തിരുവനന്തപുരം: കെഎസ്ആർടിസിയെ എങ്ങനെ ലാഭത്തിലേക്ക് കൊണ്ടുവരാമെന്ന ചിന്തയിലാണ് കെഎസ്ആർടിസി എംഡി രാജമാണിക്യം. എന്തൊക്കെയാണ് കെഎസ്ആർടിസിയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെന്ന് മറുനാടന് നൽകിയ അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിൽ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്‌നങ്ങൾക്കൊപ്പം എങ്ങനെ മുന്നോട്ടു പോകാം എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജീവനക്കാരാണെന്ന വിധത്തിലുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. 95 ശതമാനം ജീവനക്കാരും സ്ഥാപനത്തോട് ആത്മാർത്ഥ പുലർത്തുന്നവരാണെന്ന് രാജമാണിക്യം മറുനാടനോട് പറഞ്ഞു. അതേസമയം സ്വന്തം സ്ഥാപനത്തിന് തുരങ്കം വെച്ച് സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

വകുപ്പിനെ ആധുനികവൽക്കരിക്കാനുള്ള മാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും രാജമാണിക്യം മറുനാടനോട് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ബാധ്യതകൾ തീർത്ത് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നം അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. കെഎസ്ആർടിസി എംഡിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്.

  • കെഎസ്ആർടിസി അന്യസംസ്ഥാന സർവ്വീസുകൾ ചുരുക്കമായി പോകുന്നു. സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന ആരോപണങ്ങളെക്കുറിച്ച്?

ഇതിൽ രണ്ട് കാര്യങ്ങളാണുള്ളത് കെഎസ്ആർടിസി ലഭാമാകണം എന്ന് പറയുമ്പോൾ തന്നെ സമാന്തരമായി നഷ്ടത്തിലാക്കുന്ന ഒരു പരിപാടി നടക്കുന്നുണ്ട്. ലാഭകരമായ സർവ്വീസുകൾ തുടങ്ങാൻ പറ്റാത്ത ഒരു സ്ഥിതി വിശേഷവുമുണ്ട്. ബാംഗ്ലൂർ-ചെന്നെ പോലെയുള്ള അന്യസംസ്ഥാന നഗരങ്ങളിലേക്കുള്ള സർവ്വീസുകളെ ക്കുറിച്ച് പറയുകയാണെങ്കിൽ ഇന്റർ‌സ്റ്റേറ്റ് സർവ്വീസുകൾ റൂട്ട് അനുസരിച്ചല്ല മറിച്ച് കിലോമീറ്റർ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് കരാറാകുന്നത്.

ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂർ പോവുകയണെങ്കിൽ സേലം വഴി പോകുന്നത് എളുപ്പമാണ് പക്ഷേ പാലക്കാട് കഴിഞ്ഞാൽ ഇത് തമിഴ്‌നാടിന്റെ പക്കലേക്കാണ് സർവ്വീസ് പോകുന്നത്. ഏകദേശം 500 കിലോമീറ്ററാണ് ഇതിൽ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ ഏകദേശം 1000 കിലോമീറ്ററോളം ഇങ്ങനെ പോകും ഇതിന്റെ കരാർ നമ്മൾ തമിഴ്‌നാടിനോട് ചോദിച്ചാൽ അവർ സന്തോഷത്തോടെ നൽകും പക്ഷേ കിലോമീറ്റർ കണക്കാക്കിയുള്ള കരാർ ആയതിനാൽ തന്നെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നീ അതിർത്തി ജില്ലകളിലേക്ക് തിരിച്ച് 1000 കിലോമീറ്റർ എന്ന കരാർ അടിസ്ഥാനത്തിൽ ആ സംസ്ഥാനത്തിന്റെ ആർടിസി അവരുടെ വണ്ടികളും ഓടിക്കും. അപ്പോൾ അത് ഈ ജില്ലകളിലെ ലാഭകരമായ റൂട്ടുകളേയും ബാധിക്കാനുള്ള സാധ്യത വരും.

കിലോമീറ്റർ അടിസ്ഥാനത്തിൽ ആയിരം കിലോമീറ്റർ അതിർത്തി ജില്ലകളിലെ വിവിധ റൂട്ടുകളിൽ ഉപയോഗിക്കുന്നത് സംസ്ഥാനത്തിന് നഷ്ടമാകുമെന്നതിനാൽ തന്നെ കിലോമീറ്റർ കണക്ക് മാറ്റി ഓരോ റൂട്ടിനും കരാർ എന്ന വ്യവസ്ത വന്നാൽ കേരളത്തിനും കെഎസ്ആർടിസിക്കും ലാഭമായിരിക്കും. എന്നാൽ, ഇത് തങ്ങൾക്ക് നഷ്ടമായിരിക്കും എന്നതിനാൽ മറ്റ് സംസ്ഥാനങ്ങൾ അനുവദിക്കുകയോ കരാർ ഒപ്പിടുകയോ ചെയ്യില്ല.

