ടൻ ദിലീപിന് സിനിമയിൽ തുടർച്ചയായുണ്ടാകുന്ന പരാജയങ്ങൾക്ക് സുഹൃത്തുക്കൾ ഉത്തരവാദികളല്ലെന്ന് നടനും ദിലീപിന്റെ ആത്മമിത്രവുമായ നാദിർഷ. മിമിക്രികാലം തൊട്ടേ ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദങ്ങളിലും കൂടെ നിന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറിച്ചും അഭിപ്രായം പറയാറുണ്ട്. എന്നാൽ ഒരു സുഹൃത്ത് എന്നതിനപ്പുറത്തുള്ള ഇടപെടലുകൾ നടത്താറില്ലെന്നും അത്തരത്തിലുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും നാദിർഷാ റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ വ്യക്തമാക്കി.

ദിലീപിന്റെ സിനിമകൾ പരാജയപ്പെടുന്നതിന് ഉത്തരവാദികൾ സുഹൃത്തുക്കളാണോ എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കിൽ അതിൽ ഞാനും പെടുമല്ലോയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. എന്നാൽ ദിലീപിന്റെ സിനിമകളെ കുറിച്ച് അഭിപ്രായം പറയാറുണ്ട്. ചെയ്യാൻ പോകുന്ന പ്രൊജക്ടുകളെ കുറിച്ച് അദ്ദേഹത്തിന് തന്നെ വ്യക്തമായ നിലപാടുകളുണ്ട്. പ്രത്യേകിച്ചും, അയലത്തെ വീട്ടിലെ പയ്യൻ എന്ന നിലയിലുള്ള ഇമേജിനെ നിലനിർത്തുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. ചെയ്യാൻ പോകുന്ന സിനിമകളുടെ തിരക്കഥകൾ ദിലീപ് തിരുത്തുമെന്നും അതിനായി സുഹൃത്തുക്കളെ ആശ്രയിക്കുമെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. അതു ശരിയല്ല. എന്നാൽ ദിലീപ് തിരക്കഥ തിരുത്തുമെന്ന് പറയുന്നവർ അദ്ദേഹം ചെയ്ത് വിജയിപ്പിച്ച, പരാജയപ്പെടുമായിരുന്ന നിരവധി ചിത്രങ്ങളുടെ പട്ടിക കൂടി പരിശോധിക്കണം. പരാജയപ്പെടുമായിരുന്ന എത്രയോചിത്രങ്ങളുടെ തിരക്കഥയിൽ ദിലീപ് നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ചതുകൊണ്ടുമാത്രം വിജയിച്ചുപോയിട്ടുണ്ടെന്ന് സുഹൃത്ത് എന്ന നിലയിൽ എനിക്കറിയാം. എന്നാൽ ആ സിനിമകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് നാദിർഷ ഉത്തരം പറഞ്ഞില്ല.

അബി മൂത്രമൊഴിക്കാൻ പോയപ്പോൾ മാവേലിയുണ്ടായി

തന്റെ നേതൃത്വത്തിൽ പുറത്തിറക്കിയിരുന്ന ദേ മാവേലി കൊമ്പത്ത് എന്ന ഓണക്കാല മിമിക്രി ആൽബത്തിലൂടെ രംഗത്തെത്തിയ താരങ്ങളെല്ലാം ഉയർന്ന നിലയിലെത്തിയതിൽ ആഹ്ലാദമുണ്ടെന്ന് നാദിർഷ പറഞ്ഞു. തന്നെയും ദിലീപിനെയും കൂടാതെ കലാഭവൻ മണി, സലിംകുമാർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. ദേ മാവേലി കൊമ്പത്ത് ചെയ്യുന്ന കാലത്ത് അബിയാണ് മിമിക്രിയിലെ സൂപ്പർ സ്റ്റാർ. എന്നാൽ ട്രയൽ നോക്കുന്ന സമയത്ത് മാവേലിക്ക് പറ്റിയ ശബ്ദം അബിയെ കൊണ്ട് പലതവണ ചെയ്യിച്ചു. എന്നാൽ ആരുടെയും ശബ്ദം യോജിച്ചില്ല. ഒടുവിൽ അബി മൂത്രമൊഴിക്കാൻ പോയപ്പോൾ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തിൽ മാവേലിയെ അനുകരിച്ചുനോക്കി. അത് നന്നായി യോജിക്കുന്നുണ്ടെന്ന് അപ്പോഴാണ് തോന്നിയത്. പിന്നീട് അബി മൂത്രമൊഴിച്ച് തിരികെ വന്നപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കാസറ്റിൽ പേര് വയ്ക്കുന്നില്ലല്ലോയെന്ന് പറഞ്ഞതോടെ പിന്മാറി. പിന്നീട് ഓരോ വർഷം കഴിയുന്തോറും ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള മാവേലി കേരളം കീഴടക്കുകയായിരുന്നു. ദിലീപും താരമായി മാറി.

