തൃശ്ശൂർ: കേരളത്തിന്റെ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുകയാണ്. ഒരു മാസം കഴിഞ്ഞെങ്കിലും കലാഭവൻ മണി കൂടെയില്ലെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇനിയും സാധിച്ചിട്ടില്ല. ചേട്ടൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് കലാഭവൻ മണിയുടെ അനിയൻ ആർഎൽവി രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ വിയോഗം തന്നെ പോലെ തന്നെ തന്റെ ജ്യേഷ്ഠന്റെ ആരാധകർക്ക് ഇപ്പോളും കഴിയുന്നില്ല എന്നാണ് രാമകൃഷ്ണൻ പറയുന്നത്. മണിയുടെ നാടും വിടും കാണുവാൻ ഒരു ദിവസം കേരളത്തിന്റെ പല ഇടങ്ങളിൽ നിന്നും ഒപ്പം അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നു പോലും 300ൽ അധികം ആളുകളാണ് ചാലക്കുടിയിൽ മാണിയുടെ വസതിയിൽ എത്തുന്നതെന്നും രാമകൃഷ്ണൻ പറയുന്നു. ഇത് മണിയുടെ ജനപ്രീതിയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാലക്കുടിയിലെ മണിയുടെ വീടായ മണി കൂടാരത്തിന്റെ മുൻപിൽ ഇപ്പോൾ സ്ഥിരമായി വിവിധ രജിസ്‌ട്രേഷനുകളിലെ മിനി ബസുകൾ ഉൾപ്പെടെയുള്ള വണ്ടികൾ കിടക്കുന്നത് കണ്ടാൽ നാട്ടുകാർക്കും യാതൊരു അതിശയവുമില്ല. കാരണം അവർ മണിയുടെ സ്വന്തം ആരാധകർ ആണെന്നും ചാലക്കുടിക്കാരൻ ചങ്ങാതിയുടെ നാടും വീടും ഓർമ്മകളും കാണാനായി എത്തിയ ആളുകൾ വന്ന വണ്ടികൾ ആണെന്ന് അവർക്കറിയാം. കലാഭവൻ മണി അന്തരിച്ചു ഒരു മാസം തികയുമ്പോഴും ആരാധകർ മണിയുടെ ഓർമ്മകൾ തേടി വരുന്നതിന് യാതൊരു കുറവുമില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്. മണിയുടെ മരണത്തിന് ദുരൂഹത മാറ്റാൻ സാധിക്കാത്തതിൽ കുടുംബത്തിനും അതൃപ്തിയുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ തൃപ്തിയുണ്ടെന്നാണ് രാമകൃഷ്ണൻ സൂചിപ്പിക്കുന്നത്. അന്വേഷണം ഇപ്പോൾ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്നാണ് രാമകൃഷ്ണന്റെ അഭിപ്രായം. ചേട്ടൻ ഒരിക്കിലും ആത്മഹത്യാ ചെയ്യില്ല എന്ന് ഉറപ്പിച്ചു പറയുന്ന രാമകൃഷ്ണൻ മണിയുടെ സുഹൃത്തുക്കളെ ഇപ്പോഴും സംശയിക്കുന്നുണ്ട്. ചേട്ടന്റെ അനുയായികൾ അറിയാതെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല എന്നാണ് താൻ കരുതുന്നത് എന്നാണ് രാമകൃഷ്ണൻ പറയുന്നത്.

ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന സ്വഭാവക്കാരനായിരുന്നു ചേട്ടൻ. അതുകൊണ്ടു തന്നെ ആരെയൊക്കെയാണ് സഹായിച്ചതെന്ന് ആർക്കും കൃത്യമായ അറിവില്ല. അതുകൊണ്ട് പണം സംബന്ധമായ പ്രശ്‌നങ്ങൾ മരണവുമായി ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാദ്ധ്യതകൾ ഉണ്ടാകാം. പക്ഷെ കൃത്യമായി ഇക്കാര്യം അറിയണമെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. അതിനായാണ് താനും കുടുംബവും കാത്തിരിക്കുന്നത്. -രാമകൃഷ്ണൻ പറഞ്ഞു.

