മലപ്പുറം: രാഷ്ട്രീയം സാമ്പത്തികമായി നഷ്ടക്കച്ചവടമായ കേരളത്തിലെ അപുർവം നേതാക്കളിൽ ഒരാളാണ് പാലോളി മുഹമ്മദുകുട്ടി. ഒരു പഞ്ചായത്ത് മെമ്പർപോലും ആവാതെ ലക്ഷാധിപതികൾ ആകുന്ന രാഷ്ട്രീയക്കാർക്ക് ഇടയിലാണ്, രണ്ടുതവണ മന്ത്രിയായിട്ടും ഉന്നതസ്ഥാനങ്ങളിൽ ഇരുന്നിട്ടും ഉള്ള ഭൂമി കൂടി വിറ്റു പോകുന്ന പാലോളിയെപ്പോലുള്ള നേതാക്കൾ പ്രകാശിക്കുന്നത്്. ആ അനുഭവങ്ങളും പഴയകാല പാർട്ടി പ്രവർത്തകർ അനുഭവിച്ച ത്യാഗങ്ങളും മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം ഇങ്ങനെയാണ്.

  • കോഡൂരിലെ വീടും പുരയിടവും വിറ്റ് പാലക്കാട് കരിമ്പുഴയിലേക്ക്..

മലപ്പുറം കോഡൂരിൽ നിന്ന് താമസം മാറി കഴിഞ്ഞ 13 വർഷമായി ഞാൻ പാലക്കാട്-മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ കരിമ്പുഴ പഞ്ചായത്തിൽ കുലുക്കിലിയാട് എന്ന പ്രദേശത്താണ് താമസിക്കുന്നത്. ഇവിടെ പതിനെട്ടര ഏക്കർ ഭൂമിയിൽ മൂന്ന് മക്കളുടെ വീടുകളുണ്ട് ഇവിടെ മാറിമാറിയാണ് ഞാൻ താമസിക്കുന്നത്. കോഡൂരിലെ ഭൂമിയിൽ ആദ്യഘട്ടത്തിൽ തെങ്ങുംതോട്ടമായിരുന്നു. എല്ലാ വർഷവും അതിന്റെ പരിപാലനം കൃത്യമായി നടത്തുന്ന ആളാണ് ഞാൻ. അതുകൊണ്ട് മറ്റേത് തോട്ടത്തേക്കാളും വരുമാനം കൂടുതൽ കിട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. പിന്നീട് ഫുൾടൈം രാഷ്ട്രീയ പ്രവർത്തനത്തിലേക്കു നീങ്ങി.

ഈ ശ്രദ്ധയെല്ലാം വിട്ടു. അങ്ങിനെ വന്നപ്പോൾ വരുമാനം കിട്ടാത്ത സ്ഥിതിയും ചെലവ് കൂടുകയും ചെയ്തു. മക്കളുടെ കല്യാണം അതുപോലുള്ള പ്രശ്‌നങ്ങളെല്ലാം അധിക ബാധ്യതയായി വന്നപ്പോൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ ഓരോ ഭാഗങ്ങൾ വിറ്റു. ഒടുവിൽ മൂന്ന് ഏക്കറിലെത്തി. ഈ സാഹചര്യത്തിലാണ് ഇവിടം വിട്ട് പോകാമെന്ന ആവശ്യം മക്കൾ മുന്നോട്ടു വെയ്ക്കുന്നത്. ആദ്യം ഞാൻ എതിർത്തെങ്കിലും പിന്നീട് കുട്ടികളോട് സ്ഥലം പോയി നോക്കാൻ പറഞ്ഞു. പത്തിരിപ്പാലയിലായിരുന്നു അവർ സ്ഥലം കണ്ടെത്തിയത്. അവിടെ ഭൂമിയുടെ സ്ഥിതി പരിശോധിച്ചപ്പോൾ വളരെ മോശമായിരുന്നു.

