- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയിക്കാൻ പഠിച്ചിരുന്നെങ്കിൽ ജീവിതം നന്നായി മുന്നോട്ട് പോയേനേ; ബാലു മഹേന്ദ്രയെ സ്നേഹിച്ചത് കമൽഹാസനോടുള്ള പ്രണയം പോലെ: മറുനാടൻ മലയാളിയോട് മനസുതുറന്ന് ഭാഗ്യലക്ഷ്മി
സിനിമാ-ചാനൽ ലോകത്തെ സുന്ദരമായ ശബ്ദം അതാണ് ഭാഗ്യലക്ഷ്മി എന്ന പേരിനുള്ള ഏറ്റവും മനോഹരമായ വ്യാഖ്യാനം. നായികമാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും വികാര വിസ്‌ഫോടനങ്ങളിൽ അവരുടെ ഭാവപ്രകടനങ്ങളെ സംഭാഷണങ്ങൾ കൊണ്ട് കരുത്തു പകരുകയും ചെയ്യുന്നു ആ ശബ്ദം. ഉർവശി, ശോഭന അങ്ങനെ നമ്മുടെ നടിമാരെയെല്ലാം ഒരു പക്ഷേ ശ്രദ്ധേയരാക്കിയത് അവരുടെ കഥാപാത
സിനിമാ-ചാനൽ ലോകത്തെ സുന്ദരമായ ശബ്ദം അതാണ് ഭാഗ്യലക്ഷ്മി എന്ന പേരിനുള്ള ഏറ്റവും മനോഹരമായ വ്യാഖ്യാനം. നായികമാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും വികാര വിസ്‌ഫോടനങ്ങളിൽ അവരുടെ ഭാവപ്രകടനങ്ങളെ സംഭാഷണങ്ങൾ കൊണ്ട് കരുത്തു പകരുകയും ചെയ്യുന്നു ആ ശബ്ദം. ഉർവശി, ശോഭന അങ്ങനെ നമ്മുടെ നടിമാരെയെല്ലാം ഒരു പക്ഷേ ശ്രദ്ധേയരാക്കിയത് അവരുടെ കഥാപാത്രങ്ങളിലെ ആ വ്യത്യസ്തമായ ശബ്ബം കൂടിയുള്ളത് കൊണ്ടാകണം. ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിനുപരി ഭാഗ്യലക്ഷ്മി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവർത്തകയും മികച്ച ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമൊക്കെയാണ്. ഭാഗ്യലക്ഷ്മി എന്ന വ്യക്തി ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതി നേടിയതാണ് എന്തിനെയും അതിജീവിക്കാനാകും എന്ന ഉൾക്കരുത്ത്. മറ്റുള്ളവർ താൻ പലകാര്യങ്ങളിലും എടുക്കുന്ന നിലപാടുകൾ കൊണ്ടും എതിർത്തുള്ള സംസാരം കൊണ്ടും തന്നെ വെറുക്കുന്നു എന്ന് പുഞ്ചിരിയോടെ പറയാൻ ഈ വ്യത്യസ്തയായ സ്ത്രീയ്ക്ക് കഴിയും. സ്ത്രീകൾ സുരക്ഷിതരല്ലാത്ത നമ്മുടെ നാട്ടിലെ നിയമങ്ങളാണ് മാറേണ്ടത് എന്നാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം. സിനിമാ, സീരിയൽ ഡബ്ബിങ് ജോലികൾക്കിടയിൽ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് കൂടെ പ്രതിബദ്ധതയോടെ പങ്കാളിയാകാൻ ശ്രമിക്കുന്ന ആ വേറിട്ട വ്യക്തിത്വത്തിന് മറുനാടൻ മലയാളിയോട് പലതും തുറന്നു പറയാനുണ്ട്. ഒളിവും മറവും ഇല്ലാതെ തെളിമയോടെ മറുനാടനോട് മനസ്സു തുറക്കുകയാണ് ഭാഗ്യലക്ഷ്മി.
- ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിനപ്പുറം ഒരു ചാനൽ അവതാരക എന്ന നിലയിലാണോ കൂടുതൽ ജനശ്രദ്ധ നേടിയത്?
