തിരുവനന്തപുരം: നിരവധി സമരങ്ങൾക്കാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രം സാക്ഷിയായിട്ടുള്ളത്. അതിൽ ചിലത് വിജയം കാണും, മറ്റു ചിലതാകട്ടെ, ആരുമറിയാതെ പോകുകയും ചെയ്യും. ഇതാണ് സാധാരണ സംഭവിക്കാറ്. മാദ്ധ്യമ ശ്രദ്ധ നേടാൻ വ്യത്യസ്ത സമരമുറ പരീക്ഷിക്കുന്നവരുമുണ്ട്. എന്നിട്ടും കാര്യമായ ഫലങ്ങളൊന്നും ഉണ്ടാകാറില്ല. ഇങ്ങനെ എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വ്യത്യസ്ത സമരമുറയുമായാണ് തിരുവല്ല സ്വദേശിയായ ചെറുപ്പക്കാരൻ സെക്രട്ടറിയേറ്റ് പടിക്കലുള്ളത്. പിഎസ്‌സി അഡൈ്വസ് മെമോ നൽകിയ 9300 ഉദ്യോഗാർഥികൾക്ക് നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് വളരെ വ്യത്യസ്തമായ മണിയടിസമരം നടത്തുകയാണ് രഞ്ജിത് ശശി യുവാവ്. അധികാരത്തിന്റെ ശ്രീകോവിലിൽ ഇരിക്കുന്ന ദേവന്മാരെ ഉണർത്തി തങ്ങളുടെ സങ്കടങ്ങൾ പറയാൻ വേണ്ടിയാണ് രഞ്ജിത്തിന്റെ ഈ മണിയടി. ഈ വ്യത്യസ്ത സമരത്തെ കുറിച്ചും സമരത്തിലേക്ക് നയിക്കാനുണ്ടായ പോരാട്ടത്തെ കുറിച്ചും രഞ്ജിത്ത് മറുനാടൻ മലയാളിയോട് വിവരിച്ചു. മറുനാടൻ മലയാളി ലേഖകൻ രാകേഷ് രാധാകൃഷ്ണന് മുമ്പിൽ രഞ്ജിത് മനസുതുറന്നപ്പോൾ...

  • എന്തുകൊണ്ടാണ് നിങ്ങൾ സമരത്തിനിറങ്ങിയത്? അതിന്റെ സാഹചര്യം ഒന്നു വിശദീകരിക്കാമോ?

''2010ലാണ് കെഎസ്ആർടിസിയിൽ 9300 വേക്കൻസി ഉണ്ടെന്ന് റിപ്പോർട്ട് വന്നത്. 2011ൽ പരീക്ഷനടത്തി. 2012ൽ ഷോർട്ട് ലിസ്റ്റ് വന്നു. 2013ൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് 9300 പേർക്ക് അഡൈ്വസ് മെമോ അയച്ചു. 25,000 പേരുള്ളതായിരുന്നു മെയിൻ ലിസ്റ്റ്. മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണം എന്നാണ് പിഎസ്‌സി പറഞ്ഞിരുന്നത്. ആ മൂന്ന് മാസം കഴിഞ്ഞ് ഇപ്പോൾ 13 മാസം ആയി. ഗവൺമെന്റിൽ നിന്ന് വ്യക്തമായ ഒരു മറുപടി കിട്ടുന്നില്ല. ഞാൻ തന്നെ കെഎസ്ആർടിസി ഹെഡ് ഓഫീസിൽ പോയി തിരക്കിയിട്ടും വ്യക്തമായ മറുപടി തരാൻ അവർക്കും കഴിയുന്നില്ല. അവർക്കൊന്നും ഒരു ഐഡിയ ഇല്ല. പ്രധാന പ്രശ്‌നം എം പാനലുകാരെ ഒരുപാടുപേരെ സ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങൾക്ക് അവരുടെ കഞ്ഞിയിൽ പാറ്റിയിടണം എന്നൊന്നും ഇല്ല. അല്ലാതെ തന്നെ ഒരുപാട് വേക്കൻസി ഉണ്ട്. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുറച്ച് ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം എവിടൊക്കെ എത്ര ഒഴിവുണ്ട് എന്ന് അന്വേഷിച്ചു. ആ റിപ്പോർട്ട് പ്രകാരം യുവമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഒരു ധർണ്ണ നടത്തി. അത്രയും വേക്കൻസി ഇല്ലാ എന്നാണ് മറുപടി ലഭിച്ചത്. അത് എങ്ങനെയാ ശരിയാകുന്നത്? വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്. കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും പറയുന്നത് അത്രയും വേക്കൻസി ഇല്ല എന്ന്. വിവരാവകാശ നിയമപ്രകാരം കിട്ടിയ റിപ്പോർട്ട് ശരിയല്ല എന്നാണ് അവർ പറയുന്നത്. ഇത് എങ്ങനെ ശരിയാകും. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഇനിയും സമരമുഖത്തേയ്ക്ക് ഇറങ്ങിയില്ലെങ്കിൽ ശരിയാകില്ല. മറ്റുമാർഗ്ഗം ഒന്നും ഇല്ലാത്തതുകൊണ്ടാണ് സമരത്തിന് ഇറങ്ങിയത്''.

