മലപ്പുറം: ചരിത്ര പ്രസിദ്ധമായ തിരുനാവായ മാമാങ്കവുമായി ബന്ധപ്പെട്ട എല്ലാ അവശേഷിപ്പുകളെയും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാൻ പത്തു വർഷം മുമ്പ് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ നടന്ന വൻ അഴിമതിയുടെ വിവരങ്ങളടങ്ങിയ രേഖകളായിരുന്നു ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി പുറത്തു വിട്ടത്. എന്തുകൊണ്ടായിരുന്നു നൂറ്റാണ്ടുകൾക്കു മുമ്പുള്ള ചരിത്ര സ്മാരകങ്ങളെയും അവശേഷിപ്പുകളെയും അധികൃതർ കുഴിച്ചു മൂടിയത്?

ചരിത്രത്തിന്റെ തിരുശേഷിപ്പുകളെ ഇല്ലാതാക്കുന്നതിനോട് കടുത്ത എതിർപ്പാണ് ചരിത്രകാരന്മാർക്കുള്ളത്. ഇക്കാര്യത്തിലുള്ള ആശങ്ക ചരിത്രകാരൻ തിരൂർ ദിനേശൻ മറുനാടൻ മലയാളിയുമായി പങ്കുവയ്ക്കുന്നു. തിരുനാവായ മാമാങ്കത്തിന്റെയും ചേരമാൻ പെരുമാൾ മുതൽ വള്ളുവക്കോനാതിരിയും കോഴിക്കോട് സാമൂതിരിപ്പാട് വരെ നീണ്ടു നിൽക്കുന്ന ചരിത്ര പശ്ചാത്തലങ്ങളിലേക്കാണ് ദിനേശൻ പറയുന്നത്. തുടർന്നു വന്ന ജർമ്മൻ മിഷണറിമാരും ബ്രിട്ടീഷ് ഭരണാധികാരികളും ഒടുവിൽ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ഉന്നത രാഷ്ട്രീയ ബന്ധമുള്ള സ്വകാര്യ ഭൂവുടമ വരെ നീളുന്ന നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ തിരൂർ ദിനേശൻ മറുനാടനോടു പറയുന്നു.

ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞ് കിടക്കുന്ന കേരളത്തിൽ, എഴുതപ്പെട്ട ചരിത്രങ്ങളില്ലെന്ന കാരണത്താൽ ഐതിഹ്യമെന്ന് പറഞ്ഞ് തള്ളിയ കാര്യങ്ങളിൽ നിന്നും ചരിത്രങ്ങൾ കണ്ടെത്തി അത് ഭാവി തലമുറക്ക് പുസ്തകരൂപത്തിലോ ദൃശ്യ രൂപത്തിലോ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി 2012ൽ രൂപീകരിച്ച കേരള ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറാണ് തിരൂർ ദിനേശൻ. തുഞ്ചത്തെഴുത്തച്ഛനുൾപ്പടെയുള്ളവരുടെ നാല് ജീവിത ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. വെട്ടത്ത് നാടിനെ കുറിച്ചും നിരവധി ചരിത്ര നോവലുകളും ദിനേശൻ രചിച്ചിട്ടുണ്ട്.

മറുനാടൻ മലയാളി ലേഖകൻ എം പി റാഫിയുമായി വിവാദ സംഭവമായ തിരുനാവായ ചരിത്ര മാമാങ്കങ്ങളെ കുറിച്ച് എഴുത്തുകാരനും ചരിത്രാന്വേഷിയുമായ തിരൂർ ദിനേശൻ പങ്കുവച്ച കാര്യങ്ങളിങ്ങനെ:

ശരിക്കും സാംസ്‌കാരിക കേരള സമൂഹത്തിന് ഏറ്റവും അപമാനം വരുത്തി വെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. പത്ത് വർഷം മുമ്പ് നടന്ന സർക്കാറിന്റെ ഭാഗത്തു നിന്നും പുരാ വസ്തു വകുപ്പിന്റെ ഭാഗത്തു നിന്നും വളരെ വലിയ അലംഭാവവും അതുപോലെ വെളിച്ചത്തു വരാതെ കിടക്കുന്ന വലിയ അഴിമതിയുടെ ചുരുളഴിയാതെ കിടക്കുന്ന ചില വിവരങ്ങൾ ഇതൊക്കെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനം എന്നത് കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് തിരുന്നാവായ മാമാങ്കം എന്നത്.

