കണ്ണൂർ: ഒരു നോമ്പുകാലത്തിന്റെ അവസാന രാത്രിയായിരുന്നു ഫസൽ കൊല്ലപ്പെട്ടതെന്ന് ഭാര്യ മറിയു ഓർമ്മിക്കുന്നു. 2006 ഒക്ടോബർ 26 ന് പുലർച്ചെ രണ്ടുമണിക്ക് പത്ര വിതരണത്തിനായി പോകുമ്പോഴാണ് ഫസൽ കൊലചെയ്യപ്പെട്ടത്. പള്ളിയിലെ ബാങ്കു വിളിക്കു മുമ്പേ പത്രവിതരണം നടത്തി തിരിച്ചെത്താറാണ് ഫസലിന്റെ പതിവ്. എന്നാൽ ആ ദിവസം പതിവിനു വിപരീതമായി, ഫസൽക്ക അപകടത്തിൽപ്പെട്ടെന്ന വിവരമാണ് സഹോദരീപുത്രൻ അറിയിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഫസലിന്റെ വീട്ടിലെത്തണമെന്ന് തന്റെ സഹോദരി അറിയിക്കുകയായിരുന്നു. അവിടെ എത്തിയ തനിക്ക് ഫസലിന്റെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്....എൻഡിഎഫ് പ്രവർത്തകനായിരിക്കെ സിപിഐ(എം)ക്കാർ കൊലപ്പെടുത്തിയ ഫസലിന്റെ വിധവ മറിയു ഓർമകൾ മറുനാടനോടു പങ്കുവച്ചു.

അതുവരെ താൻ സംശയിച്ചിരുന്നതുപോലെത്തന്നെ കാര്യങ്ങൾ നടന്നു. എന്നാൽ ഇത്രയും ഭീകരമാകുമെന്നു കരുതിയിരുന്നില്ല. സിപിഐ.(എം) വിട്ട ഫസലിനോട് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ഭീഷണി ഉണ്ടായിരുന്നു. ഫസൽ തിരിച്ചുവന്നില്ലെങ്കിൽ താനും മകളും വഴിയാധാരമാകുമെന്നും ചിലർ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ അവർ ഇത്രയും ക്രൂരന്മാരാകുമെന്ന് കരുതിയിരുന്നില്ല. ഫസൽ സിപിഐ(എം) വിട്ട് എൻ.ഡി.എഫിൽ ചേർന്നതോടെ കുറേ യുവാക്കളും പാർട്ടി വിട്ടിരുന്നു. അതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്.

ഫസൽ വധത്തെത്തുടർന്നു വർഗീയ സംഘർഷം സൃഷ്ടിക്കാനും സിപിഐ(എം) അപ്പോൾ ശ്രമിച്ചിരുന്നു. ബിജെപി.ക്കാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് നാടു നീളെ പ്രചാരണവും നടത്തി. രണ്ടു തവണ പൊലീസുകാർ ചിലരുടെ ചെരിപ്പുകളുമായി തന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ അതൊന്നും ഫസലിന്റെ ചെരുപ്പായിരുന്നില്ല. പൊലീസ് നായ മണം പിടിച്ചുപോയ ചില സിപിഐ.(എം) കാരുടേതായിരുന്നു അത്. അതോടെയാണ് സിപിഐ.(എം) കാരാണ് ഫസലിനെ കൊല ചെയ്തതെന്ന് തനിക്കു വ്യക്തമായത്. അതിനു നേതൃത്വം നൽകിയത് ഇപ്പോൾ ജാമ്യം നേടി മത്സരിക്കുന്ന കാരായിമാരും-മറിയു പറഞ്ഞു.

എസ്.ഡി.പി.ഐ.നിർമ്മിച്ചു നൽകിയ വീട്ടിലാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത്. എല്ലാവിധ സഹായവും അവർ നൽകിപ്പോന്നു. യുവാക്കളെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിച്ചും നേർവഴിക്ക് നടത്തിയും സേവനം ചെയ്ത ഫസൽക്കയുടെ ഓർമ്മക്കു വേണ്ടിയാണ് താൻ മത്സരിക്കുന്നത്. ഫസലിന്റെ കൊലയാളികളോടുള്ള പ്രതികാരമായി മത്സരിക്കണമെന്ന് അവർ പറഞ്ഞു. അത് ഞാൻ അനുസരിക്കുന്നു.

