ണ്ണൂർ തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകം അന്വേഷണങ്ങളിലൂടെ കടന്നുപോയപ്പോൾ ഏറ്റവും അധികം വേട്ടയാടപ്പെട്ട സിപിഐഎം നേതാവാണ് കാരായി രാജൻ. സ്വന്തം നാട്ടിലോ വീട്ടിലോ പോലും വരാൻ കഴിയാതെ ഉറ്റവരെ കാണാനാകാതെ നാടുവിട്ടു കഴിയേണ്ടിവന്നു. കാക്കനാട് ജയിലിൽനിന്നു മോചിതമായെങ്കിലും എറണാകുളത്താണ് കാരായി രാജൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ തട്ടകം മാറിയിരിക്കുന്നു. തലസ്ഥാനത്തായിരിക്കും ഇനി കാരായി രാജനുണ്ടാവുക. പാർട്ടി നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷനിൽ പ്രൂഫ് റീഡറായാണു രാജന്റെ പുതിയ ഉത്തരവാദിത്തം.

രാഷ്ട്രീയമായി ഏറെ വെല്ലുവിളികളുള്ള ജീവിതം നയിക്കുന്ന കാരായി രാജൻ തിരുവനന്തപുരത്തെത്തിയത് അറിഞ്ഞാണ് മറുനാടൻ മലയാളി വാർത്താ സംഘം അദ്ദേഹത്തെ കാണാനെത്തിയത്. ചുറ്റുപാടിൽ എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ട് പോകണമല്ലോ. ജീവിക്കാനും ജീവിത ലക്ഷ്യങ്ങൾ നിറവേറ്റാനും ജോലി ആവശ്യമാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ജീവിതം മുന്നോട്ട് പോകാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാണ് ഈ ജോലിയിൽ പ്രവേശിക്കുന്നതെന്നും കാരായി രാജൻ മറുനാടനോട് പറഞ്ഞു.

വായനയാണ് തനിക്ക് ഏറ്റവും ഇഷ്ടകാര്യമെന്നും അത്‌കൊണ്ട് തന്നെ ജോലി വലിയ ആവേശത്തോടെ ഏറ്റെടുക്കുന്നുവെന്നും കാരായി പറയുന്നു. കഴിഞ്ഞ പതിനൊന്നു വർഷവും ചെയ്യാത്ത കുറ്റത്തിനാണു നാടുകടത്തപ്പെട്ടതെന്നും മകളുടെ വിവാഹത്തിനു പോയത് വിരുന്നുകാരനെപ്പോലെയാണെന്നും അദ്ദേഹം പറയുന്നു. അടുത്തിടെയാണ് ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഐഎമ്മല്ല ആർഎസ്എസ് ആണെന്ന നിർണായകമായ മൊഴി പുറത്തുവന്നത്. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടിരുന്ന സുബീഷ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇത്രയും പ്രധാനമായ തെളിവ് പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന വിശ്വാസവും പാർട്ടി പ്രവർത്തകരുടെ പിന്തുണയുമാണ് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളെ മുന്നോട്ട് നയിച്ചതെന്നും കാരായി രാജൻ പറയുന്നു.

ഫസൽ വധക്കേസിൽ പുറത്തുവന്ന സുബീഷിന്റെ വീഡിയോയെക്കുറിച്ച്

വീഡിയോയും ഫോൺ സംഭാഷണവും വളരെ പ്രസക്തമായ തെളിവുകളാണ്. യഥാർഥ കുറ്റവാളികൾ ആരാണെന്നു പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മനസ്സിലാകുന്ന തെളിവുകളാണ് ഇത്. വെളിപ്പെടുത്തൽ സംബന്ധിച്ച് പറയുന്നതിന് മുൻപ് ഈ കേസിൽ ആർഎസ്എസ് നേതൃത്വത്തിലുള്ള ഭിന്നതയും ആരാണ് ഈ കൊലയ്ക്കു പിന്നിലെന്നും നേരത്തെ തന്നെ പുറത്ത് വന്നതാണ്. ഇപ്പോഴതു നിഷേധിക്കാനാകാത്ത തെളിവുകൾ പുറത്തു വന്നിട്ടുണ്ട്.

