- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിയ ബാറുകൾ ബിയർ - വൈൻ പാർലറുകളാകുമ്പോൾ പുതുതലമുറയ്ക്ക് മദ്യപാന പരിശീലന കേന്ദ്രങ്ങൾ ലഭിക്കും; രാജ്യസഭാ സീറ്റ് യുഡിഎഫിനോട് ചോദിച്ചു വാങ്ങും: ഇ ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട്
കോഴിക്കോട്: യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിനെ പോലും അപകടപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാന സർക്കാറിന്റെ മദ്യനയം മാറിക്കഴിഞ്ഞു. വി എം സുധീന്റെ മദ്യവിരുദ്ധ നിലപാടും ഉമ്മൻ ചാണ്ടിയുടെ പ്രയോഗികതയും തമ്മിൽ ഏറ്റമുട്ടിയപ്പോൾ മദ്യവർജ്ജനം പാർട്ടി അജണ്ടയുടെ ഭാഗമാക്കിയ മുസ്ലിംലീഗാണ് കുടുങ്ങിയത്. മദ്യ വിരോധികളാകാനുള്ള സുധീരന്റെയും ഉമ്മൺച
കോഴിക്കോട്: യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിനെ പോലും അപകടപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാന സർക്കാറിന്റെ മദ്യനയം മാറിക്കഴിഞ്ഞു. വി എം സുധീന്റെ മദ്യവിരുദ്ധ നിലപാടും ഉമ്മൻ ചാണ്ടിയുടെ പ്രയോഗികതയും തമ്മിൽ ഏറ്റമുട്ടിയപ്പോൾ മദ്യവർജ്ജനം പാർട്ടി അജണ്ടയുടെ ഭാഗമാക്കിയ മുസ്ലിംലീഗാണ് കുടുങ്ങിയത്. മദ്യ വിരോധികളാകാനുള്ള സുധീരന്റെയും ഉമ്മൺചാണ്ടിയുടെയും മത്സരത്തിനിടയിൽ സമ്പൂർണ മദ്യ നിരോധനത്തിനായി മുസ്ലിം ലീഗിന് കൂടുതൽ പണിയെടുക്കേണ്ടി വന്നില്ല. അധികമൊന്നും രംഗത്ത് വരാതെ തന്നെ കാര്യം സാധിക്കാൻ ലീഗിന് സാധിച്ചു. എന്നാൽ മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കിട്ടുകയും ചെയ്തു. ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം രാഷ്ട്രീയമായി ഏറ്റവും ഗുണം ചെയ്തത് ലീഗിന് തന്നെയായിരുന്നു. എന്നാൽ കുറഞ്ഞ നാളുകൾക്കുള്ളിൽ ആ മോഹകൊട്ടാരങ്ങൾ തകർന്നടിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടിയാതും ലീഗിന് തന്നെയായിരുന്നു.
ഞായറാഴ്‌ച്ചയിലെ ഡ്രൈഡേ ഒഴിവാക്കിയും പൂട്ടിയ ബാറുകൾക്ക് പകരം ബിയർ-വൈൻ പാർലറുകൾ അനുവദിക്കാനുള്ള നീക്കത്തിനുമെതിരെ വി എം സുധീരനൊപ്പം എതിർപ്പിന്റെ വഴിയിലാണ് ഇപ്പോൾ മുസ്ലിംലീഗ്. സർക്കാറിന്റെ നയത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണ് ഇതെന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി മറുനാടനോട് വ്യക്തമാക്കിയത്. ബാറുടമകൾക്ക് ഈ ലൈസൻസ് കിട്ടിയാൽ പിന്നെ അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കുമെന്നതാണ് ലീഗിന്റെ ആശങ്ക. പുതുതലമുറ ബിയറിലും വൈനിലുമാണ് മ്ദ്യപാനം തുടങ്ങുന്നത് എന്നതിനാൽ ഇക്കാര്യത്തിലും ലീഗിന് ആശങ്കയുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ പറയുന്നു. യു.ഡി.എഫിന്റെ മദ്യനയത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങളും ഇതിൽ മുസ്ലിംലീഗിന്റെ നിലപാടും തുടർന്നുള്ള പ്രതിഷേധ നടപടികളെ സംബന്ധിച്ചും ഇ.ടി മുഹമ്മദ് ബഷീർ എംപി യുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖം:
- മദ്യനയത്തിൽ സർക്കാർ വരുത്തിയ മാറ്റത്തെ എങ്ങിനെയാണ് മുസ്ലിംലീഗ് കാണുന്നത്?
