മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് നബിയാകുമോ, ആ കൃതി ഒരാക്ഷേപഹാസ്യമാണെന്നിരിക്കിൽ അതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് രചയിതാവിന്റെ കൈ വെട്ടുമോ?.... ഈ വിഷയത്തിൽ തുടങ്ങിവച്ച ചർച്ചയ്ക്ക് പ്രഫ. എം എൻ കാരശേരി പങ്കെടുക്കുന്നു. 

മുഹമ്മദ് എന്ന പേരു ചേർത്ത അദ്ധ്യാപകനോടു ഡി ടി പി ഓപ്പറേറ്ററും പിന്നീട് വിദ്യാർത്ഥികളും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്നാണ് അദ്ധ്യാപകനെതിരേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ എച്ച് നാസർ ആരോപിക്കുന്നത്. ഇതിനു കാരശേരി മറുപടി നല്കുന്നു. പ്രൊഫ.എം.എൻ (മുഹ്‌യുദ്ധീൻ എൻ)കാരശേരിയുമായി മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖത്തിൽ നിന്ന്:-

  • പ്രവാചകനിന്ദ നടത്തിയെന്ന പേരിലാണല്ലോ മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയത്. ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ ദൈവവും പ്രവാചകരും വിമർശനത്തിന് അതീതരല്ലെന്നാണോ?

രു ജനാധിപത്യവ്യവസ്ഥയിൽ ആരും വിമർശനത്തിന് അതീതരല്ല. ദൈവത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. ജനാധിപത്യത്തിൽ ആർക്കും ആർക്കെതിരെയും വിമർശനങ്ങൾ പറയാം. അതായത് നിന്ദയും വിമർശനവും രണ്ടാണ്. നിന്ദ എന്നത് നിങ്ങൾ ആളുകളെ അവഹേളിച്ച് ശകാരിച്ച് വർത്തമാനം പറയുകയാണ്. ഇന്ന ഒരു കാര്യത്തിൽ മുഹമ്മദ് നബി ചെയ്തത് ശരിയല്ല എന്നതു വിമർശനമാണ്. അതേസമയം അദ്ദേഹത്തെക്കുറിച്ച് തെറിപറയലാണ് നിന്ദ എന്നു പറയുന്നത്. മുഹമ്മദ് നബിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ അത് വിമർശിക്കാനുള്ള സ്വതന്ത്ര്യമുണ്ട് അത്തരത്തിൽ വിമർശനങ്ങൾ ഞാൻ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ തല വെട്ടണമെങ്കിൽ അതാവാം.

പ്രവാചകനെന്നല്ല ഒരു മനുഷ്യനെയും നിന്ദിക്കാൻ പാടില്ല. ഇതു ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. നിന്ദ വിമർശനത്തിന് എതിരാണ് . നിന്ദിച്ചാൽ മറുപടി പറയാൻ കഴിയില്ല. ഇപ്പോൾ ഫേസ്‌ബുക്ക് നോക്കിയാൽ കാണാം അത് വിമർശനമല്ല നിന്ദയാണ്. കുടുംബമാണെങ്കിലും മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വിമർശനമെന്നത് അത്യാവശ്യമാണ്. അതാണ് അതിന്റെ ഒരു രീതി. രാമനെ വിമർശിക്കാൻ വേണ്ടിയാണ് രാമായണം എന്ന പുസ്തകം ഉണ്ടായത്. ദൈവങ്ങളോ അവതാരപുരുഷന്മാരോ പ്രവാചകന്മാരോ വിമർശനത്തിന് അതീതമാണെന്ന് ഇവിടെയാരും ധരിക്കാൻ പാടില്ല.

  • ഈ ധാരണയല്ലേ പലപ്പോഴും വൈകാരിക പ്രകടനങ്ങളിലേക്ക് എത്തിച്ചേരുന്നത്?