മാമാങ്കത്തിന്റെ ചരിത്രം

പന്ത്രണ്ട് വർഷത്തിലൊരിക്കലാണ് ഇവിടെ മാമാങ്കം നടക്കാറുള്ളത്. ആദ്യകാലങ്ങളിൽ നിലപാട് നിൽക്കാൻ എത്തിയിരുന്നത് ചേരമാൻ പെരുമാൾ രാജാവായിരുന്നു. ചേരമാൻ പെരുമാളിന് ശേഷം നിലപാട് നിൽക്കാനുള്ള അധികാരം വള്ളുവക്കോനാതിരിക്കായിരുന്നു കിട്ടിയത്. 1534 കാലഘട്ടത്തിലെല്ലാം വള്ളുവക്കോനാതിരിയാണ് തിരുനാവായ മാമാങ്കത്തിന് നിലപാട് നിന്നിരുന്നത്. അതിനു ശേഷം ഒരു മാമാങ്ക കാലത്ത് വള്ളുവക്കോനാതിരി മാമാങ്കത്തിൽ നിലാപാടു നിൽക്കേ കോഴിക്കോട് സാമൂതിരി രാജാവിന്റെ സൈന്യം വന്ന് വള്ളുവക്കോനാതിരിയെ അരിഞ്ഞു വീവ്ത്തിയ ശേഷം നിലപാട് നിൽക്കാനുള്ള അധികാരം സാമൂതിരിപ്പാട് പിടിച്ചെടുത്തു. അതുമുതലാണ് സാമൂതിരിയെ വധിച്ച് നിലപാട് നിൽക്കാനുള്ള അധികാരം തികെപ്പിടിക്കാൻ വേണ്ടിയാണ് ചാവേറുകൾ രൂപപ്പെടുന്നത് . മാമാങ്കം രക്തപങ്കിലമാകാൻ തുടങ്ങിയതു തന്നെ ആ കാലം മുതൽക്കാണ്.

കോഴിക്കോട് സാമൂതിരിക്ക് നിലപാടു നിൽക്കാൻ അധികാരം കിട്ടിയ ശേഷം 28 ദിവസം സാമൂതിരി തങ്ങിയിരുന്നത് തിരുനാവായയിലെ കൊടക്കൽ എന്ന സ്ഥലത്താണ്. കൊടക്കൽ എന്ന പേര് തന്നെ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു സ്ഥലമാണ്. ഭാരതപ്പുഴയുടെ സമീപത്തുള്ള വിവിധ സ്ഥലങ്ങളിൽ പ്രാചീന ശിലകളും ഗുഹകളും ഇപ്പോഴും കാണാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടത്തേണ്ട ഒരു പ്രത്യേക ഏരിയയാണ് തിരുനാവായയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ. അതായതുകൊടക്കലിലെ ഓട്ട് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലം. വാഗയൂർ കുന്ന് എന്നാണ് അതിന്റെ പേര്. അവിടെ കോവിലകം നിർമ്മിച്ച് അവിടെയായിരുന്നു സാമൂതിരിപ്പാട് 28 ദിവസങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. ഈ ദിവസങ്ങളിലെല്ലാം തന്നെ ഭരണ നിർവഹണം നടത്തിയിരുന്നതും വാഗയൂർ കോവിലകത്ത് വച്ചായിരുന്നു. ആ കാലത്ത് തന്നെ ജനങ്ങൾ വിശ്വസിച്ചു പോന്നിരുന്ന ഒരു കാര്യമാണ് ഭൂമിക്കടിയിൽ ഒരുക്ഷേത്രമുണ്ടെന്നും ഭൂഗർഭ പാതകൾ ഉണ്ടെന്നുമുള്ള കാര്യങ്ങൾ. ഇതെല്ലാം പരമ്പരാഗതമായി കൈമാറിപ്പോന്ന നാട്ടറിവുകളുടെ പിൻബലവുമുണ്ട്.