മുസ്ലിംലീഗ് ഈ വിഷയത്തിൽ ഗവൺമെന്റിലും യു.ഡി.എഫിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഈ വിഷയത്തിൽ മനസിലാക്കുന്നത് ഗവൺമെന്റ് ഈ നയത്തിൽ നിന്നും നേരെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഗവൺമെന്റ് ഉയർത്തികൊണ്ടുവന്ന നല്ലൊരഭിപ്രായമുണ്ടായിരുന്നു അത് ഗവൺമെന്റ് തന്നെ എടുത്ത് കളഞ്ഞിരിക്കുകയാണിപ്പോൾ. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം എന്ന് പറയുന്നത്, മുമ്പ് പൂട്ടിയ 418ബാറുകളും പിന്നീട് പൂട്ടിയ 312 ബാറുകളും അടക്കം 730ഓളം ബാറുകൾ ഇവിടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങും. ഈ ബാറുകൾ പ്രവർത്തിക്കുമ്പോൾ ഗവൺമെന്റ് പറയുന്നത് ഇവിടെ ബിയറും വൈനും മാത്രമാണ് വിൽക്കുകയുള്ളൂ എന്നാണ്, ഇത് ആരാണ് നോക്കാനും പരിശോധന നടത്താനും പോകുന്നത്. ബാറുടമകൾക്ക് ഈ ലൈസൻസ് കിട്ടിയാൽ പിന്നെ അവരുടെ ഇഷ്ടം പോലെയായിരിക്കും അവിടെ വിൽപ്പന നടത്തുക.[BLURB#1-H]
അതായത് പഴയ രീതിയിലേക്ക് ഇനി കൊണ്ടുപോകുന്നതിന് അവർക്ക് ഒരു പ്രയാസവുമില്ല. മുഖ്യമന്ത്രി വിശദീകരിച്ചതു പോലെ ചെറിയ വിട്ടുവീഴ്ചയല്ല, ഗവൺമെന്റ് യാഥാർത്ഥത്തിൽ വലിയ വിട്ടു വീഴ്ചക്കുള്ള സമ്മതം തന്നെയാണ് നൽകിയിരിക്കുന്നത്. ഇഷ്ടംപോലെ മദ്യം വിൽക്കാനുള്ള ഒരു കാലാവസ്ഥ ഇപ്പോൾ ഗവൺമെന്റ് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. ഇനി മുഖ്യമന്ത്രി പറഞ്ഞത് ഒറ്റവാക്കിൽ ശരിയാണെന്ന് വാദത്തിന് അംഗീകരിച്ചാൽ തന്നെയും, ബീയറും വൈനും മാത്രമേ വിൽക്കൂ എന്ന് പറയുന്നതിലും പതിഞ്ഞിരിക്കുന്നത് വലിയ അപകടമാണ്. കാരണം ഗഹനമായി മദ്യപിക്കുന്നതിലേക്ക് പോകുന്നതിനു മുമ്പുള്ള ഒരു പരിശീലന കേന്ദ്രമാണ് ശരിക്കും പറഞ്ഞാൽ ഈ ബിയറും വൈനും. ഇപ്പോൾ പുതിയ തലമുറ മദ്യപിച്ച് ശീലിക്കുന്നത് തന്നെ അങ്ങിനെയാണ്. അത് വച്ച് നോക്കുമ്പോൾ ഗവൺമെന്റിന് പുറകോട്ട് പോകാൻ ബാക്കിയില്ല. ഗവൺമെന്റ് നേരത്തെ എടുത്തിരുന്ന ജനങ്ങളുടെ ഇടയിൽ നല്ല അഭിപ്രായമുണ്ടാക്കിയ നയത്തെ ഗവൺമെന്റ് തന്നെ പൊളിക്കുകയാണ് ചെയ്തിട്ടുള്ളത്.
- ഡ്രൈഡേ ഉൾപ്പടെയുള്ള തീരുമാനങ്ങൾ മാറ്റിയതുകൊണ്ട് ഗവൺമെന്റിന് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ?
