കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരല രാഷ്ട്രീയം. ഇതിനിടെ കേരളത്തിലെ പ്രബല മത-സാമുദായിക സംഘടനകളുടെ നിലപാടുകൾ ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. കഴിഞ്ഞ കാലങ്ങളിലെ ഓരോ തെരഞ്ഞെടുപ്പുകളിലും തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപന തുടക്കത്തിലെ പുതിയ ബഹുജന സംഘടനയുടെ രൂപീകരണവുമായിട്ടായിരുന്നു രംഗപ്രവേശനം. കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി കേരളത്തിലെ സുന്നി ജനതയ്ക്ക് നേതൃപരമായ പങ്കു വഹിച്ചു വരുന്ന കാന്തപുരം വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത വലിയൊരു സമ്മർദ ശക്തികൂടിയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സുന്നി പ്രസ്ഥാനം ആരെ പിന്തുണക്കും. ഇടതു വലത് കക്ഷികൾക്കു പുറമെ ബിജെപി അടക്കമുള്ള മറ്റു പാർട്ടികളോടുള്ള സുന്നികളുടെ സമീപനം എന്തായിരിക്കും. സത്രീ സംവരണ വിവാദ വിഷയമുൾപ്പടെ കാന്തപുരം മനസ് തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖം:

  • താങ്കളുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച മുസ്ലിം ജമാഅത്തിന് രാഷ്ട്രീയമായി പ്രത്യേക അജണ്ടകളുണ്ടോ? എങ്ങിനെയായിരിക്കും പുതിയ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ?

മുസ്ലിം ജമാഅത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല. അത് ഭാവിയിൽ രാഷ്ട്രീയ കക്ഷി ആവുകയുമില്ല. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനു കീഴിൽ എസ്.എസ്.എഫ്, എസ്.വൈ.എസ് എന്നീ രണ്ട് സംഘടനകളുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനകൾക്ക് അടിസ്ഥാനപരമായ മെമ്പർഷിപ്പും ഇലക്ഷനുമെല്ലാം നടത്തി ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നത്. ഇതിനാൽ മെമ്പർഷിപ്പിലും പ്രവർത്തകരുടെ എണ്ണത്തിലുമെല്ലാം വൻ വർദ്ധനവാണുള്ളത്. സംഘടനയുടെ സ്വാധീന മേഖലയും പ്രവർത്തന രംഗവും വളരെ വിപുലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദ്യാർത്ഥി സംഘടനയെയും യുവജനസംഘടനയെയും അതിനുള്ളിൽ പരിമിതപ്പെടുത്തി ബഹുജനങ്ങൾക്കായി ഒരു സംഘടന എന്നതും മറ്റു സംഘടനകളിൽ ഒന്നും മെമ്പർഷിപ്പ് ഇല്ലാത്തവരെ കൂടി സംഘടനയിലേക്ക് അടുപ്പിക്കുന്ന ഒരു സംഘടന അതാണ് മുസ്ലിം ജമാഅത്ത്.

ആൾ ഇന്ത്യാ മുസ്ലിം ജമാഅത്തിന്റെ ആദ്യഘട്ടമായാണ് കേരളത്തിൽ മുസ്ലിം ജമാഅത്ത് രൂപീകരിച്ചത്. അത് ഇന്ത്യയിൽ ഉടനീളം കാലക്രമേണ വ്യാപിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. രാഷ്ട്രീയ കക്ഷി അല്ല എന്ന് ആവർത്തിച്ച് പറയുന്നതോടൊപ്പം, രാഷ്ട്രീയ നിലപാടുകളുണ്ടാവില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. കേരളത്തിലെ മത സംഘടനകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തുന്നവരാണ്. മതന്യൂന പക്ഷങ്ങൾക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് നൽകിയ ഭരണ ഘടനാവകാശം ഹനിക്കുന്ന രീതിയിൽ ഭരണകൂഡങ്ങളുടെ ഭഗത്ത് നിന്നും ഇടപെടലുണ്ടായാൽ അത് ചോദ്യം ചെയ്യാനും ഭരണകടന നൽകുന്ന അവകാശങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ഞങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാനുള്ള ഇഛാശക്തി ഈ സംഘടന കാണിക്കും അത് കഴിഞ്ഞ കാലങ്ങളിലും കാണിച്ചിട്ടുണ്ട് എന്നു തന്നെയാണ് നിലപാട്.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ എന്താണ് എ പി വിഭാഗത്തിന്റെ നിലപാട്?