കൊടക്കലിലെ ഓട്ട് കമ്പനി നിലനിന്നിടത്ത് ഒരു ഭാഗം നിലപാട് തറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ, യഥാർത്ഥത്തിലുള്ള നിലപാടു തറ അതായിരുന്നില്ല, അത് അവിടെ നിന്നും കിഴക്ക് ഭാഗത്തായി നാൽപ്പതടി ഉയരത്തിലാണ് നിലനിന്നിരുന്നതെന്ന വ്യക്തമായ ചരിത്രങ്ങളുണ്ട്. നാൽപ്പതടി ഉയരത്തിൽ എങ്ങനെ നിർമ്മിച്ചു എന്നതും എത്ര തൊഴിലാളികളുണ്ട് എന്നതുമെല്ലാം ലഭ്യമായ കാര്യമാണ്. ഇവിടെ നിന്നുമായിരുന്നു സാമൂതിരിപ്പാട് നിലപാട് നിന്നിരുന്നതും നവാമുകുന്ദ ക്ഷേത്രത്തിൽ പോയിരുന്നതുമെല്ലാം. 1766 ൽ ആണ് ഒടുവിലത്തെ മാമാങ്കം നടന്നത്. മാമാങ്ക കാലത്തിനു ശേഷം സാമൂതിരി ഈ ഭാഗത്തേക്ക് വരികയുണ്ടായിരുന്നില്ല. കൊടക്കലിലെ കോവിലകവും അതുമായി ബന്ദപ്പെട്ട രണ്ട് ഏക്കർ ഭൂമിയുമെല്ലാം പിന്നീട് ആഴ്‌വഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ് നിന്നിരുന്നത്.