ചാൻസ് ചോദിച്ചെത്തിയ കലാഭവൻ മണി

അതോടൊപ്പം ഓർമയിൽ തിളങ്ങി നിൽക്കുന്നതാണ് കലാഭവൻ മണിയുടെ അരങ്ങേറ്റവും. ദേ മാവേലി കൊമ്പത്ത് സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കൽ കലാഭവൻ മണി എന്നൊരാൾ ചാൻസ് ചോദിച്ചെത്തിയത്. എന്നാൽ മണി തങ്ങളുടെ എതിർ ട്രൂപ്പിലായിരുന്നതുകൊണ്ട് ചാൻസ് കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് അദ്ദേഹം വലിയ സ്റ്റാറായി തിളങ്ങി നിൽക്കുമ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനിടെയണ് എന്റെയടുത്ത് വന്ന് ചോദിച്ചത്. നാദിർഷാ ഇപ്പോൾ ഞാനൊരു നടനായില്ലേ ഇനിയെങ്കിലും എനിക്ക് ചാൻസ് തന്നൂടെ, നിങ്ങളെ കാസറ്റിൽ. (അന്ന് അത്രയ്ക്ക് പോപ്പുലറായിരുന്നു ദേ മാവേലി കൊമ്പത്ത്.) പക്ഷേ അപ്പോഴേക്കും ആ വർഷത്തെ കാസറ്റിന്റെ ജോലികൾ പൂർത്തിയായിരുന്നു. എന്നാൽ അവസാന വട്ട ജോലിക്കിടെ സ്റ്റുഡിയോയിൽ എത്തിയ കലാഭവൻ മണി പുറത്തിരുന്ന് കൂട്ടുകാരോട് എന്തൊക്കെയോ തമാശ പറഞ്ഞ് ചിരിക്കുന്നത് ഞാൻ റെക്കോർഡിങ് റൂമിലിരുന്ന് ഗ്ലാസിലൂടെ കണ്ടു. എന്താണെന്ന് ശ്രദ്ധിച്ചപ്പോൾ തമാശയായിരുന്നില്ല. മണിയുടെ ഒരു നാടൻ പാട്ടാണ്. തൂശുമ്മ കൂന്താരോ... എന്ന് പിന്നീട് ഹിറ്റായ നാടൻ പാട്ട്. അപ്പോ തന്നെ ഞാൻ അത് റെക്കോർഡ് ചെയ്യിച്ചു. ദിലീപ് അപ്പോൾ തന്നെ ചോദിച്ചു. ഇത് നീയെന്തിനാണ് റെക്കോർഡ് ചെയ്യുന്നത്. കാസറ്റിൽ ഇപ്പോ തന്നെ ടൈം കൂടുതലാണ് എന്ന്. അപ്പോ ഞാൻ പറഞ്ഞു. ഇതാണ് ഈ വർഷത്തെ ഹിറ്റാകാൻ പോകുന്നത്. ഏത് ഭാഗം ഒഴിവാക്കിയിട്ടായാലും ശരി മണിയുടെ ഈനാടൻ പാട്ട ഉൾപ്പെടുത്തുമെന്ന്. അങ്ങനെയാണ് കലാഭവൻ മണിയുടെ ആ നാടൻ പാട്ട് ഉൾപ്പെടുത്തിയതും. ആവർഷത്തെ ഏറ്റവും വലിയ ഹൈലൈറ്റ് മണിയുടെ നാടൻ പാട്ടാണ്. കലാഭവൻ മണിയുടെ ആദ്യത്തെ നാടൻ പാട്ട് കൂടിയായിരുന്നു അത്. പിന്നീട് മണി നാടൻ പാട്ട് രംഗത്ത് ശ്രദ്ധേയനായി മാറിയതും നാം കണ്ടതാണല്ലോ.

