തിരുവനന്തപുരം: സി.പി.എം മന്ത്രിസഭയിൽ പെർഫോമൻസു കൊണ്ട് തമ്മിൽ ഭേദമെന്ന് പറയാൻ കഴിയുന്ന വ്യക്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വകുപ്പിലെ പ്രവർത്തനങ്ങൾ മികച്ച വിധത്തിൽ കൊണ്ടുപോകുമ്പോഴും സിപിഎമ്മിലെ പിണറായി പക്ഷത്തോട് അമിതമായ വിധേയത്വവും തോമസ് ഐസക്കിനോട് വിരോധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. പലപ്പോഴും വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന വിധത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും. അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുമ്പോഴും തികഞ്ഞ അസഹിഷ്ണുവാണ് ഈ മന്ത്രിയെന്നത് മറ്റൊരു കാര്യം. അത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രതികരണങ്ങളും കണ്ടാൽ തന്നെ വ്യക്തമാകും.

ഏറ്റവും ഒടുവിൽ മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലും തന്റെ നിലപാട് വിശദീകരിക്കവേ അസഹിഷ്ണുവായ മന്ത്രിയെയാണ് കണ്ടത്. എന്നാൽ, ജിമ്മി ജെയിംസ് എന്ന അവതാരകന്റെ മുന്നിൽ അദ്ദേഹത്തിന് ശരിക്കും ഉത്തരം മുട്ടുകയും ചെയ്തു. ചാനലിലെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കിലാണ് മന്ത്രി സുധാകരൻ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ കെ എം മാണി ബാന്ധവം മുതൽ ടി പി സെൻകുമാർ കേസിലെ കോടതി വിധി വരെ ചോദ്യത്തിൽ ജിമ്മി പരാമർശിച്ചു. എന്നാൽ, കോടതി വിധി സർക്കാറിന്റെ തെറ്റുകൊണ്ടാണെന്ന് അംഗീകരിക്കാൻ തയ്യാറാകാതെ മറിച്ച് കമ്മ്യൂണിസ്റ്റുകളോടുള്ള വിരോധം കൊണ്ടാണെന്ന് വരെ പറഞ്ഞു കളഞ്ഞു മന്ത്രി.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ എം മാണിയുടെ പാർട്ടിക്കാരെ പിന്തുണച്ച വിഷയമായിരുന്നു ജിമ്മി ജെയിംസ് ആദ്യം ചോദ്യമായി ഉന്നയിച്ചത്. ബാർകോഴക്കാലത്ത് കെ എം മാണിക്കെതിരായ സമരം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ജിമ്മിയു ടെ ചോദ്യം. മാണിയോടുള്ള വിരോധം കൊണ്ടായിരുന്നില്ല പണ്ട് ഈ നിലപാട് സ്വീകരിച്ചത് എന്നായിരുന്നു സുധാകരന്റെ മറുപടി. മറിച്ച് അന്നത്തെ സർക്കാറിനോടുള്ള നിലപാടായിരുന്നു സമരത്തിന് കാരണമെന്നും മന്ത്രി വിശദീകരിച്ചു. സ്ഥാനമൊഴിഞ്ഞ് അന്വേഷണ വിധേയമാകണം എന്നതായിരുന്നു നിലപാട്. കോട്ടയത്തെ നിലപാടിൽ അനൗചിത്യമില്ലെന്നും, എല്ലാ അഴിമതിക്കും നേതൃത്വം കൊടുത്തത് കോൺഗ്രസാണെന്നും പറഞ്ഞ് തടിയെടുത്തും മന്ത്രി.

കോട്ടയത്ത് കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റാൻ ഒരു നിലപാടെടുക്കുകയാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. മാണിയുടെ കാര്യത്തിൽ അടുത്തകാലത്ത് നിലപാടൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി കാര്യത്തിൽ പേരെടുത്ത് പറഞ്ഞയാളുമായി കൈകോർത്തത് തെറ്റല്ലേ എന്ന ചോദ്യത്തിന് മുമ്പും നടന്നിട്ടുണ്ട്, അതിൽ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചും. എന്നാൽ, സെൻകുമാർ വിഷയം വന്നപ്പോൾ സർക്കാറിനെതിരെ പ്രസ്താവന നടത്താത്ത ഒരേയൊരു പാർട്ടി കേരളാ കോൺഗ്രസ് ആയിരുന്നു എന്ന കാര്യം ജിമ്മി ചൂണ്ടിക്കാട്ടി. ഇത് ഇടതിലേക്കുള്ള പാലമിടൽ അല്ലേയെന്നും അദ്ദേഹം ചോദ്യ രൂപേണ ഉന്നയിച്ചു.