ഞാൻ ചാനൽ അവതാരക ആയത് തന്നെ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്നു കരുതിയാണ്. തുടക്കത്തിൽ ഇത്തരമൊരു ചാറ്റ് ഷോ ചെയ്തിട്ട് പിന്നീട് അത്തരമൊരു പരിപാടി അവതരിപ്പിക്കാമെന്ന് ചാനൽ അധികൃതരും പറഞ്ഞിരുന്നു. പക്ഷെ അത് നടന്നില്ല എങ്കിലും എനിക്ക് 'മനസ്സിലൊരു മഴവില്ല്' എന്ന പരിപാടിയിലൂടെ ഒരു പാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുവരെ സ്‌ക്രീനിൽ കാണാതിരുന്ന എന്നെ കണ്ടപ്പോൾ ഉള്ള ഒരു സന്തോഷം ആളുകൾ പ്രകടിപ്പിച്ചു തുടങ്ങി. പിന്നെ ഞാൻ ഭയങ്കര ക്യാമറ കോൺഷ്യസ് ഉള്ള ഒരാളായിരുന്നു. അത് മാറിക്കിട്ടി. എനിക്ക് തോന്നുന്നു ഈ ഷോ തുടങ്ങിയപ്പോൾ ആൾക്കാരോടുള്ള എന്റെ സമീപനം കുറച്ച് റഫ് ആയിരുന്നു. പിന്നീട് എങ്ങനെ ആളുകളോട് നന്നായി സംസാരിക്കണം, എങ്ങനെ അവർക്ക് നമ്മളോട് തുറന്നു പറയാൻ തോന്നണം, എങ്ങനെ സ്‌നേഹം തോന്നണം എന്നൊക്കെ പതിയെ പതിയെ ഞാൻ മനസ്സിലാക്കി.
ഇതിനെല്ലാത്തിനുമപ്പുറം ഭാര്യാ-ഭർതൃ ബന്ധം എന്താണെന്ന് കുറച്ചു കൂടി ക്ലിയർ ആയി. കുറെ ഘടകങ്ങൾ ഉണ്ടാകുമ്പോഴാണ് അത് വിജയകരമായി മുന്നോട്ട് പോകുന്നത് എന്നു മനസ്സിലായി. ഒന്ന്, പരമാവധി അഡ്ജസ്റ്റ് ചെയ്യുക എന്നുള്ളതാണ്. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾപോലും ഇഷ്ടപ്പെട്ടില്ലെന്ന് പറയാതിരിക്കുക അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. അവിടെ വന്നിരിക്കുന്ന പലർക്കും പല കാര്യങ്ങളും പരസ്പരം ഇഷ്ടപ്പെടാതിരിക്കുന്നവരുണ്ട്. പക്ഷെ അവർ മറ്റുള്ളവരുടെ മുൻപിൽ അത് തുറന്നു പറയാറില്ല. പിന്നെ ഭാര്യാ-ഭർതൃ ബന്ധത്തിൽ മാത്രമല്ല, എല്ലാ ബന്ധങ്ങളിലും ഒരു മുഖംമൂടി വേണം, അതുണ്ടെങ്കിലേ അത് വിജയകരമായി മുന്നോട്ട് പോകൂ എന്ന് എനിക്ക് തോന്നാറുണ്ട്. സ്ത്രീകൾ മാത്രമല്ല സ്ത്രീകളുടെ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പുരുഷന്മാരുണ്ട്, പുരുഷന്മാരുടെ പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുമണ്ട്. പക്ഷെ കുടുംബ ഭദ്രതയെ ഓർത്ത് മുന്നോട്ട് പോകുന്ന പലരും ഉണ്ട്. സഹനശക്തിയാണ് പ്രധാനം.
