തിരുവനന്തപുരം: എസ്എൻഡിപി രൂപീകരിക്കുന്ന പാർട്ടിയിൽ നക്‌സലൈറ്റ് കാലത്തെ ആവേശത്തോടെ പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കുമെന്ന് മുൻകാല നക്‌സലൈറ്റായ അഡ്വ. ഫിലിപ്പ് എം പ്രസാദ്. നാലണ മെമ്പർഷിപ്പിൽ മുഴുവൻസമയ പാർട്ടിപ്രവർത്തകനായി പ്രവർത്തിക്കുമെന്ന തന്റെ നിലപാട് നേരിട്ട് വെള്ളാപ്പള്ളി നടേശനെ അറിയിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി പാർട്ടി രൂപീകരിച്ചാൽ ഉണ്ടാകുന്ന സാധ്യതകളെയും പ്രശ്‌നങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അഡ്വ. ഫിലിപ്പ് എം പ്രസാദ് നിലപാട് വ്യക്തമാക്കിയത്. എസ്.എൻ.ഡി.പിയുടെ പാർട്ടി രൂപീകരണത്തിനെതിരെയുള്ള ചിലരുടെ എതിർപ്പ് മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരിക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

എസ്.എൻ.ഡി.പി യോഗം പാർട്ടിയായി മാറുന്നുവെന്ന ചിലരുടെയെങ്കിലും ധാരണ ശരിയല്ല. മതേതര-സാമൂഹ്യനീതി ലക്ഷ്യമിട്ട് ഹൈന്ദവസമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിമിപ്പിച്ച് കൊണ്ടുപോകാനുള്ള ഒരു വേദി എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടി എന്ന ആശയത്തിന് എസ്.എൻ.ഡി.പി ലക്ഷ്യമിടുന്നത്. കമ്മ്യൂണൽ ഹിന്ദു പൊളിറ്റിക്കൽ പാർട്ടി എന്നതിലപ്പുറം മതേതര സാമൂഹ്യനീതിയാണ് പാർട്ടിയുടെ ലക്ഷ്യം. ദീർഘകാല പ്രാബല്യമാണ് ലക്ഷ്യമിടുന്നത്. കുപ്രസിദ്ധമായ പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത നക്‌സൽ നേതാവായിരുന്നു ഫിലിപ്പ് എം പ്രസാദ്.

മൂന്നാം മുന്നണി എന്ന ആശയത്തെ മുളയിലെ നുള്ളുന്നത് വോട്ട് ബാങ്ക് ഭിന്നിപ്പിക്കപ്പെടും എന്ന ഭയം കൊണ്ട് കോൺഗ്രസും സിപിഎമ്മുമായിരിക്കും. കേരളത്തിലെ ഹൈന്ദവസമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തെ കോൺഗ്രസും സിപിഐമ്മും ഭയപ്പെടുന്നത് അതു കൊണ്ടാണ്. അതിന് അവർ മാദ്ധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. സമൂഹത്തിലെ ദുർബലരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സംഘടനകളെയും ഉയർന്നു വരാതെ വളർച്ചയെ തടസപ്പെടുത്തുന്നത് ഈ മുന്നണികളുടെ പ്രധാന ആവശ്യമാണ്. ഒരിക്കൽ പരാജയപ്പെട്ടെന്ന് കരുതി മൂന്നാംമുന്നണി എന്ന ആശയം അപ്രസക്തമാകുന്നില്ലെന്നും ഫിലിപ്പ് എം പ്രസാദ് വ്യക്തമാക്കി. എസ്.എൻ.ഡി.പി ഡിസംബറിൽ രൂപീകരിക്കുന്ന പാർട്ടിയിൽ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഉൾപ്പെടുമെന്നതിനാൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. എന്നാൽ മറ്റു രാഷ്ട്രീയപാർട്ടികളിൽ ഉള്ളത് പോലെ ഘടകങ്ങളെ അടിച്ചമർത്തി കൊണ്ടുപോകുന്ന നയം ഉണ്ടാകില്ല. മൂന്നാംമുന്നണി എന്ന ആശയത്തിന് രാഷ്ട്രീയമാനം നൽകുന്നതിനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.

വരുന്ന പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പാർട്ടി നിർണായക ശക്തിയാവുമെന്നതിൽ തർക്കമില്ല. ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നതിനോടൊപ്പം എസ്.എൻ.ഡി.പി സ്ഥാനാർത്ഥികളെ ബിജെപി വോട്ടിന്റെ ബലത്തിൽ ജയിപ്പിക്കുക എന്ന സമവാക്യമാണ് അവലംബിക്കുക. തിരഞ്ഞടുപ്പിൽ 20 ശതമാനത്തോളം സീറ്റ് നേടാൻ കഴിയുമെന്നും ഫിലിപ്പ് എം പ്രസാദ് അവകാശപ്പെടുന്നു. ഇന്നലെ ചേർത്തല അശ്വനി റസിഡൻസിയിലാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ രാഷ്ട്രീയ നിരീക്ഷകരെയും മറ്റു സാമുദായിക നേതാക്കളെയും ഉൾപ്പെടുത്തി ആലോചനയോഗം ചേർന്നത്.
യോഗം ഭാരവാഹികൾ എന്നിവർക്ക് പുറമെ ഫിലിപ്പ് എം. പ്രസാദ്, മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ പി. രാജൻ, ഡോ. ജയപ്രസാദ്, രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എം. ജയശങ്കർ, എൻ.എം പിയേഴ്‌സൺ, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.വി ബാബു, വി എസ്.ഡി.പി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവരും ആലോചനാ യോഗത്തിൽ പങ്കെടുക്കുത്തിരുന്നു.

ഫിലിപ്പ് എം. പ്രസാദും ജയപ്രസാദും എസ്എൻഡിപി യോഗത്തിന്റെ രാഷ്ട്രീയ നീക്കത്തെ അനുകൂലിച്ചപ്പോൾ രാഷ്ട്രീയപാർട്ടി രൂപീകരണം എസ്എൻഡിപിയെ ദോഷകരമായി ബാധിക്കുമെന്നും കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിൽ നിന്നുള്ള വ്യതിചലനമാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു. പ്രായോഗിക ബുദ്ധിമുട്ടുകളും അവർ ചൂണ്ടിക്കാട്ടി. കെപിഎംഎസിലെ ഒരു വിഭാഗവും വി എസ്ഡിപി ഉൾപ്പെടെ ചില സംഘടനകളുടെ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി രൂപീകരണത്തോടു യോജിച്ചു. തുടർന്ന് ഇതര ഹിന്ദു സംഘടനാ ഭാരവാഹികളുമായി ആശയ വിനിമയം നടത്തി. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടിയെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവച്ചത്. അൽമായ സഭയെ പ്രതിനിധീകരിച്ച് ഫാ. തോമസ് കൈതപ്പറമ്പിലും യോഗത്തിൽ പങ്കെടുത്തിരുന്നു.