ജർമൻ മിഷണറിമാരുടെ വരവും മതപരിവർത്തനവും

1885-90 കാലഘട്ടത്തിലാണ് ജർമ്മൻ മിഷണറിമാർ ക്രിസ്തു മത പ്രചരണത്തിന്റെ ഭാഗമായിട്ട് തിരുന്നാവായയിലെത്തുന്നത്. ഈ കാലഘട്ടത്തിൽ തൃപ്രങ്ങോട് മുതൽ കൈത്തക്കര വരെ അനവധി നായാടി കുടുംബങ്ങൾ താമസിച്ചിരുന്നു. മനുഷ്യനായി ജനിക്കുകയും മനുഷ്യനെപ്പോലെ ജീവിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന മൃഗങ്ങളെക്കാളും അധ:പതിച്ച രീതിയിലായിരുന്നു ഇവരുടെ ജീവിതം. ഇവരെ മത പരിവർത്തനം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി ജർമ്മൻ മിഷണറിമാർ തിരുന്നാവായ മേഖലയിലേക്ക് അയച്ചത് ഹെർമൺ ഗുണ്ടർട്ടിനെയാണ് നിയോഗിച്ചത്. അദ്ദേഹം ഈ നായാടികളെയെല്ലാം കണ്ട ശേഷം തിരികെ റിപ്പോർട്ട് അയച്ചു, നായന്മാരെയും നമ്പൂതിരിമാരെയും നിരവധി മതം മാറ്റിയിട്ടുണ്ട് ഈ നായാടിമാരെ മതം മാറ്റിക്കഴിഞ്ഞാൽ ഇവർ ഒരുമിച്ചിരുന്ന് പന്തി ഭോജനം പോലും നടത്തില്ല അതുകൊണ്ട് ഞാൻ ഇതിന് തയ്യാറല്ല എന്ന് പറഞ്ഞുകൊണ്ട് ഹെർമൻ ഗുണ്ടർട്ട് തിരിച്ചു റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. ഗുണ്ടർട്ടിന്റെ മതം മാറ്റ സംബന്ധമായതും അവിടത്തെ ടൈൽ ഫാക്ടറിയുമായി ബന്ധപ്പെട്ടതുമായ വ്യക്തമായ രേഖകൾ ഗുണ്ടർട്ട്‌സ് ഡയറി എന്നപേരിൽ ഇംഗ്ലീഷിൽ അഞ്ച് വോളിയങ്ങളായി പ്രസിദ്ധീകരിച്ചത് നിലവിലുണ്ട്. ഗുണ്ടർട്ട് ഈ ദൗത്യത്തിൽ നിന്നും പിൻ തിരിഞ്ഞതിനു ശേഷം മിക്കായേൽ ഫ്രിഡ്‌സ് എന്ന് പറയുന്നയാളെ ഇവിടേക്ക് അയക്കുന്നത്. അദ്ദേഹം ആലത്തിയൂരിൽ ബി.എം സ്‌കൂൾ നിൽക്കുന്നതിനു തൊട്ടു പിറകിലായി ഒരു തുണി നിർമ്മാണ കട തുടങ്ങി. പിന്നീട് പരുത്തിയുടെ ലഭ്യത കുറഞ്ഞപ്പോൾ അത് നിറുത്തലാക്കി. ശേഷം കൃഷിയിലേക്ക് മാറുകയായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാട് എന്നത് ബ്രിട്ടീഷുകാരുടെ ഭാരണ കാലമായിരുന്നു. കനോലി സാഹിബായിരുന്നു അന്നത്തെ കളക്ടർ, എവിടെ എന്ത് സ്ഥാപിക്കണമെന്നുള്ളതെല്ലാം അവരുടെ തീരുമാനമായിരുന്നു. പക്ഷെ, ഇവർക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെല്ലാം അനുമതിയായിരുന്നു. അങ്ങിനെ കൃഷി ആവശ്യത്തിന് ജോലിക്കാർ ഈ വാഗയൂർ കുന്നിൽ നിലം ഉഴുതപ്പോഴാണ് അവിടെ കളിമണ്ണ് കണ്ടെത്തുന്നത്, അങ്ങിനെ സ്വാഭാവികമായും എങ്ങിനെ കളിമണ്ണ് ഉപയോഗപ്പെടുത്തി പദ്ധതി വിജയിപ്പിക്കാമെന്നായിരുന്നു. അങ്ങിനെയാണ് ഇവിടെ ഓട് ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.