എന്നാൽ, അങ്ങനെയാകണം എന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല, അതെതിർക്കാൻ ബൂർഷ്വാ ജനാധിപത്യ പാർട്ടിയുമായി കൂട്ടുകൂടാമെന്ന് നിലപാടായിരുന്നു അദ്ദേഹത്തിന്. മാണി നിലവിൽ മന്ത്രിയല്ലെന്നും അദ്ദേഹത്തിന്റെ പേരിൽ കേസുകൾ നടക്കുകയാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്. ഒരു പക്ഷേ മുസ്ലിംലീഗ് ഇടതു മുന്നണിയിൽ വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യവും ജിമ്മി ഉന്നയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി എസ് ഐസ്‌ക്രീം പാർലർ കേസ് ഉന്നയിച്ചതും ശരിയല്ലെന്ന നിലപാടായിരുന്നു സുധാകരന്. അയാളെ കോടതി വെറുതേ വിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. അത് ഇലക്ഷൻ കുറ്റമാകില്ലേ എന്നും സുധാകരൻ ചോദിച്ചു, വിഎസിന് സ്വതന്ത്രമായ പല അഭിപ്രായങ്ങളും ഉണ്ടാകുമെന്നും അതെല്ലാവർക്കും അറിവുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗും മാണിയുമായുള്ള ബന്ധത്തിലെ ചർച്ച പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാർ വിഷയത്തിൽ പണം മുടക്കി കോടതിയിൽ നിന്നും തിരിച്ചടി വാങ്ങിയതിൽ തർക്കുത്തരമായിരുന്നു മന്ത്രിയുടെ മറുപടി. തിരിച്ചടി വാങ്ങും.. വാങ്ങട്ടെ. കോടതി ഏതൊക്കെ രാജ്യത്താണ് കമ്മ്യൂണിസ്റ്റുകളെ സഹായിച്ചിട്ടുള്ളത്? ഇതൊരു കമ്മ്യൂണിസ്റ്റുകളുടെ പ്രശ്‌നമാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു. സുപ്രീം കോടതി വിധി അംഗീകരിച്ചു, എന്നാൽ ക്ലാരിഫിക്കേഷൻ വേണമായിരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. സംശയമല്ല, വാശിയാണ് എന്ന് ജിമ്മി പറഞ്ഞപ്പോൾ ആരുടെ വാശി സെൻകുമാറിന്റെ വാശി എന്നായിരുന്നു മന്ത്രിയുടെ ധാർഷ്യം നിറഞ്ഞ മറുപടി.

അദ്ദേഹത്തിന് സർക്കാറിനേക്കാൾ വലുതാകണമായിരുന്നു. ആയിക്കോ.. സർക്കാറിനെ കൊച്ചാക്കാനാണ് ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു. നാട്ടിലെ നിയമം കോടതി വിധികളുടെ പശ്ചാത്തലത്തിൽ രണ്ട് വർഷമെങ്കിലും അവിടെ ഇരുത്തണം. അതുണ്ടായില്ലെന്ന് ജിമ്മി ചൂണ്ടിക്കാട്ടിയതോടെ നിയമിച്ചതാണ് പ്രശ്‌നമെന്നായിരുന്നു സുധാകരന്റെ വാദം. കോടതി പറഞ്ഞതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സെൻകുമാറിന്റെ വാശിയാണെന്നും ഭാഗ്യം കൊണ്ട് വിധി അനുകൂലമായെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതി വിധിയെ പുച്ഛിക്കുന്ന വിധത്തിലായിരുന്നു പ്രതികരണം. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തള്ളിയ വാദമാണ് ചൂണ്ടിക്കാട്ടിയത്. സർക്കാറിനെതിരെ പോയത് ധാർമ്മികതയല്ലെന്നും എല്ലാത്തിനും മുകളിൽ ജനങ്ങളുണ്ടെന്നും കാലം തെളിയിക്കുമെന്നും പറഞ്ഞ് സെൻകുമാറിനൊന്നും ജനപിന്തുണയില്ലെന്ന് വിധി കൽപ്പിക്കുകയായിരുന്നു അദ്ദേഹം. ഫേസ്‌ബുക്കിൽ വിവരക്കേട് പറയുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി അംഗീകരിച്ച വാദം അംഗീകരിച്ചേ പറ്റുവെന്ന് പറഞ്ഞ ജിമ്മി മന്ത്രിയോട് മറുചോദ്യവും ഉന്നയിച്ചു. സുപ്രീം കോടതിയിൽ സർക്കാറിനെതിരെ പോകാൻ പാടില്ലെന്ന നിലപാട് എങ്ങനെ സ്വീകരിക്കും എന്നായിരുന്നു ചോദ്യം. നിയമപരമായി ശരിയല്ലെന്നല്ല, കേരള ഗവർണമെന്റുമായി ഏറ്റുമുട്ടൽ ആഗ്രഹിച്ചു, അത് ശരിയല്ലെന്നാണ് പറഞ്ഞത്. ചീഫ് മിനിസ്റ്ററെ കണ്ട് സംസാരിക്കാമായിരുന്നല്ലോ? അത് എന്തുകൊണ്ട് ചെയ്തില്ലെന്നുമായി ചോദ്യം. സർക്കാർ ഒരു തീരുമാനമെടുത്തു, മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിരുന്നെങ്കിൽ മാറ്റിയേനെ എന്നു പറയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞു മന്ത്രി.

തമ്പ്രാനെന്ന് വാദം പറയിക്കാൻ വേണ്ടിയാണ് ഈ ചോദ്യമെന്നാണ് അദ്ദേഹം ഉന്നയിച്ചത്. പിണറായി വിജയനെയും ഇഎംഎസിനെയും നായനാരെയും പോലുള്ള മഹാനമായ ക്മ്യൂണിസ്റ്റുകാരെ തമ്പ്രാനെന്ന് വിളിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സെൻകുമാറിനെതിരെ ക്ഷുഭിതനായാണ് സുധാകരൻ ചെയ്തത്. എന്നോട് ചോദിച്ചിട്ടു കാര്യമില്ലെന്നും ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന വീഡിയോ ഉയർത്തിയാണ് അദ്ദേഹം സെൻകുമാറിനെ അവഹേളിച്ചത്. എം ജി കോളേലുണ്ടായിരുന്നത് കുട്ടികളല്ലെന്നും ഗുണ്ടകളും തെമ്മാടികളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ഡിജിപിയെ എന്തു ചെയ്യുമെന്ന ജിമ്മിയുടെ മറുചോദ്യത്തോടെ സുധാകരന് ഉത്തരം മുട്ടുകയും ചെയ്തു. ചുരുക്കത്തിൽ മന്ത്രി സുധാകരന്റെ അസഹിഷ്ണുത മുഴുവൻ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു ജിമ്മിയുടെ അഭിമുഖം.