കൊല നടത്തിയത് ആർഎസ്എസ് ആണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണ്. കൊലയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ കോടിയേരി, മാടപ്പീടിക എന്നിവിടങ്ങളിൽ ആർഎസ്എസ് - എൻഡിഎഫ് സംഘർഷം നിലനിന്നിരുന്നു. അത് മാത്രമല്ല. ഹിന്ദു ഐക്യവേദി നേതാവ് സജിത്തിനെ മർദ്ദിച്ചതിന് കേസെടുക്കുകയും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ഫസൽ കൊലപ്പെടുന്നതിനു നാലു ദിവസം മുൻപാണ് ഇവർക്കു ജാമ്യം ലഭിച്ചത്. തുടർന്നു സ്ഥലത്തു സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടാണ് ജാമ്യം അനുവദിക്കാത്തത്. പിന്നീട് കൊല നടന്നതിന്റെ പിന്നാലെ എൻഡിഎഫ് നേതാക്കൾ തന്നെ മാധ്യമങ്ങളിലൂടെ ഉൾപ്പടെ കൊല നടത്തിയത് ആർഎസ്എസ് ആണെന്ന് ആരോപിച്ചിരുന്നു.

സർവ്വകക്ഷി യോഗം നടത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകർ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് എൻഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. തങ്ങളുടെ ഫസലിനെ കൊന്നവർക്കൊപ്പം ഇരിക്കാൻ പറ്റില്ലെന്നാണ് അവർ പറഞ്ഞത്. ഇത്രയും തെളിവുകളുണ്ടായിട്ടാണ് ഞങ്ങളെ ബലിയാടാക്കിയത്. ഇപ്പോ വന്നിട്ടുള്ളത് രണ്ട് വർഷം മുൻപുള്ള മൊഴിയാണ്. ആരും തല്ലിപ്പഴുപ്പിച്ച് പറയിച്ചതാണ് എന്നു പറയുവാൻ കഴിയാത്തതാണെന്നു മൊഴി കണ്ടവർക്ക് മനസ്സിലാകും. ഈ വീഡിയോ ഓഡിയോ ക്ലിപ്പുകൾ പറയുന്നത് ഒരേ കാര്യമാണ്. സി.പി.എം ആണ് ഇതിന് പിന്നിലെന്ന് ഒരിടത്തും പറയുന്നില്ല. താനും നാല് സുഹൃത്തുക്കളുമാണ് കൊല നടത്തിയതെന്ന് സുബീഷ് സമ്മതിക്കുന്നുമുണ്ട്.

മൊഴി പരസ്പര വിരുദ്ധമാണെന്ന് വരുത്ത് തീർക്കാൻ പലരും പെടാപ്പാട് പെടുന്നുണ്ട്. പക്ഷേ, അതിലൊന്നും ഒരു കാര്യവുമില്ലെന്നതാണ് സത്യം. പ്രത്യേകിച്ചു പൊലീസിനു കൊടുത്തെ മൊഴി വളരെ സുതാര്യമായി തന്നെയാണ്. ഡിവൈസ്പിമാർ മാത്രമാണ് സുബീഷിനെ ചോദ്യം ചെയ്തതെന്ന് പറയുന്നത് ശരിയല്ല. കണ്ണൂർ എസ്‌പി സഞ്ജയ്കുമാർ ഗുരുഡിൻ, റെയ്ഞ്ച് ഐജി തുടങ്ങിയവരും ചോദ്യം ചെയ്തതാണ്. ചിരിച്ച് ഉല്ലസിച്ചാണ് മൊഴി നൽകുന്നത്. ഓഡിയോ വീഡിയോ സന്ദേശങ്ങൾ സമാനമാണ്. സി.പി.എം പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ഒരിടത്തും പറയുന്നില്ല.