നിർമ്മാതാവിന് പണി കൊടുത്ത കഥ

ദേ മാവേലി കൊമ്പത്ത് പുറത്തിറക്കുമ്പോൾ മാവേലിയെ തമാശക്കാരനാക്കിയതിന് ആരെങ്കിലും എതിർപ്പുമായി രംഗത്തുവരും കേസുകളുണ്ടാകും എന്നെല്ലാമുള്ള പേടി കൂടി ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഊരും പേരുമൊന്നും വയ്ക്കാതെ കാസറ്റിറക്കാം എന്ന ധാരണയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ പണി പൂർത്തിയായപ്പോൾ ഇത് സൂപ്പർ ഹിറ്റാകുമെന്ന തോ്ന്നൽ എല്ലാർക്കുമുണ്ടായി. അപ്പോൾ ഞാൻ പേരുവയ്ക്കാൻ തീരുമാനിച്ചു. നാദിർഷ ഏലൂർ. ഞാനപ്പോൾ തന്നെ അത് പ്രഖ്യാപിച്ചു. ഇനി ആരെങ്കിലും പേര് വയ്ക്കാൻ തയാറുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ ഓരോരുത്തരായി രംഗത്തുവന്നു. അപ്പോഴാണ്, മറ്റൊരു കാര്യം ആലോചിച്ചത്. കേസൊക്കെ വന്നാൽ എന്തുചെയ്യും. അങ്ങനെ സാജുനവോദയ എന്ന നിർമ്മാതാവിനോട് അനുവാദമൊന്നും ചോദിക്കാതെ പേര് വച്ചു. പണി കിട്ടുന്നെങ്കിൽ അദ്ദേഹത്തിനിട്ടായിക്കോട്ടെയെന്ന് കരുതിയാണ് ആ പേര് വച്ചത്. സംഗതി അറിഞ്ഞപ്പോൾ വലിയ പ്രശ്‌നങ്ങളൊക്കെ അദ്ദേഹം ഉണ്ടാക്കി. എന്നാൽ കാസ്റ്റ് കേറി വൻ ഹിറ്റായതോടെ സങ്കടമെല്ലാം മാറുകയും ചെയ്തു.

പിന്നീട് ഞങ്ങൾ സൂഹൃത്തുക്കളുടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ഒരു അവസരമായി ദേ മാവേലി കൊമ്പത്ത് മാറി. എന്നാൽ ചെലവ് വരുന്ന തുക പോലും സംഘടിപ്പിക്കാൻ പറ്റാത്ത വിധത്തിലെത്തിയതോടെ ഞങ്ങൾ അതങ്ങ് അവസാനിപ്പിച്ചു. ഞങ്ങൾ റിലീസിന്റന്ന് ടെൻഷനടിച്ചിരിക്കുമ്പോൾ വ്യാജസിഡിക്കാർ കുപ്പിപൊട്ടിക്കുന്ന സ്ഥിതിയായിരുന്നു. അതുകൊണ്ട് ഒരു രക്ഷയുമില്ലാതായതോടെ ദേ മാവേലി കൊമ്പത്ത് അവസാനിപ്പിച്ചു. പിന്നീട് ചിലരൊക്കെ കുറച്ചുകാലം കൂടി നടത്തി. ഒടുവിൽ അതും അവസാനിപ്പിച്ചു. -നാദിർഷ ഗൃഹാതുരമായ ഓർമകൾ പറഞ്ഞവസാനിപ്പിച്ചു.

അമർ അക്‌ബർ അന്തോണിയെന്ന പുതിയ മലയാള സിനിമ സംവിധാനം ചെയ്ത് പുറത്തിറക്കാനിരിക്കുകയാണ് നാദിർഷ. ഒരുമാസത്തെ അമേരിക്കൻ ടൂറിന് ശേഷം ഒക്ടോബറിൽ തിരിച്ചെത്തിയ ഉടൻ ചിത്രം റിലീസ് ചെയ്യും.