കൊച്ചി: സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും റേറ്റിംഗുള്ള ഷോയാണ് കുട്ടിപ്പട്ടാളം. കുട്ടികളെ അണിനിരത്തികൊണ്ടുള്ള ടോക്ക് ഷോ നയിക്കുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധേയതാരം സുബി സുരേഷാണ്. സുബിയുടെ അവതരണ ശൈലിയിലുള്ള മിടുക്കു തന്നെയാണ് ഈ ഷോയെ എളുപ്പത്തിൽ ഹിറ്റാക്കിയതും. എന്നാൽ, കുട്ടികളെ അണിനിരത്തിയ പരിപാടിക്കെതിരെ തുടക്കം മുതൽ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കുട്ടികളെ ഉപയോഗിച്ച് മുതിർന്നവരുടെ രഹസ്യങ്ങൾ തിരയുന്നു, കുട്ടികളെ കൊണ്ട് അശ്ലീലം പറയാൻ ശീലിപ്പിക്കുന്നു തുടങ്ങിയവായിരുന്നു ചില ആരോപണങ്ങൾ. എന്നാൽ പരിപാടി തുടങ്ങി വർഷം രണ്ട് കഴിഞ്ഞിട്ടും മുതിർന്നവർക്കും കുട്ടികൾക്കും കുട്ടിപ്പട്ടാളം ഇപ്പോഴും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്. ഇതിനിടെയാണ് പരിപാടിക്കും അവതാരിക സുബി സുരേഷിനും എതിരെ ബാലവകാശ കമ്മീഷനിൽ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയത്.

കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സാമൂഹിക പ്രവർത്തകൻ ഹാഷിം കൊളമ്പൻ സുബി സുരേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുബി സുരേഷിനെതിരെ കേസെടുത്തേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഷോ നിർത്തിവെപ്പിക്കുമെന്ന വാർത്തകളും പുറത്തുവരുന്നത്. ഈ പരാതിയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി സുബി സുരേഷുമായി ബന്ധപ്പെട്ടപ്പോൾ അവർ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഉണ്ടായത്. പരിപാടി തുടങ്ങിയിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും മിണ്ടാതിരുന്നവർ ഇപ്പോൾ എങ്ങനെയാണ് രംഗത്തെത്തിയതെന്നാണ് അവർ ചോദിച്ചത്. ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാണ് കുട്ടിപ്പട്ടാളത്തിനെതിരെ രംഗത്തെത്തിയതെന്നും അവർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. വിവാദങ്ങൾക്ക് മറുപടിയുമായി സുബി മറുനാടനോട് സംസാരിച്ചത് ഇങ്ങനെയാണ്:

  • കുട്ടിപ്പട്ടാളത്തിനെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇതോടുള്ള സുബിയുടെ പ്രതികരണം എന്താണ്?

ഈ പരിപാടി ഇറങ്ങി രണ്ടര വർഷം കഴിഞ്ഞാണോ ഇവർ പ്രതികരണങ്ങളും കൊണ്ടിറങ്ങിയത്. ഇതുവരെ ഇത്തരത്തിൽ ഒരു പ്രോഗ്രാമുണ്ടെന്നറിഞ്ഞില്ലേ ഇവരാരും എന്നോർത്ത് സങ്കടം തോന്നി. ഇതുവരെ ഇവരൊക്കെ എവിടെയായിരുന്നു. ഒരുപണിയുമില്ലാത്ത കുറേ പേരാണ് കേസിനെന്ന പേരും പറഞ്ഞ് രംഗത്തിറങ്ങുന്നത്. മാത്രമല്ല ഇത്രയും നാൾ തുടർച്ചയായി ഈ പരിപാടി ചെയ്യുന്ന ഞാനോ ഞങ്ങളുടെ ടീമോ പോലും ഓർത്തിരിക്കാത്ത എത്രയെത്ര ഡയലോഗുകൾ ഇവർ ഇത്തരത്തിൽ ഓർത്തു പറയണമെങ്കിൽ അവർ കേസ് നൽകണം എന്നു തന്നെ ലക്ഷ്യമിട്ടാകണം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഏതായാലും എന്റെ അഭിപ്രായത്തിൽ ഇത് പരിപാടിക്ക് കൂടുതൽ പ്രേക്ഷകരെ കൂട്ടുകയേയുള്ളു. എന്നെ കുറച്ചു പേർ കൂടി അറിയും. വിമർശിക്കാനുള്ളവർ കൂടി പ്രോഗ്രാം കാണും. ഇത്തരത്തിൽ ഒന്നുമില്ലെങ്കിൽ പോലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്ത്![BLURB#1-H] 