- ദാമ്പത്യ ജീവിതത്തിൽ വിജയിക്കാൻ കഴിയാതെ പോയതിനാൽ പലരുടെ ജീവിതാനുഭവങ്ങൾ കാണുമ്പോൾ നമ്മൾ പല സാഹചര്യങ്ങളിലും കുറച്ച് കൂടി സംയമനം പാലിക്കേണ്ടതുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ചിലപ്പോൾ ചില ആളുകളുടെ കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ ഓർക്കും ഞാനും ഇതുപോലെ ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചിരുന്നെങ്കിൽ എന്റെ ജീവിതവും നന്നായി മുന്നോട്ട് പോകുമായിരുന്നു എന്ന്. പക്ഷെ അവരെപ്പോലെ ആകാൻ നമുക്കും നമ്മളെ പോലെ ആകാൻ അവർക്കും പറ്റില്ല. ഈയിടയ്ക്ക് ഞാൻ വളരെ അറിയപ്പെടുന്ന ഒരു ദമ്പതിമാരെ കാണാൻ പോയി. ആ ഭാര്യ എന്നോട് പറയുകയാണ് അവർക്ക് അവരുടെ ഭർത്താവിനെ ഭയങ്കര പേടിയാണ്. പീഡിപ്പിക്കുന്ന പേടിയല്ല. ഒരു ബഹുമാനത്തോടെയുള്ള ഭയമാണ്. ചേട്ടൻ വീട്ടിൽ ഉള്ളപ്പോൾ ഞാൻ ഒന്നും മിണ്ടില്ല എന്നുവർ പറഞ്ഞു. അവർക്കുള്ള ഭയം അവർ ആസ്വദിക്കുന്നുണ്ട്. പിന്നെ പല സ്ത്രീകളും കരുതുന്നത്, തന്റെ ജീവിതത്തിന്റെ സംരക്ഷണം ഭർത്താവിന്റെ കയ്യിലാണ്, താൻ അദ്ദേഹത്തിന്റെ അടിമയാണ്, അദ്ദേഹത്തെ ഭയക്കാം, ആദ്യമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ഇവരെന്താണ് ഇങ്ങനെയെന്ന്. പിന്നീട് ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് പേരെ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. അത് അവരുടെ അടിസ്ഥാനമായ ക്യാരക്ടർ ആണ്. അവരെ എന്തിനാണ് പിൻ തിരിപ്പിച്ച് അവരുടെ ജീവിതം നശിപ്പിക്കുന്നത് എന്ന്.
ഇടയ്ക്ക് ഞാൻ വേറെ ഒരു ഭാര്യാ ഭർത്താക്കന്മാരെ പരിപാടിയുടെ ഭാഗമല്ലാതെ വ്യക്തിപരമായി കണ്ടു. അവിടെ ഉള്ള പ്രശ്‌നം എന്നു പറയുന്നത് ഭർത്താവ് ഭാര്യയെ വല്ലാതെ ഉപദ്രവിക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും രക്ഷയില്ല എന്നു കണ്ടപ്പോൾ ഞാൻ പറഞ്ഞു. ഇനി ദേഹോപദ്രവവുമായി വരുമ്പോൾ പറഞ്ഞിട്ടു നിന്നില്ലെങ്കിൽ അകത്തു കയറി കതകടച്ച് ഒരെണ്ണം തിരിച്ചു കൊടുക്കാൻ, അവര് അതുപോലെ ചെയ്തു. പിന്നീട് കണ്ടപ്പോൾ അവർ സന്തോഷമായ കുടുംബ ജീവിതവുമായി മുന്നോട്ട്# പോകുന്നത് കണ്ടു. പിന്നെ പുറത്തേക്കു വരാൻ ആഗ്രഹിക്കുന്ന പല സ്ത്രീകളും ഓർക്കേണ്ടത് ഇപ്പോൾ ഞാൻ പുറത്തേക്കു പോകുന്നതും എന്റെ ഇഷ്ടത്തിന് ജീവിക്കുന്നതും എന്റെ ഇഷ്ടത്തിന് ഡ്രൈവ് ചെയ്യുന്നതും ഒക്കെ കണ്ട് അങ്ങനെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരോട് ഞാൻ പറയുന്നത് നമ്മൾ സ്വാതന്ത്ര്യം ആഗ്രഹിച്ച് ഇങ്ങനെ ആയവരല്ല. സ്വന്തമായി ഇതൊക്കെ ചെയ്യേണ്ടുന്ന സാഹചര്യമുള്ളത് കൊണ്ടാണ്. സാഹചര്യം നമ്മളെ അങ്ങനെ ആക്കുന്നതാണ്.
