തിരുവനന്തപുരം: 250 ഓളം കവിതകളെഴുതി, 12 കവിതാ സമാഹാരങ്ങൾ പുറത്തിറക്കി, ആനുകാലികങ്ങളിൽ നിരന്തരം കവിതകളെഴുതിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു കവിതയെഴുതിയാൽ ഉടൻ ചുറ്റിലുമുള്ളവർ വാളെടുക്കും. മന്ത്രി ജി സുധാകരന്റെ കാര്യമാണ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രം വിചിത്രം പ്രത്യേക എപ്പിസോഡിൽ മന്ത്രി ജി സുധാകരൻ കവിയെന്ന നിലയിലുള്ളതന്റെ ചിന്തകൾ പങ്കുവച്ചത് ഇങ്ങനെയാണ്.

മുഖ്യധാരാ കവികളുടെ നിരയിൽ സ്ഥാനം പിടിക്കാനുള്ള അർഹതയുണ്ടായിട്ടും രാഷ്ട്രീയക്കാരനെന്ന നിലയിൽ തന്റെ കവിതയ്‌ക്കെതിരെ വാളെടുക്കുന്നവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു വെള്ളാപ്പള്ളി നടേശൻ. ചിത്രം വിചിത്രം പരിപാടിയിലൂടെ സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയുംചെയ്യുന്ന അവതാരകർക്കിടയിൽ അഭിമുഖത്തിനിരുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് മന്ത്രി സംസാരിച്ചത്. ജോർജ്ജുപുളിക്കനും കെവിമധുവുമാണ് മന്ത്രിയെ അഭിമുഖം ചെയ്തത്.

തന്റെ കവിതയെ വിമർശിക്കുന്നവരെ രൂക്ഷമായി ആക്രമിച്ചുകൊണ്ടാണ് സുധാകരൻ അഭിമഖം ആരംഭിക്കുന്നതുതന്നെ. എന്റെ കവിതയെ വിമർശിക്കുന്നത് കവിത വായിക്കാത്തവരാണ്. ഫെയ്ക്ക് ഐഡികളുണ്ടാക്കിയിട്ട് ഓൺലൈനിലൊക്കെ വിമർശിക്കുന്നവരാണ് കൂടുതലും. അല്ലാതെ വിമർശിക്കുന്നവരെത്രയുണ്ട്. മാത്രമല്ല തന്റെ പ്രസംഗങ്ങളും കവിതകളും വായിച്ചും കേട്ടും കൂടുതൽ അഭിനന്ദിക്കാറുള്ളത് പ്രതിപക്ഷ എംഎൽഎമാരാണ് എന്നും അദ്ദേഹം പറയുന്നു

ആദ്യകവിത

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കവിതയെഴുതുന്ന സ്വഭാവമുണ്ടായിരുന്നതായി സുധാകരൻ പറയുന്നു. എന്നാൽ എഴുതുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. കവിയാണ് എന്നു പറയാൻ അന്ന് നാണമായിരുന്നു. ഒരിക്കൽ സ്‌കൂളിൽ പഠിക്കുന്നകാലത്താണ് ആദ്യമായി കവിത എഴുതിയത്. ഞാൻ വൈകുന്നേരം പാലുവിൽക്കാൻ പോയതാണ്. തിരിച്ച് വരുമ്പോൾ ചാരുംമൂട് എന്ന സ്ഥലത്ത് വച്ച് ഒരാൾ പറമ്പിൽ കിളയ്ക്കുന്നത് കണ്ടു. ആ കിളയ്ക്കുന്ന ആളെ കുറിച്ച് ഒരുപാട് ആലോചിച്ചു. രാത്രി തന്നെ വീട്ടിലെത്തി ആദ്യത്തെ കവിതയെഴുതി. മണ്ണിൽ യുദ്ധം ചെയ്യുന്ന ആ കർഷകനെ കുറിച്ച്. യോദ്ധാവ് എന്നായിരുന്നു കവിതയുടെ പേര്. അത് ആകാശവാണിക്ക് അയച്ചുകൊടുത്തു. അവരത് ഒരുപരിപാടിയിൽ അവതരിപ്പിച്ചു. ആദ്യമായി പ്രസിദ്ധീകരിക്കുന്ന കവിത അതാണ്. കവിയാണ് എന്നുപറയാൻ നാണക്കേടുള്ളതുകൊണ്ട് സുധ എന്ന പെൺപേരിലാണ് കവിത അയച്ചുകൊടുത്തിരുന്നത്.