സുബീഷ് പറഞ്ഞ മൊഴിയിലെ മറ്റൊരു പേര് പുലി പ്രബീഷിന്റെയാണ്. ഇപ്പോൾ അയാൾ ദുബായിലാണ് ഉള്ളത്. അന്ന് കൊല നടന്നതിന് ശേഷം ഈ പ്രജീഷിന്റെ അച്ഛനും അമ്മയും തങ്ങളുടെ മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പലരേയും പോയി കണ്ടിരുന്നു. അപ്പോൾ ഇത്രയും വലിയ തെളിവുകൾ ഉള്ളപ്പോഴാണ് ഞങ്ങൾ വേട്ടയാടപ്പെടുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണ്ടെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.

ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയും വലിയ മനുഷ്യാവകാശലംഘനം നടക്കുന്നത്. സ്വന്തം നാട്ടിൽ പ്രവേശിക്കാൻ കഴിയുന്നില്ല നാട്ടുകാരെ കാണാൻ കഴിയുന്നില്ല. കുടംബത്തിനൊപ്പം താമസിക്കാൻ കഴിയുന്നില്ല. കേരളത്തിൽതന്നെ ഇങ്ങനെയൊരു സംഭവം വേറെയില്ല. കേരളത്തിൽ നിരവധി കൊലപാതകങ്ങളും രാഷ്ട്രീയ സ്വഭാവമുള്ള അക്രമങ്ങളും നടന്നിട്ടുണ്ട്. പല പ്രതികളും ജയിലിൽ ഉൾപ്പെടെ കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. തീവ്രവാദക്കേസ് പ്രതികൾക്ക് പോലും നൽകാത്ത ശിക്ഷയാണ് നിരപരാധികൾക്ക് നൽകിയത്.

എങ്ങനെയാണ് കാരായിമാർ ഈ കേസിലേക്ക് എത്തുന്നത്?

ഞങ്ങൾ മാത്രമല്ല സി.പി.എം പ്രവർത്തകരായ എട്ട് പേരാണ് പ്രതികളായുള്ളത്. ആറ് പേർക്ക് ജാമ്യം ലഭിച്ചു. ഞങ്ങളോട് മാത്രമാണ് ഈ മനുഷ്യാവകാശ ലംഘനം നടന്നത്. എന്താണ് ഇങ്ങനെ സംഭവിച്ചത് എന്നു ചോദിച്ചാൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇതിലെത്തിയത്. സിപിഎമ്മിനെ തളർത്താൻ വേണ്ടി മാത്രം ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടായ കേസാണ്. കണ്ണൂരിലും തലശ്ശേരിയിലും പാർട്ടിയെ തളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഢാലോചന തന്നെയാണ്.

ജില്ലയിൽ പ്രവേശിക്കാതെ ജനപ്രതിനിധി എന്ന പദവിയിൽ തുടരുന്നത് ന്യായമാണോ?

ജില്ലയിൽ പ്രവേശിക്കാതെ ജില്ലാ പഞ്ചായത്ത് അംഗമായി തുടരുമ്പോൾ ആ പദവിയോട് നീതി പുലർത്താൻ കഴിയുന്നില്ലെന്നതാണ് സത്യം. ആ പരിമിധികൾ മറികടക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കൂട്ടായ പ്രവർത്തനമുണ്ടാകുന്നുണ്ട്. മറ്റ് ഡിവിഷനുകളിലെ അംഗങ്ങൾ ഇവിടെ നടത്തേണ്ട ചില പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്. അവിടുത്തെ വിഷയങ്ങൾ മനസ്സിലാക്കി ഇടപെടുന്നത്. ഫോൺ വഴിയും മറ്റുമൊക്കെയാണ് അവിടെ പല പ്രശ്‌നങ്ങളിലും ഇടപെടുന്നത്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനാണ് അത് ചെയ്തത്. അപ്പോൾ ജനങ്ങളുടെ തീരുമാനത്തോട് പോലും നീതി പുലർത്താൻ കഴിയുന്നില്ലെന്നതാണ് സത്യം

പല കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കൊലക്കേസിൽ പ്രതികളാണ്. ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന എത്രയേറെപേർക്ക് നാട്ടിൽ പോകാൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ നിരപരാധികൾക്ക് ശിക്ഷ എന്ന രീതിയിലാണ് ഇവിടെ കാര്യങ്ങൾ. കേരളത്തിൽ പോലും ഇങ്ങനെ തീവ്രവാദകേസിൽ ജയിലിലായ ആൾ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ നാട്ടിൽ പോകാൻ കോടതി തന്നെ അനുമതി നൽകിയിട്ടുണ്ട്.

