തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ സാമ്പത്തിക വിദഗ്ദ മേരി ജോർജ് കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു. നോട്ട് നിരോധനം സമൂഹത്തിന് ഗുണം ചെയ്യുമെന്ന് വാദിച്ച സാമ്പത്തിക വിദഗ്ധ. തീരുമാനം വന്ന് അമ്പത് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് സമ്മിശ്ര വികാരമാണ് ഇതേ കുറിച്ച് ഉയരുന്നത്. പ്രതീക്ഷിച്ച കള്ളപ്പണം കണ്ടെത്താൻ മോദിയുടെ തീരുമാനത്തിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ എഴുപത്തിയഞ്ച് ശതമാനം മാത്രമേ ബാങ്കുകളിൽ തിരിച്ചെത്തൂവെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് തൊണ്ണൂറ് ശതമാനത്തിലധികം തുകയും തിരിച്ചെത്തി. ഇതോടെ നോട്ട് നിരോധനം പൊളിഞ്ഞെന്ന പൊതു വിലയിരുത്തലാണ് ഉണ്ടായത്.

അപ്പോഴും തന്റെ മുൻ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് മേരി ജോർജ്. നോട്ട് പിൻവലിക്കൽ നടത്തിയത് കള്ളപ്പണം തടയണം എന്ന ഉദ്ദേശത്തോടുകൂടിയാണ്, ഇത് രാജ്യത്തിന്റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ഇനിയും തർക്കിക്കുന്നതിൽ അർഥമില്ല. രാഷ്ട്രീയ ഭേദമന്യേ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞത് പോലെ തന്നെ താൽക്കാലിക സാമ്പത്തികമാന്ദ്യമുണ്ടാകും. പക്ഷേ ഭാവിയിൽ ഗുണം ചെയ്യുമെന്നതുറപ്പ്. രാജ്യത്തെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതാനുള്ള അവസരം വിനിയോഗിക്കുക തന്നെയാണ് വേണ്ടത്. എന്നാൽ ഇത് നടപ്പാക്കിയതിൽ വന്ന ചില പാളിച്ചകളാണ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.-മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മേരി ജോർജ് വ്യക്തമാക്കി

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വേണമായിരുന്നു പദ്ധതി നടപ്പിലാക്കാൻ. അതേ സമയം തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി ഇത്തരം ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകാത്തതുമാണ്. ഇന്ത്യക്ക് അകത്ത് മാത്രമല്ല ഇന്ത്യക്ക് പുറത്തും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിനകത്തെ കള്ളപ്പണം പിടികൂടിയ ശേഷം വിദേശത്തുള്ളത് പിടികൂടുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അഭിമുഖത്തിലേക്ക്

നോട്ട് നിരോധനം ഒരു വിജയമോ അതോ പരാജയമോ?

നോട്ട് നിരോധന വിഷയത്തിൽ മുൻ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. രാജ്യത്തിന് വേണ്ടി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തന്നെയാണ് ഇതെന്നതിൽ സംശയമില്ല. എന്നാൽ ഇത് നടപ്പാക്കിയ രീതിയിൽ പോരായ്മകൾ ഉണ്ടെന്നത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ സാമ്പത്തിക വ്യവസ്ഥയെന്ന യന്ത്രത്തെ ചലിപ്പിക്കുന്ന എണ്ണയാണ് കറൻസി നോട്ടുകൾ. നോട്ട് പിൻവലിക്കലിലൂടെ യന്ത്രത്തിന് വേഗത കുറഞ്ഞിട്ടുണ്ട. പക്ഷേ രാജ്യത്തിന്റെ ഭാവിക്ക് ഈ നോട്ട് പിൻവലിക്കൽ തീർച്ചയായും ഒരു മുതൽകൂട്ട് തന്നെയാണ്.ഇന്ത്യയിൽ നിലനിന്നിരുന്ന കറൻസി നോട്ടുകളിൽ 86.4 ശതമാനം വരുന്ന നോട്ടുകളാണ് 500, 1000 നോട്ടുകൾ പിൻവലിച്ചതിലൂടെ അസാധുവായത്. ഇത് മനസ്സിലാക്കികൊണ്ട് കൂടുതൽ 50, 100 രൂപയുടെ നോട്ടുകൾ അടിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം മുഴുവൻ ഇല്ലാതാക്കാനായിട്ടുണ്ടോ ? പിൻവലിച്ച നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