കവിയായി അറിയപ്പെടാൻ താൽപര്യമേയില്ല

ഒരുകവിയായി അറിയപ്പെടാൻ താൽപര്യമുള്ളയാളല്ല താനെന്ന് ജി സുധാകർ പറയുന്നു. കവിത പ്രസിദ്ധീകരിക്കുന്നതിൽ സ്വയം താൽപര്യമെടുക്കാറേയില്ല. പല പ്രസാധകരും ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ കവിത കൊടുക്കാറുള്ളൂ. പാർട്ടി പ്രസിദ്ധീകരണമായ ചിന്തയ്ക്ക് ഒരു സമാഹാരം മാത്രമേ താൻ കൊടുത്തിട്ടുള്ളൂയെന്നും സുധാകരൻ പറയുന്നു. ദേശാഭിമാനി വാരികയിലൊക്കെ വളരെകുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂ എന്നും സുധാകരൻ പറയുന്നു.

തോന്നുമ്പോഴൊക്കെ എഴുതുന്ന ഒരു ശീലമാണ് തനിക്കുള്ളത്. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ച് മണിക്ക് കവിതയെഴുതണമെന്ന് തോന്നി. അ്‌പ്പോ തന്നെ എഴുതി. നിയമസഭയിലൊക്കെ ഇരിക്കുമ്പോൾ ഒരു പരിപാടിയുമില്ലാത്ത സമയത്ത് കവിതയെഴുതിയിട്ടുണ്ട്. കവിതയെഴുതിയതിന് ശേഷമാണ് പേരിടുക. ഓരോന്നും ഓരോ സമയത്താണ് തോന്നുക.

ഒന്നിനും കൊള്ളാത്ത സിനിമാപ്പാട്ടുകൾ

മലയാളം സിനിമയിൽ ഇപ്പോൾ അർത്ഥ സമ്പുഷ്ടമായ പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്ന് ജി സുധാകരൻ പറയുന്നു. സമീപകാലത്തുണ്ടാകുന്നതെല്ലാം യന്ത്രങ്ങൾ കൊണ്ടുള്ള സംഗീത ഗിമ്മിക്കുകളാണ്. ഒരുപാട്ടും ഓർമയിൽ നിൽക്കുന്നില്ല. പണ്ടൊക്കെ എത്ര നല്ല ഗാനങ്ങളുണ്ടായിരുന്നു. നാലും അഞ്ചും വയസ്സുണ്ടായിരുന്ന കാലത്ത് ചാരുംമൂട്ടിലെ സിനിമാ തിയേറ്ററുകളിലിരുന്ന് കേട്ട പാട്ടുകൾ ഇപ്പോഴും മനസ്സിലുണ്ട്. യേശുദാസും കമുകറയും ഒക്കെ പാടിയ എന്തൊക്കെ പാട്ടുകൾ ഈശ്വരചിന്തയിതൊന്നേ തുടങ്ങിയ പാട്ടുകൾ ഉദാഹരണങ്ങളായി അദ്ദേഹം നിരത്തുകയും ചെയ്യുന്നു. ഇപ്പോൾ വെറും ബിസിനസ്സായി മാറിയിരിക്കുന്നു. ബന്ധുക്കളെല്ലാം സിനിമ പിടിക്കുന്നു. അച്ഛനും മക്കളും കൂട്ടുകാരുമെല്ലാം സിനിമ പിടിക്കുന്നു. ആപൂർവ്വം ചിലർ മാത്രമാണ് കഴിവുള്ളവർ. മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