സ്വകാര്യ ലോബികളെ സഹായിക്കുന്ന രീതിയിൽ നിരവധി നീക്കങ്ങൾ ഉണ്ട്. ഗവൺമെന്റിൽ ടാക്സ് പോലും അടയ്ക്കാതെ അനധികൃതമായി പെർമിറ്റ് ഉൾപ്പടെ സംഘടിപ്പിച്ച് സർവ്വീസ് നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായുള്ള കരാർ പ്രശ്നമാണ് ഇവിടെ സകാര്യ ലോബിക്ക് സഹായകമാവുന്നത്. അന്യസംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസ്സുകളും ക്യാരിയേജ് പെർമിറ്റ് മാത്രമുള്ളവയാണ്. ഇവയ്ക്ക് ശരിക്കും ടിക്കറ്റ് വെച്ച് വാഹനമോടിക്കാൻ കഴിയില്ല. ഇത് എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. പക്ഷേ ഓൺലൈൻ വഴി ഇവർ നടത്തുന്ന ടിക്കറ്റ് വിൽപ്പനയിൽ ആളുകൾ യാത്ര ചെയ്യുന്നു. ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ല.

കരാറിന്റെ കാരണത്താൽ തന്നെ ഇവിടെ നിന്നും കെഎസ്ആർടിസിക്ക് ബസ് കൊടുക്കാൻ കഴിയാത്തതിനാലാണ് പലപ്പോഴും മൗനം പാലിക്കേണ്ടി വരുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൽപര്യമില്ലെന്ന കോർപ്പറേഷന്റേയും സർക്കാറിന്റേയും അവസ്ഥയെണ് സ്വകാര്യ ലോബികൾ മുതലെടുക്കുന്നത്. കെഎസ്ആർടിസിയിലെ തന്നെ നിരവധി ജീവനക്കാരും ഇതിൽ പങ്കാളികളാണ്.

95 ശതമാനവും നല്ല തൊഴിലാളികളാണ്. ചുരുക്കം ചിലർ സ്വകാര്യ ബസ് ഉൾപ്പടെയുള്ളവരാണ്. അങ്ങനെ കെഎസ്ആർടിസിയിൽ ജോലി ചെയ്ത് ശമ്പളം വാങ്ങുകയും അതിന്റെ ഒപ്പം തന്നെ സ്വകര്യ സർവ്വീസ് നടത്തുകയും ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരക്കാരെ പിടികൂടിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും. സമാന്തര സർവ്വീസുകൾ നടത്തുന്നത് തടയാൻ ഗതാഗത കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുന്നുണ്ട്. കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം തന്നെ തിരിച്ചറിയുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നുണ്ട്.

  • കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിൽ പണിത കെട്ടിട സമുച്ചയങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുണ്ടോ? എങ്ങനെ ഇവയെ ഉപയോഗപ്പെടുത്താം?

കെഎസ്ആർടിസി നടത്തിയതാണ് എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. കെഎസ്ആർടിസിയും കെടിഡിഎഫ്സിയും ചേർന്ന് ലാഭമുണ്ടാകുമെന്ന കാഴ്ചപ്പാടിൽ തന്നെ ചെയ്തതാണ്. കടമുറികൾ വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം നൽകുക മാത്രമാണ് കെഎസ്ആർടിസി ചെയ്തത്. കെടിഡിഎഫ്സിക്ക് തന്നെയാണ് അതിന്റെ ഉത്തരനവാദിത്വം. ഉദ്ദേശം നല്ലതുമായിരുന്നു.കടകൾ പൂർണ്ണമായും പോയതുമില്ല. തലസ്ഥാനത്ത് തന്നെ ഒരു കോടി രൂപയോളം മുൻപ് കടകളിൽ നിന്നും ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതും ഇല്ലാതെയായി. കടമുറികൾ പണിത സ്ഥലം മാത്രം നഷ്ടപ്പെട്ടതാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇക്കാര്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

  • ദീർഘദൂര സർവ്വീസുകളിൽ കൈകൊണ്ട ചില തീരുമാനങ്ങളിലെ തൊഴിലാളികളുടെ വിയോജിപ്പ്? ഡ്രൈവർ കം കണ്ടക്ടർ അടുത്ത് നടപ്പിലാകുമോ?

