- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യാളൻ ചമയുന്ന വി എം സുധീരൻ എത്രയോ വേദികളിൽ തന്നോടൊപ്പം വേദി പങ്കിട്ടിരിക്കുന്നു; രാജ് മോഹൻ ഉണ്ണിത്താൻ കൂലിപ്രസംഗകൻ; വെള്ളാപ്പള്ളി കാലഹരണപ്പെട്ടയാൾ: ഗോകുലം ഗോപാലൻ മറുനാടനോട് മനസ് തുറക്കുന്നു
ആലപ്പുഴ: അരുവിപ്പുറം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു ഗുരുദർശന അവാർഡ് ഏറ്റുവാങ്ങാനെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഗോകുലം ഗോപാലനെ വേദിയിൽ ഇരുത്തി വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് സുധീരൻ മദ്യപാനിയായിരുന്നെന്ന വിമർശനവുമായി ഗോകുലം ഗോപാലൻ രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷമാണ് വെള്ളാപ്പള്ളി നടേശൻ സ
ആലപ്പുഴ: അരുവിപ്പുറം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു ഗുരുദർശന അവാർഡ് ഏറ്റുവാങ്ങാനെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഗോകുലം ഗോപാലനെ വേദിയിൽ ഇരുത്തി വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് സുധീരൻ മദ്യപാനിയായിരുന്നെന്ന വിമർശനവുമായി ഗോകുലം ഗോപാലൻ രംഗത്തെത്തുകയും ചെയ്തു. ഇതിന് ശേഷമാണ് വെള്ളാപ്പള്ളി നടേശൻ സുധീരനെയും ഗോപാലനെയും വിമർശിച്ചുകൊണ്ട് മറുനാടൻ മലയാളിയോട് സംസാരിച്ചത്. സുധീരനെ വിമർശിക്കാൻ ഗോപാലന് അധികാരമില്ലെന്നും താൻ വിമർശിച്ചത് പുലിയായിരുന്ന സുധീരനെ ആണെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇപ്പോൾ വെള്ളാപ്പള്ളിയെയും സുധീരനെയും വിമർശിച്ചുകൊണ്ടാണ് ഗോകുലം ഗോപാലൻ രംഗത്തെത്തിയത്.
വി എം സുധീരൻ കോൺഗ്രസിൽ തന്നെ ആർക്കും വേണ്ടാത്ത രാഷ്ട്രീയക്കാരനാണെന്നാണ് ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. വെള്ളാപ്പള്ളി നടേശൻ കാലഹരണപ്പെട്ട ആളാണെന്നും ശ്രീനാരായണ ധർമവേദിയുടെ ചെയർമാൻ കൂടിയായ ഗോകുലം ഗോപാലൻ പറഞ്ഞു. സുധീരനെ പിന്തുണച്ചെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെയും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പാർട്ടിയിൽ ആർക്കും വേണ്ടാത്ത സുധീരനെ അനുകൂലിച്ച് പ്രസംഗിക്കാനെത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ ആരെന്നു തനിക്കറിയാം. അരുവിപ്പുറം വിവാദവുമായി ബന്ധപ്പെട്ട് സുധീരനെ അനുകൂലിച്ചെത്തിയ ഉണ്ണിത്താൻ പഴയകാര്യങ്ങൾ മറക്കേണ്ട. എന്തുകൊണ്ടാണു തന്നെപ്പോലൊരു സാധാരണക്കാരൻ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനെതിരെ പറഞ്ഞിട്ടും ഒരാളുപോലും ഏറ്റുപിടിക്കാതിരുന്നത്? എന്തെങ്കിലും പ്രതികരിച്ച ടി എൻ പ്രതാപൻ ന്യായങ്ങൾ പറഞ്ഞ് പോവുകയായിരുന്നു. സുധീരനെ എവിടെയും അനുകൂലിച്ചു കണ്ടില്ല. എന്നാൽ സുധീരനെതിരെ താൻ നടത്തിയ പരാമർശത്തെ എതിർത്തുമില്ല. അതിനർത്ഥം സുധീരനെ പാർട്ടിയിൽ ആർക്കും വേണ്ടായെന്നല്ലേയെന്നു ഗോകുലം ഗോപാലൻ ചോദിച്ചു.