നേരത്തെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റും കൈരളിയും ഇതുപോലുള്ള പ്രോഗ്രാമുകൾ നടത്തിയിരുന്നു. അത് ഗ്രൂമിങ് നടത്തിയാണ് ചെയ്തതും. ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു പഠിപ്പിക്കുമായിരുന്നു. രണ്ട് ചാനലിൽ ഏതു ചാനലെന്നു ഞാൻ പറയുന്നില്ല. അതിലൊന്നിൽ നിന്ന് മാതാപിതാക്കൾ വഴക്കിട്ടിറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. കുട്ടിപ്പട്ടാളത്തിൽ ഇതുവരെ ഒരു രക്ഷിതാവ് പോലും അങ്ങനെ പെരുമാറേണ്ടി വന്നിട്ടില്ല. കുട്ടികൾ എന്തെങ്കിലും അറിയാതെ പറഞ്ഞു പോയാൽ ചിലപ്പോൾ പരിപാടി കഴിഞ്ഞ് പോകുമ്പോൾ അവർ ടെലികാസ്റ്റ് ചെയ്യരുത് എന്ന് പറയുന്ന ഭാഗം ചെയ്യാറില്ല. ഒരിക്കൽ അമ്മായിയമ്മയെ തല്ലി എന്നൊക്കെ പറഞ്ഞപ്പോൾ അത്തരത്തിൽ ഒരു കേസ് നിലനിൽക്കുന്നതാണ് അതുകൊണ്ട് അത് പ്രോഗ്രാമിൽ വന്നാൽ പ്രശ്‌നമായതു കൊണ്ട് ടെലികാസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതുകൊണ്ട് അത് ടെലികാസ്റ്റ് ചെയ്തില്ല.

  • കുട്ടിപ്പട്ടാളത്തോടുള്ള ആരോപണങ്ങൾ ശരിയാണോ? എന്തുകൊണ്ടാണ് കുടുംബങ്ങളിലെ സ്വകാര്യതകൾ കുട്ടികൾ വേദിയിൽ വിളമ്പുന്നതിന് നമ്മൾ പ്രോത്സാഹിപ്പിക്കുന്നത്?

ഇത് പൂർണമായും ഒരു എന്റർട്ടെയ്ന്മെന്റ് പ്രോഗ്രാം ആണ്. ആളുകൾക്ക് ടെൻഷൻ അടിച്ചിരുന്ന് കാണേണ്ടാത്ത ഒരു സ്‌ട്രെസ്സും നൽകാത്ത ഒരു പ്രോഗ്രാമാണ് ഇത്. ചെറിയ രീതിയിൽ ഒരു അവെയർനെസ് പ്രോഗ്രാം കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അച്ഛനും അമ്മയും കുട്ടികളുമായി വീട്ടിൽ ഇത്തരത്തിൽ സംസാരിക്കാറില്ലല്ലോ. അവർക്ക് വീട്ടിൽ ഇത്തരത്തിൽ ഒരു പ്രോഗ്രാം ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ചിലപ്പോൾ വിഷമമുണ്ടാക്കുന്ന കാര്യങ്ങളോ, അല്ലെങ്കിൽ കെയറിങ് കുറയുന്നതോ, അവരുടെ ആവശ്യങ്ങളോ ഒക്കെ ഈ പരിപാടിയിലൂടെ അവർ തുറന്നുപറയുകയാണ്. ഒരു കുടുംബമാകുമ്പോൾ പല കാര്യങ്ങൾ ഉണ്ടാകും. കുട്ടികൾ പലതും കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട്. അതൊക്കെ കുട്ടികളുടെ മനസ്സിൽ പതിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഒരു ഒതുക്കം എല്ലാ കാര്യങ്ങൾക്കും കുട്ടികളുടെ മുന്നിൽ ഉണ്ടായിരിക്കണം എന്ന ഒരു അവെയർനെസ് കൂടെ ഞങ്ങൾ ഈ പരിപാടിയിലൂടെ ചെയ്യുന്നു. ഒരു കുട്ടി പറഞ്ഞു ഒരിക്കൽ ക്യൂ നിൽക്കാൻ അച്ഛൻ എന്നേ കൊണ്ടു പോകും എന്ന്. ഇതൊക്കെ കുട്ടികളെ കൊണ്ടുപോയി ചെയ്യുമ്പോഴാണ് അവർ അത് തുറന്നു പറയുന്നത്.[BLURB#2-VL] 

