മലപ്പുറം: ഉൾവനത്തിലെ ആദിവാസി കോളനികളിൽ മരുന്നും ഭക്ഷണവും വസ്ത്രവുമെത്തിച്ച് ആതുരസേവന രംഗത്ത് വേറിട്ട പ്രവർത്തിനം നടത്തി വരുന്ന യുവ ഡോക്ടർ നിലമ്പൂർ വടപുറം സ്വദേശി ഷാനവാവിനെതിരിൽ ഒരു സംഘം മരുന്ന് ലോബികളും രാഷ്ട്രീയക്കാരുമാണ് പ്രവർത്തിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ ഷാനവാസ്. തനിക്കെതിരിൽ പെട്ടെന്നുണ്ടായ സ്ഥലംമാറ്റ നാടകത്തിനു പിന്നിൽ രാഷ്ട്രീയ-മരുന്ന് ലോബി കൂട്ടുകെട്ടാണ്. ആരും തിരിഞ്ഞുനോക്കാതെ കൊടുംകാട്ടിലെ പാവപ്പെട്ടവരും അവശരുമായ ആദിവാസി കുടുംബങ്ങൾക്ക് സൗജന്യ മരുന്നും ചികിത്സയും എത്തിച്ചു എന്നതാണ് ഈ ഡോക്ടർ മരുന്ന് മാഫിയയുടെയും ചില രാഷ്ടീയക്കാരുടെയും കണ്ണിൽ കരടായി മാറിയത്.

മരുന്ന് കമ്പനി ഉടമകളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ പലപ്പോഴും പാവപ്പെട്ട രോഗികളെ വെറും മരുന്നുതീനി യന്ത്രങ്ങളാക്കി മാറ്റാറുണ്ട്. മരുന്നും ചികിത്സയും കച്ചവടകണ്ണിൽ മാത്രം കാണുന്ന ഇത്തരം കൂട്ടുകെട്ടുകൾക്ക് പിടികൊടുക്കാതെ മനുഷ്യനെയും മനുഷ്യത്വത്തെയും തിരിച്ചറിഞ്ഞ ഷാനവാസിൽ നിരവധി മാതൃകകളുണ്ട്. സ്വന്തം നാട്ടിൽ നിൽക്കാനുള്ള കൊതി കൊണ്ട് മാത്രമല്ല, തന്റെ സ്ഥലം മാറ്റം 27 കുടുംബങ്ങൾക്ക് മാസത്തിൽ എത്തിച്ചു കൊണ്ടിരിക്കുന്ന സഹായങ്ങൾക്ക് തടസം വരരുതേ..എന്നുള്ള പ്രാർത്ഥനയാണ് ഷാനവാസിന്. തനിക്കെതിരെയുള്ള നീക്കങ്ങളെ കുറിച്ച് ഡോക്ടർ ഷാനവാസ് മറുനാടൻ മലയാളിയുമായി പങ്കുവച്ചതിങ്ങനെ:

മരുന്ന് മാഫിയയും രാഷ്ട്രീയക്കാരും ചേർന്നാണ് എനിക്കെതിരായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നത്. രാഷ്ട്രീയക്കാരുമായി മരുന്ന് കമ്പനി ഉടമകൾ ചേർന്ന് ഇങ്ങനെ പ്രവർത്തിക്കാൻ കാരണം ഞാൻ മരുന്ന് കമ്പനികളെ ആശ്രയിക്കുന്നില്ലെന്നുള്ളതാണ്. ഞാൻ ചെയ്യാറുള്ളത് ലക്ഷങ്ങൾ വിലയുള്ള സാമ്പിൾ മെഡിസിൻ ഞാൻ എവിടെപോയാലും തപ്പി കണ്ടു പിടിച്ചെടുക്കും കാരണം അത് ഫസ്റ്റ് ക്വാളിറ്റി മെഡിസിനായിരിക്കും.

എനിക്ക് അസുഖം വന്നാൽ പോലും ഞാൻ ഇതാണ് ഉപയോഗിക്കാറ്. ഞാൻ മുമ്പ് ജോലി ചെയ്തിട്ടുള്ള പ്രൈവറ്റ് ആശുപത്രികളിൽ നിന്നും ചില മരുന്നുകൾ വിദേശത്തു നിന്നുമെല്ലാമാണ് ഞാൻ സംഘടിപ്പിച്ചിരുന്നത്. ഈ മരുന്നുകൾ ഞാൻ വിതരണം ചെയ്യുമ്പോൾ മരുന്ന് ലോബികൾക്ക് സഹിക്കുന്നില്ല, അവർ എനിക്കെതിരായി പ്രവർത്തിച്ചതാണ് ഈ പെട്ടെന്നുണ്ടായ സ്ഥലംമാറ്റത്തിനു വരെ കാരണമായിരിക്കുന്നത്. ഞാനവിടെ ജോയിന്റ് ചെയ്‌തെങ്കിലും ഞാൻ ഇതിനെതിരിൽ നിയമപരമായി മുന്നോട്ടു പോകും . എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ഡി.എം.ഒ സ്ഥലം മാറ്റൽ അറിഞ്ഞിട്ടു പോലുമില്ല. ഈ വിഷയം പറഞ്ഞ് മന്ത്രി ശിവകുമാറിനെയും അനിൽകുമാറിനെയുമൊക്കെ പലതവണ ഞാനും എന്റെ സുഹൃത്തുക്കളും കണ്ടിരുന്നു. എന്റെ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ അറിയുന്ന ആളാണ് മന്ത്രി ശിവകുമാർ. ശരിയാക്കാമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