താൻ പങ്കെടുക്കുന്ന വേദിയിൽ സുധീരൻ പങ്കെടുക്കില്ലെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. എത്രയോ വേദികൾ ഈ പുണ്യവാളൻ താനുമായി പങ്കുവച്ചിരിക്കുന്നു! കേരളത്തിലെവിടെയും തന്റെ പേരിൽ മദ്യഷാപ്പില്ല. നാലുവർഷങ്ങൾക്ക് മുമ്പ് തന്റെ പേരിലുള്ള ബാർ താൻ മുൻകൈയെടുത്ത് അടപ്പിച്ചിരുന്നു. വർക്കലയിലുള്ള ബാർ താൻ മടക്കി നൽകുകയും ചെയ്തു. ഇനിയും സുധീരന് സംശയം തോന്നുന്നുവെങ്കിൽ കാര്യങ്ങൾ കണ്ടെത്താൻ എത്ര എളുപ്പമാണ്. മദ്യ മന്ത്രി ബാബുതന്നെ കൂടെയുള്ളപ്പോൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞാൽ പോരേ? പക്ഷെ സുധീരൻ ചോദിക്കില്ല. ബാബു പറയുന്ന മറുപടി കേൾക്കാനുള്ള ത്രാണി ഒരുപക്ഷേ സുധീരനുണ്ടാവില്ല. അത്രകണ്ട് പൊരുത്തമല്ലേ കെ പി സി സി പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായി.
തനിക്കെതിരെ പരാമർശം നടത്തുന്നവർ ഒരുകാര്യം ഓർക്കണം. സർക്കാരിലേക്ക് ഭാരിച്ച നികുതി അടയ്ക്കുന്ന ആളാണ് താൻ. തന്റെ ഹോട്ടലുകൾക്ക് സ്റ്റാർ സംവിധാനം ലഭിക്കണമെങ്കിൽ ബാർ ഉൾപ്പെടുത്തണം. ഇത് ഒരു അന്താരാഷ്ട്ര നിയമമാണ്. തന്റെ ഹോട്ടലിൽ വരുന്നവർ വിദേശികളടക്കമുള്ള സന്ദർശകരാണ്. സാധാരണക്കാരനെ കുടിപ്പിച്ച് കൊല്ലാൻ താൻ പദ്ധതിയിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
യഥാർഥത്തിൽ അരുവിപ്പുറത്ത് സുധീരന് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിനു ചില നേരത്തുണ്ടാകുന്ന മതിഭ്രമമാണ് ഇത്തരത്തിൽ സുധീരനെ കൊണ്ടു പറയിക്കുന്നത്. തന്റെ പ്രസ്തവനയ്ക്കുശേഷം രണ്ടുദിവസം താൻ കാത്തിരുന്നു, ആരെങ്കിലും പ്രസ്താവനയുമായി ബന്ധപ്പെട്ട് മറുപടി പറയുമോയെന്ന്. പക്ഷേ ആരും ഏറ്റുപിടിച്ചില്ല. സുധീരൻ നടത്തിയ പരാമർശം അസ്ഥാനത്തെന്ന് പാർട്ടിക്ക് മനസിലായതായി വേണം ഇതിൽനിന്നു കരുതാൻ. ഇനി വെള്ളാപ്പള്ളിയെ പോലെ കാലഹരണപ്പെട്ട ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചാൽ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അയാൾ പറയുന്നതൊന്നും ആരു മുഖവിലയ്‌ക്കെടുക്കില്ല. നേരത്തെ വെള്ളാപ്പള്ളി പറയുന്നതൊക്കെ ആരെങ്കിലുമൊക്കെ കേൾക്കുമായിരുന്നു. പക്ഷേ ഇനി നടക്കില്ല. ഇയാൾ പറയുന്നതൊന്നും ഇപ്പോൾ താൻ കേൾക്കില്ല, അക്കാലം കഴിഞ്ഞു ഗോകുലം ഗോപാലൻ പറഞ്ഞു.