- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനത്തിനു ശല്യമാകുമെങ്കിൽ ബാങ്കുവിളി നിയന്ത്രിക്കാം, ഗതാഗതം തടസപ്പെടുത്തുന്ന റാലികളും ഒഴിവാക്കണം; വിദേശത്ത് നിന്നും വന്നതാണ് എന്നതുകൊണ്ട് പർദ്ദ ധരിക്കാൻ പാടില്ലെന്നുണ്ടോ? മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
കോഴിക്കോട്: ജനങ്ങൾക്കു ശല്യമുണ്ടാക്കുന്ന ബാങ്കുവിളി മതപണ്ഡിതന്മർ ചേർന്നു നിയന്ത്രിക്കുകയും ഗതാഗതം തടസപ്പെടുത്തുന്ന മതസംഘടനകളുടെ റാലികൾ ഒഴിവാക്കുകയും ചെയ്യണമെന്നു ഡോ.ഹുസൈൻ മടവൂർ. കേരേളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഡോ.ഹുസൈൻ മടവൂർ മതത്തെയും സലഫ
കോഴിക്കോട്: ജനങ്ങൾക്കു ശല്യമുണ്ടാക്കുന്ന ബാങ്കുവിളി മതപണ്ഡിതന്മർ ചേർന്നു നിയന്ത്രിക്കുകയും ഗതാഗതം തടസപ്പെടുത്തുന്ന മതസംഘടനകളുടെ റാലികൾ ഒഴിവാക്കുകയും ചെയ്യണമെന്നു ഡോ.ഹുസൈൻ മടവൂർ. കേരേളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഡോ.ഹുസൈൻ മടവൂർ മതത്തെയും സലഫി പ്രസ്ഥാനത്തെയും മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവണതകളെയും തന്റെ കാഴ്ചപ്പാടിലൂടെ നിരീക്ഷിക്കുകയാണ്. ഓൾ ഇന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി, കേരളാ നദ്വത്തുൽ മുദജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന തല കോ-ഓഡിനേറ്റർ, വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ ചെയർമാൻ(ഏഷ്യ) തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചുവരുന്ന ഡോ.ഹുസൈൻ മടവൂരുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖം
- കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈയിടെയായി നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും നബിദിനാഘോഷത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണോ?
ഞങ്ങൾ പ്രവാചകനുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാറുണ്ട്, പക്ഷേ അതൊന്നും നബിദിനത്തിന്റെ ഭാഗമായിട്ടല്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും പല പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ഞാനും പല പരിപാടികളിലും പങ്കെടുക്കാറുള്ളതാണ്. എന്നാൽ ഇത് നബിദിനാഘോഷമായോ നബിദിനത്തിന്റെ ഭാഗമായിട്ടോ അല്ല ഞങ്ങൾ കണക്കാക്കുന്നത്. നബി ദിനം എന്ന പേരിൽ ഞങ്ങൾ ഒരു പരിപാടി എവിടേയും സംഘടിപ്പിക്കാറില്ല. കാരണം ഇപ്പോൾ നടക്കുന്ന ഈ പരിപാടികളൊന്നും നബിയുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ്. നബി ജനിച്ചതിന്റെ പേരിൽ എന്തെങ്കിലും ആഘോഷങ്ങൾ നടത്താൻ ഖുർആനിലോ ഹദീസിലോ എവിടെയും പറയുന്നില്ല. അതേസമയം ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾ ആ കാലഘാട്ടം മുതലേ നടത്താറുണ്ടായിരുന്നു.
- മതപ്രഭാഷണത്തിന്റെ പേരിൽ മതപണ്ഡിതന്മാർ അമിത തുക ഈടാക്കുന്ന പ്രവണതയെ എങ്ങനെ കാണുന്നു?