ഭൂമി കൈമാറ്റത്തിന്റെ കഥകളിങ്ങനെ

ആ കാലത്തെ ഭൂമിയുടെ മേൽ നോട്ടക്കാരായ ആഴ്‌വഞ്ചേരി തമ്പ്രാക്കളിൽ നിന്നും 99 വർഷത്തേക്ക് കൊടക്കൽ വാഗയൂർ കുന്ന് പാട്ടത്തിന് ഏറ്റെടുക്കുകയും ഈ ടൈൽ ഫാക്ടറി സ്ഥാപിക്കുകയുമാണ് ചെയ്തത്. അവിടത്തെ നായാടികളെ ജോലിക്കായി സമ്മർദത്തിലാക്കുകയും മതം മാറിയാൽ ജോലി തരാമെന്ന് പറയുകയുമാണുണ്ടായത്. ജോലിയോടൊപ്പം ഭൂമീയും വീടും വച്ച് നൽകാമെന്നും പറഞ്ഞിരുന്നു. ഇതിനായി ഹെൻഡ്രി കനോലിയുടെ എല്ലാ ചരട് വലികളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി പരിസരത്തുള്ള എടമന എന്ന 1600 ഏക്കർ ഭൂമി എടമന സുബ്രഹ്മണ്യം നമ്പൂതിരിയുടെ കയ്യിൽ നിന്നും ഇവർക്ക് വീട് വെയ്ക്കാൻ വേണ്ടി വാങ്ങി. അതായത് ഇന്നത്തെ കാരത്തുർ ടൗൺ മുഴുവനായും ഇതിൽപെടും. ടൈൽ ഫാക്ടറി വർഷങ്ങൾ അവിടെ ബാസിൽ മിഷണറിമാരുടെ നേതൃത്വത്തിൽ നടത്തി വന്നു. പിന്നീട് ജർമൻ മിഷണറിമാരിൽ നിന്നും സുബ്ബയ്യ ചെട്ട്യാർ വില്ലക്കു വാങ്ങിച്ചു. ഇദ്ദേഹമായിരുന്നു ഓട് കമ്പനി കുറെ കാലം കൊണ്ട്‌നടന്നത്. ചെട്ട്യാരുടെ മരണ ശേഷം എസ്‌പി പളനിയപ്പൻ ഇത് മേൽ നോട്ടം നടത്തി വന്നു. ഇക്കാലത്ത് വളരെ ദുരിതമായിരുന്നു കമ്പനിയുടെ നടത്തിപ്പ്. ഈ ഓട് കമ്പനി ഇന്ത്യക്ക് പുറത്തും അറിയപ്പെട്ടിരുന്നെങ്കിലും സ്ഥാപിത കാലം തൊട്ടേ ഇത് ഓരോ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. സമരവും തൊഴിലാളികളും ബുദ്ധിമുട്ടലുമെല്ലാം പതിവായിരുന്നു. അങ്ങിനെയാണ് പളനിയപ്പൻ കൈമാറ്റം നടത്തുന്നത്. ശേഷം വീണ്ടും പലരും കൈമാറ്റം നടത്തുകയുണ്ടായി. അവസാനമായി ഒരു സ്വകാര്യ വ്യക്തി അവിടെ ഫ്‌ളാറ്റ് നിർമ്മാണം നടത്താൻ വേണ്ടി വിലക്കു വാങ്ങുകയുമാണ് ചെയ്‌തെതെന്നാണ് പറയപ്പെടുന്നത്. ഇവർ വാങ്ങിയ ശേഷം ഓട് കമ്പനി പൊളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതോടെ പരിസരത്തുള്ള പൊതുപ്രവർത്തകരായ ചിറക്കൽ ഉമ്മറിന്റെ നേതൃത്വത്തിൽ കോടതിയിൽ പോകുകയാണുണ്ടായത്. ഇത് പൊളിക്കരുതെന്നും ഇത് മാമാങ്കചരിത്രത്തിന്റെ ഭാഗമാണെന്നും പറഞ്ഞായിരുന്നു ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ ഉടമകൾ വിശദീകരണം നൽകിയത് മാമാങ്കവുമായി ഓട്ട് കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു.

