തിരുവനന്തപുരം:ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും ഹിന്ദുത്വം ഭീകരത സൃഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ.

ക്ഷേത്രങ്ങൾക്കുള്ളിൽ ആയുധപരിശീലനം നടത്തുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് നിരോധിക്കാനാവുകയെന്നും മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ കുമ്മനം ചോദിക്കുന്നു.

ഹിന്ദു മതവിശ്വാസങ്ങളിലും മറ്റ് ആചാരങ്ങളിലും കടന്നു കയറുന്ന സർക്കാർ നയം തെറ്റായ പ്രവണതയാണ്. മുസ്ലിം, ക്രൈസ്തവ ആചാരങ്ങളിൽ കൈകടത്തുന്ന കാര്യത്തിൽ സിപിഐ(എം) ദുർബലരാണ്. ന്യൂനപക്ഷ പ്രീണനമാണ് സർക്കാർ നയം. മറ്റ് മതങ്ങളുടെ വിശ്വാസങ്ങളിൽ കടന്നുകയറാൻ സിപിഐ(എം) എന്ന പാർട്ടിക്കോ സർക്കാറിനോ ധൈര്യമില്ല. ഹിന്ദുക്കൾക്കെതിരെയുള്ള അക്രമം വിശ്വാസികളേയും ബഹുജനങ്ങളേയും അണിനിരത്തി ചെറുക്കുമെന്നും കുമ്മനം പറഞ്ഞു.

ക്ഷയിച്ച് പോയ ഒരുപാട് ക്ഷേത്രങ്ങൾ ആർഎസ്എസ് ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തിയിട്ടുണ്ട്. പക്ഷേ അവിടങ്ങളിൽ ആയുധ പരിശീലനം നടത്തുന്നു എന്നത് തെറ്റായ പ്രചരണമാണ്. ബിജെപിയുടെ വളർച്ചയിൽ വിറളിപൂണ്ട സിപിഐ(എം) അക്രമം അഴിച്ച് വിടുകയാണ്. കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന ഓഫീസിന് നേരെയുണ്ടായ അക്രമം തന്നെ ലക്ഷ്യംവച്ചുള്ളത് തന്നെയെന്നും കുമ്മനം മറുനാടൻ മലയാളിയോട് പറഞ്ഞു.

സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റശേഷം ബിജെപി സംസ്ഥാനത്ത് കൈവരിച്ച വളർച്ചയാണ് സിപിഐ(എം) എന്നെ മുഖ്യ ശത്രുവായി കാണുന്നതിന് കാരണം. കുമ്മനത്തിന് സുരക്ഷ ഏർപ്പെടുത്തേണ്ട സാഹചര്യമല്ലേ നിലവിലുള്ളത് എന്ന ചോദ്യത്തിന് തനിക്ക് യാതൊരു സുരക്ഷയുടേയും ആവശ്യമില്ലെന്നും പാർട്ടി പ്രവർത്തകർ മാത്രമാണ് തന്റെ സുരക്ഷാ ഭടന്മാരെന്നും കുമ്മനം പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ ഗവർണ്ണർ പി സദാശിവവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണം. ഏതെങ്കിലും ഒരു പാർട്ടിയുടെ സംസ്ഥാന കാര്യാലയം അക്രമിക്കപ്പെടുന്നത് കേരളത്തിൽ ആദ്യമാണ്.

100 ദിവസത്തെ ഭരണത്തിൽ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ ഇല്ലാത്തതിനാൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ശാരീരികമായി അക്രമിക്കുകയാണ് സിപിഐ(എം) ഇപ്പോൾ ചെയ്യുന്നത്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കുമ്മനം ആരോപിച്ചു.

കേരളത്തിൽ സമാധാനം പുലരണമെങ്കിൽ സിപിഐ(എം) മാത്രം വിചാരിച്ചാൽ മതി. ആർഎസ്എസും ബിജെപിയും അനുരഞ്ജന ചർച്ചകൾക്ക് നിരവധി തവണ തയ്യാറായെങ്കിലും അത് സിപിഐ(എം) നേതൃത്വം അട്ടിമറിക്കുകയായിരുന്നു. ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടത് ഭരണകൂടമാണ്. ഇത് പാർട്ടിയിലെ അഭിപ്രായ ഭിന്നതയുടെ ഭാഗമാണ്.

സിപിഐ(എം) അല്ലാത്ത ഒരു പാർട്ടിയെയും പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതിന് പൊലീസും ഭരണകൂടവും കൂട്ടു നിൽക്കുകയാണ്. കേരളത്തിൽ എവിടെ അക്രമം ഉണ്ടായാലും അതിന്റെ ഒരു ഭാഗത്ത് സിപിഎമ്മാണ്. സിപിഐ(എം) എന്നത് അക്രമത്തിന്റെ പര്യായമായി മാറി. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ ഇപ്പോൾ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും കുമ്മനം ആരോപിക്കുന്നു.

സംസ്ഥാനത്ത് അക്രമം വ്യാപകമായിട്ടും അതിനെ അപലപിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാകാത്തതാണ് അക്രമികൾക്ക് വളമാകുന്നത്. സംസ്ഥാനത്ത് ബിജെപിക്കെതിരെയുള്ള അക്രമങ്ങൾ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസും കൈകൊള്ളുന്നത്. ഇത്തരം അക്രമങ്ങളെ പിന്തുണച്ച് ബിജെപിയെ തകർക്കാനുള്ള ഒത്തുതീർപ്പ് രാഷ്ട്രീയം തന്നെയാണ് കേരളത്തിൽ നടക്കുന്നത് എന്ന വസ്തുത മലയാളികൾക്ക് അറിയാത്തതല്ലെന്നും കുമ്മനം പറഞ്ഞു.