സമയം മാറ്റിയതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. ആകെ ശരാശരി ഒരു ദിവസം 12 മണിക്കൂറും 57മിനുട്ടും ആണെന്നാണ് പണ്ടത്തെ കണക്ക് എന്നാൽ ഇപ്പോഴത്തെ ആവറേജ് 12മണിക്കൂറും 30മിനുട്ടും ആണെന്നുള്ളതാണ്. ഇനി എത്രയാണെങ്കിലും ശരി എപ്പോഴാണ് അടക്കുന്നത് തുറക്കുന്നത് എന്നൊക്കെ നോക്കി പരിശോധിക്കാൻ ആരെങ്കിലും പോകുമോ.. ഡ്രൈ ഡെ ഒഴിവാക്കി അകിനു പകരം സമയം ചുരുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനി ഇവിടെ സംഭവിക്കാൻ പോകുന്നത് ഞായറാഴ്ച വിൽപന നടക്കുകയും അതോടൊപ്പം മറ്റു ദിവസങ്ങളിൽ സാധാരണ പോലെ വിൽപ്പന നടക്കുകയും ചെയ്യും എന്നുള്ളതാണ്. ഇത് ഗവൺമെന്റിനും മദ്യ നയത്തിനും ദോശമല്ലാതെ യാതൊരു നേട്ടവും ഉണ്ടാക്കുന്നില്ല.[BLURB#2-VL]
- മുസ്ലിം ലീഗിന്റെ കൂടി രഹസ്യമായ പിന്തുണ ഈ നയം മാറ്റത്തിന് ഗവൺമെന്റിന് ലഭിച്ചിരുന്നോ?
ഇല്ല, ഒരിക്കലുമില്ല. ഞങ്ങൾക്ക് രഹസ്യമായും പരസ്യമായും മദ്യനയത്തിൽ രണ്ട് തീരുമാനങ്ങളില്ല. മുസ്ലിംലീഗ് ഈ വിഷയത്തിൽ
എതിർപ്പ് യു.ഡി.എഫിൽ അറിയിക്കുകയും ഞങ്ങളുടെ എതിർപ്പ് ജനങ്ങളോട് പറയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒളിച്ചു വെക്കേണ്ട ആവശ്യമില്ല.
- അഞ്ചാം മന്ത്രിക്കു വേണ്ടി ലീഗ് നിലപാട് കടുപ്പിച്ച പോലെ മദ്യനയത്തിൽ എന്തുകൊണ്ട് സാധിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്?
അത് ഒരിക്കലും സാധിക്കില്ല. ഞങ്ങൾ പറയുന്ന സമ്പൂർണ മദ്യ നിരോധനത്തിലേക്ക് മറ്റു സംഘടനകളെ കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിയില്ല. എന്നത് പോലെതന്നെ മറ്റു സംഘടനകൾക്ക് അങ്ങോട്ടും കൊണ്ടു പോകാനും കഴിയില്ല. രണ്ടു വിഭാഗത്തിനും ഇതിൽ കണിശമായ നിലപാടുകളുണ്ട്. ഗവൺമെന്റിൽ ഇതിൽ അനുകൂലിച്ച കക്ഷികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഇതിൽ അംഗീകരിക്കാം എന്നതുണ്ട്. പക്ഷെ ഞങ്ങൾക്ക് ഇതിൽ അംഗീകരിക്കാൻ പറ്റുന്കയില്ല. ഈ നിലപാടെടുക്കുന്നതിനു പകരം മറ്റുള്ളവരെല്ലാം ഞങ്ങളുടെ നിലപാടിലേക്ക് വരണമെന്ന് ശഠിച്ചാൽ അത് നടക്കില്ലല്ലോ..
- ഗവൺമെന്റിന്റെ ഈ നിലപാട് മാറ്റം യു.ഡി.എഫിന് തിരിച്ചടിയാവില്ലേ?
ഈ നയമാറ്റത്തിനെതിരെ കേരളത്തിൽ ജനരോഷം ഉയർന്ന് വരുന്നുണ്ട്. ഗവൺമെന്റ് ജനങ്ങൾക്ക് കൊടുത്ത വാഗ്ദനത്തിൽ നിന്നും പുറകോട്ടു പോയെന്നും മദ്യലോപിക്ക് കീഴടങ്ങിയെന്ന ആക്ഷേപങ്ങളും ഉയർന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളും പ്രചരണവുമായ രംഗത്ത് വരാനിരിക്കുകയാണ്. ഈ രോഷങ്ങളെല്ലാം ഗവൺമെന്റിന് തിരിച്ചടിയാകുന്ന കാര്യങ്ങൾ തന്നെയായിരിക്കും.
- സർക്കാറിന്റെ നയമാറ്റത്തിനെതിരിൽ ഏത് രീതിയിലായിരിക്കും വരും ദിവസങ്ങളിൽ ലീഗ് രംഗത്ത് വരിക?