ഈ പരിപാടിക്ക് ഒരു ഗ്രൂമിംഗോ പറഞ്ഞു പഠിപ്പിക്കലോ ഒന്നും ഇല്ല. പരിപാടിയിൽ വച്ച് തന്നെ ഞങ്ങൾ മാതാപിതാക്കൾക്ക് ചെറിയ ചില പണിഷ്‌മെന്റുകൾ കൊടുക്കും. അത് അവർ കൂടി സഹകരിച്ചു കൊണ്ടുള്ളതാണ്. കുട്ടികൾ അത് ശരിയാണെന്നു കരുതി സന്തോഷിക്കുകയും ചെയ്യും. ചിലപ്പോൾ കുടിക്കില്ല എന്നു പറഞ്ഞ് തലയിൽ തൊട്ട് സത്യമൊക്കെ ചെയ്യിക്കുന്നത് അതിനാണ്. ചിലകുട്ടികൾ വളരെ അധികമായി വൃത്തികേടുകൾ ഒക്കെ പറയും. അതെന്താണെന്നറിയാതെ അത് നമ്മൾ എഡിറ്റ് ചെയ്താണ് കാണിക്കുന്നത്. പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുമ്പോൾ മര്യാദയായി തന്നെയാണ് കാണിക്കുന്നത്. ഇവിടെ വരുന്ന മാതാപിതാക്കളെയോ ബന്ധുക്കളെയോ മറ്റുള്ളവരുടെ മുന്നിൽ താറടിച്ചു കാണിച്ചിട്ട് ഞങ്ങൾക്കെന്തിനാ.? അങ്ങനെയുണ്ടെങ്കിൽ ഈ പരിപാടി പണ്ടേ നിന്നു പോയേനെ. മാത്രമല്ല ഇന്ന് ടിവി ചാനലുകളിൽ സീരിയലുകളും റിയാലിറ്റി ഷോകളുമെല്ലാം ഉണ്ട്. അതിനകത്തൊക്കെ ഒരു സ്‌ട്രെസ് ഉണ്ട്. റിയാലിറ്റി ഷോകളിൽ പോലും എത്ര മാർക്ക് കിട്ടും, ആറ് പുറത്തു പോകും എന്നൊക്കെ ഉള്ള ഒരു സ്‌ട്രെസ് കിടപ്പുണ്ട്. എന്നാൽ ഇത് അര മണിക്കൂർ സ്‌ട്രെസ് ഫ്രീ ആയി ഇരിക്കാൻ കഴിയുന്ന ഒരു പ്രോഗ്രാം മാത്രമാണ്.