പ്രായത്തിനനുസരിച്ച തെങ്ങ് മോടി കാണിക്കുന്നുണ്ടെങ്കിലും അധികകാലം നിൽക്കാത്ത മണ്ണ് വളരെ മോശമായിട്ടുള്ളതായിരുന്നു. അത് വേണ്ടെന്നു പറഞ്ഞ് വന്നപ്പോഴാണ് ദല്ലാൾ പറയുന്നത് ഒരു സ്ഥലം വിൽക്കാനുണ്ടെന്ന്. അങ്ങിനെയാണ് ഇവിടെ ആദ്യം എത്തുന്നത്. 18 ഏക്കർ ഒന്നിച്ചു വിൽക്കാനാണ് വച്ചിരിക്കുന്നതെന്ന് കേട്ടപ്പോൾ ഞങ്ങൾ മടങ്ങാൻ ഒരുങ്ങി. ഇതുകണ്ട ദല്ലാൾ പറഞ്ഞു ഉടമയോട് സംസാരിക്കണമെന്ന്. അപ്പോഴാണ് ഒരു കോടി രൂപ ഈ ഭൂമിക്ക് പറയുന്നത്. 75 ലക്ഷമാണ് കോഡൂരിലെ ഭൂമി വിറ്റാൽ കിട്ടുക. ഒരു കോടി പറഞ്ഞപ്പോൾ 70 ലക്ഷത്തിനാണെങ്കിൽ ഞങ്ങൾ എടുക്കാമെന്ന് പറഞ്ഞു. എന്തെങ്കിലുമൊന്ന് കൂട്ടിത്തരണമെന്ന് പറഞ്ഞു ഉടമ. അങ്ങനെ 71 ലക്ഷം തരാമെന്ന് ഞാൻ പറഞ്ഞു, അതിൽ ഉറപ്പിച്ചു. അങ്ങനെയാണ് 18 ഏക്കറിലധികം വരുന്ന ഈ ഭൂമി വാങ്ങുന്നത്.

  • അഭിനേതാവും കഥാകൃത്തുമായ അനുഭവം

1954ൽ ഭാസ്‌കര പണിക്കർ ചെയർമാനായ ഒരു ബോർഡ് മലബാറിൽ വന്നിരുന്നു. ഈ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഞാനും എന്റെ സുഹൃത്ത് തുപ്പിനിക്കാട്ട് ഉണ്ണിയും ചേർന്ന് സൊറ പറയുന്ന കൂട്ടത്തിലാണ് ഏകാംങ്ക നാടകമെന്ന ആശയം ഉണ്ടാക്കാമെന്ന ആശയം വരുന്നത്. മീറ്റിംങുകളിലും പൊതുയോഗങ്ങളിലും ആളെകൂട്ടാനുള്ള ഒരു ഏർപ്പാടായിരുന്നു ഇത്. അങ്ങനെ ഞങ്ങൾ വോട്ടുയാത്രാ എന്ന പേരിൽ ഒരു നാടകമുണ്ടാക്കി. പിന്നീട് മലപ്പുറത്ത് കെ.ടി മുഹമ്മദിന്റെ നാടകത്തിൽ ഞങ്ങൾ അഭിനയിച്ചു. പിന്നീട് ഒരാൾ കൂടി കള്ളനായി എന്ന സദാനന്ദന്റെ നാടകത്തിൽ ഒരു വാർഷിക പരിപാടിക്കു വേണ്ടി ഞങ്ങൾ അവതരിപ്പിച്ചു. ഇങ്ങനെയുള്ള ചില വികൃതികൾ ആ കാലത്തുണ്ടായിരുന്നു.