[BLURB#1-VL] തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി നല്ല വ്യക്തികൾ ജയിക്കണമെന്നാണ് നമ്മുടെ അഭിപ്രായം. പ്രാദേശിക തലങ്ങളിൽ അതാത് ഘടകങ്ങൾക്കും പ്രവർത്തകർക്കും നല്ലവ്യക്തികളെ തെരഞ്ഞെടുക്കുകയെന്നതാണ് നിലപാട്. എന്നാൽ പോലും പ്രാസ്ഥാനിക പ്രവർത്തകരുടെ ശത്രുക്കളായി നിൽക്കുന്നവരെ പ്രാദേശിക ഘടകങ്ങളിലെ പ്രവർത്തകർക്കറിയാം. അത്തരം ഘട്ടങ്ങളിൽ അനുയോജ്യമായ നിലപാട് ഏത് പാർട്ടിയാണെങ്കിലും പ്രവർത്തകർ തീരുമാനിക്കും. കക്ഷി രാഷ്ട്രീയം എന്ന നിലയിലല്ലല്ലോ പ്രാദേശിക തലത്തിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കേണ്ടത്. ഒരാളുടെ വ്യക്തിത്വം, സ്വഭാവശുദ്ധി, ജനകീയത, ജനപ്രതിബദ്ധത, അഴിമതി വിരുദ്ധ ഭരണ പരിജയം, ന്യൂനപക്ഷങ്ങളോടും ഇവിടത്തെ ദുർബല വിഭാഗത്തോടുമുള്ള സമീപനം തുടങ്ങിയ കാര്യങ്ങളൊക്കെ മാനദണ്ഡമായിട്ടായിരിക്കും സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ്. ഇക്കാര്യങ്ങളെല്ലാം പ്രവർത്തകരെ ബോധവാന്മാരാക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും. എല്ലായിപ്പോഴെന്ന പോലെ അത്തരം നിർദ്ദേശങ്ങൾ നൽകുന്നതിന് സുന്നി പ്രസ്ഥാനത്തിന് സംവിധാനങ്ങളുണ്ട്. ആ റൂട്ടിലൂടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

  • ഇടതുപക്ഷവുമായി വീണ്ടും താങ്കൾ അടുത്തുകൊണ്ടിരിക്കുന്നു, കഴിഞ്ഞ കാലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടോ..?

ഞങ്ങൾ ഇടതുപക്ഷവുമായി അകന്നിട്ടൊന്നുമില്ല. സുന്നി പ്രസ്ഥാനത്തെ സംബന്ധിച്ച് ഞങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സൗഹൃദം നിലനിർത്തുന്നവരാണ്. രാഷ്ട്രീയ പാർട്ടികൾ ഞങ്ങളോടും സൗഹൃദം നിലനിർത്തുന്നവരാണ്. കാരണം, ഞങ്ങൾക്ക് ഒരു പ്രത്യേക കക്ഷിയില്ല. ഇവിടെ 70 ശതമാനം വോട്ട് പോൾ ചെയ്യപ്പെടുമ്പോൾ മുപ്പതോ അതിലധികമോ ശതമാനമാണ് സജീവ കക്ഷി രാഷ്ട്രീയക്കാരുടെ വോട്ടുള്ളത്. ബാക്കി കക്ഷി രാഷ്ട്രീയത്തിൽ ഉൾപ്പെടാത്ത ഞങ്ങളെ പോലുള്ളവരുടെ വോട്ടാണ്. ആ വോട്ടാണ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിർണായകം. അതുകൊണ്ടുതന്നെ സുന്നി പ്രവർത്തകരുടെ വോട്ട് തെരഞ്ഞെടുപ്പിൽ വളരെ പ്രധാനമാണ്. പിന്നെ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇടതുപക്ഷവും വലതു പക്ഷവും സ്വീകരിച്ചിട്ടുള്ള സമീപനങ്ങൾ നോക്കി അതാത് കാലങ്ങളിൽ നിലപാടെടുത്തിട്ടുണ്ട്. ആ നിലപാട് കേരളത്തിലെ എല്ലാജനങ്ങൾക്കും അറിയാവുന്നതുമാണ്. ഞങ്ങൾ എല്ലാ കക്ഷികളുമായും അവർ തിരിച്ചും നല്ല സൗഹൃദമാണ് കാഴ്ചവച്ചിട്ടുള്ളത്.