2006 മുതൽ പുസ്തകമായും കാസറ്റായും മറ്റും പുറത്തിറങ്ങിയ കവിതകളിൽ നിന്ന് ഇതുവരെ എട്ടരലക്ഷം രൂപ റോയൽറ്റി കിട്ടിയിട്ടുണ്ട് എന്നും മന്ത്രി പറയുന്നു. കിട്ടിയ പൈസ മകൻ വീടുവയ്ക്കാൻ കൊടുത്തിരിക്കുകയാണ് എന്നും മന്ത്രി പറയുന്നു. ദേശീയ പാതാ വികസനത്തിനായി വീട് നഷ്ടപ്പെട്ടപ്പോൾ മകൻ പണിയുന്ന വീടിനായാണ് തുക നൽകിയത്.

രാമായണം

ചെറുപ്പത്തിൽ രാമായണവായന കേട്ട് വളർന്നയാളാണ് താനെന്ന് പറയുന്ന സുധാകരൻ രാവണനാണ് തന്റെ ഇപ്പോഴത്തെ ഹീറോയെന്ന് വിശദീകരിക്കുന്നു. ചിട്ടക്കാരനായ അച്ഛൻ നിത്യം രാമായണം വായിക്കുമായിരുന്നു. അതുകേട്ടാണ് വളർന്നത്. ആദ്യകാലത്ത് ശ്രീരാമന്റെ എതിരാളിയായ രാവണനോട് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഓരോ കാലത്തും ഇഷ്ടം കൂടിക്കൂടി വന്നു. രാവണന്റെ ജീവിതം നോക്കൂ. സീതയെ തട്ടിക്കൊണ്ടുപോയിട്ടും ശരീരത്തിൽ തൊട്ടിട്ടില്ല. ഇക്കാലത്ത് സിനിമയിലും പുറത്തുമൊക്കെ എന്തെല്ലാം നടക്കുന്നു. എന്തൊക്കെ സ്ത്രീപീഡനങ്ങൾ.. ഇക്കാലത്താണ് താൻ തട്ടിക്കൊണ്ടുപോയ സീതയെ സ്വന്തം ഭാര്യയുടെ അടുത്ത് നോക്കാനേൽപ്പിച്ച രാവണന്റെ മാഹാത്മ്യം നാം ആലോചിച്ചുപോകുന്നത്. അതുകൊണ്ടൊക്കെ രാവണനെ കുറിച്ചിപ്പോൾ ബഹുമാനം കൂട്ടിക്കൂടി വരുന്നുണ്ട് എന്നും സുധാകരൻ പറയുന്നു.

നാടകാഭിനയം

സ്‌കൂൾ പഠനകാലത്ത് നാടകാഭിനയവും ഉണ്ടായിരുന്നതായി പഴയ കാല ഓർമകൾ നിരത്തിക്കൊണ്ട് സുധാകരൻ പറയുന്നു. അന്ന് ചെറുപ്പത്തിന്റെ ആവേശത്തിൽ പല കലാപരിപാടികളിലും പങ്കെടുക്കുമായിരുന്നു. മാത്രമല്ല ഉയരം കുറവായിരുന്നെങ്കിലും അതൊന്നും നോക്കാതെ കുട്ടികളുടെ ഇടയിൽ ഒരു നേതാവായി താൻ നടന്നിരുന്നുവെന്നും സുധാകരൻ പറയുന്നു. ഏറ്റവും ഒടുവിൽ ഓണത്തെ കുറിച്ചുള്ള കവിതയാലപിച്ചുകൊണ്ട് സുധാകരൻ അഭിമുഖം അവസാനിപ്പിച്ചത്.