  • ജീവിതത്തിലെ സമര ഓർമകൾ

1948 കാലഘട്ടം കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട് വേട്ടയാടുന്ന ഒരു ഇരുണ്ട കാലഘട്ടമായിരുന്നു. അതുകഴിഞ്ഞ് 1952 മുതൽ പരസ്യമായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആ പ്രവർത്തനകാലത്ത് വലിയ തോതിലുള്ള മർദനങ്ങൾ അനുഭവിച്ചു. കർഷകരെയും തൊഴിലാളികളെയും സഹായിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന നിലപാടായിരുന്നു പാർട്ടിഎടുത്തത്. ആ കാലത്ത് ജനകീയ പ്രശ്‌നങ്ങൾ വെച്ചുള്ള പോരാട്ടങ്ങൾ നടക്കാറുണ്ടായിരുന്നു. പിക്കറ്റിംങും മറ്റു സമരങ്ങളും സ്ഥിരം നടക്കാറുണ്ടായിരുന്നു. ചെറുപ്പകാലത്തെ പ്രായത്തിന്റെ പ്രത്യേകതകൊണ്ട് പൊലീസുമായി അടിയും പ്രശ്‌നവും ഉണ്ടാവാറുണ്ട്.

അതിന്റെ പേരിൽ പൊലീസ് പിടികൂടി കൊണ്ടുപോയി അകത്തിടും. പിന്നീട് വിട്ടയക്കുകയും ചെയ്യും. ജയിലിൽ കിടക്കേണ്ട ഒരു സാഹചര്യം എനിക്കുണ്ടായിട്ടില്ല. അടിയന്തിരാവസ്ഥാ കാലത്ത് 16 മാസം ഒളിവിൽ കഴിയേണ്ടി വന്നിട്ടുണ്ട്. വളരെ ക്രൂരമായ മർദനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ അഴിച്ചു വിട്ട കാലഘട്ടമായിരുന്നു അന്ന്. എന്നോട് പ്രവർത്തിച്ചിരുന്ന സാധാരണക്കാരായ നിരവധി പേർക്ക് ഏറ്റവും കൂടുതൽ മർദനമേറ്റ കാലഘട്ടം അതായിരുന്നു. പക്ഷേ, ആകാലഘട്ടത്തിൽ പാർട്ടിയുടെ നേതാക്കന്മാർ പലരും അക്രമത്തിന് ഇരയായവരാണ്. പരിക്കുകൾ ഏൽക്കാതെ അതിക്രൂരമായ പീഡനം ഏൽക്കാത്ത ഒറ്റ നേതാക്കന്മാരും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല.

  • പഴയകാല നേതാക്കളോടൊപ്പമുള്ള അനുഭവം

നേതാക്കന്മാർ പലരും പല തരക്കാരാണ്. 1954 കാലത്ത് കോഡൂർ പ്രദേശത്ത് ഞാനൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഒന്നിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. വലിയ പ്രാസംഗികനായ പി.ആർ നമ്പ്യാരെയാണ് ക്ഷണിച്ചിരുന്നത്. വരാമെന്നേറ്റതോടെ നോട്ടീസൊക്കെ അടിച്ചിരുന്നു. പക്ഷേ പിന്നീടാണറിയുന്നത് ഇദ്ദേഹം ഡൽഹിയിലാണെന്നത്. ഡൽഹിയിലുള്ള ആൾക്ക് ഈ പരിപാടിയിൽ എത്താൻ പറ്റില്ലല്ലോ, അപ്പോൾ ഞാൻ മറ്റേതെങ്കിലും നേതാക്കളെ കിട്ടുമോയെന്ന് നോക്കാൻ കോഴിക്കോട്ടേക്കു പോയി. കോഴിക്കോട് നായനാർ അടക്കമുള്ള നേതാക്കന്മാർ താമസിക്കുന്ന ഒരു ലോഡ്ജിലേക്കാണ് പോയത് അവിടെ ചെന്നപ്പോൾ നായനാർ അവിടെയുണ്ട്.