  • ന്യൂനപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇടത്, വലത് മുന്നണികൾക്ക് സംഭവിച്ച വീഴ്ചയാണോ ഓരോ തെരഞ്ഞെടുപ്പിലും താങ്കളെ മാറി മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്?

ഞാൻ പറഞ്ഞല്ലോ മുന്നണികളോടും അതാത് കാലത്തെ സ്ഥിതിഗതികൾ പരിശോധിച്ച് നിലപാടെടുത്തിട്ടുണ്ട്. ഞങ്ങൾ അതാത് തെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യങ്ങൾ പരിശോധിക്കും. നമ്മുടെ രാജ്യത്തെ പൗരന്മാരോട്, ഇവിടത്തെ മതന്യൂനപക്ഷങ്ങളോട് ഇവിടത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊക്കെ ഇവർ എടുക്കുന്ന നിലപാടെന്ത്, നമ്മുടെ നാടിന്റെ സർവ്വ ഐശ്വര്യങ്ങളോടെയും മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തിയുള്ള നിലപാടുകൾ മുന്നോട്ടു വെയ്ക്കുന്നവർ ആര് എന്ന് നോക്കിയിട്ടായിരിക്കും കാലാകാലങ്ങളിൽ പ്രസ്ഥാനം മുന്നോട്ടു പോയിട്ടുള്ളത്. ഇനിയും അത്തരത്തിലായിരിക്കും മുന്നോട്ടു പോവുക.

  • കേരളത്തിൽ മൂന്നാം മുന്നണിയുടെ സാധ്യതയും എസ്എൻഡിപിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിനേയും താങ്കൾ എങ്ങനെയാണ് നോക്കികാണുന്നത്?

കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നാമത് ഒരു കക്ഷി അപ്രസക്തമാണ്. അവർക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അങ്ങനെയുരു മുന്നണി വരുന്നത് ഇരുമുന്നണികളുടെയും വോട്ട് ഭിന്നമാക്കാൻ മാത്രമെ കഴിയൂ എന്നാണ് എന്റെ അഭിപ്രായം. പിന്നെ, എസ്എൻഡിപി ഒരു രാഷ്ട്രീ പാർട്ടി എന്ന് പറഞ്ഞുകൊണ്ടാണ് കടന്നു വന്നിരിക്കുന്നത്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യം അനുവദിക്കുന്നുമുണ്ട്. പക്ഷെ അത് വിജയിക്കുമെന്ന് എനിക്ക് അഭിപ്രായമില്ല. ഏതായാലും സുന്നി സംഘടനകൾ ഇതേകുറിച്ച് ചിന്തിക്കുന്നില്ല.

  • മുസ്ലിം ലീഗിന് സമുദായത്തിനകത്തെ എല്ലാ സംഘടനകളെയും ഒരുപോലെ കാണുന്നതിൽ വീഴ്ച പറ്റിയെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?

പലപ്പോഴൊക്കെ വീഴ്ച പറ്റിയതിന്റെ തിക്ത ഫലം അവർ തന്നെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ലീഗ് തിരുത്തിയിട്ടുമുണ്ട്. ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ, എല്ലാ സമുദായ സംഘടനകളേയും ഒരുപോലെ കണ്ടാൽ അവർക്കു നല്ലത്.[BLURB#2-H] 

  • ഇ കെ സുന്നികൾക്ക് മുസ്ലിം ലീഗിനു മേലുള്ള മേൽക്കോയ്മ, എ.പി വിഭാഗത്തിന് ലീഗിൽ നിന്നും അകൽച്ച വരുത്താൻ ഇടയാക്കിയിട്ടുണ്ടോ?