ഒരു പ്രതിസന്ധിയിലാണ് ഇപ്പോൾ ഉള്ളത്. ഈ പ്രതിസന്ധി എന്നാൽ അത് മൊത്തം വകുപ്പിനെയും ബാധിക്കുന്നതാണെന്ന ബോധ്യമാണ് എല്ലാവർക്കും വേണ്ടത്. എംഡി മുതൽ വിവിധ ഡിപ്പാർടമെന്റുകളെയും ബാധിക്കുന്ന പ്രശ്നമാണ്. ദീർഘ ദൂര സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ എന്ന പദ്ധതിയാണ് ആലോചിച്ചത്. ഇതിൽ ചില വിയോജിപ്പുകളുണ്ടായിരുന്നു. ലോകത്തിലെ ആദ്യ സംഭവമോ മറ്റ് സ്ഥലങ്ങളിൽ ഇല്ലാത്തതോ അല്ല.

കേരളത്തിലെ ഡ്യൂട്ടി സമ്പ്രദായത്തിലും ചില പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ നിന്നും ബാംഗ്ലൂർ പോയി വരുന്ന വണ്ടിയിലെ ജീവനക്കാർക്ക് ആറ് ഡ്യൂട്ടിവരെയാണ് ഒറ്റ ട്രിപ്പിൽ നൽകുന്നത്. കണക്കനുസരിച്ച് 28 മണിക്കൂർ ജോലി ചെയ്യുമ്പോൾ ആറ് ദിവസത്തെ ഡ്യൂട്ടിയും ഒരു അവധിയും ലഭിക്കുന്നു. കർണ്ണാടകയിൽ പക്ഷേ അങ്ങനെയല്ല തമിഴ്‌നാട്ടിലും കലണ്ടർ തീയതികൾ മാത്രമെണ്ണിയാണ്.

ഡ്യൂട്ടി പാറ്റേൺ മാറ്റുക എന്നതിന്റെ ഉദ്ദേശം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് സമയമാണ് ജോലി. ആറരമണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഒരു ഡ്യൂട്ടിയായി കണക്കാക്കപ്പെടുന്നു. ഒന്നര മണിക്കൂറോളം വിശ്രമം ലഭിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 8 മണിക്കൂറിൽ വെറും അരമണിക്കൂർ മാത്രമാണ് വിശ്രമമാണ് നൽകുന്നത്. വിയോജിപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. പിന്നെ ലോകത്തില്ലാത്ത ഒരു കാര്യമല്ല അടിച്ചേൽപ്പിച്ചത്. മറ്റ് സ്ഥലങ്ങളിലുള്ളത് തന്നെയാണ്. എന്തായാലും വിയോജിപ്പുകൾ മറികടന്ന് തന്നെ മുന്നോട്ട് പോകും.

  • മലബാർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ എണ്ണം പര്യാപതമല്ലെന്നിരിക്കെ എന്ത്കൊണ്ടാണ് കെഎസ്ആർടിസി അത്തരം സർവ്വീസുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്?

റവന്യു കൂട്ടണമെങ്കിൽ ചെലവ് കുറയ്ക്കണം. വരവ് കൂടണമെങ്കിൽ മെച്ചപ്പെട്ട പുതിയ സർവ്വീസുകൾ ആരംഭിക്കണം ആ രീതിയിൽ തന്നെയാണ് ചിന്തിച്ചിട്ടുള്ളതും. ട്രെയിനുമായി മത്സരിക്കാൻ കഴിയില്ല. എന്നിരുന്നാലും സമയം കൂടുതലാണെങ്കിൽപ്പോലും ലഭിക്കാനുള്ള യാത്രക്കാരുമുണ്ട്. ഇത് മനസ്സിലാക്കികൊണ്ട് തന്നെ മിന്നൽ എന്ന പേരിൽ അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് പദ്ധതി. ജില്ലകളിലെ പ്രധാന സ്റ്റോപ്പുകൾ മാത്രം അനുവദിച്ച് കൊണ്ട് രാത്രികാലങ്ങളിൽ വേഗമോടിയെത്താൻ പറ്റുന്ന സർവ്വീസുകളാണ് മിന്നലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 23ൽപ്പരം സർവ്വീസുകളാണ് ഇതിനായി തീരുമാനിച്ചിട്ടുള്ളത്. സെമി സ്ലീപ്പർ പുഷ്ബാക്ക് സീറ്റുകളുള്ള എസി ബസ്സുകളായിരിക്കും ഈ സർവ്വീസുകളിൽ ഉൾപ്പെടുത്തുക. സൂപ്പർഫാസ്റ്റ് ബസ്സുകളെപ്പോലെ എല്ലായിടുത്തും സ്റ്റോപ്പുകളുണ്ടാകില്ല. വേഗത എന്നാൽ അപകടകരമായ സർവ്വീസായിരിക്കില്ല. നിശ്ചിത വേഗതയിൽ സ്റ്റോപ്പുകൾ കുറച്ചായിരിക്കും സമയം ലാഭകരമാകുന്നത്.