മുന്നോട്ടുപോകാൻ വേണ്ടത് വികാരമല്ല വിചാരമാണ്. ഈ വിചാരത്തിൽ നിന്നാണ് വിവേകം ഉണ്ടാകുന്നത്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്‌മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്. ഇദ്ദേഹത്തിന്റെ പത്‌നിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിന് ഉത്തരവാദികൾ വരെ കോളേജ് അധികാരികളാണ്. ജോസഫിന് സംഭവിച്ച പിശകിനേക്കാളും ആയിരമിരട്ടി പ്രവാചകനെ നിന്ദിച്ചത് പോപ്പുലർ ഫ്രണ്ടുകാരാണ്. [BLURB#1-VL] 

  • ചോദ്യപേപ്പർ അടിച്ചിരുന്ന ഡി.ടി.പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു പോലും ജോസഫ് മാഷ് അതു തിരുത്താൻ തയ്യാറായില്ല അതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്നായിരുന്നു പോപ്പുലർഫ്രണ്ട് നേതാവ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നത്..

ഡി.ടി.പി ഓപ്പറേറ്റർ ചൂണ്ടിക്കാട്ടിയോ, അതല്ല വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയോ എന്നൊന്നും നമുക്കറിയില്ല. ഇദ്ദേഹം ഒരു മലയാളം പ്രൊഫസറാണല്ലോ. മിനിമം എം.എ പാസായിട്ടാണല്ലോ മലയാളം പ്രൊഫസറായി എത്തുന്നത്. അങ്ങനത്തെ ഒരാൾക്ക് ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ടോ. ഇനി വാദത്തിന് വേണ്ടി പ്രവാചകനെ നിന്ദിക്കാൻ വേണ്ടിയാണെന്നു തന്നെ വിചാരിക്കുക- അങ്ങനെയാണെന്ന് നമുക്കാർക്കും അറിയില്ല- വാദത്തിന് വേണ്ടി കരുതുക, എന്നാൽ അതിന് പരിഹാരമുണ്ടാക്കാൻ ഈ നാട്ടിൽ നിയമവ്യവസ്ഥയില്ലേ.

ഏതെങ്കിലും വ്യക്തിയേയോ സമൂഹത്തെയോ സംസ്‌കാരത്തെയോ പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ആ ചോദ്യക്കടലാസ് ഇട്ടതിനെപ്പറ്റി ന്യൂമാൻ കോളേജിലെ പ്രിൻസിപ്പലിനോടും അതിന്റെ മേലെയുള്ള സർവകലാശാലയോടും അതിന്റെ പുറത്തേക്കു വന്നാൽ പൊലീസിനോടും കോടതിയോടും പരാതിപ്പെടാനുള്ള വകുപ്പുണ്ട്, അതിന് ഇവിടെ നിയമമുണ്ട്. അതുകൊണ്ട് ആരും നിയമം കയ്യിലെടുക്കാൻ പാടില്ല. മതത്തിന്റെയും പാർട്ടിയുടെയും പേരിലായാൽ നിയമം കയ്യിലെടുക്കാം എന്നുവന്നാൽ ഈ നാട്ടിൽ അച്ചടക്കമില്ല, നിയമവാഴ്ചയില്ല, നീതിന്യായ വ്യവസ്ഥയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക.

  • യഥാർത്ഥത്തിൽ ആ ചോദ്യത്തിൽ വല്ല പിശകും ഉണ്ടായിരുന്നോ?

ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്‌കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ട് ജോസഫ് ചെയ്തത് ശരിയാണെന്ന് ഞങ്ങളാരും ഒരിക്കലും പറയുകയില്ല. അത് ഇവരാരെയും പേടിച്ചിട്ടല്ല. ഞാനും ഒരു മലയാളം അദ്ധ്യാപകനാണ്. ചോദ്യക്കടലാസ് ഇട്ട് എനിക്കെത്രയോ പരിചയമുണ്ട്, ഞാൻ 34 വർഷം കോളേജിലും യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപകനായിരുന്നു. അതുകൊണ്ട് ഇതൊരു നിലവാരം കുറഞ്ഞ സാധനമാണ്. ഈ ചോദ്യം കൊടുത്തത് ചിഹ്നം ചേർക്കാനാണ്. ആളുകൾ തമ്മിലുള്ള വിരഹത്തിന്റെയോ, സ്‌നേഹത്തിന്റെയോ, ശോകത്തിന്റെയോ, മഹത്വത്തിന്റെയോ വാക്കുകളാണ് വേണ്ടത്. ഇത് എന്തു സംഭാഷണമാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ ഭ്രാന്തൻ എന്നാണുള്ളത്, ആ ലേഖനത്തിൽനിന്ന് ആ ഭാഗം അടർത്തിയതു തന്നെ തെറ്റാണ്.[BLURB#2-VR]

