- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദ് എന്നത് തെറ്റിദ്ധരിക്കപ്പെട്ട വാക്ക്; മുസ്ലിം വിവാഹപ്രായം ഒരു പ്രശ്‌നമല്ല; ജമാ അത്തെ ഇസ്ലാമി മുസ്ലിം രാഷ്ട്രം സ്വപ്നം കാണുന്നില്ല; ഒ അബ്ദുറഹിമാനുമായുള്ള അഭിമുഖം തുടരുന്നു
കേരളത്തിലെ മന്ത്രിമാരില്‍ പലരും യോഗ്യതയില്ലാത്തവരാണെന്നും സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്‍മാരായി മുദ്രകുത്തുന്നുവെന്നുമുള്ള ശക്തമായ വിമര്‍ശമുന്നയിച്ചാണ് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ സജീവമായ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിലും മുതിര്
കേരളത്തിലെ മന്ത്രിമാരില്‍ പലരും യോഗ്യതയില്ലാത്തവരാണെന്നും സദാചാരത്തകര്‍ച്ച ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്‍മാരായി മുദ്രകുത്തുന്നുവെന്നുമുള്ള ശക്തമായ വിമര്‍ശമുന്നയിച്ചാണ് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ സജീവമായ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും അബ്ദുറഹിമാന്റെ വാക്കുകള്‍ക്കായി കേരളം കാതോര്‍ക്കാറുണ്ട്. മുസ്ലിം മതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആധികാരികമായി സംസാരിക്കുന്ന അബ്ദുറഹിമാന്‍ മുസ്ലിം മതത്തെയും അടുത്തകാലത്തു മതത്തിനു നേര്‍ക്കുയര്‍ന്ന വിമര്‍ശനങ്ങെക്കുറിച്ചുമാണു സംസാരം തുടരുന്നത്. ഒ അബ്ദുറഹിമാനുമായി മറുനാടന്‍ മലയാളി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാംഭാഗം.
- സദാചാരവും സംസ്‌കാരികത്തകര്‍ച്ചയും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമല്ലോ? ലവ് ജിഹാദ് തുടങ്ങിയവയൊക്കെ എങ്ങനെയാണ് സമുദായത്തെ ബാധിച്ചത്?
ലവ് ജിഹാദ് കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ഒരു പുരുഷന്‍ അന്യമതസ്ഥയായ ഒരു കുട്ടിയെ വിവാഹം വിവാഹം കഴിക്കുകയോ സ്വന്തം മതത്തിലേക്ക് ചേര്‍ക്കുകയോ ചെയ്തതിനെയാണ് ലവ് ജിഹാദ് എന്ന് മുസ്ലീം പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം കഴിച്ച് പോകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വിവാഹം കഴിക്കുന്നവരുടെ ജാതിയും മതവുമല്ല പ്രശ്‌നം. മാതാപിതാക്കളേയും കുടുംബത്തേയും ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന ഏത് മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നേക്കാം. ജിഹാദ് എന്ന വാക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. ധര്‍മ്മസമരം എന്ന് മാത്രമാണ് ആ വാക്കിനര്‍ത്ഥം. നിഷ്പക്ഷ താത്പര്യക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജിഹാദിനൊപ്പം പലതും ചേര്‍ത്ത് ഉപയോഗിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജിഹാദിന് മറ്റര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.
- ലവ് ജിഹാദിനോടൊപ്പം പ്രണയ വിവാഹങ്ങളും കൂടി വരുന്നുണ്ടോ? പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
പ്രണയം നല്ല രീതിയില്‍ നല്ല വികാരമാണ്. എന്നാല്‍ പ്രണയചാപല്യങ്ങളും പ്രണയത്തെ മുതലെടുത്ത് കൊണ്ടുള്ള വഞ്ചനകളുമൊക്കെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ദൃശ്യമാധ്യമ വിപ്ലവത്തോടെയാണ് ഇത്തരം ചര്‍ച്ചകളുടെ തുടക്കം. എല്ലാവരും ചര്‍ച്ച ചെയ്യുന്നത് പ്രണയമാണ്. പ്രണയമാണ് ഏറ്റവും ഉദാത്ത വികാരം എന്ന രീതിയിലാണ് ചര്‍ച്ചകള്‍. കുടുംബത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. സിനിമകളും കലാസാഹിത്യ കൃതികളും പ്രണയത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കുടുംബങ്ങളെ തോല്‍പ്പിച്ച് പ്രണയം ജയിക്കുന്ന കാഴ്ചകള്‍ കണ്ട് തരളചിത്തരാകുന്നവരുടെ ദൗര്‍ബല്യങ്ങള്‍ ആരെങ്കിലും മുതലെടുക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.