മൂന്ന് ശതമാനം പണം മാത്രം തിരികെ വന്നില്ല എന്നതിനാൽ അത്രയും മാത്രമാണ് കള്ളപ്പണം എന്നത് തെറ്റായ ധാരണയാണ്. റിസർവ് ബാങ്ക് അച്ചടിച്ച് ഇറക്കുന്ന കറൻസികളിൽ കണക്ക് കാണിക്കാതെയും നികുതി അടക്കാതെയും സൂക്ഷിക്കുന്നത് മാത്രമല്ല കള്ളപ്പണം. അത് മാത്രമാണ് കള്ളപ്പണം എന്ന ധാരണ തന്നെ തെറ്റാണ്. റിസർവ് ബാങ്ക് അച്ചടിച്ചതായ പഴയ 500,1000 രൂപയുടെ നോട്ടുകൾ 100ശതമാനവും തിരികെയെത്തിയെന്ന് പറഞ്ഞാലും ്തിൽ അതിശയോക്തിയൊന്നും ഇല്ല. അതിനുള്ള കാരണം എന്തെന്നാൽ ഇവിടെ വ്യാപനം നടത്തുന്ന കള്ളനോട്ടുകൾ റിസർവ് ബാങ്ക് അച്ചടിച്ചതാകണമെന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെയാണ് കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് വരുന്നത്.

അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളിൽ നിന്നും അയക്കുന്ന കുഴൽപ്പണവും റിസർവ്ബാങ്ക് അച്ചടിച്ചതാകണമെന്ന് ഒരു ഉറപ്പുമില്ല. ഇതോടൊപ്പം തന്നെ കള്ളപ്പണം പണമായി സൂക്ഷിക്കുന്നുവെന്നതും തെറ്റായ ധാരണയാണ്. ഭൂമിയായും, സ്വർണ്ണവുമായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ 97 ശതമാനവും തിരികെയെത്തി എന്നതുകൊണ്ട് കള്ളപ്പണം തിരിച്ച് പിടിക്കാനായില്ല എന്ന് പറയുന്നതിൽ അർഥമില്ല. കഴിഞ്ഞ ബജറ്റ് നടന്നത് ഫെബ്രുവരി 28നാണ് അതുവരെയുള്ള കള്ളപ്പണം മുഴുവൻ സ്വർണ്ണമായും റിയലെസ്റ്റേറ്റ് നിക്ഷപമായും മാറിക്കഴിഞ്ഞുവെന്നതാണ് സത്യം. കള്ളപ്പണം വെളുപ്പിക്കാൻ 45 ശതമാനം നികുതി നിരക്കിൽ ഉറവിടം വെളിപ്പെടുത്താതെ മാറ്റിയെടുക്കാൻ അവസരം നൽകിയതുമാണ് അന്ന് അത് ഉപയോഗി്കകാതിരുന്നാൽ രൂക്ഷമായ തീരുമാനങ്ങളിലേക്ക് പോകുമെന്ന് ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നതുമാണ്.

ക്യാഷ്‌ലെസ് ഇക്കോണമി എന്ന സമ്പ്രദായം ഇന്ത്യയിൽ സാധ്യമാണോ?