ഇതിൽ ഏറ്റവും കൂടുതൽ നിന്ദിച്ചത് ആ കുട്ടികളെയാണ്. ഒരു ചോദ്യപേപ്പറിൽ വരാൻ പാടില്ലാത്തതാണിത്. ഭ്രാന്തനെന്നതിനു പകരം മുഹമ്മദ് എന്നെഴുതിയത് പി.ടി കുഞ്ഞഹമ്മദിനെ ബഹുമാനിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കുഞ്ഞുമുഹമ്മദ് എന്ന് എഴുതണ്ടായിരുന്നോ, ദൈവം കുഞ്ഞുമുഹമ്മദിനെ നായിന്റെ മോനേ എന്നു വിളിക്കുന്നതാണോ ബഹുമാനിക്കൽ. ഏതു ദൈവമാണ് നായേ എന്നു വിളിക്കുക. ഒരു ചെകുത്താൻ വിളിക്കുമോ അങ്ങനെ. ഇക്കാരണങ്ങളാലെല്ലാമാണ് 259 ചുമത്തി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്.

  • അദ്ധ്യാപകനോട് ചെയ്ത ആക്രമത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

ജോസഫ് ചെയ്തതു മുഴുവൻ ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതേസമയം ജോസഫിനോട് ചെയ്തത് ശരിയല്ല എന്ന് ഞാൻ പറയും. പിന്നെ പോപ്പുലർ ഫ്രണ്ടുകാർ അദ്ദേഹത്തിന്റെ കൈവെട്ടി എന്നുള്ളത് നൂറു ശതമാനം പൈശാചികമായ പ്രവൃത്തിയാണ്. അവർക്ക് നിയമവാഴ്ചയോടോ പ്രവാചകനോടോ ബഹുമാനമുണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത് ഇത് പ്രവാചകനിന്ദയാണ്, മനുഷ്യനിന്ദയാണ,് സംസ്‌കാര നിന്ദയാണ്... ഇങ്ങനെയുള്ള ചോദ്യപേപ്പർ കുട്ടികളുടെ മുന്നിൽ വയ്ക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ സമീപിക്കുകയല്ലേ വേണ്ടത്. അതായത് ഇത് പ്രവാചകനിന്ദയാണെന്ന് പറഞ്ഞ് ഇവർക്ക് ഇസ്ലാമിന്റെ പേരിൽ വാളെടുക്കാനും അക്രമം നടത്താനുമുള്ള പ്രവണത തീവ്രവാദമാണ്, താലിബാനിസമാണ്.

  • ഈ കൃത്യം നടത്തിയിരിക്കുന്നത് പോപ്പുലർഫ്രണ്ട് പ്രവർത്തകരെല്ലെന്നാണ് അവരുടെ നേതാക്കൾ തന്നെ പറയുന്നത്?

സംഭവത്തിൽ നമ്മളെല്ലാം കാണുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശിക്ഷിക്കുന്നതുമാണ്. ഇതിലെ പ്രധാനപ്പെട്ട അഞ്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്നു പറയാൻ അവർക്കു സാധിക്കുമോ. ഇനി അവരുടെ നേതാക്കളുമായി ആലോചിച്ച് ചെയ്തതാണോ അല്ലയോ എന്നു പറയാൻ നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല. അപ്പോ ഇവർ കൈ വെട്ടിയെന്നത് യാഥാർത്ഥ്യമല്ലാതാകുന്നില്ല. ഇവർ പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകരാണെന്നുള്ളത് കോടതി തെളിയിച്ചതാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പോപ്പുലർഫ്രണ്ടുകാർക്കെതിരേ ആരോപണം മാത്രമുള്ളൂ എന്നായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്, ഇപ്പോൾ ശിക്ഷയും വിധിച്ചില്ലേ.., മാറാട് കലാപത്തിൽ ഇവർക്ക് പങ്കുണ്ട് എന്നത് ജോസഫ് പി കമ്മീഷന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ അക്രമം കാണിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പിന്നെ അത് നേതൃത്വം മീറ്റിംങ് കൂടി നടപ്പാക്കിയതാണെന്ന് നമുക്ക് പറയാൻ പറ്റില്ല.