അഞ്ച് വയസ്സുള്ള ഒരു കുട്ടി അവൻ അവന്റെ വീട്ടിലെ സാഹചര്യങ്ങളിൽ വളർന്നതാണ്. വീട്ടിൽ മോശമായ വാക്കുകൾ കേട്ടിട്ടുണ്ടാകും, സ്‌കൂളിൽ നിന്നു കിട്ടുന്നുണ്ടാകും ഇന്നത്തെ സിനിമകൾ എല്ലാം ടൂ....ടൂ... ഉള്ളതല്ലേ? അതവർക്ക് കാണാൻ പറ്റുന്നതാണോ? സീരിയൽ, കുട്ടികളുടെ മാത്രം പ്രോഗ്രാമുകളിൽ പോലും എന്തൊക്കെ ആണ് കാണുന്നത്. അപ്പോൾ അത്തരത്തിൽ ഒരു കുട്ടി ആകെ അരമണിക്കൂർ ആണ് എന്റെ മുന്നിൽ വരുന്നത്. ആ അര മണിക്കൂറിൽ അവൻ എന്തു ചീത്തയാകാനാണ്?

വാർത്തയറിഞ്ഞ് ഒരു മാദ്ധ്യമപ്രവർത്തകൻ എന്നെ വിളിച്ചു എന്നിട്ട് പരിപാടിയിൽ ഒരിക്കൽ നടന്ന ഒരു സംഭവമാണെന്ന രീതിയിൽ ഒരു കെട്ടു കഥ ചോദിച്ചു. ഒരു ബാബു ചേട്ടൻ , ബാർബർ ഷോപ്പ് നടത്തുന്നയാൾ അച്ഛനില്ലാത്തപ്പോൾ എപ്പോഴാണ് വീട്ടിൽ വരുന്നതെന്ന് ചോദിച്ചു ഞാനെന്നാണ് കഥ. അത്തരത്തിൽ ഒരു കഥ എനിക്കുമറിയില്ല. എന്റെ എല്ലാ എപ്പിസോഡുകളും പരിശോധിച്ചാൽ അറിയാം അത്തരത്തിൽ ആരോടും ഞാൻ ഒരു ചോദ്യം ചോദിച്ചിട്ടുമില്ല. ഒരവിഹിതം ഞാനായിട്ട് ഉണ്ടാക്കികൊടുക്കില്ല. ചിലപ്പോൾ അത്തരത്തിലുള്ള മറുപടികൾ വന്നാൽ പോലും നമ്മൾ അത് മറ്റൊരു രീതിയിലേക്ക് പറഞ്ഞു മാറ്റാറാണ് ചെയ്യുക.

  • സുബി എങ്ങനെയാണ് വിമർശനങ്ങളെ നേരിടുന്നത്?

ഞാൻ പറഞ്ഞില്ലേ എല്ലാം പോസിറ്റീവായി ഞാൻ കാണുന്നു. എനിക്ക് ഇതൊരു സംഭവമേ ആയി തോന്നുന്നില്ല. പിന്നെ കുടുംബത്തിന്റെ സപ്പോർട്ട് വളരെ വലുതാണ്. അമ്മ അംബികയും സഹോദരൻ അബിയുമാണ് എനിക്ക് വിമർശനവും പ്രോത്സാഹനവുമൊക്കെ തരുന്നത്. സ്‌റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കൂടുതലുള്ളപ്പോൾ എന്റെ ടി വി പ്രോഗ്രാമുകൾ കാണാൻ സമയം കിട്ടാറില്ല. അപ്പോൾ അവരാണ് അഭിപ്രായങ്ങൾ പറയുന്നത്. അവരുടെ പിന്തുണയില്ലാതിരുന്നെങ്കിൽ എന്നേ ഞാൻ ഇതൊക്കെ ഒടിച്ചുമടക്കി വേച്ചെനെ. ഞാൻ പൊതുവെ ഒരു മടിച്ചിയാണ്. ഏതായാലും ഇതോടെ എന്നെ അറിയാത്ത കുറച്ചു കൂടി ആളുകൾ അറിയുമല്ലോ?

  • മെയ്ഡ് ഫോർ ഈച്ച് അദർ എന്ന മനോരമയിലെ പ്രോഗ്രാമിൽ കോമഡി താരമാണല്ലോ?