ഇങ്ങനെ പുറത്തേക്കു വരുമ്പോൾ നമ്മുടെ സാഹചര്യമെന്താണ് അതിന് നമുക്ക് പിന്തുണ ലഭിക്കുമോ, മോറൽ സപ്പോർട്ട് ഉണ്ടാകുമോ എന്നൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു 60 വയസ്സൊക്കെ കഴിഞ്ഞ ദമ്പതികളിലൊരാൾ ഒരിക്കൽ എന്നോട് പറഞ്ഞു. വിവാഹ മോചനം നേടാനൊരുങ്ങുകയാണെന്ന്. അപ്പോൾ ഞാൻ അവരോടിങ്ങനെയാണ് പറഞ്ഞത്. നിങ്ങൾക്കിത്രയും പ്രായമായി, ഇത്രയും കാലം നിങ്ങൾ ഒരുമിച്ചു ജീവിച്ചു ഇനി ഇത്രയും കാലം ജീവിക്കേണ്ടിവരില്ല, എന്നിട്ടും എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ വഴക്കിടാൻ കഴിയുന്നു, പരസ്പരം നൂറു കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയുമ്പോഴും പരസ്പരം ഇഷ്ടപ്പെടുന്ന ഒരു ഗുണമുണ്ടാകില്ലേ നിങ്ങളിൽ. അത് കൊണ്ടല്ലേ നിങ്ങൾ ഇത്രയും കാലം ഒരുമിച്ച് ജീവിച്ചത്. അവർ തമ്മിൽ പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് നന്നായി ജീവിച്ചു, രണ്ടു വർഷത്തിന് ശേഷം അതിലൊരാൾ മരിച്ചു പോയി. അപ്പോൾ ആ സ്ത്രീ എന്നോട് പറഞ്ഞു ഞങ്ങൾ പിരിഞ്ഞിരുന്നെങ്കിൽ അത്രയും കാലം കൂടി ജീവിക്കാൻ കഴിയുമായിരുന്നില്ല എന്ന്. ഇങ്ങനെ ജീവിതത്തിൽ പല തെറ്റായ തീരുമാനങ്ങൾ എടുത്തവരെ എനിക്കറിയാം. പക്ഷെ പലരെയും അവരുടെ സാഹചര്യങ്ങളാണ് അങ്ങനെയുള്ള തീരുമാനങ്ങൾ എടുപ്പിക്കുന്നത്.
- നേരത്തേ പരിചയമുള്ള പലരും നിങ്ങളുടെ മുന്നിൽ കള്ളം പറയുകയാണ്, അല്ലെങ്കിൽ പല പ്രശസ്തരെയും കുറിച്ച് മനസ്സിലുണ്ടായിരുന്നത് തെറ്റിദ്ധാരണകളായിരുന്നു എന്ന് ഈ പരിപാടിയിലേക്ക് വന്നതിനുശേഷം തോന്നിയിട്ടുണ്ടോ?
