കൊച്ചി: വാക്കിൽ വെടിമരുന്ന് നിറച്ച രാഷ്ട്രീയക്കാരനാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറികൂടിയായ സിപിഐ.എം നേതാവ് എം.സ്വരാജ്.ചാനൽ ചർച്ചകളിലും തെരുവിലുമൊക്കെ ആ ഊർജം നാം പലതവണ കണ്ടിട്ടുണ്ട്.എസ്.എഫ്.ഐയുടെയും ഡിവൈഎഫ്ഐയുടെയും പോർമുഖങ്ങൾ ജ്വലിപ്പിച്ചതിന്റെ ഓർമ്മയിലാവണം ഈ യുവനേതാവിനെ തങ്ങളുടെ ഏറ്റവും പ്രസ്റ്റീജ് പോരാട്ടങ്ങളിൽ ഒന്നായ തൃപ്പൂണിത്തുറയിൽ, അഴിമതിആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കെ.ബാബുവിനെ നേരിടാൻ സിപിഐ.എം നിയോഗിച്ചത്. ബാബുവിനെതിരായ പോരാട്ടം കേവലം തെരഞ്ഞെടുപ്പ് മൽസരം മാത്രമല്‌ളെന്നും അത് ഒരു അഴിമതിവിരുദ്ധ പോരാട്ടം തന്നെയാണെന്ന് സ്വരാജ് വിശ്വസിക്കുന്നു.

വാക്കുകളിലെ ഈ കാർക്കശ്യം കൊണ്ടുതന്നെയാവണം,പിണറായി മോഡൽ പരുക്കനായ ചിരിക്കാത്ത ഒരു നേതാവണെന്ന് സ്വരാജെന്ന് ചിലർ ബോധപുർവം പ്രചരിപ്പിക്കാനും തുടങ്ങി. എന്നാൽ തൃപ്പുണിത്തുറയിൽ ഓടിനടന്ന് വോട്ടുപിടിക്കുന്ന, പുഞ്ചിരിക്കുന്ന സൗമ്യനായ യുവാവിനെയാണ് കാണാനായത്.ഇതുതാൻ സ്ഥാനാർത്ഥിയായതിനാൽ ബോധപൂർവം ഉണ്ടാക്കിയതല്‌ളെന്നും, തനിക്കുമേൽ ചിലർ ഉണ്ടാക്കിയെടുത്ത ഇമേജായിരുന്നെന്നും സ്വരാജ് വ്യക്തമാക്കുന്നു.മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രവും എൽ.ഡി.എഫിന്റെ വിജയസാധ്യതകളും , തെരഞ്ഞെടുപ്പിന്റെ കൂട്ടപ്പൊരിച്ചിലിനിടയിലും സ്വരാജ് പങ്കുവെക്കുന്നു.

  • തൃപ്പൂണിത്തുറയിലെ പോരാട്ടത്തെ എങ്ങനെ കാണുന്നു?

തൃപ്പൂണിത്തുറയിലേത് ഇത്തവണ വെറുമൊരു രാഷ്ട്രീയ മൽസരം മാത്രമല്ല.ശക്തമായ അഴിമതി വിരുദ്ധ കാമ്പയിൻ കൂടിയാണിത്. യു.ഡി.എഫ് മന്ത്രിസഭയിൽ ബാർ കോഴവഴി ഇത്രയേറെ ആരോപിതനായ ബാബു വീണ്ടും മൽസരിക്കുന്നതുതന്നെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.അതുകൊണ്ടുതന്നെ അഴിമതിയും ഈ മണ്ഡലത്തിലെ വികസനമുരടിപ്പും ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽവെക്കുന്നു.അതുപോലെതന്നെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വർഗീയ വിധ്വംസക പ്രവർത്തനത്തെയും ഞങ്ങൾ തുറന്ന് എതിർക്കുന്നു.ഇത് പ്രചാരണ വിഷയമാക്കിയപ്പോൾ മണ്ഡലത്തിൽ ഉടനീളം ഞങ്ങൾക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.