കാരായിമാർ കുടുങ്ങിയ ഫസൽവധക്കേസിലെ ഫസലിന്റെ ഭാര്യ സി.എച്ച് മറിയു അവരെ വെല്ലുവിളിച്ചാണ് തലശ്ശേരി കൈവട്ടം വാർഡിൽ മത്സരിക്കുന്നത്. എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായാണ് മറിയു നാമനിർദേശപ്പട്ടിക നൽകിയത്. തന്റെ ഭർത്താവിനെ കൊലചെയ്ത കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരനെ അവർ വെല്ലുവിളിക്കുകയും ചെയ്തു. ധൈര്യമുണ്ടെങ്കിൽ താൻ മത്സരിക്കുന്ന കൈവട്ടം വാർഡിൽ മത്സരിക്കാൻ ചന്ദ്രശേഖരൻ ത്രാണി കാട്ടണം. സിപിഐ.(എം)യുടെ ഉറച്ച സീറ്റിൽ മത്സരിച്ചു ജയിക്കുന്നത് വലിയ കാര്യമല്ല. നിങ്ങൾ കൊലപ്പെടുത്തിയ ഫസലിന്റെ ഭാര്യയായ തനിക്കെതിരെ മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിൽ ജനങ്ങളാണ് ജയിക്കേണ്ടത്. സിപിഐ.(എം)യുടെ പാർട്ടി തട്ടകത്തിലെ വിധിയെഴുത്തിൽ വലിയ അത്ഭുതമൊന്നുമില്ലെന്നു മറിയു പറയുന്നു.

തലശ്ശേരി കൈവട്ടത്തെ സെയ്താർ പള്ളിക്കു സമീപത്തെ ബൈന്തുൽ ഫിദാസിൽ നിന്നും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ മറിയു, തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തന്റെ ഭർത്താവ് ഫസലിന്റെ കൊലയാളികളോടുള്ള അടങ്ങാത്ത പ്രതിഷേധം ആ മുഖത്ത് തുടിക്കുന്നുമുണ്ട്. എന്തിനാണ് അവർ തന്റെ ഭർത്താവിനെ കൊലചെയ്തത്. സിപിഐ.(എം) പ്രവർത്തകനായിരുന്ന ഫസൽ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നിരുന്നു. പിന്നീട് ഒരു പത്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചു. എൻ.ഡി.എഫിന്റെ പ്രവർത്തകനുമായി. എൻ.ഡി.എഫിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കുന്നു എന്നു പറഞ്ഞാണ് ഫസലിനെ കൊലചെയ്തത്. കോടതിയിൽ നിന്നും 5 ദിവസത്തേക്ക് കാരായിമാർ ഇറങ്ങിയത് എന്തു ജനസേവനത്തിനാണെന്നു മറിയു ചോദിക്കുന്നു.

എൽ.ഡി.എഫ് ഭരണകാലത്ത് പൊലീസുകാരെ മാറ്റി മാറ്റി ഫസൽ വധക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അന്നത്തെ ഭരണകൂടം നീതി നടപ്പാക്കാൻ അനുവദിച്ചില്ല. ഒടുവിൽ സിബിഐ. അന്വേഷിച്ചപ്പോഴാണ് കാരായി രാജനും ചന്ദ്രശേഖരനും അകത്തായത്. ഇനിയും രണ്ടുപേരെ പിടികൂടാനുമുണ്ട്. കൊലയാളികൾ ജനാധിപത്യ സ്ഥാപനങ്ങളിൽ മത്സരിക്കുന്നത് അഭികാമ്യമല്ല. അവരെ ജയിപ്പിക്കുന്നത് അതിലേറെ കുറ്റകരമാണ്. സിപിഐ.(എം) ൽ മാത്രമേ അത് കഴിയൂ, മറിയു ആരോപിക്കുന്നു. കുറ്റവാളികളെ തെരഞ്ഞെടുക്കുന്നതോടെ അത് കുറ്റവാളികളുടെ പ്രസ്ഥാനമായി മാറും.

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിലാണ് പത്രിക നൽകിയിട്ടുള്ളത്. നാമനിർദേശപ്പത്രികാസമർപ്പണം അവസാനിക്കുംമുമ്പേ ചന്ദ്രശേഖരനോട് ധൈര്യം കാട്ടാൻ ഒരിക്കൽക്കൂടി വെല്ലുവിളിച്ചു. കൈവട്ടത്തെ നാല്പത്തഞ്ചാം വാർഡിലേക്ക് വരൂ ചന്ദ്രശേഖരാ, ഇവിടെ നമുക്ക് ഏറ്റുമുട്ടാം. തലശ്ശേരി മുബാറക്ക് സ്‌ക്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മകളെ സ്‌ക്കൂളിലേക്കയച്ച് തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങുകയാണ് മറിയു. അതേ, തന്റെ ഭർത്താവിന്റെ കൊലയാളികളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നവരോടായി പ്രതിഷേധവുമായി മറിയു കൈവട്ടത്തിനു പുറത്തുകാത്തിരിക്കയാണ്.