ഈ പ്രസ്ഥാനത്തോട് 1980 കാലഘട്ടങ്ങളിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗം ശത്രുതാ മനോഭാവം സ്വീകരിച്ചപ്പോൾ, തിരിച്ചും അങ്ങിനെ പെരുമാറേണ്ടി വന്നിട്ടുണ്ട്. അതിനു ശേഷവും മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്നും അങ്ങിനെ ഉണ്ടായപ്പോൾ സുന്നി പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടു കാരണം തിക്തഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മുസ്ലിം ലീഗ് എന്ന പാർട്ടി മൊത്തത്തിൽ സുന്നി പ്രവർത്തകർക്ക് എതിരാണെന്ന അഭിപ്രായമില്ല. ഇപ്പോൾ നല്ല സമീപനമാണ് തുടരുന്നത്. ചില വ്യക്തികൾക്ക് ചില താൽപര്യങ്ങളും മുൻതൂക്കങ്ങളും ഉണ്ടാകാം എന്നാണ് മനസിലാക്കുന്നത്.

മുസ്ലിം ലീഗ് എല്ലാം മുസ്ലിം ജന വിഭാഗത്തിന്റെയും പൊതു പ്ലാറ്റ്‌ഫോം ആക്കാൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ എല്ലാ സംഘടനകളെയും ഒരുപോലെ കാണാനും അവർ ബാധ്യസ്ഥരാണ്. ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക താൽപര്യമെടുക്കുകയോ ഏതെങ്കിലും വിഭാഗത്തിന് എതിരെ നിലപാട് എടുക്കുകയോ ചെയ്താൽ ആ വിഭാഗത്തിന്റെ ദോശം അവർ ഏറ്റുവാങ്ങേണ്ടി വരും. കേരളത്തിലെ സുന്നി പ്രസ്ഥാനം വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങളും ആത്മീയ പ്രവർത്തനങ്ങളും തീർത്തും ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്ലാറ്റ്‌ഫോമുൽ നിൽക്കാതെ ജനാധിപത്യ വ്യവസ്ഥക്കനുസൃതമായി നടത്തി വരുന്നുണ്ട്.[BLURB#3-VR]

  • സുന്നി ഐക്യത്തിന് തടസം നിൽക്കുന്നത് എ.പി വിഭാഗമാണെന്ന് മറുപക്ഷം ആരോപിക്കുന്നു. യഥാർത്ഥത്തിൽ ഐക്യത്തിനു തടസം എന്താണ്?

തീർത്തും വ്യാജമായ ആരോപണമാണിത്. സുന്നി സംഘടനകൾ യോജിച്ചാൽ തങ്ങളുടെ അവസരങ്ങൾ കൈവിട്ടു പോകുമോ എന്ന് ഭയക്കുന്ന ചില ചോട്ടാ നേതാക്കളുണ്ട് മറുഭാഗത്ത്. അവരാണ് ഇതിന് തടസം നിൽക്കുന്നത്. ഇനി പാണക്കാട് തങ്ങൾ മുൻകൈയെടുത്ത് ചർച്ചക്കു വന്നാൽ ഞങ്ങൾ ചർച്ചക്ക് തയ്യാറാണെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിലായി പലപ്പോഴായി നടന്ന ഐക്യ ശ്രമങ്ങളെല്ലാം ഇതുപോലുള്ള ഓരോ കാരണങ്ങളാലും നടക്കാതെ പോകുകയാണ് ചെയ്തത്. ഉള്ളിൽ ഐക്യം വേണ്ടാ എന്ന് കരുതുകയും പുറത്ത് ചിരിക്കുകയും ചെയ്യുന്നവരുമായി ഇനി ചർച്ചയില്ല. മുമ്പി മുഹമ്മദലി ശിബാബ് തങ്ങൾ മുൻകൈയെടുത്ത പോലെ ഹൈദരലി തങ്ങളും മുൻകൈ എടുക്കട്ടെ എന്നാൽ ഞങ്ങളും ഒരുമിക്കാൻ തയ്യാറാണ്. ഇതാണ് ഞങ്ങളുടെ ഐക്യത്തിലെ ഞങ്ങളുടെ ആത്മാർത്ഥമായ നിലപാട്. മുഹമ്മദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് അദ്ദേഹം മുസ്ലിം ലീഗിന്റെ മാത്രം പ്രസിഡന്റായിരുന്നു. എന്നാൽ ഹൈദരലി തങ്ങൾ ഇ.കെ വിഭാഗത്തിന്റെ കൂടി പ്രസിഡന്റാണ് അതാണ് അദ്ദേഹത്തിന് ഇക്കാര്യത്തിലുള്ള പരിമിതിയെന്നാണ് മനസിലാക്കുന്നത്.