  • എന്തുകൊണ്ട് മണിയടി സമരം തെരഞ്ഞെടുത്തു?

ഈ സമരത്തിന് പലരീതിയിൽ അർത്ഥം കണ്ടെത്താം. ഞാൻ ആദ്യം തീരുമാനിച്ചത് മണികെട്ടിത്തൂക്കിയിട്ട് ബസ് കണ്ടക്ടർ എന്ന് പ്രതീകാത്മകമായി മണിയടിക്കുക എന്നതായിരുന്നു. പക്ഷേ അത്തരം മണിയുടെ വില എനിക്ക് താങ്ങാൻ പറ്റില്ല. അങ്ങനെയാണ് ഒരു ചെറിയ മണി വാങ്ങി സമരം തുടങ്ങിയത്.

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്ഷേത്രങ്ങളിലും മറ്റും പൂജക്കെത്തുന്നതാണ്. ദേവന്മാരെ ഉണർത്തുന്നത് മണിയടിച്ചാണ്. അങ്ങനെ ബന്ധപ്പെട്ട മന്ത്രിമാരേയും മറ്റും മണിയടിച്ച് ഉന്നതരെ നമ്മുടെ സങ്കടങ്ങൾ ബോധിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്. ചിലർ ചോദിക്കുന്നത് അധികാരികളെ മണിയടിച്ച് കാര്യം സാധിക്കുന്നവർക്കുള്ള ഒരു കൊട്ടാണോ എന്ന്. വേണമെങ്കിൽ അങ്ങനെയും കരുതാം.

ഞാൻ മണപ്പുറം ഫിനാൻസിൽ ജോലി ചെയ്യുമ്പോഴാണ് ഈ അഡൈ്വസ് മെമ്മൊ വന്നത്. ഇതിൽ വ്യകതമായി എഴുതിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ജോലി കിട്ടിയില്ലെങ്കിൽ പിഎസ്‌സിയെ അറിയിക്കണം എന്ന്. ഈ കാര്യം പിഎസ്‌സിയെ അറിയിച്ചപ്പോൾ അത് ഞങ്ങളോട് അല്ല, കെഎസ്ആർടിസിയോടോ ഗവൺമെന്റിനോടോ ആണ് പറയേണ്ടത് എന്നാണ് പറയുന്നത്. പരീക്ഷനടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ളൂ പിഎസ്‌സിക്ക് ബാധ്യത എന്നാണ് അവരുടെ ഭാഷ്യം.