നാട്ടിൽ പ്രവേശിക്കാതിരിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി

വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് ഇപ്പോൾ 11 വർഷമായി. ഒന്നര വർഷം ജയിലിലും മൂന്നര വർഷമായി പുറത്തുമാണ്. സ്വന്തം മണ്ണിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ട് ഇപ്പോൾ അഞ്ചു വർഷമായി. കണ്ണൂരിനെ കലാപഭൂമിയായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതൊക്കെ ആസൂത്രിതമായാണു നടക്കുന്നത്. കണ്ണൂരിൽ നടക്കുന്നത് മറ്റു ജില്ലകളിലേതു പോലെതന്നെയാണ്. കൊലപാതകങ്ങളെ ന്യായീകരിക്കാനോ ഒന്നും തയ്യാറാകുന്നില്ല. മറ്റ് സ്ഥലങ്ങളിൽ മറ്റ് പാർട്ടികൾ നടത്തുന്നത് പെരുപ്പിച്ച് കാണിക്കാതെ സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂരിലെ അക്രമങ്ങൾ മാത്രം പൊലിപ്പിച്ച് കാണിക്കുകയാണ്.

ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിൽ ജില്ലാ പഞ്ചാത്തംഗം എന്ന പദവി മറ്റൊരാൾക്ക് നൽകുന്നതാണ് ഉചിതമെന്ന് തോന്നിയിട്ടുണ്ടോ ?

അതൊക്കെ മത്സരിക്കുന്നതോ സ്ഥാനത്ത് തുടരുന്നതോ മറ്റൊരാൾ വരുന്നതോ ഒന്നും എന്റെ ഒരു തീരുമാന പ്രകാരമല്ല. മത്സരിച്ചത് പോലും എൻെ ഇഷ്ട പ്രകാരമല്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പോലും പാർട്ടി പറഞ്ഞതുകൊണ്ടാണ്. ഇപ്പോൾ എന്റെ ഡിവിഷനായ പാട്യം എന്ന പ്രദേശത്ത് നിന്ന് 22000 വോട്ടുകൾക്കാണ് ജയിച്ചത്. അപ്പോൾ ആ മേഖലയിലെ ജനങ്ങൾക്ക് വികസനത്തിന്റെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ പാർട്ടിയും മുന്നണിയും തീരുമാനിക്കുന്നതനുസരിച്ച് മുന്നോട്ട് പോകും. വലിയ സ്ഥാനങ്ങളൊന്നും മുന്നിൽ കണ്ടിട്ടല്ല പാർട്ടി പ്രവർത്തനത്തിനിറങ്ങിയത്.

എറണാകുളത്തെ ജീവിതത്തെക്കുറിച്ച് ? ഇപ്പോൾ ചിന്ത വാരികയിൽ ജോലിയിൽ പ്രവേശിച്ചതിനെക്കുറിച്ചും

എറണാകുളവും കേരളത്തിന്റെ ഭാഗമാണല്ലോ. അവിടെയും പാർട്ടിയും സഖാക്കളും ഒക്കെയുണ്ടായിരുന്നു. അവിടെയും ആകുന്നപോലെ പ്രവർത്തനങ്ങളിൽ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ചിന്തയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. അത് ജീവിതത്തിന്റെ ഭാഗമായിട്ടാണ്. ഈ കഴിഞ്ഞ അഞ്ചു വർഷം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. വ്യക്തിപരമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മകളുടെ വിവാഹം, വീട് പണി, ചികിത്സ കുടുംബത്തിലെ സഹായം എന്നിങ്ങനെ നിരവധികാര്യങ്ങൾ ചെയ്യണമല്ലോ അപ്പോളാണ് എല്ലാവരും ചേർന്ന് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. നാട്ടിൽ പ്രവേശിക്കാനാകാതെ നാട് കടത്തപ്പെടുമ്പോൾ എങ്ങനെയാണ് അവർ ജീവിക്കുക എന്ന് പോലും ആരും ചിന്തിക്കുന്നില്ല.