ചില സന്ദർഭങ്ങളിൽ അങ്ങനെ വന്നിട്ടുണ്ട്. പിന്നെ ചിലതൊക്കെ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാകും. ഞാൻ അവയൊന്നും തുറന്നു പറയരുതേ എന്നവർക്ക് നിർദ്ദേശം നൽകും. ചാനലിനെ സംബന്ധിച്ചിടത്തോളം എല്ലാം എക്‌സ്‌ക്ലൂസീവ് ആയിരിക്കും. പിന്നെ അവർ ബ്ലാക്ക് ആന്റ് വൈറ്റില് വല്ലാത്ത മ്യൂസിക് ഒക്കെ ഇട്ട് അത് കാണിക്കും, തകർന്ന് പോകുന്നത് നിങ്ങളുടെ കുടുംബ ബന്ധമായിരിക്കുമെന്ന്# ഞാൻ പറയാറുണ്ട്. ചിലത് എനിക്കറിയാം, പക്ഷെ എനിക്കറിയാം എന്നുള്ളത് അവർക്കറിയില്ലാത്ത സന്ദർഭങ്ങളിൽ അവർ എന്റെ മുന്നിൽ സത്യങ്ങൾ മറച്ചു വെച്ച് സംസാരിക്കാറുണ്ട്. ആദ്യമൊക്കെ എന്റെ മുഖത്ത് നോക്കി ആരാണ് കള്ളം പറയുന്നത് എന്ന് പലപ്പോഴും മനസ്സിലാക്കാമെന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. ഇപ്പോൾ പക്ഷെ എനിക്ക് കുറെയൊക്കെ അഭിനയിക്കാൻ അറിയാം.
- അഭിനയവുമായി ഇത്രയും അടുത്തു നിൽക്കുന്ന ആൾ എന്ന നിലയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടോ?
പണ്ട് കുറച്ചൊക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അന്നും എന്റെയൊരു ധാരണ, എനിക്ക് അഭിനയിക്കാൻ കഴിയില്ല എന്നു തന്നെയാണ്. ഏറ്റവുമധികം എന്റെ കുറവുകൾ മനസ്സിലാക്കയിട്ടുള്ള വ്യക്തി ഞാൻ തന്നെയാണ്. എന്റെ കഴിവുകേടുകൾ ഏറ്റവുംമധികം തിരിച്ചറിഞ്ഞിട്ടുള്ളത് ഞാൻ തന്നെയാണ്. ഒരു ഭാര്യ എന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ ഞാൻ എത്രത്തോളം അപൂർണയാണ് അല്ലെങ്കിൽ എനിക്കുള്ള അപാകതകൾ എന്താണ് എന്നെനെിക്കറിയാം. അതുപോലെ തന്നെ എനിക്ക് അഭിനയിക്കാൻ കഴിവില്ല എന്ന തിരിച്ചറിവും എനിക്കുണ്ട്. പിന്നെ ഒറ്റക്കു ജീവിക്കുന്നത് കൊണ്ടായിരിക്കാം, എന്നോട് ആരും ദേഷ്യപ്പെടുന്നതൊന്നും എനിക്ക് സഹിക്കാൻ കഴിയാറില്ല. ഡബ്ബിങ് തിയേറ്റർ എനിക്ക് വളരെ കംഫർട്ടബിൾ ആണ്. ഈ നാല് ചുവരിനകത്ത് നിന്ന് ഇരുട്ടിൽ നിന്ന് ജോലി ചെയ്യുന്നത് എനിക്ക് സുഖമാണ്. പക്ഷെ ഇപ്പോൾ ഒരുപാട് പേര് സിനിമയിലേക്കും മിനി സ്‌ക്രീനിലേക്കും അഭിനയിക്കാൻ വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ കരുതുന്നത് പ്രേക്ഷകർക്കിടയിൽ എന്നെക്കുറിച്ചൊരു ചിത്രമുണ്ട് അഭിനയത്തിലേക്കെങ്ങാനും വന്നാൽ അവർ പറയും ഇവർക്ക് അറിയാവുന്ന പണി ചെയ്ത് ജീവിച്ചാൽ പോരെ എന്തിനാണ് ഇതിനൊക്കെ നടക്കുന്നത് എന്ന്.
- എപ്പോഴെങ്കിലും ആത്മ വിശ്വാസം വന്നാൽ അഭിനയത്തിൽ പ്രതീക്ഷിക്കാമോ?