  • മുസ്ലിം സമുദായത്തിൽ നിന്നും രൂപം കൊണ്ടുവരുന്ന ചെറു രാഷ്ട്രീയ പാർട്ടികളെ എങ്ങിനെയാണ് ഉസ്താദ് നോക്കികാണുന്നത്?

ഒരുപാട് പാർട്ടികൾ ഉള്ളതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അത് കൂടുതൽ ശൈതല്യങ്ങൾ ഉണ്ടാക്കുകയേ ഉള്ളൂ. എല്ലാവരും ഒരുമിച്ച് നിൽക്കാൻ പടച്ചവൻ നതീരുമാനിച്ചിട്ടില്ലാത്തതിനാലാകാം സംഘടനകളും പാർട്ടികളും പെരുകികൊണ്ടിരിക്കുന്നത്.

  • യുഡിഎഫിനും എൽഡിഎഫിനും പുറമെ പിഡിപി, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ മുസ്ലിം പാർട്ടികളോടുള്ള തെരഞ്ഞെടുപ്പിലെ സമീപനം എന്തായിരിക്കും?

ഈ തെരഞ്ഞെടുപ്പൽ പ്രാദേശികമായി വ്യക്തികളെ നോക്കിയാണ് വോട്ട് എന്ന് ഞാൻ ആദ്യമെ പറഞ്ഞല്ലോ.., പിന്നെ മുസ്ലിം സമൂഹത്തോടും ഈ നാടിനോടും വികസനത്തോടുമെല്ലാം പുറം തിരിഞ്ഞു നിൽക്കുന്നവരെ ജനാധിപത്യ രീതിയിൽ നേരിടാനാണ് തീരുമാനം. വർഗീയ കക്ഷികളോടും തീവ്രവാദ സംഘടനകളോടും ഒരു വിട്ടു വീഴ്ചയും ഉണ്ടായിരിക്കുന്നതുമല്ല.

  • ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശനം?

ജമാഅത്തെ ഇസ്ലാമി പോലുള്ളവരുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് അവരുടെ മുഖമൂടിയാണ്. ഇവരാണ് നമ്മുടെ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അടിവേരു പാകിയത്. മൗദൂദിയുടെ രാഷ്ട്രീയ വക്താക്കളുടെ ആളുകളാണ് ലോകത്ത് കാണുന്ന ഒട്ടുമിക്ക ഭീകര പ്രസ്ഥാനങ്ങളുടെയും ആളുകൾ. ഒരു കാലത്ത് വോട്ടു ചെയ്യൽ നിഷിദ്ധമാണെന്നു പറഞ്ഞവരാണ് ഇവരെന്ന് ഓർക്കണം. ഇന്ന് ഇന്ത്യക്കു പുറത്തുള്ള ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ ഇസ്ലാമിക് ബ്രദർഹുഡ് പോലത്തെ ജമാഅത്തെ ഇസ്ലമാമിയുടെ പതിപ്പുകൾ നിരോധിച്ച അവസ്ഥയാണുള്ളത്. അതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ വേഷം മാറി വന്നു എന്നതല്ലാതെ ഇന്ത്യയിലും കേരളത്തിലും ഒരു സാധ്യതയും ഇല്ല.

  • ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളോട് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക?

ഞാൻ പറഞ്ഞല്ലോ, എല്ലാ പാർട്ടികളോടും ഞങ്ങൾ വച്ചിട്ടുള്ള മാനദണ്ഡം നമ്മുടെ ദേശീയതയോടും ജനാധിപത്യ സംഘൽപ്പത്തോടും മതേതര നിലപാടുകളോടും എന്ത് സമീപനം സ്വീകരിക്കുന്നോ എന്നുള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കും[BLURB#4-VL]

  • വ്യക്തതയില്ലാതെ എവിടെയും തൊടാതെയുള്ള ഈ നിലപാട് രാഷ്ട്രീയക്കാർക്കിടയിൽ സമ്മർദ ശക്തിയാകുക എന്ന തന്ത്രത്തിന്റെ ഭാഗമല്ലേ..?