മതപ്രഭാഷണം എന്നത് സൗജന്യമായി നിർവഹിക്കേണ്ട ഒരു കാര്യമാണ്. അതായത് അറിവുള്ളവർ അതു പറഞ്ഞുകൊടുക്കണം. എഴുതാൻ കഴിവുള്ളവരാണെങ്കിൽ എഴുതണം. മത പണ്ഡിതന്മാർ ഇതു കൃത്യമായി നിർവഹിക്കേണ്ടതാണ്. പ്രവാചകരുടെ കാലശേഷം ആ ദൗത്യം പണ്ഡിതർക്കാണുള്ളത്. പ്രവാചകന്മാരുടെ വാചകമായിട്ട് ഖുർആൻ പറഞ്ഞിട്ടുള്ളത് 'ഇതിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോക രക്ഷിതാവിൽ നിന്നുമാണ'് എന്നാണ്. ഇതിൽ നിന്നും വ്യക്തമാക്കുന്നത് മതപ്രഭാഷണം നടത്തേണ്ടത് സൗജന്യമായിട്ടാണെന്നാണ്. അതേസമയം ഒരാൾ വന്നു പ്രസംഗിക്കണമെങ്കിൽ അവർക്കുള്ള വാഹനച്ചെലവ് മറ്റു ചെലവുകളൊക്കെയുണ്ടാകാം, അല്ലാതെ മതപ്രഭാഷണത്തിന്റെ പേരിൽ പണം ചോദിച്ചു വാങ്ങുക, പിന്നീട് അത് ഒരു സമ്പാദ്യമായി മാറുക എന്നതൊക്കെ പാടില്ലാത്ത കാര്യമാണ്. ഈ പ്രവണത മാറ്റേണ്ടതുമാണ്. പ്രഭാഷണത്തിനാണെങ്കിലും ലേഖനങ്ങൾ എഴുതുന്നതിനാണെങ്കിലും അമിതമായി പണം ചോദിക്കുന്നവരുണ്ട് അതു ശരിയല്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം.
- പള്ളിയിൽനിന്നുള്ള ഉച്ചഭാഷിണിക്കെതിരേ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് മുമ്പ് ഫെയ്സ്ബൂക്കിലൂടെ രംഗത്തുവന്നത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു, എന്താണ് ഈ വിഷയത്തിൽ താങ്കളുടെ കാഴ്ചപാട്?
ഫിറോസിന്റെ അഭിപ്രായം വളരെ ശരിയാണ്, കാരണം ഒന്നാമത് ആരാധനകൾ എന്നത് ശാന്തമായിട്ടാവണം. 'നീ നിന്റെ പ്രാർത്ഥന വലിയ ഉച്ചത്തിലാക്കുകയോ വളരെ പതുക്കെയാക്കുകയോ ചെയ്യേണ്ട, രണ്ടിനും ഇടയിലായി നിർവഹിക്കുക' എന്നാണ് ആരാധനയെ സംബന്ധിച്ച് ഖുർആനിൽ പറഞ്ഞിരിക്കുന്നത്. ഈ ഖുർആൻ വാക്യത്തിന്റെ വിശദീകരണത്തിൽ കാണാം, പ്രവാചകൻ മുഹമ്മദ് നബി ഖൈബർ യുദ്ധം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ അനുചരന്മാർ ഉച്ചത്തിൽ തഖ്ബീർ (അള്ളാഹു അക്ബർ) ഉരുവിടുകയുണ്ടായി. ഈ സന്ദർഭത്തിൽ പ്രവാചകൻ കൂടെയുള്ളവരോട് പറഞ്ഞത,് നിങ്ങൾ പ്രാർത്ഥിക്കുന്നത് ചെവി കേൾക്കാത്ത ദൈവത്തോടോ ദൂരെയുള്ള ദൈവത്തോടോ അല്ല, നിങ്ങൾ പ്രാർത്ഥിക്കുന്നത് അള്ളാഹുവിനോടാണ്. അള്ളാഹു നിങ്ങളോടൊപ്പമുള്ളവനാണ് എന്നായിരുന്നു. ഇപ്പോൾ റോഡിൽ നിന്നുകൊണ്ടാണ് തഖ്ബീർ ചൊല്ലുന്നത്. വാഹനം തടസപ്പെടുത്തിയാണ് മതപരമായ ജാഥയും പരിപാടികളുമെല്ലാം നടക്കുന്നത് ആ നിലയ്ക്ക് ഇതു നിർത്തലാക്കേണ്ടതുണ്ട്. പള്ളിയുടെ അകത്തുനടക്കേണ്ട ആരാധനകളുണ്ട്, അത് പള്ളിയിലുള്ളവർ മാത്രം കേട്ടാൽ മതി. പിന്നെയുള്ളത് ഒരു ദിവസം അഞ്ചു നേരമുള്ള ബാങ്കുവിളിയാണ്, ഇത് ജനങ്ങളെ ആരാധനയുടെ സമയം അറിയിക്കാനുള്ളതാണ്. ഇതുതന്നെ മൈക്കിലൂടെ നിർവഹിക്കുമ്പോൾ ശല്യമാകുന്നുവെങ്കിൽ ഒഴിവാക്കേണ്ടതാണ്.[BLURB#1-VL]
ബാങ്ക് കേൾക്കുന്നവർ പള്ളിയിൽ വരണമെന്നാണ്. അതായത് ഇപ്പോൾ മൈക്കിൽ ബാങ്ക് വിളിക്കുമ്പോൾ ആ ശബ്ദം കേൾക്കുന്ന അത്രയും ദൂരെയുള്ളവർക്ക് പള്ളിയിൽ വരണമെന്നില്ല. കാരണം, ഓരോ നാട്ടിലും മുസ്ലിങ്ങൾക്ക് തന്നെ ഒന്നിലധികം പള്ളികളുണ്ട് ചിലപ്പോഴത് അഞ്ചും ആറും വരെയുണ്ടാകാറുണ്ട്. ഇപ്പോൾ ഓരോ സംഘടനക്കും ഓരോ പള്ളിയും ഒരു സംഘടനയ്ക്കു തന്നെ നിരവധി പള്ളികളുമുണ്ട്. ഇവിടെ നിന്നെല്ലാം ബാങ്ക് വിളി ഉയർന്നുകേൾക്കുമ്പോൾ അത് അരോചകമാകുകയും ഇത് കേൾക്കുന്നവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ ഇസ്ലാമിനോട് തന്നെ വിരോധമാകാൻ കാരണമാകും. ഇന്നത്തെ കാലത്ത് സമയമായെന്നറിയാൻ ഒരുപാട് മാർഗങ്ങളുണ്ട്. ഇനി ബാങ്ക് വിളിക്കണമെങ്കിൽ ആവാം, ഒരു പ്രദേശത്തുള്ള ഒരു പള്ളിയിൽനിന്നും മാത്രം ഉച്ചഭാഷിണിയിൽ വിളിക്കാം. ഇത് ഓരോ നേരവും വിവിധ പള്ളിയിൽ നിന്നുമാകാം. ഇത് മുസ്ലിം പണ്ഡിതന്മാർ ഒരുമിച്ചു കൂടിയാലോചിക്കേണ്ട വിഷയമാണ്. പുലർച്ചക്ക് നിർവഹിക്കുന്ന സുബഹി ബാങ്ക് ഇപ്പോൾ 5.30നാണ്, ചിലപ്പോഴത് നാലേ മുക്കാലിനും ആവും. അപ്പോൾ ഈ ബാങ്ക് വിളിക്കുന്ന പ്രദേശത്ത് അധികം ആളുകളും ഇത് കേൾക്കേണ്ടവരല്ല, ഇതുമായി ബന്ധപ്പെട്ട സമുദായവുമല്ല. അതുകൊണ്ട് അവർക്ക് ശല്യമുണ്ടാക്കി നമ്മൾ ബാങ്കു വിളിക്കണമെന്നില്ല. പി.കെ ഫിറോസ് പറഞ്ഞിരിക്കുന്നത് എന്റെ അഭിപ്രായത്തിൽ ശരിയാണ്.