ഉപജീവനമാർഗം എന്നതിലുപരി എങ്ങനെയാണ് പുതിയ തൊഴിലിനെ നോക്കി കാണുന്നത്.

ഏറ്റവും മാനസിക അടുപ്പം പുസ്തകങ്ങളുമായിട്ടാണ്. വായനയും പുസ്തകവുമായിട്ടാണ് ഏറ്റവും അടുപ്പമുള്ളതും അപ്പോൾ പുതിയ തസ്തികയിൽ ജോലി ചെയ്യുമ്പോൾ പുസ്തകങ്ങൾ നിരവധി വായിക്കാം എന്നത് തന്നെയാണ് അതിന്റെ മാനസിക അടുപ്പം. മലയാളം എഴുതാനും വായിക്കാനുമൊക്കെ ഉള്ള അറിവുള്ളതുകൊണ്ട്തന്നെ പ്രൂഫ് റീഡർ എന്ന തസ്തികയിലാണ് നിയമനം നൽകിയിരിക്കുന്നത്.

പുതിയ തെളിവുകൾ പുറത്തുവന്നതിനെക്കുറിച്ച് മകളും കുടുംബവും നടത്തിയ പ്രതികരണം.

ഈ കാലയളവിൽ കുടുംബത്തിനും മക്കൾക്കുമെല്ലാം നിരവധി വിഷമങ്ങളും പ്രയസങ്ങളുമുണ്ടായിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ഒക്കെ അവർക്ക് ഉണ്ടായ പ്രശ്‌നങ്ങൾ. വലിയ വിഷമങ്ങൾ തന്നെയാണ് അതിനെക്കുറിച്ചു കൂടുതൽ പറയുന്നില്ല. എന്റെ വിഷമം എന്നതിലുപരി കുടുംബം, നാട്ടുകാർ ബന്ധുക്കൾ അങ്ങനെ നിരവധിപേർക്ക് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പക്ഷേ വലിയ പ്രശ്‌നങ്ങളാക്കി പറയാൻ ആഗ്രഹിക്കുന്നില്ല. അതൊക്കെ കുടുംബത്തിന്റേയും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ മാത്രവുമാണ്.

മക്കളുടെ ജീവിതത്തിൽ നടന്ന പ്രധാന കാര്യങ്ങൾ

വലിയ അനുഭവമാണ് അതൊക്കെ എന്റെയൊപ്പമുള്ള കാരായി ചന്ദ്രശേഖരൻ സ്വന്തം മകന്റെ വിവാഹത്തിന് പങ്കെടുത്തത് ഒരു ദിവസം മാത്രമാണ്. വലിയ സംഭവമായിരുന്നു അത്. പൊലീസിന്റെ ക്യാമറ നിരീക്ഷണത്തിലായിരുന്നു അന്ന് അദ്ദേഹം. എന്തൊക്കെ ചെയ്യുന്നു ആരോടൊക്കെ സംസാരിക്കുന്നു തുടങ്ങി എല്ലാം നിരീക്ഷിച്ചിരുന്നു. എന്റെ മകളുടെ വിവാഹത്തിനും അതുപോലെ പ്രശ്‌നങ്ങളുണ്ടായില്ലെന്നേ ഉള്ളു. ഒരു മകളുടെ വിവാഹത്തിന് എല്ലാം നടത്തേണ്ട ഞാൻ ഒരു വിരുന്നുകാരനായിട്ടാണ് അവിടെ ചെന്നത്. വിവാഹത്തിന്റെ തലേന്ന് അവിടെയെത്തി പങ്കെടുത്തു മടങ്ങി. സാധാരണഗതിയിൽ ഏതൊരു രക്ഷകർത്താവിനും സഹിക്കാൻ പറ്റാത്തതാണ്.

നിരപരാധിയാണെന്ന് തെളിഞ്ഞാൽ നഷ്ടപ്പെട്ട വർഷങ്ങളെക്കുറിച്ചും, മുമ്പ് ചെയ്തിരുന്ന ജോലികളെക്കുറിച്ചും.

ഇനിയിപ്പോ എന്തു വിധി വന്നാലും നഷ്ടപ്പെട്ട കാലം നഷ്ടപ്പെട്ടതു തന്നെയാണ്. എന്തു പറഞ്ഞാലും ഈ നാടുകടത്തലിലൂടെ നഷ്ടമായ സാമൂഹിക ജീവിതവും ബന്ധങ്ങളും തിരിച്ചു കിട്ടില്ല. പിന്നെ ഇതൊക്കെ ചെയ്യിച്ചവർക്ക് എന്തെങ്കിലും സമാധനം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ എന്നു മാത്രമേ അതിൽ പറയാനുള്ളു. നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിനൊപ്പം തന്നെ ജീവിക്കണമല്ലോ. പിന്നെ പാർട്ടി പ്രവർത്തനത്തെ സഹായിക്കണം. കൂലിപ്പണി വരെ ചെയ്തിട്ടുണ്ട്. ബീഡിത്തൊഴിലാളിയായിരുന്നു.

നാട്, നാട്ടിലെ ജീവിതം എന്നിവയിൽനിന്നുള്ള മാറ്റം. മറ്റ് സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ നൽകിയ പിന്തുണ.

ഏതു നാട്ടിലും മനുഷ്യൻ പൊരുത്തപ്പെടുമല്ലോ. എല്ലാ നാട്ടിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പിന്നെ നാട്ടിൽനിന്നു വിട്ടു നിൽക്കുന്നത് വിഷമം തന്നെയാണ്. ഭക്ഷണത്തിലും താമസത്തിലുമൊന്നും വലിയചിട്ടയുള്ള ആളല്ല. ജീവിതത്തിൽ തകർച്ചയും തിരിച്ചടിയും നേരിടേണ്ടി വന്നപ്പോഴും ചവിട്ടിതാഴ്‌ത്തപ്പെട്ടപ്പോഴും ആവേശം പകർന്നത് പ്രവർത്തകർ തന്നെയാണ്. ജനങ്ങൾ ഒപ്പമുണ്ട്. ഏറ്റവും വലിയ ഭൂരിപക്ഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയത്. പാർട്ടി പ്രവർത്തകർ മാത്രമല്ല മറ്റ് പാർട്ടിക്കാർ പോലും അതായത് ബിജെപി കോൺഗ്രസ് ലീഗ് എന്നിവർ വോട്ട് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഒരിക്കലും ഇത്രയും ഭൂരിപക്ഷം ലഭിക്കില്ല.

ഈ പശ്ചാത്തലത്തിൽ കുടുംബം നൽകിയ പിന്തുണ

കുടുംബവും ഒപ്പം നിന്നു. വ്യക്തിപരമായ പ്രശ്‌നങ്ങൾ ആരോടും പറയാൻ നിന്നിട്ടില്ല. കുടുംബം എല്ലാം മനസ്സിലാക്കി ഒപ്പം നിന്നിട്ടുണ്ട് എല്ലാ ഘട്ടത്തിലും. മക്കൾക്ക് മെച്ചപ്പെട്ട പല സൗകര്യങ്ങളും നൽകാൻ കഴിഞ്ഞിട്ടില്ല. എല്ലാ പ്രശ്‌നങ്ങളും മാറും. ഇത്രയും തെളിവുകൾ ഇപ്പോൾ പുറത്ത് വരുമെന്ന് കരുതിയില്ല. സത്യം മറച്ച് വയ്ക്കാനാകില്ല. അത് എന്നായാലും പുറത്ത് വരും.