ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷിക്കുന്ന കാര്യത്തിൽ സി ബി ഐ അത്ര പോരെന്ന് ബിജു രമേശ് മറുനാടനോട്. കേസ് അവർ ഏറ്റെടുത്താൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. വെള്ളാപ്പള്ളിയും കേന്ദ്ര സർക്കാരും തമ്മിലുള്ള നിലവിലെ ബന്ധം ഏതന്വേഷണത്തെയും വഴിതെറ്റിക്കാൻ കഴിയുന്നതാണ്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ എസ് എൻ ഡി പിക്ക് ഇപ്പോൾ എങ്ങനെ ധൈര്യംവന്നു? ഇത്രയും നാൾ ഇല്ലാതിരുന്ന ധൈര്യം എൻ ഡി എ സർക്കാരുമായുണ്ടാക്കിയ കൂട്ടുകെട്ടിൽനിന്നും ഉണ്ടായതാണ്. ഇന്നലെ വൈകി ചേർന്ന എസ് എൻ ഡി പി യുടെ കൗൺസിൽ യോഗത്തിൽ സ്വാമിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിൽ പ്രശസ്തർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ബിജു രമേശിന്റെ പതിവു പണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്വാമി മരിച്ച് പതിറ്റാണ്ട് പിന്നിട്ടപ്പോൾ സി ബി ഐ അന്വേഷിക്കണമെന്ന പ്രമേയം പാസാക്കിയിട്ട് പ്രയോജനമില്ല.

അതേസമയം സ്വാമി ശാശ്വതികാനന്ദയുടെ മരണം സ്വാഭാവികമെങ്കിൽ കേസ് നീണ്ടുപോയതെന്തിനെന്ന് ബിജു ചോദിക്കുന്നു. നീണ്ട പതിനൊന്ന് കൊല്ലമാണ് കേസ് ഇഴഞ്ഞത്. താൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിൽ തന്റെ മൊഴി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. സ്വാമിയുടെ നിഴലായി സഞ്ചരിച്ചിരുന്ന സാബുവിനെ പൊലീസ് ചോദ്യം ചെയ്തില്ല. ഇയാൾ ഈ കേസിലെ ഏകദൃക്‌സാക്ഷിയാണ്. എന്നാൽ തന്റെ ആവശ്യം നിരാകരിച്ച് പൊലീസ് സാബുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സാബുവിന്റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു. തെളിവുകൾ ഇല്ലായ്മ ചെയ്യുന്നതിൽ കേരള പൊലീസ് ഒരിക്കൽക്കൂടി മികവുകാട്ടിയത് സ്വാമിയുടെ മരണത്തിലാണ്. മരണം സി ബി ഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ മാതാവും സഹോദരിയും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ ഒന്നും ചെവിക്കൊണ്ടില്ല. താൻ നേരിട്ട് കോടിയേരി ബാലകൃഷ്ണനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാൽ കാര്യങ്ങൾ എല്ലാം തനിക്ക് അറിയാമെന്നു കോടിയേരി പറഞ്ഞെങ്കിലും വെള്ളാപ്പള്ളിയുടെ കോപം ഏൽക്കാൻ കഴിയില്ലെന്ന നിലപാടാണെടുത്തത്. ശാശ്വതികാനന്ദയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ടത് സർക്കാരും ജനങ്ങളുമാണ്. കേസിന് ഇനിയും ഒരു പൊതുസ്വഭാവം കൈവന്നിട്ടില്ല. വെള്ളാപ്പള്ളി നടത്തുന്ന മൈക്രോഫിനാൻസ് ഇടപാടിൽ സിബി ഐ അന്വേഷണം സർക്കാർ ആവശ്യപ്പെട്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് പറഞ്ഞു.

പൊതുജനങ്ങളിൽനിന്നും കൊള്ളപ്പലിശ ഈടാക്കുന്ന കറക്കുകമ്പനി പൂട്ടിക്കേണ്ടത് അനിവാര്യമാണ്. കേസുകളുടെ പിന്നാലെ പാഞ്ഞ് തന്റെ ജീവിത സാഹചര്യങ്ങൾ വരെ താറുമാറായാതായും ബിജു രമേശ് പറഞ്ഞു. പൊതുതാല്പര്യം പരിഗണിച്ച് ഇത്തരം കേസുകൾ സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്നും ബിജു പറഞ്ഞു.