മറ്റൊരു കാര്യം അവിടെയുള്ള ആർ.എസ്.എസുകാർ പറയുന്നത് എനിക്ക് വിദേശത്തു നിന്നും ഫണ്ട് വരുന്നുണ്ടെന്നാണ്. ഞാൻ ഈ ചാരിറ്റി തലയ്ക്ക് പിടിച്ച് എച്ച്ഡിഎഫ്‌സിയിൽ നിന്നും അഞ്ചര ലക്ഷം ലോൺ എടുത്തയാളാണ്. ഞാനിനിയും നാലര ലക്ഷം അടയ്ക്കാൻ ബാക്കിയാണ്. ഇവരുടെയൊക്കെ വിചാരം എനിക്ക് വിദേശത്തു നിന്നും പണം ഒഴുകുകയാണെന്നാണ്. ഇവരിപ്പൊൾ എന്റെ ഫണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പറയുന്നത്. ആർ.എസ്.എസ് അടക്കം ഇടതുപക്ഷത്തിനും കോൺഗ്രസിനും ചോദിക്കുന്ന പണം എടുത്ത് തന്നതിന്റെ തെളിവും എന്റെ കയ്യിലുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിനായി എന്റെ പല സുഹൃത്തുക്കളും ഏൽപ്പിക്കുന്ന പണം അർഹരെ തേടിപ്പിടിച്ച് അത് ഞാൻ എത്തിച്ചിട്ടുമുണ്ട്. എന്റെ ശമ്പളത്തിൽ നിന്ന് വലിയൊരു ശതമാനം മാറ്റി വെയ്ക്കുന്നതും ചാരിറ്റി പ്രവർത്തനങ്ങൾക്കാണെന്നും ആരോപണം ഉന്നയിക്കുന്നവർ അറിയണം. ഒരു ഡോക്ടറുടെ അക്കൗണ്ടിൽ മാസത്തിൽ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപ വരാൻ പാടില്ലേ?..അങ്ങിനെയെങ്കിൽ ഇന്ത്യയിലുള്ള എല്ലാ പൗരന്റെയും അക്കൗണ്ട് പരിശോധിക്കേണ്ടേ..

ഇവരെല്ലാം ചേർന്ന് രഹസ്യമായിട്ടുള്ള നീക്കമാണ് എനിക്കെതിരിൽ നടത്തുന്നത്. ഞാൻ ചുങ്കത്തറ വന്നിട്ട് രണ്ടു വർഷം തികയുന്നതേയുള്ളൂ മൂന്ന് വർഷം ജനറൽ ട്രാൻസ്ഫറിൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോൾ എന്നോട് ചെയ്തിട്ടുള്ളത്. ഒരു ടീച്ചർക്ക് അനുകൂലമായി മുമ്പ് ഒരു ഹൈക്കോടതി വിധി വന്നിരുന്നു സ്വന്തം ജില്ലയിൽ ഒഴിവ് ഉണ്ടായിരിക്കെ മറ്റു ജില്ലയിലേക്ക് മാറ്റാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു. ഇപ്പോൾ നിലവിൽ ഒരുപാട് ഒഴിവ് ഇവിടെ തന്നെയുണ്ട്. മാത്രമല്ല ചുങ്കത്തറയിലേക്ക് വേണ്ടി എന്റെ നാട്ടിൽ തന്നെയുള്ള ഒരു സ്ത്രീയും അവരുടെ ഫാമിലിയും രാഷ്ട്രീയമായി ശ്രമം ഇതോടൊപ്പം നടത്തിയിരുന്നു. ഞാൻ എല്ലാ മാസവും സ്ഥിരമായി സാഹായം എത്തിക്കുന്ന 27 കുടുംബങ്ങളുണ്ട് അവരുടെ സന്തോഷമാണ് എനിക്ക് വലുത്. ഇതിൽ അതിയായ കഷ്ടതയനുഭവിക്കുന്ന അഞ്ച് കുടംബങ്ങളുണ്ട് അവരെ വിട്ട് പോകുക എന്നത് എനിക്ക് ചിന്തിക്കാൻ കഴിയാത്തതാണ്.