- മലയാളിയുടെ കുടുംബജീവിതങ്ങളെ പ്രണയം തോല്‍പ്പിക്കാനിടയായത് എങ്ങനെയാണ്? സ്ത്രീകള്‍ സ്വതന്ത്രവ്യക്തികളും സ്വയം പര്യാപ്തരുമായതോടെയാണോ കുടുംബവ്യവസ്ഥയില്‍ മാറ്റം വന്ന് തുടങ്ങിയത്?
കുടുംബവ്യവസ്ഥയെ മറികടന്നുകൊണ്ട് മുന്നോട്ട് പോകാന്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുവദിക്കുന്നില്ല. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടവര്‍ തന്നെയാണ്. എത്ര കാലമെന്നുവച്ചാണ് മറ്റുള്ളവരുടെ തണലില്‍ കഴിച്ച് കൂടുന്നത്? വ്യക്തികളുടെ ഈഗോയിസം വളരാന്‍ തുടങ്ങുന്നതാണ് കുഴപ്പം. മാതാപിതാക്കളുടെ മത്സരത്തില്‍പ്പെട്ട് പോകുന്ന കുഞ്ഞുങ്ങളുടെ ദുരിതജീവിതം ആരും കാണാതെ പോകരുത്.
എന്റെയൊരു വിദ്യാര്‍ത്ഥി ഡിഗ്രി ക്ലാസില്‍ എപ്പോഴും വിഷാദഭാവവുമായി ഇരിക്കുമായിരുന്നു. ഈ പ്രായത്തില്‍ ഇത്ര സങ്കടം എന്തെന്നറിയാന്‍ ഞാന്‍ ആ കുട്ടിയെ വിളിച്ച് സംസാരിച്ചു. ആദ്യമൊന്നും അവന്‍ പറയാന്‍ കൂട്ടാക്കിയില്ല. പിന്നീടവന്‍ പറഞ്ഞു ഉദ്യോഗസ്ഥരായ അവന്റെ മാതാപിതാക്കള്‍ തമ്മില്‍ എന്നും കലഹമാണെന്ന്. ഇരുപത് വയസ്സായ ഒരു യുവാവിനുപോലും മാതാപിതാക്കളുടെ കലഹം സങ്കടമാണെങ്കില്‍ കൊച്ച് കുഞ്ഞുങ്ങളുടെ കാര്യം പറയാനുണ്ടോ?
- കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണോ? മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ? പ്രത്യേകിച്ചും ഇടുക്കിജില്ലയില്‍ നിന്നും നിരന്തരമായ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിന്റെയും കുഞ്ഞുങ്ങള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതിന്റെയും വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ?
കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ മുമ്പും ഉണ്ട്. എന്നാല്‍ ഇത്രയേറെ ക്രൂരമായ വാര്‍ത്തകള്‍ മുന്‍പ് കണ്ടിട്ടില്ല. ഇടുക്കി ജില്ല തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ് സംസ്‌കാരമുള്ള തമിഴ് ജനത കൂടുതല്‍ വസിക്കുന്ന ഒരു പ്രദേശമാണ്. തമിഴര്‍ കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവരല്ല. പലപ്പോഴും കുഞ്ഞുങ്ങളെ ഒറ്റക്കയ്യില്‍ തൂക്കിയെടുക്കുന്നതായും നിസ്സാരകാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിക്കുന്നതായും കാണാം. ആ ഒരു സംസ്‌കാരം ഇടുക്കിയില്‍ തങ്ങി നില്‍ക്കുന്നുണ്ടാകും.
അസ്വസ്ഥമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് കുറ്റകൃത്യവാസനയുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ടു. ബ്രസീലില്‍ തെരുവ് കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കൂടി വരുന്നതും അവരുടെ അതിക്രമങ്ങള്‍ കൂടിവരുമ്പോഴും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒടുവില്‍ ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ കുഞ്ഞുങ്ങളോട് സംവദിക്കാന്‍ മുന്നോട്ട് വരുന്നു. ഒരു രീതിയിലും അവരോട് അടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സാമൂഹിക പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. എന്നിട്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പരിഹരിക്കണമെങ്കില്‍ അവരെ സ്‌നേഹിക്കണം, അവരോടൊപ്പം സമയം ചെലവഴിക്കണം. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണം.