ആരു പറഞ്ഞു വ്യക്തതയില്ലെന്ന്, വ്യക്തതയില്ലെന്നുള്ളത് നിങ്ങളുടെ തോന്നലാണ്. വ്യക്തമായ നിലപാടുകൾ ഞങ്ങളുടെ പ്രവർത്തകെ അറിയിക്കുന്നുണ്ട്. ഇത് സമ്മർദ തന്ത്രം ആകേണ്ട കാര്യമില്ലല്ലോ, ഞങ്ങളുടെ സംഘശക്തിയെ രാജ്യനന്മക്കും സമൂഹ നന്മയ്ക്കും അനുസൃതമായ രൂപത്തിൽ ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ ഞങ്ങൾക്കും സ്വാതന്ത്ര്യമുണ്ടല്ലോ..

  • വനിതാ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമോ?

വനിതാ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും സുന്നി പ്രവർത്തകർ വോട്ട് ചെയ്യും. കാരണം വനിതാ സംവരണമെന്നത് നിയമ നിർമ്മാണത്തിലൂടെ നടപ്പിലാക്കെപ്പെട്ട ഒരു സംഗതിയാണ്. ഏത് സ്ഥാനാർത്ഥി എന്നത് മുമ്പ് പറഞ്ഞതു പോലെ ഞങ്ങളുടെ പൊതു മാനദണ്ഡമനുസരിച്ചായിരിക്കും. വനിതാ സ്ഥാനാർത്ഥികളായതുകൊണ്ട് വോട്ട് ചെയ്യില്ല എന്ന നിലപാട് ഞങ്ങൾ സ്വീകരിക്കുകയില്ല.

  • കഴിഞ്ഞ് ദിവസം വനിതാ പ്രാതിനിധ്യത്തിനെതിരെ പറഞ്ഞത് വിവാദമായിരുന്നല്ലോ?

വനിതാ പ്രാതിനിധ്യത്തിനെതിരെ കുറിച്ച് പറഞ്ഞിട്ടില്ല. അത് വിവാദമാക്കുകയാമ് ചെയ്തത്. അമ്പത് ശതമാനം പ്രാതിനിദ്യം നമ്മുടെ നാട്ടിൽ നടപ്പിലാക്കിയിട്ടുണ്ട്. അങ്ങിനെ നടപ്പാക്കിയ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടു തെരഞ്ഞെടുപ്പ് വരുന്നത്. എന്നിട്ടും മുൻകാലങ്ങളിൽ മത്സരിച്ച പല സ്ത്രീകളും പിന്മാറുകയാണ്. അതേപോലെ ഇപ്പോഴുള്ള പാർട്ടിയിലെ പല പുരുഷന്മാരും നേതാക്കളും കരുതി പോകുന്നു സ്ത്രീ സംവരണം വേണ്ടതുണ്ടോയെന്ന്. ഇപ്പോൾ നടക്കുന്നത് സ്ത്രീകളെ മുൻസീറ്റിലിരുത്തിയുള്ള പിൻസീറ്റ് ഡ്രൈവിംങാണ് മിക്ക സ്ഥലങ്ങളിലും ഈ തെരഞ്ഞെടുപ്പിലടക്കം ഇന്നയാളുടെ ഭാര്യക്ക് വോട്ടു ചെയ്യണമെന്നു പറഞ്ഞുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിലൂടെ നിലവിലെ ഭരണം അലങ്കോലപ്പെടുകയും ചെയ്യുന്ന ഒരു സമീപനം വളരെ വ്യാപകമായിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ സ്ത്രീ സംവരണം വേണ്ടായെന്ന അഭിപ്രായം രാഷ്ട്രീയക്കാർക്ക് തന്നെയുണ്ടെന്നാണ് ഞാൻ ഉദ്ദേശിച്ചത്. എന്തിനെയും ഏതിനെയും വിവാദമാക്കുന്ന സാധാരണ സ്ഥിതിയാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് ഞങ്ങളുമായി ബന്ധപ്പെടുന്നതിനെ മുൻവിധിയോടുകൂടി സമീപിച്ച ആളുകളും ഇക്കൂട്ടത്തിലുണ്ട് അത് അവർ മനസിലാക്കുമെന്നാണ് പ്രതീക്ഷ. മർക്കസ് മീഡിയയുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആളുകൾ ഞാൻ പറഞ്ഞ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതാണ്.