ഇതു പറയുന്നവരെ എതിർക്കുന്നതും അസഭ്യം പറയുന്നതും പക്വതയില്ലാത്തവരാണ്. അതുപോലെ നബിദിനറാലിയുടെയും മറ്റു മതസംഘടനകളുടെയും ജാഥകളുടെയും സമ്മേളനങ്ങളുടെയും പേരിൽ ഗതാഗതം തടസപ്പെടുന്ന അവസ്ഥ ഒഴിവാക്കണം. പൊതുനിരത്തിലൂടെയുള്ള ഘോഷയാത്ര നിയമം മൂലം നിരോധിക്കണമെന്ന് 1987ലെ കുറ്റിപ്പുറം സമ്മേളനത്തിൽ മുജാഹിദ് സംഘടനയാണ് ആദ്യമായി ആവശ്യപ്പെടുന്നത്. ഖുർആനിലും ഗീതയിലും ബൈബിളിലും റോഡ് ബ്ലോക്കാക്കി ഘോഷയാത്ര നടത്തണമെന്ന് പറഞ്ഞിട്ടില്ല, മതം പഠിപ്പിക്കുന്നത് വഴിയിലെ മാലിന്യങ്ങൾ നീക്കണമെന്നും അത് വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കണമെന്നുമാണ്. നബി ദിനമാകുമ്പോൾ പുലർച്ചെ മുതൽ ലൗഡ്സ്പീക്കർ വച്ച് മത്സരപരിപാടികളൊക്കെ നടക്കുന്നതുമൂലം നിലവധി പേർ ബുദ്ധിമുട്ടുന്നുണ്ട്. പലരും ഇത് പറയാൻ മടിക്കുന്നത് ഇത് ഏതുരീതിയിൽ ചിത്രീകരിക്കുമെന്ന് ആശങ്കപ്പെട്ടും ഇതിനെ തുടർന്നുണ്ടാകുന്ന എതിർപ്പുകൾ ഭയന്നുമൊക്കെയാണ്. പത്തുമണി വരെ മൈക്ക് അനുവദിക്കുന്നുള്ളൂ എങ്കിലും അത് ലംഘിച്ച് വലിയ ശബ്ദത്തിൽ മൈക്ക് ഉപയോഗിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മതപരമായ കാര്യങ്ങൾ ഏതുമതത്തിൽപ്പെട്ടവർ ചെയ്യുന്നോ അത് അവരെ മാത്രം കേൾപ്പിച്ചാൽ മതി, ഇനി അങ്ങിടിയിലൊക്കെയുള്ളവരെ കേൾപ്പിക്കണമെങ്കിൽ ഒരു മര്യാദയൊക്കെ വേണം എന്നതാണ് എന്റെ അഭിപ്രായം. ഞാൻ ഫറോക്ക് കോളേജിൽ നാൽപ്പതു കൊല്ലത്തോളമായി ഉണ്ടായിരുന്നു. അവിടെ പരീക്ഷ അടുക്കുമ്പോഴായിരിക്കും ഉച്ചഭാഷിണിയിൽ പ്രഭാഷണം കേൾക്കുന്നത്, ഇത് എല്ലാ സംഘടനകളും ചെയ്യുന്നുണ്ട്. പക്ഷേ ഇതുകൊണ്ടുള്ള ബുദ്ധിമുട്ട് അടുത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ പെട്ടെന്ന് മാറ്റാൻ സാധിക്കില്ല, മതപണ്ഡിതരും അറിവുള്ളവരും സമൂഹത്തെ ബോധവൽക്കരിക്കുകയാണ് വേണ്ടത് എന്നാൽ മാത്രമെ ഇതിന് മാറ്റമുണ്ടാകൂ..ഇതിന് മാതൃകയായി ഈയിടെ ഞാൻ ഉദ്ഘാടനം ചെയ്ത ഒരു പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശം വച്ചിരുന്നു. അത് ഇന്നും അവിടെ തുടരുന്നുണ്ട്.[BLURB#2-H]
- ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നല്ലോ മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ഡോ.ഫസൽ ഗഫൂറിന്റെ പ്രസംഗം. എന്താണ് താങ്കളുടെ കാഴ്ചപ്പാട്?