അറിയില്ല, എന്റെ കാര്യമായത് കൊണ്ട് എനിക്കു തന്നെ പറയാൻ കഴിയില്ല, എല്ലാം പെട്ടെന്ന് എടുക്കുന്ന ഓരോ തീരുമാനങ്ങളാണ്. പണ്ടൊക്കെ പത്തിരുപത്തി രണ്ട് വയസ്സൊക്കെ ഉണ്ടായിരുന്നപ്പോൾ ഞാൻ കരുതും ഇന്നത് ഞാൻ ചെയ്യില്ല, ഇന്നത് ഞാൻ ചെയ്യും പക്ഷെ അതെല്ലാം പിന്നീട് തകിടം മറിയുമായിരുന്നു. എന്നിട്ട് ഞാൻ നിരാശയോടെ ഓർക്കും ഞാൻ എന്തെല്ലാം പ്ലാൻ ചെയ്തിരുന്നു എന്ന്. കല്യാണം കഴിഞ്ഞ് ഞാൻ വിചാരിച്ചിരുന്നു, ഞാൻ ലോകത്തിലേക്ക് ഏറ്റവും നല്ല ഭാര്യയാരിക്കും ഏറ്റവും നല്ല കുടുംബിനിയായിരിക്കും, അതിന്റെ അവാർഡും കൊണ്ടേ ഞാൻ പോകുകയുള്ളു എന്ന്, എന്നിട്ടെന്തായി?..
ഇപ്പോൾ പക്ഷെ എല്ലാവരും പറയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ, അവർ എവിടെയും കേറി അങ്ങ് അഭിപ്രായം പറയും എന്ന്. 80 ശതമാനം ആളുകളും അങ്ങനെയാണ് കരുതുന്നത്. ഇതിന് ചോദിക്കാനും പറയാനും ആരുമില്ലേ എന്നൊക്കെ പറയുന്നവരുണ്ട്. എനിക്കു തന്നെ അറിയില്ല, എവിടെയാണ് ഞാനിങ്ങനെ മാറിപ്പോയത് എന്ന്. എന്റെ മക്കൾ എനിക്ക് തന്ന സ്വാതന്ത്ര്യമാണ് എന്നെ ഇങ്ങനെ ആക്കിയത്. അവർ എന്നോട് പറയും പറയാനുള്ളത് പറയണമെന്ന്. എന്തിനാണ് മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്, അമ്മ അമ്മയ്ക്ക് ഇഷ്ടമുള്ള വേഷമിടണം ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങണം, ഇഷ്ടമുള്ളത്‌പോലെ ജീവിക്കണം എന്ന്. ഒരിക്കലും സമൂഹത്തിനൊരു ബാധ്യത ആകരുത് അത്രേ ഉള്ളു. അവരങ്ങനെ പറഞ്ഞപ്പോഴാണ് എനിക്കും ആത്മവിശ്വാസം ഉണ്ടായത്. ഇല്ലെങ്കിൽ അവരോട് അവരുടെ സുഹൃത്തുക്കൾ ചോദിക്കില്ലേ? എന്താടാ നിന്റെ തള്ള അവിടെയിവിടെ ചെന്ന് അതുമിതൊക്കെ വിളിച്ചു പറയുന്നത് എന്ന്. എന്റെ പുസ്തകത്തിൽ എന്റെയൊരു പ്രണയത്തെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണയില്ലെങ്കിൽ അങ്ങനെയൊന്നും ഞാൻ തുറന്നെഴുതില്ലായിരുന്നു.
- പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു കാര്യം ചോദിക്കാതെ വയ്യ. അടുത്തിടെ അന്തരിച്ച സിനിമാ ലോകത്തെ പ്രശസ്തനായ ബാലു മഹേന്ദ്രയോട് പ്രണയം തോന്നിയിരുന്നു എന്നൊരു വെളിപ്പെടുത്തൽ കേട്ടല്ലോ? ആ വാർത്തയ്ക്കു പിന്നിലുള്ള സത്യമെന്താണ്?