അദ്ദേഹത്തെ ആദ്യമായാണ് അന്ന് ഞാൻ കാണുന്നത്. കുറെ നേരം ഞാൻ നിൽക്കുന്നത് കണ്ട നായനാർ എന്നെ അടുത്തേക്കു വിളിച്ചു കാര്യങ്ങൾ തിരക്കി. സഖാവ് പരിപാടിക്കെത്തിയാൽ നന്നായിരുന്നെന്ന് പറഞ്ഞപ്പോൾ നായനാർ പൊട്ടിത്തെറിച്ചു. കണ്ടവർക്കു വേണ്ടി പരിപാടി വെച്ചിട്ട് അവർ വരാതിരിക്കുകയും എന്നിട്ട് ഞാൻ പങ്കെടുക്കുകയും, അത് പറ്റില്ലയെന്ന് അദ്ദേഹം പറഞ്ഞു. സഖാവ് വേണ്ട വേറെ ആരെയെങ്കിലുമൊക്കെ വിടാൻ പറ്റുമോയെന്ന് തിരക്കിയപ്പോൾ ഏറ്റയാൾ തന്നെ പരിപാടിക്കു വരണമെന്നും പകരം വിടാൻ ആളുകളുമായിട്ട് നടക്കു്കഅല്ലായെന്നായിരുന്നു നായനാരുടെ മറുപടി. ഞാൻ വളരെ നിരാശപ്പെട്ട് മടങ്ങേണ്ട ഒരു അനുഭവമായിരുന്നു നായനാരുമായുള്ള ആദ്യത്തെ അനുഭവം.

നായനാർ ഇതായിരുന്നെങ്കിൽ ഇ.എം.എസ് മറ്റൊരു രീതിയാണ്. 1967ൽ പെരിൽന്തൽ മണ്ണയിൽ നിന്ന് ഞാൻ എംഎ‍ൽഎയായിരുന്നു. ആ സമയത്ത് ഇ.എം.എസിന്റെ വീടിരിക്കുന്ന ഏലംകുളം ഭാഗത്തേക്ക് ഒരു റോഡിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കാൻ വേണ്ടിയായിരുന്നു. അന്ന് ടി.കെ ദിവാകരനാണ് പൊതുമരാമത്ത് മന്ത്രി. ദിവാകരനെ കണ്ട് ബഡ്ജറ്റിൽ വെയ്ക്കാനൊക്കെ പറഞ്ഞ ശേഷം, ഞാൻ ഒരു മെമോറാണ്ടം തയ്യാറാക്കി ഇ.എം.എസിനെ കാണാൻ പോയി. ഇ.എം.എസ് മുഖ്യമന്ത്രിയാണല്ലോ..,അദ്ദേഹം ഒരു കുറിപ്പ് എഴുതിയാൽ അത് അപ്പോൾ തന്നെ പാസാകുമല്ലോ. ഈ ഉദ്ദേശത്തിലാണ് പോകുന്നത്.

ഇത് വായിച്ച ശേഷം ഇ.എം.എസ് പറഞ്ഞത് ' പാലോളി ഇത് ദിവാകരനാണ് കൊടുക്കേണ്ടത് ഇത് എനിക്കല്ല തരേണ്ടത്' എന്നായിരുന്നു. അത് അദ്ദേഹത്തിന്റെ നാടെന്ന നിലയിൽ ഒരു പരിഗണന കിട്ടേണ്ടതല്ലേ സാധാരണഗതിയിൽ. പക്ഷേ, അത് അതിന്റെ വഴിയിലൂടെയല്ലാതെ ഇ.എം.എസിൽ നിന്ന് ഒരു സഹായവും ലഭിക്കില്ല. നേതാക്കളെല്ലാം പല രീതിയിലാണെന്ന് പറഞ്ഞല്ലോ. അവരെല്ലാം പാർട്ടി പ്രവർത്തകരെ സ്‌നേഹിച്ചും അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തിച്ചും പാർട്ടി പ്രവർത്തനം സജീവമാക്കുന്നതിന് പ്രയത്‌നിച്ചവരാണ്. ഈ നേതാക്കളുമായെല്ലാമുള്ള ബന്ധം ഏതു പ്രതിസന്ധിഘട്ടം വന്നാലും ഈ പ്രസ്ഥാനം വിട്ടുപോകാൻ തോന്നില്ല. ഇതാണ് നേതാക്കളെപ്പറ്റ ആകത്തുക പറയാനുള്ളത്.