ഹൈക്കോടതി ഉത്തരവും ഉത്ഖനനവും

പ്രശ്‌നം രൂക്ഷമായപ്പോൾ ഈ വിഷയത്തിൽ സർക്കാറിന് എന്ത് പറയാനുണ്ടെന്നായിരുന്നു കോടതി കേട്ടത്. അങ്ങിനെ ഹൈക്കോടതി മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് വി എസ് അച്ചുതാനന്ദൻ ഈ ടൈൽ ഫാക്ടറി സന്ദർശിക്കുകയും മാമാങ്ക ചരിത്രങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയതുമാണ്. പിന്നീട് ആരും ഈ കാര്യത്തിൽ തിരിഞ്ഞുനോക്കിയില്ല. ഈ സമയത്താണ് 2003ലെ മലപ്പുറം ജില്ലാ കലക്ടർ മാമാങ്ക ചരിത്രങ്ങൾ കണ്ടെത്തി സംരക്ഷിക്കാൻ വേണ്ടിയിട്ട് 05/07/2003 ന് 30500/2003ാം നമ്പറായി ഒരു ഉത്തരവ് പുരാവസ്തു വകുപ്പിന് കൊടുക്കുന്നത്. തിരുന്നാവായ മേഖലയിൽ സംരക്ഷണം നടത്തി ചരിത്രങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് അതിനായി എവിടെയെല്ലാം മാമാങ്കവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടെന്ന് കണ്ടെത്താനായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായിട്ട് കോഴിക്കോട് പഴശ്ശി രാജാ മ്യൂസിയത്തിന്റെ ചൂമതലയുള്ള ഹയർഗ്രേഡ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർ അടക്കമുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു രണ്ട് ദിവസങ്ങളിലായി വിശദമായ പഠനം നടത്തിയത്. ടൈൽ ഫാക്ടറി വളപ്പിലേക്ക് ഈ സംഘം പ്രവേശിച്ച സമയത്ത് അന്ന് അവിടേക്ക് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. അകത്ത് ഉദ്യോഗസ്ഥരും ഭൂഉടമകളും മാത്രമാണ് ഉണ്ടായിരുന്നത്. അകത്ത് കണ്ടിരുന്ന സിമന്റ് തറകൊണ്ട് നിർമ്മിച്ച നിലപാട് തറ, മണിത്തറ, മരുന്ന് തറ, ചങ്ങമ്പള്ളി കളരി നവാമുകുന്ദ പഴുക്കാ മണ്ഡപം തുടങ്ങിയ ചരിത്ര സ്മാരകങ്ങളെല്ലാം സംരക്ഷിക്കണം എന്ന രീതിയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം തന്നെ ഓട്ട് കമ്പനിയുടെ വളപ്പിൽ ഒരുമീറ്ററോളം താഴോട്ട് ഖനനം ചെയ്ത് കുഴിച്ചെടുത്തപ്പോൾ അവിടെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.

2003 സെപ്റ്റംബർ 13,14 തിയ്യതികളിലാണ് ഈ ഉത്ഖനനം നടന്നത്. ശിവലിംഗം, പീഠം, പഴയ ക്ഷേത്രാവശിഷ്ടങ്ങൾ ഇതെല്ലാമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഈ സമയത്ത് പുരാ വസ്തു ഉദ്യോഗസ്ഥർ വ്യക്തമായി പറഞ്ഞിരുന്നത് , സാമൂതിരി രാജാവ് നിലപാട് നിൽക്കാൻ വരുന്ന സമയത്ത് തേവാരമായിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇതെന്നായിരുന്നു. അതുകൊണ്ട് തന്നെ മാമാങ്ക ചരിത്രമെന്ന നിലയിൽ ഇത് എടുത്ത് സംരക്ഷിക്കേണ്ടതിനു പകരം ഈ ഉദ്യോഗസ്ഥന്മാർ ഇതിന്റെയെല്ലാം ഫോട്ടോയെടുത്തതിനു ശേഷം കുഴിച്ചു മൂടുകയാണ് ചെയ്തത്. ഈ ഉദ്യോഗസ്ഥർ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിലും ചാരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മണ്ണിട്ട് മൂടുകയായിരുന്നെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പ്രവർത്തി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ഇതിനു പുറമെ അതിനടുത്തായി ഒരു വലിയ തുരങ്കം കണ്ടെത്തിയിരുന്നു. അത് അതിമനോഹരമായ ഭൂഗർഭ പാതയാണ്. അതായത് പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ഈ പ്രദേശം അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന ഒരു ചിത്ര മ്യൂസിയമെല്ലാം സ്ഥാപിച്ച് നാടിന്റെ വളർച്ചക്ക് ഉപയോഗപ്പെടുത്തേണ്ടതിനു പകരം ഈ റിപ്പോർട്ട് കൈവശം കിട്ടിയിട്ട് സർക്കാറുപോലും മിണ്ടിയില്ല എന്ന് പറയുമ്പോൾ ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ അഴിമതിയുടെ കഥയാണ്.