  • കൈവെട്ട് കേസോടു കൂടി ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുടെ പിന്നാമ്പുറം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിരീക്ഷണം?

ചാർളിഎബ്‌ദോ എന്ന മാസിക പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വെടിവെയ്‌പ്പിൽ പന്ത്രണ്ടു പേർ മരിക്കാനിടയായതോടെ പിറ്റേദിവസം അറുപത് പേജിൽ പ്രവാചകനെതിരേ കാർട്ടൂണുമായി ലക്ഷക്കണക്കിന് കോപ്പി ഇറങ്ങുകയല്ലേ ചെയ്തത്. അതുകൊണ്ട് പ്രവാചകനിന്ദക്ക് വഴിവയ്ക്കാൻ മാത്രമേ ഇത്തരം ഇടപെടൽ കൊണ്ട് സാധിക്കുകയുള്ളൂ. ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്‌സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മനുഷ്യൻ അങ്ങനെയുമുണ്ട് വാളും അക്രമവും മാത്രമല്ല മാർഗം. ഈ വെട്ടും കുത്തും നടത്തിയാൽ സ്വർഗത്തിൽ പോകുമെന്നാണ് ഇവരുടെ ധാരണ. അതിന് നമുക്ക് മറുപടിയൊന്നും പറയാനില്ല. നരകത്തിൽ പോകുന്നവർ പിന്നെ ആരാണെന്ന് മനസിലാകുന്നില്ല. സ്വർഗമുണ്ടെങ്കിൽ നരകവും ഉണ്ടാകേണ്ടതാണല്ലോ.[BLURB#3-VL] 

  • അക്രമത്തിന്റെ ഭാഷ ഇസ്ലാമിനെയും പ്രവാചകനെയും സമൂഹത്തിൽ തെറ്റായി ധരിക്കാൻ മാത്രമല്ലേ ഇടവരുത്തുകയുള്ളൂ..?

തായത് പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് അറേബ്യയിൽ ഒരു പ്രശസ്തയായ കവയിത്രിയുണ്ടായിരുന്നു. അവർ നബിയെ കളിയാക്കിക്കൊണ്ട് ഒരു കാവ്യമെഴുതി. പരിഹാസ കവനം, അതിൽ നബിയുടെ പേരായി പറഞ്ഞിരുന്നത് മാമൂദ് എന്നാണ്. അറബിയിൽ ദുരന്തമെന്നാണ് ഇതിനർത്ഥം. ഇതു കേട്ട നബിയുടെ ശിഷ്യന്മാരും അനുചരന്മാരും ആകെ ബേജാറിലായി. അവർ ഇതുമായി നബിയുടെ അടുക്കൽ ചെന്നു. മുഹമ്മദ് നബി ഇതു മറിച്ചു നോക്കിയിട്ട് പറഞ്ഞത് ഞാൻ മുഹമ്മദാണ് ഇത് മാമൂദിനെ പറ്റിയാണല്ലോ എന്നായിരുന്നു. വാസ്തവത്തിൽ നബി ഒരു യോഗ്യനായതു കൊണ്ട് അത്രയുള്ളൂ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള അനേകം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പതിമൂന്നു വർഷം ഇതെല്ലാം സഹിച്ച് പൊറുത്ത് ജീവിച്ചയാളാണ് നബി. അദ്ദേഹം ആരോടും പ്രതികാരം ചെയ്തിട്ടില്ല. പ്രവാചകന്റെ തലയിൽ സ്ഥിരമായി പാത്രം കമഴ്‌ത്തിയിരുന്ന ഒരു യഹൂദസ്ത്രീ അസുഖ ബാധിതയായ സമയത്ത് ആ സ്ത്രീയെ സന്ദർശിക്കാൻ പോയതും ആ വനിത മാപ്പപേക്ഷിച്ചതും ചരിത്രത്തിൽ പരിശോധിച്ചാൽ കാണാൻ സാധിക്കും. അതുകൊണ്ട് നിന്ദ ഒന്നിനു പരിഹാരമല്ല. വാളെടുക്കുന്നത് മറുപടിയില്ലാതാകുമ്പോഴാണ്. മറുപടിയില്ലാതാകുമ്പോഴാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നതും കൈവെട്ടുന്നതുമെല്ലാം.