  • ബാബു മണ്ഡലത്തിൽ വലിയ വികസം കൊണ്ടുവന്നു എന്നാണെല്ലോ അവകാശപ്പെടുന്നത്

അത് പച്ചക്കളമാണ്. ഈ മണ്ഡലത്തിലെ കുടിവെള്ളക്ഷാമമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളിൽ ഒന്നും ചെയ്യാൻ ബാബുവിന് കഴിഞ്ഞിട്ടില്ല.ഈ മണ്ഡലത്തിലൂടെ ഒന്നു കറങ്ങിയാൽ മനസ്സിലാവും അടിസ്ഥാന വികസനം ഒരുക്കുന്നതിൽപോലും നമ്മുടെ സർക്കാർ എത്രമാത്രം പിറകോട്ടുപോയെന്ന്.ഭവന രഹിതരും ഭൂരഹിതരും ഈ മണ്ഡലത്തിൽ നിരവധിയാണ്.

  • നിലമ്പൂരുകാരനായ താങ്കൾ എങ്ങനെ തൃപ്പൂണിത്തുറയിൽ എത്തിയെന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണെല്ലോ? പി.രാജീവിനെ മൽസരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവിടെ നേരത്തെ വലിയ തർക്കം നടന്നുവെന്ന് കേട്ടിരുന്നു

ഞങ്ങൾ കമ്യൂണിസ്റ്റുകാർക്ക് ഒരാൾ എവിടെ മൽസരിക്കണമെന്നും മൽസരിക്കാതിരക്കണമെന്നുമൊക്കെ പാർട്ടിയാണ് തീരുമാനിക്കുക.പിന്നെ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ.ഐയുടെയുമൊക്കെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച എനിക്ക് അത്ര അപരിചിതമായ മണ്ഡലമൊന്നുമല്ല തൃപ്പൂണിത്തുറ. ഇവിടേക്ക് അനുയോജ്യനായ ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമ്പോൾ പല ചർച്ചകളും നടന്നിരിക്കാം. പക്ഷേ തീരുമാനം വന്നാൽ പിന്നെ പാർട്ടി ഒറ്റക്കെട്ടാണ്.സഖാവ് രാജീവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അദ്ദേഹംതന്നെ കാര്യങ്ങൾ നേരത്തെ വ്യക്തമാക്കിയതാണ്.
മാത്രമല്ല ഈ ദിനങ്ങളിലെ പ്രവർത്തനം കൊണ്ട് ഞാൻ ഈ നാട്ടുകാരനായിക്കഴിഞ്ഞു. പിന്നെ നാട്ടുകാരനായി എന്നതുകൊണ്ട് എന്ത് അഴിമതി നടത്തിയാലും തോന്നിവാസം നടത്തിയാലും ജനം അംഗീകരിക്കും എന്നുമില്ലല്ലോ.

  • താങ്കൾക്കെതിരായ വരുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്ന് താങ്കൾ ചിരിക്കാത്ത കർക്കശക്കാരനായ നേതാവണെന്നാണ്. പക്ഷേ ഇപ്പോൾ അങ്ങനെയല്ല കാണുന്നത്.

( ചിരിക്കുന്നു) ഞാൻ നേരത്തെ തന്നെ ഇങ്ങനെയായിരുന്നു.എന്നെ അറിയുന്ന ഒരാളും സഹപ്രവർത്തകരോ, സഹപാഠികളോ, മറ്റ് സഖാക്കളോ ആരും തന്നെ ഞാൻ ഇത്തരമൊരു പ്രകൃതക്കാരനാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. എന്നാൽ ചില മാദ്ധ്യമങ്ങളും ചില തൽപ്പരകക്ഷികളും ചേർന്നാണ് എനിക്ക് ഒരു കർക്കശക്കാരന്റെ പ്രതിഛായ ബോധപൂർവം ചാർത്തിത്തന്നത്.ജനങ്ങളുടെ സന്തോഷത്തിൽ ആഹ്‌ളാദിക്കയും അവരുടെ സങ്കടത്തിൽ നൊമ്പരപ്പെടുകയും ചെയ്യുന്നവരാണ് ഞങ്ങൾ കമ്യൂണിസ്റ്റുകാർ.ഞാനും അത്തരമൊരു സാധാരണക്കാരൻ തന്നെ.കുറച്ച് ദിവസങ്ങൾക്കുമുമ്പ് ഞാൻ ഒരു ചടങ്ങിൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെ പരിചയപ്പെട്ടിരുന്നു.ഞാൻ കരുതിയതുപോലെ ഒരു ഭീകരനല്ല സ്വരാജ് എന്നായിരുന്നു തുടർന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

  • അതുപോലെ തന്നെ താങ്കൾ വി എസ് വിരുദ്ധനാണെന്നും...