ചരിത്രം കുഴിച്ചുമൂടപ്പെടുന്നതെങ്ങനെ?

ഈ ചരിത്ര സംഭവങ്ങളെല്ലാം തന്നെ പഠനത്തിനും ഗവേഷണത്തിനും ഏറെ ഉപകരിക്കുന്നതായിരുന്നു. ആദ്യകാലത്തെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാന കേന്ദ്രമായ വെട്ടത്തു നാട്ടിനോട് ചേർന്നാണ് ഇതെല്ലാം നിലകൊള്ളുന്നത്. ശാസത്രം, ഗണിതം, വൈദ്യം, ജ്യോതിഷം തുടങ്ങിയ എല്ലാ തലത്തിന്റെയും അടിവേരായികിടക്കുന്നത് ഇന്നത്തെ തീരൂർ താലൂക്കിലെ വെട്ടത്ത് നാട്ടിലാണ്. കാൽക്കുലസിന്റെ ഉപജ്ഞാതാവ് ഐസക്ക് ന്യൂട്ടനാണെന്ന് നൂറ്റാണ്ടുകളായി പഠിപ്പിച്ചും പഠിച്ചും വരുന്നുണ്ട്. പക്ഷെ, ഐസക്ക് ന്യൂട്ടനും മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഈ തിരൂർ വെട്ടത്ത് നാട്ടിൽ ജീവിച്ചിരുന്ന കേളല്ലൂർ സ്വാമയാജിപ്പാട് ആണെന്നുള്ള കാര്യം യൂറോപ്യന്മാർ 1835ൽ തന്നെ യൂറോപ്യന്മാർ ചൂണ്ടിക്കാണിച്ചു. പക്ഷെ നമുക്കറിയില്ല. ആദ്യത്തെ നിരാഹാര സത്യാഗ്രഹം നടന്നതും ഇവിടെയാണ്, കഥകളിക്ക് ചെണ്ട നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത് വെട്ടത്ത് രാജാവാണ്. അപ്പോൾ വെട്ടം എന്നത് വെളിച്ചം വിജ്ഞാനം, വിജ്ഞാനികളുടെ പുണ്യഭൂമി എന്ന പേര് വന്നത്. അപ്പോൾ എന്തുകൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതിക്ക് ഇന്ത്യയിലോ കേരളത്തിലോ ഇങ്ങനെയൊരു സ്ഥലം ഉണ്ടാവില്ല. ഈ പ്രദേശത്താണ് പുരാ വസ്തുക്കൾ മണ്ണിട്ടു മൂടിയിട്ടുള്ളത്. ഇത് വിവരാവകാശ നിയമപ്രകാരമാണ് ഈ അഴിമതിയുടെ വിവരങ്ങൾ ലഭിച്ചത്. ഇപ്പോഴത്തെ അവസ്ഥ ഇവിടെ മണ്ണിട്ട് മൂടിയിരിക്കുകയാണ്, മുകളിൽ തൊഴുത്ത് ഉള്ളതായാണ് വിവരം.

