കൊച്ചി: പത്താൻകോട്ടിന് ശേഷം രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് ബാരാമുള്ളയിലെ ഉറിയിൽ നടന്നത്. പാക് പിന്തുണയോടെയുള്ള തീവ്രവാദികൾ ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടി നൽകണമെന്നാണ് പൊതുവേ ഉയരുന്ന വികാരം. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ നടത്തുമ്പോൾ തന്നെയും സൈനിക നീക്കം ഇന്ത്യ നടത്തുമോ എന്നതാണ് ഏവരെയും ചോദ്യം. സൈബർ ലോകത്ത് അടക്കം ഈ ചോദ്യം സജീവമാണ്. എന്നാൽ, തിരിച്ചടിക്കണം, യുദ്ധം നടത്തണം എന്ന പറഞ്ഞ് വൈകാരികമായി പ്രതികരണങ്ങൾ വരുമ്പോൾ തന്നെ ഇന്ത്യൻ സൈന്യം എന്തുതരം നീക്കമാകും നടത്തുക? കാത്തിരുന്ന് തിരിച്ചടിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ സൈന്യം കൈക്കൊണ്ടിരിക്കുന്നത്. സൈന്യത്തിൽ മേജർ റാങ്കിൽ ജോലി ചെയ്തിരുന്ന സിനിമ സംവിധായകൻ കൂടിയായ മേജർ രവി ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചു. തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നാണ് മേജർ രവി പറയുന്നത്. മേജർ രവിയുടെ വാക്കുകളിലേക്ക്..

അതിർത്തിയിലെ സംഘർഷങ്ങളിൽ ഇന്ത്യൻ സൈന്യത്തിലെ ഓരോ പട്ടാളക്കാരനും ഏതു സമയത്തും തിരിച്ചടിക്കാൻ പൂർണ സജ്ജമാണ്. എന്നൊക്കെ ആക്രമണങ്ങളുമായി പാക്കിസ്ഥാനോ, തീവ്രവാദികളോ ഇരച്ചു കയറുമ്പോൾ അത് തകർക്കാനും രാജ്യത്തിന്റ അതിർത്തികൾ സംരക്ഷിക്കാനുമാണ് സൈന്യം ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ആദ്യം അങ്ങോട്ട് ആക്രമണം അഴിച്ചുവിടാത്തതിനാലാണ് ആദ്യം ഇന്ത്യൻ ജവാന്മാർ മരിക്കുന്നത്. എന്നാൽ, രാജ്യത്തിന് ജീവൻ പണയം വച്ച് കാവൽ നിൽക്കുന്ന പട്ടാളക്കാർക്കെതിരായണ് ഇന്ന് ചില മാദ്ധ്യമങ്ങൾ- മേജർ രവി കുറ്റപ്പെടുത്തി.

ഉറി സംഭവത്തിൽ ഇപ്പോൾ ചർച്ചകൾ യുദ്ധമുണ്ടാവുമോ എന്നതാണ് രാജ്യം മുഴുവൻ ഉയർന്നു കേൾക്കുന്ന വലിയ ചർച്ച. തിരിച്ചടിക്കാനും പാക്കിസ്ഥാൻ എന്ന രാജ്യത്തെ മുഴുവനായി നശിപ്പിക്കാനും പൂർണ്ണസജ്ജമാണ് ഇന്ത്യൻ സൈന്യം. എന്നാൽ, ഒരു യുദ്ധം നൽകുന്ന കെടുതി വലുതായിരിക്കും. ഒന്നും നഷ്ടപ്പെടാൻ ഇല്ലാതെ ഒരു ന്യൂക്ലിയർ ബോബിന്റെ സ്വിച്ചും പിടിച്ചിരിക്കുന്നവനാണ് നമ്മുടെ ശത്രു. പക്ഷെ, ഇന്ത്യക്കു അത് വലിയ നഷ്ടപ്പെടുത്തലുകൾ ആവും. രണ്ടു ബോംബുകൾ വർഷിച്ച ഹിരോഷിമ പോലുള്ളിടത്ത് ഇതുവരെ അതിന്റെ ആഘാതം മാറിട്ടില്ല. അതിനാൽ ശ്രദ്ധയോടെയാണ് ഇന്ത്യൻ ഗവൺമെന്റും ഇതിനെ ശ്രദ്ധയോടെ കാണുന്നത് എന്നും മേജർ രവി പറഞ്ഞു. യുദ്ധവും യുദ്ധത്തിന്റെ ഭീകരമുഖവും പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. വലിയ ഒരു യുദ്ധം വന്നാൽ രാജ്യം ഒരു 25 വർത്തിനു പിറകിലുള്ള ഒരു ഇന്ത്യയെ വീണ്ടും സൃഷ്ടിക്കാൻ ചിലപ്പോൾ ഒരു യുദ്ധത്തിന് കഴിയും. അതിനാൽ പരമാവധി അതിർത്തി രക്ഷയിൽ ഇപ്പോൾ പട്ടാളവും സർക്കാറും എടുക്കുന്ന നിലപാടുകൾ അത് പൂർണ്ണമായും ശരിയാണ്.