അതും ഈ നുണപ്രചാരണത്തിന്റെ മറ്റൊരു വശമാണ്. പാർട്ടിയിലെ മുതിർന്ന നേതാവെന്ന നിലയിൽ വി.എസിനെ എന്നും ബഹുമാനിക്കുന്ന തലമുറയാണ് ഞങ്ങളുടേത്. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇപ്പോഴും ഞങ്ങൾക്കൊക്കെ അവേശവുമാണ്.

  • ആ വി.എസിനെ ക്യാപിറ്റൽ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന് താങ്കൾ പറഞ്ഞുവെന്നും ആരോപണമുണ്ട്.

നുണപ്രചാരണത്തിന്റെ അടുത്ത ഘട്ടമാണിത്.ഇത് ഞാൻ പലതവണ വിശദീകരിച്ചതുമാണ്.പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്നും രണ്ടുചേരിയുണ്ടെന്നും വരുത്തിത്തീർക്കാൻ ബോധപൂർവമായി ഇത്തരം കേന്ദ്രങ്ങൾ വാർത്ത പടച്ചുവിടുകയാണ്.

  • ഒടുവിൽ വി എസ് താങ്കൾക്കുവേണ്ടി തൃപ്പൂണിത്തുറയിൽ എത്തിയല്ലോ

അതെ. അതുവരെ ചില കേന്ദ്രങ്ങൾ ഉയർത്തിയ കൊണ്ടുപിടിച്ച പ്രചാരണം സ്വരാജിനുവേണ്ടി വി എസ് എത്തില്‌ളെന്നായിരുന്നു. അദ്ദേഹം വന്ന് കാര്യമായി സംസാരിച്ചതോടെ ഇവരുടെ വാദങ്ങളെല്ലാം പൊളിഞ്ഞു. എനിക്ക് എല്ലാ വിജയാംശംസകളും നേർന്നാണ് വി എസ് മടങ്ങിയത്.ഞാനും വി.എസുമൊക്കെ ഞങ്ങളുടെ സംഘടന ഏൽപ്പിച്ച ദൗത്യമാണ് നിറവേറ്റുന്നത്.അതിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ല.

  • ഈ മണ്ഡലത്തിലെ സിപിഐ.എമ്മിലെ വിഭാഗീയതയൊക്കെ പരിഹരിച്ചോ?

വിഭാഗീയത തീർത്തും ഇല്ലാതായ സമയമാണിതെന്ന് നിസ്സംശയം പറയാം.ഭരണമാറ്റം മുന്നിൽ കണ്ടുകൊണ്ടുതന്നെ ഇടതുപ്രവർത്തകർ ആവേശത്തലാണ്.അതിന്റെ അലയൊലികൾ കേരളം എമ്പാടുമെന്നപോലെ തൃപ്പൂണിത്തുറയിലും ഉണ്ട്.

  • എൻ.ഡി.എ സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരനും ഇവിടെ ശക്മായി പോരടിക്കുന്നില്ലേ?

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് ഇവിടെ മുഖ്യപോരാട്ടം. അതിനിടയിൽ നുഴഞ്ഞുകയറാൻ എൻ.ഡി.എ ശ്രമിക്കുന്നുണ്ട്.അവരുടെ വർഗീയ നയങ്ങളെയും അസഹിഷ്ണുതയെയും തുറന്ന് എതിർത്താണ് ഞങ്ങൾ മുന്നേറുന്നത്.

  • തൃപ്പൂണിത്തുറയിലെ വിജയപ്രതീക്ഷ

നൂറുശതമാനം. ഈ സർക്കാറിന്റെ അഴിമതിയിലും പകൽക്കൊള്ളയിലും ജനം മടുത്തുകഴിഞ്ഞു.തൃപ്പൂണിത്തുറയിൽ മാത്രമല്ല കേരളമാകെ ആ തരംഗം കാണാം.