മണിയുടെ സഹായികളായ അരുൺ, വിപിൻ,മുരുകൻ എന്നിവർ അറിയാതെ തന്റെ ചേട്ടന് ഒന്നും സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോളും രാമകൃഷ്ണൻ, എന്നാൽ ഹവാല സംബന്ധമായ പണം ഇടപാടുകൾ മണിക്കുണ്ടായിരുന്നോ എന്നുള്ള ചോദ്യത്തിന് തനിക്കതൊന്നും അറിയില്ല എന്നും അദ്ദേഹം മറുപടി നല്കി. തന്റെ അറിവിൽ അങ്ങനെ ഇല്ലെന്നു ഇനി അങ്ങനെയുണ്ടെക്കിൽ അതും പൊലീസ് അന്വേഷി ക്കട്ടെ എന്നുമായിരുന്നു രാമകൃഷ്ണന്റെ മറുപടി.

കലാഭവൻ മണിയുടെ മരണം ആഘോഷിക്കുകയായിരുന്നു കേരളത്തിലെ പത്രമാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും എന്നാണ് രാമകൃഷ്ണൻ പറയുന്നത്. ഇതിൽ തനിക്ക് ദുഃഖമുണ്ടെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ഒരു വലിയ കലാകാരന്റെ മരണവും അതിലെ സംശയങ്ങളും പല മാദ്ധ്യമങ്ങളും ആഘോഷിക്കുക തന്നെ ആയിരുന്നു എന്ന് രാമകൃഷ്ണൻ പറയുന്നു. ബ്രേക്കിങ് ന്യൂസിനും, മറ്റുമായി ചാനലുകളും പത്രങ്ങളും പലതും എഴുതി പിടിപ്പിച്ചതിൽ വിഷമം ഉണ്ടെന്നും രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അതിനേക്കാൾ രൂക്ഷമായിയാണ് സോഷ്യൽ മീഡിയയുടെ പ്രതികരണമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള ഏതോ ഒരു സീരിയൽ നടനാണ് കലാഭവൻ മണിയുടെ മരണത്തിനു കാരണം എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

അന്വേഷണ സംഘത്തിന് പോലും അറിയാത്ത കാര്യങ്ങളാണ് വാർത്തകളായി പുറത്തുവരുന്നത്. അതുപോലെ മണിയുടെ അവസാന ഗാനം എന്ന നിലയിൽ പുറത്തുവന്നതും സത്യമായിരുന്നില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പാട്ട് മണി എട്ടു വർഷം മുൻപ് പാടിയ പാട്ടാണെന്നും രാമകൃഷ്ണൻ പറയുന്നു. പല കോണിൽ നിന്നും ഇത്തരം നുണ പ്രചാരങ്ങൾ ഇപ്പോളും നടക്കുന്നുണ്ട്. ഇതെല്ലാം കുറച്ചാളുകൾക്ക് സന്തോഷവമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉൽക്കണ്ഠയും.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവർ അറിയേണ്ടത് ആ കലാകാരനും ഒരു കുടുംബം ഉണ്ടെന്നതാണ്. ഒരിക്കിലും തന്റെ ചേട്ടൻ ആത്മഹത്യ ചെയ്യില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും രാമകൃഷ്ണൻ പറഞ്ഞു. മരണത്തിന് പിന്നിലെ യഥാർത്ഥ സത്യം പുറത്തു വരുമെന്നും നിയമത്തിലും അന്വേഷണത്തിലും താൻ ഉറച്ചു വിശ്വസിക്കുന്നു എന്നുമാണ് രാമകൃഷ്ണനു പറയാനുള്ളത്.

മണിയുടെ പാടിന്റെയും അഭിനയത്തിന്റെയും താളബോധം മനസ്സിൽ ഇപ്പോളും കൊണ്ടുനടക്കുന്ന സാധാരണ ആരാധകരാണ് മണിയുടെ വീട്ടിലേക്ക് ഇപ്പോഴും എത്തുന്നത്. സ്വന്തം നാട്ടിലെ ആളുകളെ കൂട്ടി ബസ് വിളിച്ചു അവർ ഇവിടെ എത്തുന്നതും അതുകൊണ്ടാണ്. മലയാള സിനിമ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാധാരണക്കാരൻ ജനിച്ചു വളർന്നു അവസാനം അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് കാണാൻ അവർ എത്തിക്കൊണ്ടേയിരിക്കുന്നു.