ആദ്യം അതൊരു ക്യാരക്റ്റർ റോളായിരുന്നതുകൊണ്ട് ചെറിയ ചമ്മൽ ഉണ്ടായിരുന്നു. പക്ഷെ ക്യാരക്റ്ററാകുമ്പോൾ ആ ചമ്മലെല്ലാം ഞാൻ മറക്കും. അതിലെ മത്സരാർഥികൾ ചോദിക്കാറുണ്ട്. എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നത്. അല്ലാത്തപ്പോൾ മിണ്ടാതെ ഇരിക്കുന്നതെങ്ങനെയാണ് എന്നു ചോദിക്കും. ഞാൻ പൊതുവെ അങ്ങനെയാണ്. അധികം മിണ്ടാറില്ല. എന്നു കാണുന്നവർ തമ്മിൽ ഒത്തിരി കാര്യങ്ങൾ എന്തു പറയാനാണ്.[BLURB#3-VR] 

  • കുട്ടിപ്പട്ടാളത്തിന്റെ സെറ്റിൽ എങ്ങനെയാണ്?

എത്ര ടയേഡ് ആയി ആണ് സെറ്റിൽ എത്തുന്നതെങ്കിലും അവിടെ ചെന്ന് കുട്ടികളുടെ കടുകിട്ടു വറുക്കുന്നത് പോലുള്ള തമാശകൾ കേൾക്കുമ്പോൾ റിലാക്‌സ് ആകും. മാരത്തോൺ കണക്കാണ് അത്. അത് കഴിയുമ്പോൾ ആണ് കുട്ടികളുടെ അടുത്തു നിൽക്കുമ്പോൾ ശരീരത്തിന്റെ ക്ഷീണമോ മുഷിച്ചിലോ അറിയപ്പെടില്ല എന്നു മനസിലാക്കുന്നത്. ക്രൂ ഒക്കെ വളരെ സപ്പോർട്ടീവ് ആണ്. കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ് എന്നെ. അവർടെ വിചാരം എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള ആളാണ് ഞാൻ എന്നാണ്.

  • പ്രേക്ഷകർ നേരിട്ട് പറയുന്ന കമന്റുകൾ എന്താണ് കുട്ടിപ്പട്ടാളത്തെക്കുറിച്ച്?

ഇന്നു വരെ ഒരാൾ പോലും നേരിട്ട് കണ്ട് നല്ലതു പറഞ്ഞിട്ടുള്ളതല്ലാതെ മോശമായി ഒരഭിപ്രായങ്ങളും പറഞ്ഞിട്ടില്ല. ലുലുവിലൊക്കെ ചെല്ലുമ്പോൽ മുതൽ ഫോട്ടോയെടുപ്പു തുടങ്ങും. ഞാൻ വർഷങ്ങളോളം ഏകദേശം 14 വർഷത്തോളമായി സിനിമാല ചെയ്യുന്നതാണ്. പണ്ട് എന്നെ കാണുമ്പോൾ എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ ഇന്ന് സുബി എന്ന എന്റെ പേര് എടുത്തു വിളിക്കാൻ തുടങ്ങി. അല്ലെങ്കിൽ കുട്ടിപ്പട്ടാളം സുബി, ചിലർ കുട്ടിപ്പട്ടാളം എന്നും വിളിക്കാറുണ്ട്. സ്‌നേഹം കണ്ട് ചിലപ്പോൾ ആനന്ദാശ്രു വന്നു പോകാറുണ്ട്.

  • വിവാഹം കഴിക്കുന്നില്ലേ?

വിവാഹം കഴിക്കില്ല എന്നിതുവരെ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിച്ചിട്ട് വിവാഹം കഴിച്ചാൽ നാണക്കേടല്ലേ? എന്താണെന്നറിയില്ല. ആരാണെന്നും ഉറപ്പിച്ചിട്ടില്ല. അങ്ങനെ ഒരു ഹതഭാഗ്യൻ ഉണ്ടെങ്കിൽ വിവാഹം കഴിക്കും. ഒരു മൂഡ് ഇല്ല അതാണ്. വീട്ടുകാര് എന്നെ കല്യാണം കഴിച്ച് കാണാനുള്ള ആഗ്രഹം കൊണ്ട് പ്രേമിക്കുകയെങ്കിലും ചെയ്ത് കൂടെ എന്നു പറയും സോറി അതിനു ടൈം കിട്ടിയില്ല.