  • ലാഭത്തിലേക്കുള്ള തടസ്സങ്ങൾ എന്തൊക്കെയാണ്?

നേരത്തെ പറഞ്ഞത് പോലെ കെഎസ്ആർടിസിയെ ലഭത്തിലെത്തിക്കുന്നതിലുപരി കൂടുതൽ ബാധ്യതകളുണ്ടാകാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ലാഭത്തിലാക്കാനായി ക്രമാധീതമായ നിരക്ക് വർധിപ്പിക്കാൻ കഴിയില്ല. അത് സർക്കാറിന്റെ തീരുമാനത്തിലില്ല. കെഎസ്ആർടിസി ഓടി കിട്ടുന്ന പണം കൊണ്ട് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ലക്ഷ്യം. കടമെടുക്കാതെ പര്യാപ്തമായ തുക സർവ്വീസുകളിൽ നിന്നും സമാഹരിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

ഇപ്പോഴത്തെ പ്രശ്നം വരവും ചെലവുമാണ്. നാലര കോടി രൂപയിൽ നിന്നും അഞ്ചരക്കോടിയും ചിലപ്പോൾ ആറ് കോടി വരെ എത്തുന്നുമുണ്ട്. പരസ്യ വരുമാനത്തിലൂടെയും ഓൺലൈൻ ബ്രാന്റിങ്ങിലൂടെയുമെല്ലാം ഇത് ഒരു ഏഴ് കോടി വരെ എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും കടം, പലിശ എന്നിവ ഒഴിവാക്കി മുന്നോട്ട് പോകാനാകും. പെൻഷൻ സർക്കാർ ഏറ്റെടുക്കയും അല്ലെങ്കിൽ പെൻഷൻ ഫണ്ട് രൂപീകരിക്കുകയോ ചെയ്താൽ പകുതി ആശ്വാസമാകും. മൂന്നരക്കോടിയാണ് ദിവസേന ബാധ്യത. ലോൺ ദീർഘ കാലത്തേക്ക് മാറ്റാനായാൽ അതും ഗുണമാകും. പിന്നെ ഇപ്പോൾ പറഞ്ഞപോലെ ഡ്യൂട്ടി പാറ്റേർണും മറ്റുമാകുമ്പോൾ കെഎസ്ആർടിസിക്ക് ശാപമോക്ഷം കിട്ടും. പുതിയ മന്ത്രിക്കും ഇത് നന്നാക്കിയെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. അതിനായി കെഎസ്ആർടിസി മുഴുവൻ ഒറ്റകെട്ടാണ്. ഒരു പോസിറ്റീവ് അന്തരീക്ഷമുണ്ട്. എല്ലാം വിചാരിക്കുമ്പോലെ നടന്നാൽ ഒരു വർഷത്തിനുള്ളിൽ ബാധ്യതകൾ തീർത്ത് മുന്നോട്ട് പോകാനാകുമെന്നും പ്രതീക്ഷയുണ്ട്.

  • കെഎസ്ആർടിസിയിലെ ആധുനികവൽക്കരണം

കെഎസ്ആർടിസിയിലെ ഏറ്റവും വലിയ അപാകത എന്തെന്നാൽ എല്ലാം പേപ്പർ വർക്കുകളാണ്. ഷെഡ്യൂളായാലും അഡ്‌മിനിസ്ട്രേഷനായാലും അങ്ങനെ തന്നെയാണ്. ആദ്യമായി കമ്പ്യൂട്ടർ കൊണ്ട് വന്ന സ്ഥാപനമാണ്. എന്നാൽ ഇന്നും അവിടെ തന്നെ നിൽക്കുന്നത് ദുഃഖകരമാണ്. ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ ട്രാൻസ്പോർട് നെറ്റ്‌വർക്കായി മാറുന്നതിന് വേണ്ട പഠനം പൂർത്തിയായിട്ടുണ്ട്. ഓപ്പറേഷനുകൾ എല്ലാം തന്നെ ആധുനിക വൽക്കരിക്കും. ഇതിന്റെ ഭാഗമായി സ്മാർട്ട് കാർഡുകൾ, മെഷീനുകൾ എന്നിവ കൊണ്ട് വരാനുള്ള പദ്ധതിയാണ്. ബസ് സ്റ്റേഷൻ, ഡിപ്പോ എന്നിവയെല്ലാം തന്നെ പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം, ലൈവ് റഡാറുകൾ ബസ് എവിടെ എത്തുന്നു എന്നറിയാനുള്ള സംവിധാനം എന്നിവയെല്ലാം തന്നെ 6 മാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.