- മുസ്ലീം സമുദായം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്/ വിവാഹപ്രായത്തെക്കുറിച്ച് താങ്കളെന്ത് കരുതുന്നു?
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇന്ന് മുസ്ലീം സമുദായം നേരിടുന്ന പ്രധാന പ്രശ്‌നമല്ല. ഓരോ പെണ്‍കുട്ടികളുടേയും അമ്മമാരാണ് തങ്ങളുടെ മക്കളെ ഏത് പ്രായത്തില്‍ വിവാഹം കഴിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത്. മുസ്ലീം സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് സ്ത്രീധനമാണ്. ഉയര്‍ന്ന സ്ത്രീധനവ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്. തൊഴിലില്ലായ്മയും യുവജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. തൊഴിലില്ലായ്മ എന്നു വച്ചാല്‍ എന്ത് തൊഴിലും ചെയ്യാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തതുകൊണ്ട് ഉണ്ടാകുന്ന തൊഴിലില്ലായ്മ.
- യുവജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി കൂടിവരുന്നുണ്ടോ? മാവോയിസ്റ്റ് സാന്നിധ്യവും വിവിധ തീവ്രവാദ കേസുകളില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അടിച്ചമര്‍ത്തുമ്പോഴോ അടക്കി ഭരിക്കുമ്പോഴോ അല്ലെ തീവ്രവാദികള്‍ ഉണ്ടാകേണ്ടത്. മുസ്ലീം മതവിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ യുവാക്കള്‍ക്ക് കേരളത്തില്‍ എന്ത് അസംതൃപ്തിയാണ് ഉള്ളത്? എന്ത് അടിച്ചമര്‍ത്തലാണുള്ളത്?
കമ്യൂണിസ്റ്റ് സാഹിത്യം വായിക്കുകയും അതിന്റെ സ്വാധീനത്തില്‍പ്പെടുകയും എന്നാല്‍ തെറ്റായ രീതിയില്‍ അതിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് ഒരുപരിധി വരെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്. സാമൂഹികമായ അനീതികള്‍ അനുഭവിക്കുന്ന ചെറുപ്പക്കാര്‍ക്ക് സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. കടുത്ത പട്ടിണിയും ദാരിദ്ര്യവും മാത്രമല്ല ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നത. തങ്ങള്‍ക്കു ലഭിക്കേണ്ട നീതി സര്‍ക്കാറില്‍ നിന്ന് ലഭിക്കാതെ വരുന്നതും അര്‍ഹമായ അംഗീകാരം ലഭിക്കാത്തതും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ലഭിക്കാത്തതും ന്യായമായ കാര്യങ്ങള്‍ പോലും നേടിയെടുക്കേണ്ടതിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നതും യുവാക്കളെ സംബന്ധിച്ചിടത്തോളം അപമാനകരം തന്നെയാണ. കൂടാതെ ഇന്നും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും ഉണ്ട്. അടിച്ചമര്‍ത്തലുമുണ്ട്. എന്തെല്ലാം ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയാലും അതിന്റെയൊന്നും ഒരുഗുണഫലവും ഒരു ആദിവാസിക്കും ലഭിക്കുന്നില്ല.
നീതി നിഷേധത്തിന്റെ അസംതൃപ്തി മനസ്സില്‍ ജ്വലിക്കുന്ന യുവാക്കളായിരിക്കാം തീവ്രവാദത്തിലേക്ക് തിരിയുന്നത്. പക്ഷപാതപരമായ പെരുമാറ്റ രീതികള്‍ അവരുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടാകാം. അര്‍ഹതയ്ക്ക് വേണ്ടി പോരാടാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ചിലപ്പോള്‍ തീവ്രവാദത്തിന്റേതാകാം. യുവാക്കളെ അരുതായ്മകള്‍ക്ക് പ്രേരിപ്പിക്കുന്ന ഇത്തരം അപായ പ്രവണതകള്‍ തടയണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിയ്ക്കാണ് മാറ്റം വരേണ്ടത്. അന്നാ ഹസാരെയുടെ സമരം പരാജയമായിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു ജനകീയ മുന്നേറ്റം കേരളത്തിലും ആവശ്യമാണ്.
- കേരളത്തില്‍ അതിന് തയ്യാറുള്ള യുവ തലമുറയുണ്ടോ? വിപ്ലവവീര്യത്തോടെ ഇറങ്ങിത്തിരിക്കാനും അഴിമതിക്കെതിരെ പോരാടാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും തയ്യാറുള്ള യുവതലമുറയെ കേരളത്തിന് കൈമോശം വന്നോ?