  • പഴയകാല രാഷ്ട്രീയപ്രവർത്തനവും ഇപ്പോഴുള്ള പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം

രാഷ്ട്രീയ പ്രവർത്തനം പഴയകാലത്തുള്ള രീതിയിൽ നിന്നും മാറികൊണ്ടിരിക്കുകയാണ്. ആ മാറ്റം സംഭവിക്കുമ്പോൾ സ്വാഭാവികമായും തെറ്റായ പ്രവണതകൾ പാർട്ടിക്കകത്തും വരും. എന്നാൽ നൂറ് ശതമാനം കണക്കാക്കുമ്പോൾ 75 ശതമാനം തെറ്റുകളുടെ പട്ടികയിലാണ് മറ്റുപാർട്ടികൾ നിൽക്കുന്നതെങ്കിൽ 25 ശതമാനമാണ് സിപിഎം നിൽക്കുന്നത് എന്നുള്ളതാണ് വ്യത്യാസം. അതിന്റെ പ്രവണത ജനങ്ങളുടെ ഇടയിലേക്കും പകർന്നുകൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ആദ്യം പറഞ്ഞിട്ടുള്ളതു പോലെ താരതമ്യേന അതിന്റെ ദോഷവശം കുറഞ്ഞിട്ടുള്ള പാർട്ടിയാണ് സിപിഎം.

സമൂഹത്തിലെ സ്വാർത്ഥതയും കാലഘട്ടത്തിനു വന്ന മാറ്റവും രാഷ്ട്രീയത്തെയും ബാധിച്ചിട്ടുണ്ട്. പണാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. പണമില്ലെങ്കിൽ ഒരാൾ സമൂഹത്തിൽ ഒന്നുമല്ലാതെ അവഗണിക്കപ്പെട്ടവനാണ്. പണമുണ്ടെങ്കിൽ അവന് സാധിക്കാത്തത് ഒന്നുമില്ലെന്ന സാഹചര്യമാണ് ഇപ്പോൾ.

  • കേന്ദ്രഗവൺമെന്റിനെതിരെയുള്ള കൂട്ടായ്മ യാഥാർത്ഥ്യമാകാത്തതിൽ മനോവിഷമമുണ്ട്

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വാർത്തകളിലൂടെ അറിയുന്നുണ്ടല്ലോ.., ഇന്ന് ഇന്ത്യാ രാജ്യത്ത് ഏറ്റവും അപകടകരമായിട്ടുള്ള സ്ഥിതിയാണ് കേന്ദ്ര ഗവൺമെന്റും അതിന്റെ പിന്നിലുള്ള ശക്തികളും നടത്തികൊണ്ടിരിക്കുന്നത്. അത് ഗൗരവത്തോടെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി ഒരു കൂട്ടായ്മ അനിവാര്യമായിട്ടുള്ള കാലത്ത്, പല പ്രശ്‌നത്തിന്റെയും അടിസ്ഥാനത്തിൽ അത് വേണ്ടതുപോലെ ഒത്തുകൂടുന്നില്ലയെന്ന വിഷമം മനസിൽ തോന്നുന്നുണ്ട്.