  • സ്ത്രീകൾക്ക് ഒട്ടേറെ മഹത്വം കൽപിക്കുന്ന മതമാണല്ലോ ഇസ്ലാം, പിന്നെ എന്തുകൊണ്ടാണ് സ്ത്രീകളുടെ പൊതു രംഗപ്രവേശനം എതിർക്കുന്നത്?

സ്ത്രീകൾ പുറത്തിറങ്ങുമ്പോഴും തൊഴിൽ ചെയ്യമ്പോഴും സ്ത്രീ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ചെല്ലാം ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് മുസ്ലിം സ്ത്രീകൾക്ക് ബാധകവുമാണ്. ഇതനുസരിച്ച് ജീവിക്കുന്നവരാണ് ഇവിടെത്തെ ബഹുഭൂരിപക്ഷം സ്ത്രീകളും. സ്ത്രീകളുടെ വിദ്യാഭ്യാസ മേഖലയിൽ ഞങ്ങളുടെ നേതൃത്വത്തിലുള്ള മർക്കസ് സ്ഥാപനങ്ങൾ വലിയ ദൗത്യമാണ് നിർവഹിക്കുന്നത്. 25000 വിദ്യാർത്ഥികൾ പഠിക്കുന്ന മർക്കസ് കാമ്പസിൽ മൂന്നിലൊന്ന് പെൺകുട്ടികളാണ്. പെൺകുട്ടികൾക്ക് മാത്രമായി ശരീഅത്ത് കോളേജ് അടക്കം നടത്തുന്നുണ്ട്.[BLURB#5-H]

ലോ കോളേജ് ഉൾപ്പടെയുള്ള പ്രൊഫഷണൽ വിദ്യാഭ്യാസവും പെൺകുട്ടികൾക്ക് നൽകിവരുന്നുണ്ട്. അതായത് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യഘട്ടം എന്നത് ആധുനിക-ആത്മീയ വിദ്യാഭ്യാസം നൽകുക എന്നതാണ്. അത് ഞങ്ങൾ നൽകിവരുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ സംവരണമെന്നത് ഒരു കാര്യം മാത്രമാണ്. ഇന്ത്യയെ പോലെ അസ്വാരസ്യങ്ങളും അസമത്വങ്ങളും നിലനിൽക്കുന്ന ഒരു രാജ്യത്ത് സംവരണം കൊണ്ട് മാത്രം ശാക്തീകരിച്ചു കളയാമെന്ന് ധരിക്കരുത്. ദാരിദ്രം ഇനിയും വിട്ടുമാറാത്ത നാട്ടിൽ അസമത്വങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജ്യത്ത്, ജാതീയതയും ഐക്യവും ഇനിയും തുടർന്നുകൊണ്ടിരിക്കുന്ന ഒരുനാട്ടിൽ, പീഡനവും ഡൽഹിയും ആവർത്തിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് സ്ത്രീയെ ആ അർത്ഥത്തിലെല്ലാം സംരക്ഷിച്ച് സുരക്ഷിതമാക്കുകയാണ് വേണ്ടത്. ഭരണത്തിലെത്തിച്ചതുകൊണ്ടു മാത്രം സ്ത്രീ ശാക്തീകരിക്കപ്പെട്ടു എന്നർത്ഥമില്ല. സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികളും പാക്കേജുകളുമെല്ലാം ഞങ്ങൾ സംഘടനാ തലത്തിലൂടെ നടപ്പാക്കുന്നു. പിന്നെ ഇസ്ലമിന്റെ പേരിൽ സ്ത്രീകളെ തെരുവിലിറക്കുന്നവരുടെ നിലപാട് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികൾക്ക് ബാധകമല്ല.

  • വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എ.പി വിഭാഗം ഇടതു പക്ഷത്തെയായിരിക്കും പിന്തുണക്കുക എന്ന ഈയിടെയായി പുറത്തുവരുന്നു. നിയമസഭയിൽ ആർക്കായിരിക്കും പിന്തുണ?

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ആറ് മാസം ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഞങ്ങൾ സംഘടന കൂടി ആലോചിച്ചിട്ടില്ല. ആലോചിച്ച ശേഷം എന്ത് നിലപാട് സ്വീകരിക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതായിരിക്കും.