മുസ്ലിം സ്ത്രീകൾക്കും പുരുഷന്മാർക്കും ഇസ്ലാമിൽ വസ്ത്രധാരണത്തിനു നിയമമുണ്ട്. വസ്ത്രത്തിന്റെ നിയമമെന്നാൽ മറച്ചുവയ്ക്കേണ്ട കാര്യങ്ങൾ പുറത്തുകാണാൻ പാടില്ല. ശരീരത്തിന്റെ രൂപം പുറത്തുകാണുന്ന രൂപത്തിലുള്ള ലോലവും മുറുകിയതുമായ വസ്ത്രം ധരിക്കരുത്. പർദ്ദയാണെന്നു പറഞ്ഞ് ഒരു സ്ത്രീയുടെ ശരീരം കാണുന്നുവെങ്കിൽ അത് പർദ്ദയാകുന്നില്ല. അതുപോലെ പുരുഷനാണെങ്കിൽ നെരിയാണിക്ക് താഴെയും വസ്ത്രം ധരിക്കരുതെന്നാണ് ഇസ്ലാമിന്റെ വിധി. സ്ത്രീയുടെ ശരീരം മറയ്ക്കുന്നതിന് പ്രാദേശികമായി ഏതു വസ്ത്രവും ധരിക്കാം അതിന് വിരോധമില്ല. പാവാടയാകാം, ചുരിദാറാകാം, സാരിയാകാം, പഴയകാലത്ത് ധരിച്ചിരുന്നതു പോലെ തുണിയും കുപ്പായവും ആവാം പർദ്ദയും ആവാം. അല്ലാതെ ഏതു ധരിക്കണമെന്ന നിർബന്ധമില്ല. സ്ത്രീയുടെ ശരീരം മറയ്ക്കുക എന്ന ആശയമാണ് ഉൾക്കൊള്ളേണ്ടത്. ഇതു ശരിക്കും ഒരു അനാവശ്യവിവാദമായിരുന്നു.
- എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ എടുക്കാറുള്ള മതപരമായ നിലപാടുകളോട് താങ്കൾ യോജിക്കുന്നുണ്ടോ?
ഫസൽ ഗഫൂർ ഇവിടെ ഒരുപാട് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അവിടെയെല്ലാം കുട്ടികൾ മുഖം മറച്ചു വരുമ്പോൾ ഡിസിപ്ലിൻ പ്രശ്നം ഉണ്ടാകുന്നു. ഇത് മതപണ്ഡിതന്മാരോട് അന്വേഷിച്ചപ്പോൾ ഇങ്ങനെ നിയമമില്ലെന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്, ഇതിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം അത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പിന്നീടത് മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഒരാൾ ഏതു വസ്ത്രം ധരിക്കണമെന്ന് അയാളാണ് തീരുമാനിക്കേണ്ടത്. വിദേശത്ത് നിന്നും വന്നതാണ് പർദ്ദ എന്നതു കൊണ്ട് പർദ്ദ ധരിക്കാൻ പാടില്ലെന്നുണ്ടോ? അങ്ങനെയാണെങ്കിൽ ഫസൽ ഗഫൂർ ധരിക്കുന്ന പാന്റ്സും ഷർട്ടും വിദേശ സംസ്കാരമല്ലേ..വിദേശവസ്ത്രം പുരുഷന്മാർക്ക് ആവാമെങ്കിൽ സ്ത്രീകൾക്കും ആയിക്കൂടെ. പർദ്ദ എന്ന വസ്ത്രം സ്ത്രീക്ക് വളരെ അനുയോജ്യമായ വസ്ത്രമാണ്. സാരി പോലെ കൂടുതൽ അണിഞ്ഞൊരുങ്ങുകയോ ഒന്നും വേണ്ട. ധരിക്കാൻ ഏറ്റവും സുഖവും സുരക്ഷിതത്വവും ഉള്ള വസ്ത്രം തന്നെയാണ് പർദ്ദ. ഫസൽ ഗഫൂറിന് അദ്ദേഹത്തിന്റേതായ അഭിപ്രായം പറയാമല്ലോ. എം.ഇ.എസ് എന്നത് വിദ്യാഭ്യാസപരമായും തൊഴിൽ പരമായുമുള്ള വിഷയത്തിലായിരുന്നു ഇടപെട്ടിരുന്നത് അല്ലാതെ മത കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. എം.ഇ.എസിന്റെ മേഖല വേറെയാണ്.
- ഇവിടെ നിരവധി മുസ്ലിം പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. പുതുതായി ഇപ്പോഴും പത്രങ്ങൾ പിറവിയെടുക്കുന്നു, എന്താണ് ഈ പത്രങ്ങളുടെയെല്ലാം സാധ്യതയും ഭാവിയും താങ്കൾ വിലയിരുത്തുന്നത്?