പൂര്‍ണ്ണമായും യോജിക്കേണ്ട ചോദ്യമാണിത്. കേരളത്തിലെ യുവതലമുറ ഒരു പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും തയ്യാറല്ല. ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ അവരൊരുക്കമല്ല. സമൂഹത്തിന് വേണ്ടിത്യാഗം അനുഷ്ഠിക്കാന്‍ തയ്യാറുള്ള തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. യുവാക്കളിലെ വിപ്ലവവീര്യം ചോര്‍ന്ന് പോയിരിക്കുന്നു. അറബ് വസന്തം പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട യുവാക്കള്‍ക്ക് വന്നിരിക്കുന്ന മാറ്റം സങ്കടകരമാണ്.
- ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്? ഏതുതരം സാമൂഹിക വ്യവസ്ഥയാണ് സ്വപ്നം കാണുന്നത്?
അക്രമാസക്തമായ സമരമാര്‍ഗ്ഗങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ധാര്‍മ്മിക വിപ്ലവത്തിലൂടെ യാതൊരു ബലപ്രയോഗവും ഇല്ലാതെ മനുഷ്യമനസ്സിന് ഗുണകരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന സാമൂഹിക വ്യവസ്ഥയാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്കും നീതി ഉറപ്പാക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുണ്ടാകേണ്ടത്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും വേണം. വെറും വിദ്യാഭ്യാസത്തിലുപരിയായി ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ള ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്ന സാന്മാര്‍ഗ്ഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. നൈനതിക മൂല്യങ്ങള്‍ക്ക് വിലയുണ്ടാകണം.
- ജമാഅത്തെ ഇസ്ലാമി മുസ്ലീം മതവിഭാഗത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണോ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ? മറ്റ് മതവിഭാഗങ്ങളെ എങ്ങനെ കാണുന്നു? കേരളത്തെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മറ്റ് മതസ്ഥരാണല്ലോ?
ഒരു മുസ്ലീം രാഷ്ട്രം ഞങ്ങളുടെ സ്വപ്നമല്ല. എല്ലാ കേരളീയരേയും ഉള്‍ക്കൊള്ളുന്ന സ്വപ്നങ്ങള്‍ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കുള്ളൂ. എന്നാല്‍ പരിമിതമായ അംഗസംഖ്യയാണ് ഞങ്ങള്‍ക്കുള്ളത്. അതിനാല്‍ വലിയ പ്രക്ഷോഭങ്ങള്‍ നയിക്കാനോ കേരളീയരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനോ ഞങ്ങള്‍ക്ക് കഴിയുന്നില്ല എന്നേയുള്ളൂ. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങളും പൊതുവാണ്. ഒരു സാമുദായിക വിഭാഗീയതയും ഞങ്ങളുടെ ഒരു പ്രവര്‍ത്തനങ്ങളിലുമില്ല. വംശീയമോ ജാതീയമോ ആയ വേര്‍തിരിവില്ലാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ സാന്മാര്‍ഗ്ഗിക ശീലങ്ങള്‍ അഭ്യസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മദ്യപാനം എന്ന സാമൂഹിക വിപത്തിന് ഞങ്ങള്‍ എതിരാണ്. കുറ്റവാളികള്‍ക്ക് ഞങ്ങളുടെ സംഘടനയില്‍ സ്ഥാനമില്ല. സ്ത്രീധനം, വിവാഹധൂര്‍ത്ത്, ചൂതാട്ടം, തട്ടിപ്പ് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് ഞങ്ങളെടുക്കുന്നത്. ഇതൊന്നും ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചല്ല. കേരളീയര്‍ക്ക് വേണ്ടിയാണ്. ഇന്നേവരെ ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഒരു സ്വരചേര്‍ച്ചയും ഉണ്ടായിട്ടില്ല.
- തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെയും മാധ്യമം പ്രസിദ്ധീകരണങ്ങളിലൂടെയും ചെറിയ തോതില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതായി ചിലര്‍ക്കെങ്കിലും അഭിപ്രായം ഉണ്ട്. ഉദാഹരണമായി ഇന്ത്യയിലേയോ കേരളത്തിലേയോ വാര്‍ത്തകളെക്കാള്‍ കൂടുതല്‍ ലോക മുസ്ലീം രാജ്യങ്ങളുടെ വാര്‍ത്തകള്‍ക്കാണ് മാധ്യമം പ്രസിദ്ധീകരണങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ആരോപണം. അതില്‍ സത്യാവസ്ഥയുണ്ടോ?