കേരളത്തിലെ സഖ്യമല്ല ഞാൻ പറയുന്നത്. ഇവിടെ ഭരണത്തിൽ വ്യത്യസ്ത അഭിപ്രായമുള്ള പാർട്ടികൾ തമ്മിൽ യോജിക്കാൻ കഴിയില്ല. മറിച്ച് കേന്ദ്രത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലല്ലോ.., ഇത്തരത്തിലുള്ള കൂട്ടായ്മ ഉണ്ടാക്കുന്നതുകൊണ്ട് കേരളത്തിൽ ഹിന്ദുവാണോ മുസ്ലിമാണോ എന്ന വിവേചനം നമുക്ക് കാണാൻ കഴിയില്ല. പക്ഷേ ഇന്ത്യാ രാജ്യത്തിന്റെ വടക്കേ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലേക്കു പോയാൽ നിരവധി അനുഭവങ്ങൾ കാണാൻ സാധിക്കും. അത് നേരിട്ട് ഞാൻ കണ്ടതും അനുഭവിച്ചതുമാണ്. പാക്കിസ്ഥാനും നമ്മളും തമ്മിലുള്ളതിനേക്കാൾ രൂക്ഷമാണ് ആ പ്രദേശങ്ങളിൽ ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള വേർതിരിവും മതിൽകെട്ടുകളും.

രാജ്യത്തെ ഹരിജനങ്ങളുടെ സ്ഥിതിയെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് നമ്മൾ. ആ സ്ഥിതിയാണ് ഉത്തരേന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലിംങ്ങളുടെയും അവസ്ഥ. പട്ടണങ്ങളിലേക്കു വന്നാൽ എല്ലാവരും ഒരുപോലെയാണെന്നേ തോന്നൂ. പട്ടണം വിട്ടാൽ ഇതാണ് സ്ഥിതി. രജ്യത്ത് വിഭജനം ഉണ്ടാക്കി വർഗീയ കലാപം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ആളുകളെ രണ്ട് ചേരിയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആശ്രമത്തിൽ കൂടി സമ്പന്ന വർഗത്തിന് പകൽകൊള്ള നടത്താൻ അവസരം ഒരുക്കിക്കൊടുക്കുകയാണ്. പെട്രോൾ വില കൂടുന്നതെല്ലാം നിങ്ങൾ കാണുന്നില്ലേ..? സമ്പന്നന്മാർക്ക് സമ്പത്ത് തീറെഴുതിക്കൊടുക്കുന്ന നിലാപാണിപ്പോൾ. അങ്ങിനെ അത്യന്തം അപകടകരമായ, സ്വാതന്ത്ര്യത്തിനു ശേഷം ഇന്നേവരെ കാണാത്ത രീതിയിലുള്ള സ്ഥിതിയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്.

  • രാഷ്ട്രീയത്തിൽ മധുരിക്കുന്ന ഓർമകൾ

ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുമ്പോൾ കൃഷിക്കാരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനമാണ് ഞാൻ ഇന്നും സന്തോഷിക്കുന്നത്. അന്ന് 1956ൽ കെ.പി.ആറിന്റെ നേതൃത്വത്തിൽ മദിരാശിയിലേക്ക് ജാഥപോയത് ഇന്നും സന്തോഷത്തോടെ ഓർക്കുന്ന കാര്യമാണ്. പാട്ടം വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടി ഹരജി കൊടുക്കണമെന്ന് പറയുമ്പോൾ പലരും അതിന് വിമുകത കാണിക്കും. അതുകൊണ്ടൊന്നും ജന്മിക്കെതിരായ ഒരു സമരവും വിജയിക്കില്ലെന്ന് വിശ്വസിക്കുന്ന കാലഘട്ടമാണ്. അങ്ങിനെ കർഷകർ സംഘടിച്ചാണ് വലിയ സമരം നടത്താൻ സാധിച്ചതും, ഇന്ന് ഇത്തരത്തിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിച്ചതും.

ജാഥ മദിരാശിയിൽ എത്തിയ ശേഷം ആദ്യം അസംബ്ലിയിൽ കടന്നുകൂടി യോഗം ആരംഭിക്കുന്ന സമയത്ത് മുദ്രാവാക്യം വിളിച്ചു. രാമസ്വാമി റെഡ്ഡിയാർ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. അവിടന്ന് പൊലീസ് വന്ന് പിടിച്ചു പുറത്താക്കി. വൈകുന്നേരം മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കെ.പി.ആറും സംഘവും മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയി. മുഖ്യമന്ത്രി പ്രശ്‌നം തിരക്കിയപ്പോൾ മലബാറിലെ കൃഷിക്കാർ അക്രമ പാട്ടത്തിന് വിധേയരാകുന്ന പ്രശ്‌നങ്ങൾ വിവരിച്ചു.