ഇപ്പോൾ നടന്നിട്ടുള്ള നിയമലംഗനവും അഴിമതിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിനും നിവേദനം സമർപ്പിച്ചിട്ടുണ്ട്. അടിയന്തിരമായി ഇവിടെ എത്തിച്ചേരണമെന്നും ഇവിടെ വീണ്ടും ഉത്ഖനനം ചെയ്ത് അവശിഷ്ടങ്ങൾ കണ്ടെത്തി സംരക്ഷിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. മാത്രമല്ല കഴിഞ്ഞ ദിവസം തിരുന്നാവായ വില്ലേജിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിൽ ടൈൽ ഫാക്ടറി നിന്നിരുന്ന സ്ഥലത്ത് തളിക്ഷേത്രമായിരുന്നെന്ന് വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഏതെങ്കിലുമൊരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഒരു ഭാഗമായിട്ടോ വർഗീയമായിട്ടോ ചിത്രീകരിക്കരുത്. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ ആരായാലും നമ്മുടെ പൈതൃകത്തിന്റെ ഭാഗമായിട്ടേ കാണാവൂ, ഇത് ഉയർത്തി കൊണ്ടുവന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന സ്മാരകങ്ങൾ വരുന്നതോടെ ആ നാടിനു തന്നെ ഗുണം കിട്ടുന്നതാണ് ഇതിനു വേണ്ടി എല്ലാവരും ഒത്തൊരുമിക്കും എന്നാണ് എന്റെ പ്രതീക്ഷ.

ചരിത്രത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് തടസമാകുന്നത് ആരൊക്കെ? സർക്കാരിന്റെ പങ്കെന്ത്‌?

ഇത് സംരക്ഷിക്കുന്നതിനു വേണ്ടി ആരാണ് തടസം നിന്നിരുന്നതെന്ന് വ്യക്തമല്ല. ഈ ഭൂമിയുടെ ഉടമ പണം നൽകി ഒതുക്കിയതാവാം എന്നാണ് അറിയാൻ കഴിയുന്നത്. എനിക്ക് കിട്ടിയ വിവരം ശരിയാണെങ്കിൽ മുൻകാബിനറ്റ് അംഗത്തിന്റെ മകനും ഇപ്പോഴത്തെ എംഎ‍ൽഎയുമായ സീതിഹാജിയുടെ മകൻ പി.കെ ബഷീർ എംഎ‍ൽഎയുടെ ഒരു ബന്ധുവിന്റെ കയ്യിലാണ് ഈ ഭൂമി എന്നുള്ളതാണ്. നമ്മുടെ മുന്നിൽ കൈവശക്കാരൻ എന്നുള്ള വ്യക്തിയല്ല പൈതൃകം സംരക്ഷിക്കുക മാത്രമാണ്. ഉദ്യോഗസ്ഥർ മുമ്പ് ഖനനം ചെയ്ത് സമയത്ത് ലീഗിന്റെ പിന്തുണയോടള്ള ഭരണമാണ് ഉണ്ടായിരുന്നത്. ഭൂ ഉടമകൾ ഇത് അവർക്ക് അനുകൂലമായി സംരക്ഷിക്കുന്നതിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്ന് പല അനുഭവങ്ങളും വ്യക്തമാക്കുന്നതാണ്. ഞാൻ വ്യക്തിപരമായി ഇപ്പോഴത്തെ കൈവശക്കാരെ കുറ്റം പറയുന്നില്ല, കാരണം അവർ ഈ ഭൂമി വാങ്ങിയതിനു ശേഷമാണ് ഇതെല്ലാം ഇവിടെ കാണുന്നത്. ഇനി അതിനു ശേഷം എന്തെങ്കിലും വസ്തുക്കൾ ഇവിടെനിന്നും കടത്തുകയോ കൊണ്ടോപോകുകയോ ചെയ്‌തെങ്കിൽ അതിനുത്തരവാദി സർക്കാറാണ്.
ഈ വിഷയങ്ങൾ എം.ജി.എസ് നാരായണൻ അടക്കമുള്ള ചരിത്രകാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ തെറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല നാളുകളായി പുരാവസ്തു വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ഒരു കാര്യം കിട്ടിയാൽ എന്ത് ചെയ്യണമെന്ന് അറിയാവുന്നവരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസർ വെളുത്താട്ട് കേശവനും ഇതേ അഭിപ്രായമായിരുന്നു.