ഒന്നാമത്, ആ കോളേജിലെ പരിപാടിക്ക് ഞാൻ ഒട്ടും തയ്യാറെടുപ്പുകളോടെയല്ല സംസാരിച്ചത്. രണ്ട് ഞാൻ അദ്ദേഹത്തോട് പ്രണയം പോലും തോന്നിയിട്ടുണ്ട് എന്ന് പറഞ്ഞത് അദ്ദേഹത്തെ തീവ്രമായി പ്രണയിച്ചിരുന്നു എന്ന അർത്ഥത്തിലല്ല. ഇപ്പോൾ കമൽഹാസൻ, അദ്ദേഹത്തോട് എല്ലാവർക്കും പ്രണയം തോന്നാറില്ലെ? അത്‌പോലെ നമുക്കിഷ്ടമുള്ള എഴുത്തു കാരുണ്ടാകാം. അതൊന്നും പ്രണയമല്ല, അത് അവരോട് നമുക്കു തോന്നുന്ന ആരാധനയാണ്. ബാലു മഹേന്ദ്രയോടും എനിക്കത് തന്നെയായിരുന്നു. ആകെ ഞങ്ങൾ യാത്ര സിനിമയ്ക്ക് വേണ്ടി മാത്രമേ ഒന്നിച്ചു വർക്ക് ചെയ്തിട്ടുള്ളു.
ഞാൻ ആദ്യം കരുതിയിരുന്നു ഇയാളോടെങ്ങനെ ശോഭയ്ക്ക് പ്രണയം തോന്നിയെന്ന്. പിന്നീട് ഞാൻ അദ്ദേഹത്തോട് സംസാരിച്ച സമയത്ത് അറിയാതെ എനിക്കും പ്രണയം മനസ്സിലേക്ക് വന്നുപോയപ്പോൾ ഞാൻ കരുതി, ഇത്ര കുറച്ചുമാത്രം സംസാരിച്ചിട്ടും എനിക്കു പോലും പ്രണയം തോന്നിപ്പോകുന്നു, അപ്പോൾ ശോഭ അദ്ദേഹത്തെ പ്രണയിച്ചതിൽ സംശയമില്ലെന്ന്. ആ ഒരു നിമിഷത്തേക്ക് തോന്നിയ വികാരമാണ് ഞാൻ അന്ന് പ്രസംഗത്തിലൂടെ കോളേജിലും പറഞ്ഞത്. അത് കേട്ട പാതി കേൾക്കാത്ത പാതി മറ്റുള്ളവർ വ്യാഖ്യാനിച്ച് അത്തരത്തിലാക്കിയതാണ്. എന്റെ മക്കളൊക്കെ ഇവിടെ ഇരുന്നു ചിരിച്ചു. അമ്മ അടുത്ത തീറ്റ ഇട്ടു കൊടുത്തു അല്ലേ.....എന്ന് പറഞ്ഞ്. പിന്നെ മരിച്ചു പോയ വ്യക്തിയെക്കുറിച്ചായത് കൊണ്ട് ഇരുകൂട്ടർക്കും വലിയ ദോഷമില്ലാതെ അതങ്ങവസാനിച്ചു.
കുറെ പേരൊക്കെ ഇതറിഞ്ഞിട്ട് എന്നെ വിളിച്ചിട്ടു ചോദിച്ചു, താൻ കൊള്ളാമല്ലോടോ ഞങ്ങളോടൊന്നും ഇതുവരെ പ്രണയം തോന്നിയിട്ടില്ലേ എന്ന്. അപ്പോൾ ഞാൻ അവരോട് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ന' പ്രണയം തോന്നിയ എല്ലാവരെക്കുറിച്ചും ഞാൻ അവർ മരിച്ചു കഴിഞ്ഞ് വെളിപ്പെടുത്തലുകൾ നടത്തുന്നതാണ്...ന' (ചിരിക്കുന്നു) പിന്നെ ഏതൊരു പുരുഷനും അയാളെ ഒരു സ്ത്രീ പ്രണയിക്കുന്നു എന്ന വാർത്ത പുറത്തുവന്നാൽ ഒന്നും മിണ്ടില്ല, അത് പോലെ എത്രയോ ആണുങ്ങളുണ്ട് സ്ത്രീകളെ രഹസ്യമായി പ്രണയിക്കുന്നവർ അവരൊക്കെ ഹിപ്പോക്രാറ്റ്‌സ് ആയത്‌കൊണ്ട് പ്രണയം തോന്നിയാലും പുറത്തു പറയുന്നില്ല എന്നു മാത്രം.
(തുടരും).