തിരുവനന്തപുരം: അറുപതുരൂപ പ്രതിഫലവുമായി തുടങ്ങിയതാണ് സേതുലക്ഷ്മിയുടെ അഭിനയജീവിതം. നാലാം ക്ലാസ് മുതലുള്ള കലാജീവിതം. എന്നാൽ വയോധികയായപ്പോഴാണ് ഏറ്റവും അഭിനയത്തിരക്കും ഗ്ലാമറും സേതുലക്ഷ്മിയെത്തേടിയെത്തുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ടു ജയൻ എന്ന കഥാപാത്രത്തെ അറിയുന്നവരാരും വട്ടു ജയന്റെ അമ്മയെ മറക്കാൻ വഴിയില്ല. അസാമാന്യമായ പ്രകടനമാണ് നാല്പതു വർ്ഷത്തോളം നാടകവേദികളിൽ നിറഞ്ഞാടിയ സേതുലക്ഷ്മി എന്ന നടി ആ ചിത്രത്തിൽ കാഴ്ചവച്ചത്. സിനിമ കണ്ടിറങ്ങുമ്പോൾ നൊമ്പരമുണർത്തുന്ന ഹൃദ്യമായ അനുഭവമാണ് സേതുലക്ഷ്മി അനശ്വരമാക്കിയ കഥാപാത്രം നമുക്കുനല്കുന്നത്. തുടർന്ന് നടൻ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്ത ഈ നടിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിലിരുന്നു മറുനാടൻ മലയാളിയോട് സേതുലക്ഷ്മി മനസുതുറക്കുന്നു..

കുട്ടിക്കാലം മുതലേ കലയോടും കലാപ്രവർത്തനം നടത്തുന്നവരോടുമെല്ലാം ഒത്തിരി ഇഷ്ടമായിരുന്നു. കലയോടുള്ള അടങ്ങാത്ത ആവേശംകൊണ്ട് നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. പിന്നീട് തിരുവനന്തപുരത്തു വന്ന് മ്യൂസിക് കോളജിൽ ചേർന്നു പഠിച്ച് ഗാനഭൂഷണം പാസായി. അന്നൊക്കെ അമച്വർ നാടകസമിതികൾ ധാരാളമുള്ള സമയമായിരുന്നു. അന്നു നാടകത്തിൽ സ്ത്രീവേഷം കെട്ടുന്നത് പുരുഷന്മാരാണ്. അപ്പോഴാണ് നിലമേൽ സേതുലക്ഷ്മി എന്ന കാലാകാരിയുണ്ടെന്ന് ആരോ പറഞ്ഞ് കൊല്ലം ഉപാസന അമച്വർ നാടകസമിതിയിലേക്ക് എന്നെ വിളിക്കുന്നത്. അപ്പോൾ ഞാൻ ചില നൃത്ത സമിതികളിൽ പരിപാടി അവതരിപ്പിക്കുന്ന സമയമായിരുന്നു. ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു ഞാൻ അഭിനയിച്ച ആദ്യ നാടകം. ആദ്യ പ്രതിഫലമായ അറുപതു രൂപ ഉപാസനയുടെ മുതലാളി എന്റെ കൈയിൽ വച്ചു തന്നപ്പോൾ സന്തോഷത്താൽ എന്റെ കണ്ണുനിറഞ്ഞു.

അന്നുമുതൽ നാടകം ഒരു ലഹരിയായി സിരകളിലൂടെ പടർന്നു കയറുകയായിരുന്നു. അന്നൊക്കെ നൃത്തത്തിനും നാടകത്തിനുമൊക്കെ പോകുന്ന സ്ത്രീകളെക്കുറിച്ച് അപഖ്യാതികൾ പറഞ്ഞുണ്ടാക്കുന്ന കാലമായിരുന്നു. ഒരുപാട് എതിർപ്പ് എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ബന്ധുക്കളുടെ നിർബ്ബന്ധത്തിനു വഴങ്ങാതെ വന്നപ്പോൾ എന്നെക്കുറിച്ച് വളരെ മോശമായ കാര്യങ്ങൾ അവർ പറഞ്ഞുണ്ടാക്കി. എന്റെ കുട്ടിക്കാലത്ത് പല ദിവസങ്ങളിലും ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എനിക്ക് താഴെയുള്ള രണ്ട് അനുജത്തിമാർക്കും കുടുംബത്തിനും തുച്ഛമായതാണെങ്കിലും നാടകത്തിൽ നിന്നും ലഭിച്ചിരുന്ന വരുമാനം വിലപ്പെട്ടതായിരുന്നു. അച്ഛൻ പഴയ പട്ടാളക്കാരനായിരുന്നു. അന്നൊക്കെ പട്ടാളത്തിലെന്തുകിട്ടാൻ. ഇരുപത്തഞ്ചു വയസ്സു കഴിഞ്ഞതിനു ശേഷം നാടകത്തിൽ എനിക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക നാടകസമിതികളിലുമായി 40 വർഷത്തോളം അയ്യായിരത്തിൽ കൂടുതൽ സ്റ്റേജുകളിൽ നാടകം കളിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നാലുപ്രാവശ്യം ലഭിച്ചു. നാടകത്തിൽനിന്നു തന്നെ പ്രണയിച്ച് വിവാഹം കഴിച്ചു. ചിറയിൻകീഴ് അനുഗ്രഹ നാടകസമിതി ഞങ്ങൾ 5 വർഷം ഏറ്റെടുത്തു നടത്തി. പിന്നീട് മകന് വൃക്കരോഗം ബാധിച്ചതോടെ ആ സമിതി ഞങ്ങൾ മറ്റൊരാൾക്ക് കൈമാറി. എല്ലാ നാടകപ്രവർത്തകരുടെയും സ്വപ്നഭൂമികയാണ് സിനിമ. നാടകരംഗത്ത് ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരു നല്ല വേഷം കിട്ടാൻ വേണ്ടി ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. ഒരുപാട് ടി.വി.സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഞാൻ അഭിനയിച്ചു. വീണ്ടും നിരവധി നാളത്തെ കാത്തിരിപ്പിനുശേഷം സത്യൻ അന്തിക്കാട് സാറിന്റെ രസതന്ത്രം സിനിമയിൽ സാമാന്യം നല്ലൊരുവേഷം കിട്ടി. ഇരുവട്ടം മണവാട്ടി, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു.

ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത് അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലാണ്. ഇന്ദ്രജിത്ത് അഭിനയിച്ച വട്ടുജയന്റെ അമ്മയായുള്ള വേഷം കൈയടി നേടി. ആ ചിത്രം കണ്ട് ധാരാളം പേർ ഫോണിലൂടെയും മറ്റും എന്നെ അഭിനന്ദിച്ചു. സിനിമാരംഗത്ത് ആ കഥാപാത്രം എനിക്ക് നല്ലൊരു ബ്രേക്കായി. സീരിയലിൽ എന്റെ കൂടെ അഭിനയിച്ച ലനയാണ് എന്റെ കഴിവ് മനസ്സിലാക്കി ആ കഥാപാത്രം എന്നെത്തന്നെ ഏൽപ്പിക്കണമെന്ന് സംവിധായകനോട് പറഞ്ഞത്. ആ ചിത്രം കണ്ടാണ് റോഷൻ ആൻഡ്രൂസ് ഹൗ ഓൾഡ് ആർ യു വിലേക്ക് എന്നെ വിളിക്കുന്നത്.

മഞ്ജുവാര്യർ അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ പോകുന്നു എന്നു കേട്ടപ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു അവരോടൊപ്പമൊക്കെ അഭിനയിക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്ന്. ഇത്രയും ആരാധകരുള്ള ഒരു നടിയുടെ യാതൊരു കെട്ടുകാഴ്ചകളും ഇല്ലാതെയാണ് മഞ്ജു എന്നോട് പെരുമാറിയത്. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും ഞാനിപ്പോൾ അഭിനയിച്ചു. മലയാളത്തിലുള്ള നടീനടന്മാരോട് എന്തൊരു സ്‌നേഹവും ബഹുമാനവുമാണവർക്ക്. രാജാധിരാജയിൽ മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചു. സ്‌നേഹം പ്രകടിപ്പിക്കാൻ അറിയാത്തതുകൊണ്ടാവാം അദ്ദേഹത്തിന് അഹങ്കാരമാണെന്ന് ചിലർ പറയുന്നത്. എല്ലാവരെയും നോക്കി എപ്പോഴും ചിരിക്കുന്ന ആളല്ല അദ്ദേഹം. എന്നാൽ എല്ലാവരുടെയും എല്ലാക്കാര്യങ്ങളും അറിഞ്ഞ് അവരെയെല്ലാം അദ്ദേഹം സഹായിക്കുന്നുമുണ്ട്. കാരവനിൽ നിന്നിറങ്ങി പ്രൗഢിയോടെയുള്ള ആ നിൽപ്പ് കാണുന്നതുതന്നെ കണ്ണിന് ആനന്ദമാണ്.

അടുത്ത് കമൽ സാറിന്റെ ചിത്രം, അരുൺകുമാർ അരവിന്ദിന്റെ മഞ്ജുവാര്യർ ചിത്രം, റോഷൻ സാറിന്റെ പൃഥ്വിരാജ് ചിത്രം അങ്ങനെ കൈനിറയെ ചിത്രങ്ങളുണ്ട്. ഒരുപാട് വൈകിയാണെങ്കിലും ഇപ്പോൾ എനിക്ക് നല്ല സമയമാണെന്ന് വിശ്വസിക്കുന്നു. ഈശ്വരവിശ്വാസിയാണ്. എന്നാൽ അമ്പലങ്ങളിൽ പോയി അർച്ചന നടത്തുക, നൂൽ ജപിച്ചുകെട്ടുക തുടങ്ങിയ അന്ധവിശ്വാസങ്ങളിലൊന്നും പണ്ടുമുതൽക്കേ വിശ്വാസമില്ല. ഈശ്വരൻ വസിക്കുന്നത് നമ്മുടെ ഉള്ളിൽത്തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ അനുഭവം എന്നെ അതു പഠിപ്പിച്ചു. നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചാൽ വൈകിയാണെങ്കിലം അത് സാക്ഷാത്കരിക്കുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു.

മൂന്നു മക്കളിൽ മൂത്തമകളും ഇളയ മകനും ഇപ്പോൾ അഭിനയരംഗത്താണ് മകൾ ലക്ഷ്മി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്് .ഇളയ മകൻ കിഷോർ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ്, വെള്ളാനകളുടെ നാട് എന്നീ കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു വരുന്നു. ലെഫ്റ്റിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിനെ ചെറുപ്പകാലം അവതരിപ്പിച്ചത് എന്റെ മകൾ ലക്ഷ്മിയാണ്.