അതിനു പരിഹാരം വേണം നിയമ നിർമ്മാണം വേണം എന്നുള്ളതായിരുന്നു ആവശ്യം. അതിനു നിങ്ങൾ അസംബ്ലിയിൽ വന്ന് മുദ്രാവാക്യം വിളിക്കാണോയെന്നൊക്കെ ചോദിച്ച് അവിടെന്ന് വിട്ടു. വിട്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ മസബാറിലെ കർഷകർക്കു മാത്രമായി പ്രത്യേക ഓഡിനൻസ് ഇറക്കി മര്യാദ പാട്ടം നിശ്ചയിക്കുന്നതിനായി. അന്ന് നൂറ് പറ നെല്ല് ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്തിട്ടുണ്ടെങ്കിൽ നൂറ് പറ പാട്ടം കൊടുക്കണമെന്നായിരുന്നു. കെ.പി.ആറിന്റെയൊക്കെ നേതൃത്വത്തിൽ പോയ ജാഥയുടെ ഫലമായി കിട്ടിയിട്ടുള്ള മാറ്റ പ്രകാരം.

30ൽ താഴെ പാട്ടമായിരുന്നു പിന്നീട് കൊടുക്കേണ്ടി വന്നത്. അത് വലിയ മാറ്റമായിരുന്നു. അതോടുകൂടി കൂട്ടത്തോടെ കർഷകർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പർമാരായിട്ടും അനുഭാവികളായിട്ടും മാറുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു. അത് വലിയ ആഘോഷമായിരുന്നു അന്ന്. നൂറുകണക്കിന് വീടുകളിൽ ഞങ്ങൾ ദിവസേന പോകുമായിരുന്നു. ആദ്യകാലത്ത് കഷ്ടപ്പെട്ട് കർഷകരെ സംഘടിപ്പിക്കുന്നതിനു വേണ്ടി ശ്രമിച്ചപ്പോൾ ഉണ്ടായ കൈയ്‌പ്പേറിയിട്ടുള്ള അനുഭവം ഈ സംഭവത്തോടു കൂടി മധുരിക്കുന്ന സംഭവത്തിലേക്കു മാറി.

ഇ.എം.എസ് ഗവൺമെന്റ് അധികാരത്തിൽ വന്ന് കൊണ്ടുവന്ന ആദ്യത്തെ ഓഡിനൻസ് വലിയ മാറ്റമായിരുന്നു ഉണ്ടാക്കിയത്. ഇന്ന് കേട്ടിട്ടുണ്ടെങ്കിൽ നമുക്ക് ഒരു പ്രത്യേകതയും തോന്നില്ല. പക്ഷെ അന്ന് നിത്യേനയെന്നോണം കൃഷിക്കാരെ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അതിനെതിരായുള്ള ഓഡിനൻസാണ് വന്നത് ഇന്നും കർഷകർക്ക് ആശ്വാസകരമാണ്. സമഗ്രമായ കാർഷിക പരിഷ്‌കാരത്തിനുള്ള തീരുമാനം എടുത്തപ്പോൾ, ആ കാലഘട്ടത്തെ സംഭവങ്ങളുടെ ഗൗരവവും അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റവും എല്ലാം പ്രകടിപ്പിച്ചായിരുന്നു കർഷകർ ആവേശഭരിതരായത്.

  • രാഷ്ട്രീയത്തിലെ പുതുതലമുറക്കായുള്ള ഉപദേശം

നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ആളാണ് നമ്മൾ ഇപ്പോഴും, അല്ലാതെ കൊടുക്കേണ്ട ആളല്ല.

(അവസാനിച്ചു).