പത്രങ്ങൾക്ക് ഇനിയും സാധ്യതകളുണ്ട്, കേരളത്തിലെ എൺപതുലക്ഷം മുസ്ലിങ്ങളിൽ നാൽപതു ലക്ഷം പേർ മാത്രമേ പത്രം വായിക്കുന്നവർ കാണൂ. എല്ലാ മുസ്ലിം പത്രങ്ങളും എടുത്താൽ ഈ നാൽപത് ലക്ഷം കോപ്പിയൊന്നും ഉണ്ടാവുകയുമില്ല. മുസ്ലിം പത്രങ്ങൾ മുസ്ലിങ്ങൾ മാത്രമല്ല വായിക്കുന്നത്. ചില പത്രങ്ങൾക്കു വേണ്ട രീതിയിൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നത് ശരിയാണ്. നിങ്ങൾ ചൂണ്ടിക്കാണിച്ച പോലെ വർത്തമാനം ദിനപത്രത്തിലുള്ളതും സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അതേസമയം ആശുപത്രി നടത്തി നഷ്ടത്തിലായവരും സ്കൂൾ നടത്തി നഷ്ടം സംഭവിച്ച് വിറ്റവരും ഉണ്ട്. അതിനർത്ഥം ഇനിയാരും ഇത് തുടങ്ങില്ല എന്നില്ലല്ലോ. മാദ്ധ്യമം പോലുള്ള പത്രങ്ങൾ വിജയിച്ചത് ഉദാഹരണമാണ്. മാദ്ധ്യമം വായിച്ചതിന്റെ പേരിൽ ആരും ജമാഅത്തേ ഇസ്ലാമിയാകുന്നില്ലല്ലോ. അത് ആ പത്രം നടത്തിപ്പിന്റെ ശൈലിയും കെട്ടുറപ്പുമാണ് കാരണം.[BLURB#3-VR]
- ജമാഅത്തേ ഇസ്ലാമിയുടെ മത രാഷട്രസങ്കൽപ്പവാദത്തെ താങ്കളുടെ പ്രസ്ഥാനം എങ്ങനെയാണ് നോക്കിക്കാണുന്നത്?
ജമാഅത്തേ ഇസ്ലാമിയുടെ ഇസ്ലാമികരാഷ്ട്രം എന്ന സങ്കൽപ്പത്തെ ആദ്യമായി എതിർത്തത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമാണ്. ജമാഅത്തേ ഇസ്ലാമി വരുന്ന സമയത്ത് ഇവിടെ സുന്നി സംഘടനകളും മുജാഹിദ് സംഘടനകളുമാണ് ഉണ്ടായിരുന്നത്. നാൽപ്പതുകളിലാണ് കേരളത്തിലെത്തുന്നത്. അവർ ഇവിടെ വന്നപ്പോൾ ഒരു വ്യതിരിക്തതയുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി, സുന്നി. മുജാഹിദ് തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത് ഇവിടെ വോട്ട് ചെയ്യുന്നു എന്നുള്ളതാണ്. വോട്ടു ചെയ്യുമ്പോൾ അള്ളാഹുവിന്റേതല്ലാത്ത ഒരു നിയമം നടപ്പിലാക്കാൻ വേണ്ടി ബൈഅത്ത് (ഉടമ്പടി) ചെയ്യുകയാണ്. അപ്പോൾ അത് ശിർക്കാകും (ദൈവത്തിൽ പങ്കുചേർക്കൽ) എന്നാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിച്ചിരുന്നത്. ഇത് അവർ പ്രകടമായി പറഞ്ഞതാണ്, എഴുതിയതുമാണ്. അവർ രൂപം കൊണ്ട സമയത്ത് വോട്ട് ചെയ്യാതെ നിന്നു. പിന്നീട് ഇന്ദിരാഗന്ധിയുടെ കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിച്ചപ്പോൾ അവർ ജനതാ പാർട്ടിക്ക് വോട്ടുചെയ്തു. പിന്നീട് കുറെ കഴിഞ്ഞപ്പോൾ അവർക്ക് തന്നെ മനസിലായി ഒരു ജനാധിപത്യ മതേതര രാജ്യത്ത് ഗവൺമെന്റാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന്. ഒരു ഇസ്ലാമിക ഗവൺമെന്റ് വരുന്നത് വരെ കാത്തിരുന്നാൽ നമുക്കാണ് അതിന്റെ ദോഷമുണ്ടാവുക എന്നു തിരിച്ചറിഞ്ഞതോടെയാണ് അവർ വോട്ടു ചെയ്യാൻ തീരുമാനിച്ചത്. ആ വോട്ട് പിന്നീട് വ്യക്തികളെ നോക്കി ചെയ്യാൻ തുടങ്ങി. വീണ്ടും കാലക്രമേണ അവർ തിരിച്ചറിഞ്ഞു, അവർക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയില്ലെന്ന്.