ശത്രു എന്ന രീതിയിൽ മാത്രം പാക്കിസ്ഥാനെ കാണാതെ പാക്കിസ്ഥാനുമായി ചർച്ചകൾ നടത്താൻ അവിടെ പോയ ആളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതിൽ ഗുണം കണ്ടില്ല എന്ന വാദഗതികൾ ശരിയല്ല. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ എപ്പോഴും ചർച്ചകൾക്ക് വന്നു എന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പാക്കിസ്ഥാൻ ആണെന്നും മനസിലാക്കിക്കാൻ സാധിച്ചു. ശത്രുവായ പാക്കിസ്ഥാനെ നിലം പരിശാക്കും എന്ന് കരുതിയ സ്ഥലത്തു വീണ്ടും ചർച്ചകൾക്കും സമാധാനത്തിനും വേണ്ടി മുൻകൈ എടുത്ത മോദി ഇരട്ടചങ്കുള്ള പ്രധാനമന്ത്രി തന്നെയാണ്. ഇപ്പോഴും പാക്കിസ്ഥാൻ അക്രമണങ്ങൾ അഴിച്ചു വിടുന്ന ഒരു രാജ്യമായും, ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായും ലോകത്തിനു മുൻപിൽ കാണിക്കാൻ മോദിക്ക് സാധിച്ചു. ഇതുവഴി ന്യൂക്ലിയർ പോലുള്ള ഒരു അറ്റാക് ഇന്ത്യക്കെതിരെ വന്നാൽ ലോക രാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും മേജർരവി പറഞ്ഞു.

ഉറി ഭൂമിശാത്രപരമായി ഒരു യുപോലെയുള്ള സ്ഥലമാണ്. നാലു വശത്തും പാക്കിസ്ഥാന് അധിനിവേശ പ്രദേശമായതിനാൽ ചുറ്റിൽ നിന്നും ആക്രമണം വരാം. അതാണ് അവിടെ സംഭവിച്ചത് പട്ടാളക്കാർ ഡ്യൂട്ടി മാറുന്ന സമയവും, ഡ്യൂട്ടി കഴിഞ്ഞ പട്ടാളക്കാർ വിശ്രമിക്കാൻ പോകുന്ന സമയവും നോക്കിയാണ് പെട്രോൾ ബങ്ക് ലക്ഷ്യമാക്കി ആക്രമണം നടന്നത്. അതാണ് ഇത്രയും പട്ടാളക്കാർ വീര്യമൃത്യു വരിക്കാൻ ഇടയാക്കിയത്. എന്നാൽ, അതിനെതിരെയും ചിലർ വിമർശിച്ചത് വിഷമിപ്പിച്ചു. കൈക്കൂലി കൊടുത്തു പട്ടാളത്തിൽ ചേർന്നാൽ ഇങ്ങനെയൊക്കെ മരിച്ചു പോവും എന്ന വിധത്തിലായിരുന്നു വിമർശനങ്ങൾ. യഥാർത്ഥത്തിൽ പോരാടി മരിച്ച രക്തസാക്ഷികളാണ് ഉറിയിലേത്.

