മൊയ്തു പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ വധത്തിനു പിന്നിൽ നടന്ന വലിയ ഗൂഢാലോചനയെ പോലെത്തന്നെ ടിപി 51 വെട്ട് എന്ന സിനിമയെ ഒതുക്കുന്നതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നു. ഇടത്-വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സിനിമയെ ഒതുക്കുന്നതിനു പിന്നിൽ നടന്നത്.
ടിപി 51 വെട്ട് എന്ന സിനിമ നിശബ്ദമാക്കിയതിന് ശേഷവും തനിക്കുനേരെ ഫാസിസ്റ്റ് ശക്തികളുടെ വേട്ടയാടൽ നടക്കുകയാണെന്ന് മൊയ്തു പറയുന്നു. തന്റെ അഞ്ചോളം പരസ്യ ചിത്രങ്ങൾ നിശബ്ദമാക്കി. പരസ്യങ്ങളുടെ സ്റ്റോറി ബോർഡ് തയ്യാറായതാണ്. ക്ലൈൻഡ്സിന് അത് ഇഷ്ടപ്പെടുകയും അവർ അഡ്വാൻസ് നൽകുകയും ചെയ്തതാണ്. എന്നാൽ അതിന് ശേഷം ആ പരസ്യ ചിത്രങ്ങളെല്ലാം നിശബ്ദമാക്കപ്പെട്ടു. അഡ്വാൻസ് നൽകിയവരെല്ലാം അതിൽ നിന്ന് പിന്മാറി. ഇതുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടിപ്പോവേണ്ടി വരും എന്നാണ് അവർ കാരണമായി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ന് വലിയ ഉച്ചത്തിൽ കുരയ്ക്കുന്നവർത്തന്നെയാണ് ഇതിനു പിന്നിലെന്ന് സംശയമേതുമില്ലാതെ മൊയ്തു പറയുന്നു.

കൽബുർഗിയുടേയും ഗൗരി ലങ്കേഷിന്റേയുമെല്ലാം കൊലപാതകം ഫാസിസമാണ്. അതുപോലെ തന്നെ ഷുക്കൂറിന്റേയും ടിപി ചന്ദ്രശേഖരന്റേയും വധവും ഫാസിസമാണ്. ഫാസിസം ഒരു മണവാളനെ പോലെ കടന്നു വരികയാണ്. മെർസൽ എന്ന സിനിമയിൽ ജിഎസ്ടിക്കെതിരെ പറഞ്ഞതാണ് ഫാസിസ്റ്റുകൾക്ക് ഇഷ്ടപ്പെടാഞ്ഞത്. തന്റെ സിനിമയിൽ ടിപി ചന്ദ്രശേഖരനെ കൊന്നതാരാണെന്ന് പറഞ്ഞതാണ് ഫാസിസ്റ്റുകൾക്ക് പിടിക്കാഞ്ഞത്. തന്റെ സിനിമയക്ക് കേരളത്തിൽ നിന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. റിവേർസിങ്ങ് കമ്മിറ്റിക്ക് വിട്ട് ഡൽഹിയിൽ നിന്നാണ് സെൻസർ ബോർഡിന്റെ അനുമതി നേടിയെടുക്കുന്നത്. ആ സമയത്തൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യ വാദികളെ ഈ വഴിക്കു കണ്ടില്ല. അധികാരത്തിന്റെ അപ്പ കഷ്ണം കിട്ടുമ്പോൾ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വാദിക്കേണ്ടതെന്നും മൊയ്തു പറയുന്നു.