മദ്യനയത്തിൽ ഗവൺമെന്റെടുത്ത തീരുമാനത്തിനെതിരെ ശക്തമായി രംഗത്ത് വരുമെന്നതിൽ യാതൊരു സംശയവുമില്ല. മദ്യത്തിനെതിരെയും ഞങ്ങൾ എന്തുകൊണ്ട് വിയോജിച്ചു എന്നെല്ലാം ജനങ്ങളോട് പറയേണ്ട ബാധ്യതയുണ്ട്. ഞങ്ങൾ ഈ നയത്തിൽ എന്ത്‌കൊണ്ട് വിയോജിച്ചു, ഇപ്പോൾ ഗവൺമെന്റ് പ്രഖ്യാപിച്ച പുതിയ പാക്കേജിന്റെ ദോഷങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ ജനങ്ങളോട് തുറന്നു പറയാൻ ഞങ്ങൾ മടിക്കില്ല.
- ബാർ വിഷത്തിൽ മാണിസാർക്കെതിരായി കേസെടുത്ത സാഹചര്യത്തിൽ ഇത്തരത്തിൽ മദ്യനയത്തിൽ പിന്മാറ്റമുണ്ടാകുന്നത് ജനങ്ങൾക്കിടയിൽ സംശയിക്കാൻ ഇടവരില്ലേ?
ഞങ്ങൾക്ക് ആരെയും രക്ഷിക്കുക എന്നത് ഉദ്ദേശമില്ല. മാണിക്കെതിരിൽ ആരോപണം വരുന്നതിന് മുമ്പേ ഞങ്ങൾ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. ലീഗ് എത് കാലത്തും ഈ നയം ഉയർത്തിപ്പിടിക്കും. മാണിയുടെ കേസ് ഞങ്ങളുടെ നടവുമായി ലിങ്കി ചെയ്യാൻ ഞാൻ ഉദ്ധേശിക്കുന്നില്ല. ഞങ്ങളെടുത്ത നിലപാട് വളരെ വ്യക്തമാണ് അത് ജനങ്ങളോട് പറഞ്ഞിട്ടുള്ളതുമാണ്. തീർച്ചയായും ഗവൺമെന്റിനെതിരിൽ ജനങ്ങൾ വരും ദിവസങ്ങളിൽ പ്രതികരിക്കും.
- ഗണേശ്‌കുമാർ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളെ ഏത് രീതിയിലാണ് ലീഗ് കാണുന്നത്?
ഗണേശ്‌കുമാർ പറയുന്നതോടെ എല്ലാം അങ്ങ് ശരിയാകണമെന്നുണ്ടോ.. ഗണേശ് പറഞ്ഞെന്ന് കരുതി ഈ ഉദ്യോഗസ്ഥരെല്ലാം പ്രതികളാകുമോ. ഗണേശ് കുമാർ പറയുന്നവർക്കെതിരിലെല്ലാം കേസെടുത്താൻ ഈ രാജ്യത്ത് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും. ഒരു മുന്നണിക്കകത്ത് നിന്നും ഇത്തരം ആരോപണങ്ങൾ പറയാൻ പാടില്ലെന്നത് വേറെകാര്യം. ഒരാൾ യാതൊരു അടിസ്ഥാനമോ ആരോപണമുന്നയിക്കാനുള്ള അടിസ്ഥാനപരമായ നിയമസഭാ മര്യാദയോ പാലിക്കാതെ ഒരാൾ അഴിമതി ആരോപണം പറഞ്ഞാൽ ഉടനെ തന്നെ സിബിഐ അന്വേഷണം വച്ച് കൊടുക്കാനൊന്നും പറ്റില്ല. ഗണേശിന് മറ്റെന്തൊക്കെയോ ലക്ഷ്യമാണുള്ളത്.
- രാജ്യസഭാ സീറ്റ് ലഭിക്കാൻ ഏത് തരത്തിലുള്ള നിലപാടായിരിക്കും ലീഗ് എടുക്കുക?
ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കാര്യത്തിൽ ഞങ്ങൾ ആർക്കും വിട്ടു വീഴ്ച ചെയ്തു കൊടുക്കാൻ തയ്യാറല്ല. ഞങ്ങൾക്ക് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് ഒരു നിലക്കും വിട്ടുനൽകില്ല. ആ സീറ്റ് ഞങ്ങൾ ചോദിച്ചു വാങ്ങുമെന്നതിൽ യാതൊരു സംശയവുമില്ല.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)