പാക്കിസ്ഥാൻ സൈന്യത്തിലെ പട്ടാളക്കാരിലും മനുഷ്യത്വമുള്ളവരെ തന്റെ ഔദ്യോഗിക ജീവിതത്തിലും താൻ ധാരാളം കണ്ടിട്ടുണ്ട്. അതിന്റെ യഥാർത്ഥ കഥയാണ് പിക്കറ്റ് 43 എന്ന തന്റെ ചിത്രമെന്നും മേജർ രവി പറയുന്നു. അവിടെയും അകത്തു തീവ്രവാദികളായ പട്ടാളക്കാരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത വിവരം ഇല്ലാത്ത ശത്രുവാണ് മുൻപിൽ. വെടി ഉതിർക്കുമ്പോൾ ബുള്ളറ്റിൽ നിന്ന് വേർപെടുന്ന തീയും പുകയും, രക്തവും ചേർന്നുള്ള യുദ്ധത്തിന്റെ മണം അത്ര നല്ലതല്ല. എന്നാൽ, രക്ഷയില്ല എന്നു കണ്ടാൽ പാക്കിസ്ഥാൻ നിലം പരിശക്കാൻ സാധിക്കുന്ന വലിയ ശക്തി ആണ് ഇന്ത്യൻ സൈന്യമെന്നും മേജർ പറഞ്ഞു.

കാശ്മീർ വിഷയത്തിൽ മലയാളം അടക്കമുള്ള മാദ്ധ്യമങ്ങളുടെ നിലപാടിനെയും മേജർ രവി വിമർശിച്ചു. യുദ്ധഭൂമി എന്ന് പറഞ്ഞു ഒരു മലയാളം ചാനൽ ലേഖകൻ വാർത്ത റിപ്പോർട്ടു ചെയ്യുന്നത് കണ്ടു. യുദ്ധഭൂമി എന്നും അശാന്തി എന്നും പറഞ്ഞു ലാൽചത്വക്കിലുള്ള ആശുപത്രിയിൽ മതിലിൽ പോയാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. കാശ്മീരിൽ ജനങ്ങൾ പട്ടാളക്കാർക്ക് എതിരാണെന്നുള്ള വാർത്തയാണ് വന്നത്. എന്നാൽ സംഘർഷങ്ങൾ നിറഞ്ഞ സ്ഥലത്തല്ല, യഥാർത്ഥത്തിൽ പോയതെന്നും സംഭവങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലത്തുള്ള പട്ടാളക്കാരുടെ കാര്യങ്ങൾ അറിയാത്ത സ്ത്രീകളെയും, കുട്ടികളെയും മുൻപിൽ നിർത്തി. പട്ടാളക്കാരെ കല്ലെറിഞ്ഞ ചില തീവ്രവാദികൾ ഉണ്ടാക്കിയ പ്രശ്‌നങ്ങളിൽ മാദ്ധ്യമങ്ങൾ പട്ടാളക്കാരെ കുറ്റപ്പെടുത്തി വാർത്തകൾ കൊടുത്ത് ശരിയായില്ലെന്നും മേജർ രവി പറഞ്ഞു.

ഉറിയിൽ തീവ്രവാദി ആക്രമണം നടക്കുമ്പോൾ ഈ റിപ്പോർട്ടർ എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് യുദ്ധഭൂമിയിലേക്ക് പോകാത്തത്? യഥാർത്ഥ യുദ്ധഭൂമി. കാണാതെയാണ് വാർത്തകൾ കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നത്. യുദ്ധം നടക്കുമ്പോൾ തോക്കിൽ നിന്നും ഉതിർക്കുന്ന ബുള്ളറ്റിനൊപ്പം ഒരു പുക അന്തരീക്ഷത്തിൽ പടരും. അത് ചോരയുമായി ചേരുമ്പോൾ ഒരു വല്ലാത്ത ഗന്ധമാണ്. അത് ശ്വസിച്ചാൽ ഈ യുദ്ധഭൂമിയിൽ എന്നു പറഞ്ഞു റിപ്പോർട്ട് ചെയ്യുന്നവന്റെ കുടൽ വരെ ഛർദ്ദിച്ച് പുറത്തു വരും. പാക്കിസ്ഥാൻ സൈന്യം എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുമ്പോൾ മനുഷ്യത്തം കാണിക്കുന്ന ഇന്ത്യൻ സൈന്യം എങ്ങനെയാണ് കാശ്മീരികളെ ആവിശ്യമില്ലാതെ ആക്രമിക്കാൻ ഒരുങ്ങുന്നതെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന കാര്യമാണ് - മേജർ രവി പറഞ്ഞു.