സർക്കാർ രൂപീകരിക്കണമെങ്കിൽ ഒരു പാർട്ടിവേണമല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിൽ ഓരോ പാർട്ടിക്കും വോട്ടു കൊടുക്കാൻ തുടങ്ങി. ഇതും പരാജയപ്പെട്ടതോടെയാണ് ജമാഅത്തെ ഇസ്ലാമി മുൻകൈ എടുത്ത് വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത്. വെൽഫെയർ പാർട്ടി ഉണ്ടാക്കുന്നതിനു മുമ്പു തന്നെ അവർക്കിടയിൽ ഒരുപാർട്ടി രൂപീകരിക്കുക എന്ന ചർച്ച നടന്നിരുന്നു. ഇതിന്റെ ഭാഗമായി അവരുടെ പല പ്രമുഖ നേതാക്കളും എന്നെ വന്നു കണ്ടിരുന്നു. അന്ന് അവർ എന്നോട് പറഞ്ഞത്, മാദ്ധ്യമം ജമാഅത്തെ ഇസ്ലാമിയുടെ സംഭാവനയാണ് . ഇതുപോലെ മുസ്ലിം സമുദായത്തിന് ഒരു പാർട്ടി ഉണ്ടാവണമെന്നായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടനുസരിച്ച് ഇസ്ലാമിക രാഷ്ട്രമെന്നതും ഖർആൻ ഇസ്ലാമിക ഭരണഘടന എന്നുമൊക്കെയാണ് പറയുക. അതിനുള്ള പരിശീലനങ്ങളാണ് നമസ്കാരങ്ങൾ എന്ന് വരെ അബുൽ അഅ്ലാ മൗദൂദി പറഞ്ഞിട്ടുണ്ട്. അപ്പോൾ മത രാഷ്ട്ര വാദം എന്ന് പറഞ്ഞാൽ ഇന്ത്യൻ പശ്ചാത്തലത്തിൽ സാധ്യമല്ലെന്നു കണ്ട് ഈ വാദത്തെ ആദ്യം മുതലേ എതിർത്തു പോന്നതും ഇവിടത്തെ മുജാഹിദ് പ്രസ്ഥാനമായിരുന്നു. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന വഹിദുദ്ധീൻ ഒക്കെ പിന്നീട് പറയുകയുണ്ടായി.
- പലപ്പോഴും താങ്കൾക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം സ്വന്തം സംഘടനയിൽനിന്നു തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നില്ലേ?
ഇല്ല, എനിക്ക് എല്ലാ സംഘടനകളുമായും നല്ല ബന്ധമാണ്. സുന്നി സംഘടനകളുൾപ്പടെ എല്ലാവരുമായും വേദി പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ട്. ജമാഅത്തെ ഇസ്ലാമി ഇറക്കിയ ഇസ്ലാമിക വിജ്ഞാനകോശത്തിൽ പോലും കേരളത്തിൽ അവരെ എതിർക്കുന്നത് ഐ.എസ്.എം ആണെന്നും ഞാൻ പ്രസിഡന്റായിട്ടുള്ള മർക്കസുദ്ദഅ്വയുടെ ഫോട്ടോ വച്ച് അവർ എഴുതിയിട്ടുള്ളതാണ്. അടിസ്ഥാന വിഷയങ്ങളിൽ എല്ലാവരുമായും ഒന്നിക്കാറുണ്ട്. അത്തരത്തിൽ ഒന്നിക്കണമെന്നാണ് എന്റെ അഭിപ്രായവും. അല്ലാതെ എന്റെ സംഘടനയിൽ നിന്നും എനിക്കെതിരെ യാതൊന്നും ഉണ്ടായിട്ടില്ല.