ഇന്ത്യയിൽ പണം നേരിട്ടുപയോഗിച്ചുള്ള ക്രയവിക്രയങ്ങളാണ് 78 ശതമാനത്തോളം. പെട്ടെന്ന് ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് മാറാനാകില്ല. അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സാക്ഷരത കുറവുള്ള, ഇന്റർനെറ്റ് സൗകര്യങ്ങൾ താരതമേന കുറവുള്ള രാജ്യത്ത്. സാക്ഷരത കൂടുതലുള്ള കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. എന്നാൽ കേരളത്തിൽ പോലും ഇൻർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്ത സ്ഥലങ്ങളുണ്ട്. ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് പെട്ടെന്ന് പോകാൻ പറ്റില്ലെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ക്യാഷ്‌ലെസ് എക്കോണമിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നിലപാടെടുക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

ഇടപാടുകൾ നടത്താൻ പണം ഉപയോഗിച്ചില്ലെങ്കിലും പണം കൈയിൽ സൂക്ഷിക്കുന്നതാണ് പതിവ്. 80 ശതമാനം ക്യാഷ്‌ലെസ് എക്കോണമിയായ അമേരിക്കയിൽപ്പോലും ആൾക്കാർ പണം കയ്യിൽ സൂക്ഷിക്കുന്ന രീതിയാണ് പിൻതുടർന്ന് പോരുന്നത്.

ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് മാറുമ്പോൾ സുരക്ഷ ഉറപ്പ് വരുത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ക്യാഷ്‌ലെസ് എക്കോണമിയെന്ന് കേൾക്കുമ്പോൾ തന്നെ അതിലെ സുരക്ഷയെക്കുറിച്ചായിരിക്കും ഏവർക്കും ആശങ്ക. ഇന്റർനെറ്റ് സുരക്ഷ ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. 80 ശതമാനം ക്യാഷ്‌ലെസ് എക്കോണമിയുള്ള്ള അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്താനായി ഇലക്ട്രോണിക് ബാങ്കിങ്ങ് റെഗുലേറ്ററി സിസ്റ്റം നിലൻക്കുമ്പോഴും അവിടെയും ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിലും സൈബർ സെ്കക്യൂരിറ്റി പരമാവധി ഉറപ്പ് വരുത്താനായി ഐടി ഇൻട്രസ്ട്രീസ് വകുപ്പ് ചർച്ച നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങൾക്കെല്ലാം തന്നെ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്തുന്നുമുണ്ട്.

ഇന്ത്യൻ സർക്കാറിന്റെ തന്നെ പുതിയ പദ്ധതിയായ ബിം സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിലായിരിക്കും. നമ്മുടെ ആധാർ കാർഡുമായിട്ട് ലിങ്ക് ചെയ്തിട്ടുള്ളതാണ് ഇത്. ആധാറിനൊപ്പം തന്നെ നമ്മുടെ മറ്റ് തിരിച്ചറിയൽ രേഖയിലെ നമ്പർ എന്നിവയുമായും ബന്ധിപ്പിച്ചവയാണ്. ഒടിപി, പേടിഎം തുടങ്ങിയവയും സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്.

ക്യാഷ്‌ലെസ് എക്കോണമി എന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോത്ര വിഭാഗത്തിനിടയിലും ആദിവാസി ഊരുകളിലും നടപ്പാക്കുന്നത് എങ്ങനെയാണ്?

തീർച്ചയായും അവരും ഇന്ത്യയുടെ പൗരന്മാർ തന്നെയാണ്. എന്നാൽ ക്യാഷ്‌ലെസ് എക്കോണമി എന്നത് ഈ വിഭാഗക്കാർക്ക് അപ്രാപ്യമാണെന്ന ധാരണ തെറ്റാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മലപ്പുറം നിലമ്പൂരിലെ കുറുളായി എന്ന ആദിവാസി ഗ്രാമം. അവിടെ 100 ശതമാനം ഡിജിറ്റൽ സംവിധാനമാണ്. അപ്പോൽ എല്ലാവർക്കും ഇത് പഠിച്ചെടുക്കാവുന്നതേയുള്ളു. ഇതിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതും ജനങ്ങൾക്ക് കൃത്യമായി ബോധവൽക്കരണം നൽകുക എന്നതുമൊക്കെയാണ് പരിഹാര മാർഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ അവർക്ക് ഇതിലേക്കുള്ള മാർഗങ്ങൾ നേരിട്ട് നിർദ്ദേശിക്കേണ്ടതും അത്യാവശ്യമാണ്.