തിയേറ്റർ ഉടമകളുമായി സംസാരിച്ചതിനനുസരിച്ച് 69 തിയേറ്ററുകൾ ടിപി 51 വെട്ട് പ്രദർശിപ്പിക്കാനായി തരാൻ ലിബർട്ടി ബഷീർ സന്നദ്ധനായിരുന്നു. ഇതനുസരിച്ച് എല്ലാ തിയേറ്ററുകളിലും സിനിമയുടെ പോസ്റ്ററുകൾ എത്തിക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് വടകരയിലെ കേരള കൊയർ തിയേറ്ററിലെ സിഐടിയു അംഗങ്ങൾ എന്നു അവകാശപ്പെടുന്ന ജീവനക്കാർ ടിക്കറ്റ് മുറിക്കില്ല എന്നു പറയുന്നത്. ഒരു വെള്ളയാഴ്ചയാണ് സിനിമ റീലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം തിയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിളിച്ച് തിയേറ്റർ വിട്ടുതരാൻ പറ്റിലെന്ന് പറഞ്ഞു. വിട്ടുക്കൊടുത്താൽ തിയേറ്റർ ബോംബുവെച്ചു തകർക്കുമെന്ന് ഭീഷണിയുണ്ട് എന്നാണ് അവർ കാരണമായി പറഞ്ഞത്. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നിവർ ഇടപ്പെട്ട് അഞ്ച് സർക്കാർ തിയേറ്ററുകൾ അനുവദിച്ചു തരികയായിരുന്നു. ഈ അഞ്ച് തിയേറ്ററുകളിലും 70 ദിവസത്തോളം സിനിമ പ്രദർപ്പിച്ചെന്നും മൊയ്തു പറഞ്ഞു.

വലിയ ഭീഷണികളെ മറി കടന്നാണ് ടിപി 51 വെട്ട് എന്ന സിനിമ പൂർത്തിയാക്കിയത്. 80ഓളം തിരക്കഥാ കൃത്തുകൾ പേടിച്ച് ഈ സിനമയിൽ നിന്നും പിന്മാറി. അഡ്വാൻസ് നൽകിയതിന് ശേഷം 22 നിർമ്മാതാക്കളാണ് ഈ സിനിമയിൽ നിന്നും പിന്മാറിയത്. ഞങ്ങൾക്ക് തെരുവിലൂടെ നടക്കാൻ സാധിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്മാറിയത്. ടിപി ചന്ദ്രശേഖരനായി അഭിനയിക്കാൻ വിജയ രാഘവൻ ആദ്യം തയ്യാറായതാണ്. പിന്നീട് അദ്ദേഹവും പിന്മാറി. അങ്ങനെ പദ്ധതി ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിയതാണ്. എന്നാൽ നാട്ടിൽ നിന്നു തന്നെ നായകനെ കണ്ടെത്താനായതോടെ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.

ചിത്രീകരണ സമയത്തും വലിയ എതിർപ്പുകളെ നേരിടേണ്ടി വന്നു. മുടക്കോഴി മലയിൽ സംഘട്ടന രംഗം ചിത്രീകരിക്കവെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ വന്നു തടഞ്ഞു. പിന്നീട് തൊടുപുഴയിൽ വച്ചാണ് സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഈ സിനിമ ചെയ്ത ഒറ്റക്കാരണംക്കൊണ്ട് വീട് മാറേണ്ടി വന്നെന്നും കുട്ടികളുടെ പഠനം അവതാളത്തിലായെന്നും വ്യസനത്തോടെ അദ്ദേഹം പറയുന്നു 91 ലക്ഷം രൂപയ്ക്ക് അമൃത ടിവി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് ഏറ്റെടുക്കാൻ തയ്യാറായതായിരുന്നു. എന്നാൽ അവരും പിന്മാറുകയായിരുന്നു. കോടിയേരി ബാലകൃഷ്ൺ നേരിട്ട് ഇടപ്പെട്ട് സിനിമ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടതായി ചാനൽ അധികൃതർ പറഞ്ഞതായും മൊയ്തു പറയുന്നു.

എങ്കിലും സിനിമാ മേഖലയെ കൈവിടാൻ മൊയ്തു തയ്യാറായിട്ടില്ല. സൂഫിസത്തെ കുറിച്ചുള്ള പുതിയ സിനിമയുടെ തിരക്കിലാണ് അദ്ദേഹം. സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് മൊയ്തു താഴത്ത് വ്യക്തമാക്കി.