അങ്ങനെയൊക്കെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. മാധ്യമം ദിനപ്പത്രത്തിന് ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഗള്‍ഫിലാണ്. ഗള്‍ഫ് നിവാസികളെ സംബന്ധിച്ചിടത്തോളം പുറം രാജ്യങ്ങളിലെ വാര്‍ത്തകളൊക്കെ പ്രധാനപ്പെട്ടതാണ്. അവരുടെ വായനാതാത്പര്യം മുന്‍നിര്‍ത്തിയാണ് ധാരാളം അന്താരാഷ്ട്ര വാര്‍ത്തകള്‍ പത്രത്തില്‍ ഇടംപിടിക്കുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കുലേഷനും ടാം റേറ്റിങ്ങിനുമപ്പുറം ചില മാധ്യമ ധര്‍മ്മങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം ഞങ്ങള്‍ നല്‍കാറില്ല. ഇന്ത്യയിലെ ഒന്നാം നമ്പര്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ പണമുണ്ടാക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇതൊരു പാശ്ചാത്യ രീതിയിലുള്ള പത്രപ്രവര്‍ത്തനമാണ്. ഞങ്ങള്‍ അത് പിന്തുടരാറില്ല. വായനക്കാര്‍ക്ക് പല താത്പര്യങ്ങളുമുണ്ടാകാം. എന്നാല്‍ രാജ്യ താത്പര്യത്തിനും സമൂഹനന്മയ്ക്കുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. സത്യവും വിശ്വാസ്യതയുമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, പൊതുനന്മ വളര്‍ത്താന്‍ ഉപകരിക്കുന്ന വാര്‍ത്തകള്‍, തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുന്ന വാര്‍ത്തകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും പ്രാമുഖ്യം നല്‍കുന്ന വാര്‍ത്തകള്‍ തുടങ്ങി മാധ്യമത്തിന്റെ പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണ്. പണമുണ്ടാക്കലും പരമാവധി പരസ്യമുണ്ടാക്കലും മാത്രമല്ല ഒരു മാധ്യമത്തിന്റെ ധര്‍മ്മം എന്ന് ഞങ്ങള്‍ കരുതുന്നു. മതനിരപേക്ഷമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
കേരളത്തിലെ പത്രങ്ങള്‍ രണ്ടു തരത്തില്‍പ്പെട്ടവയാണ. ഒന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ മുഖപത്രങ്ങള്‍. അവ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. രണ്ടാമതായി ചില കുടുംബങ്ങള്‍ നടത്തുന്ന പത്രങ്ങള്‍. പരമാവധി ലാഭമുണ്ടാക്കുകയാണ് അവയുടെ ലക്ഷ്യം. എങ്കിലും വായനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്.
- ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകരോട് എന്താണ് പറയാനുള്ളത്?
തിന്മകള്‍ക്കും വ്യക്തികളുടെ സ്വകാര്യ കൃത്യങ്ങള്‍ക്കും പ്രചാരം നല്‍കുന്ന വാര്‍ത്തകള്‍ പരമാവധി കുറയ്ക്കണം. സ്വന്തം ജീവിതത്തില്‍ പാലിക്കാത്ത നിഷ്ഠകള്‍ മറ്റുള്ളവര്‍ പാലിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വാര്‍ത്തയില്‍ ഇടം നല്‍കരുത്. ഒരു വ്യക്തിയെ സംബന്ധിക്കുന്ന വാര്‍ത്ത അതെത്ര വലിയ സെന്‍സേഷണല്‍ വാര്‍ത്തയാണെങ്കിലും ആ വ്യക്തിയുടെ കൂടി വശം കേട്ടതിന് ശേഷമേ പ്രസിദ്ധീകരിക്കാവൂ. എല്ലാവാര്‍ത്തകള്‍ക്കും ഒരു മറുവശമുണ്ടാകും. എല്ലാ ദിവസവും സെന്‍സേഷണല്‍ വാര്‍ത്തകള്‍ അല്ല ആവശ്യം. തെറ്റുകളില്ലാത്ത വാര്‍ത്തകളും നന്മയുടെ കഥകളും വികസനവാര്‍ത്തകളും നമ്മുടെ മാധ്യമങ്ങളില്‍ ഇടം പിടിക്കട്ടെ.