9300 പേരിൽ 3808 പേർക്ക് അപ്പോയിന്റ്‌മെന്റ് കൊടുത്തു. അതിൽ 1000ൽ താഴെ ആളുകളെ ജോലിക്ക് കയറിയുള്ളു. അവരിൽ പലരും വേറെ പല ലിസ്റ്റിലും പേരുള്ളവരാണ്. ഞാനും പൊലീസിന്റെ മെയിൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു. 3808ൽ ഭൂരിഭാഗം ആളുകളും മറ്റ് ലിസ്റ്റിൽ ഉള്ളവർ ആണെന്ന് ഗവർമെന്റിനറിയാം. അതറിയാവുന്നതുകൊണ്ടാണ് ഇത്രയും പേരെ മാത്രം ഗവൺമെന്റ് വിളിച്ചത്. പക്ഷേ ബാക്കിയുള്ളവർക്കാണ് ശരിക്കും ജോലി വേണ്ടത്. ഈ ലിസ്റ്റിൽ താഴോട്ടുള്ളവർ പലരും പ്രായം ഏറിയവരും സ്ത്രീകളും ഒക്കെയാണ്. അപ്പോൾ അവർക്ക് ഈ ജോലി കിട്ടിയേതീരു. ഈ ലിസ്റ്റ് 25,000 പേർക്ക് ആണ് അപ്പോൾ എന്തുകൊണ്ടാണ് ബാക്കിയുള്ളവർക്ക് ജോലി കൊടുത്തത്.

  • ഒറ്റയ്ക്കാണല്ലോ സമരം നടത്തുന്നത്?

ഞാൻ നേരത്തെ പറഞ്ഞല്ലോ അധികാരവർഗത്തെ ഉണർത്താൻ വേണ്ടിയുള്ള സമരമാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു അനുകൂല സമീപനം ഇല്ലാത്തതുകൊണ്ട് എല്ലാവരും ഇത് കൈയൊഴിഞ്ഞ മട്ടാണ്. സർക്കാർഇങ്ങനെ ചെയ്യുമ്പോൾ നമ്മൾക്ക് എന്തു ചെയ്യാൻ കഴിയും എന്നാണ് അവർ ചോദിക്കുന്നത്. അപ്പോൾ അവരെ ഒന്ന് ഉണർത്തണം. നാളെ മുതൽ കുറച്ച് പേരും ഈ സമരത്തിൽ കൂട്ടുചേരും. അവരൊക്കെ ചേർന്ന് കഴിയുമ്പോൾ ഈ മണിയടിയുടെ ശബ്ദം കൂടും, സമരം ശക്തമാകുകയും ചെയ്യും.

  • വീട്ടുകാരുടെ സപ്പോർട്ട്?

ഈ സമരത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിട്ടേ ഇല്ല. തിരുവനന്തപുരത്ത് ഒരു സമരത്തിന് വരുന്നുണ്ട് എന്നറിയാം. പക്ഷേ ഒറ്റയ്ക്കുള്ള ഒരു സമരമാണ് എന്ന് അറിയില്ല. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കണ്ട കുറച്ച് നാട്ടുകാർ പറഞ്ഞ് അവർ അറിഞ്ഞു. അറിഞ്ഞപ്പോൾ അവർ അനുകൂല നിലപാടാണ്. തിരുവല്ലയിലാണ് വീട്. അച്ഛൻ ശശി. അത്യാവശ്യം നാട്ടിലെ ജോലികൾ ചെയ്യുന്നു. ഒരു സാധാരണ കുടുംബം. വീട്ടുകാർ ഒരു ബ്യൂട്ടി പാർലറും നടത്തുന്നു.

  • ആദ്യമായി എഴുതിയ പിഎസ്‌സി എക്‌സാം ആയിരുന്നോ?

അല്ല. ലാസ്റ്റ്‌ഗ്രേഡ് എഴുതി അതിന്റെ സപ്ലിമെന്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. അതാണ് ആദ്യമായി എഴുതിയ പരീക്ഷ. പിന്നെ എൽഡി ക്ലാർക്ക് എഴുതി അതും സപ്ലിമെന്ററി ലിസ്റ്റ് ആയിരുന്നു. അതിന് ശേഷം പൊലീസ് കോൺസ്റ്റബിൾ എഴുതി. അതിന്റെ മെയിൻ ലിസ്റ്റിൽ വന്നു. പക്ഷേ ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു. അതിന് ശേഷമാണ് കണ്ടക്ടർ ലിസ്റ്റിൽ വന്നത്.

  • പിഎസ്‌സി നിലപാട് എന്താണ്?

പിഎസ്‌സി നിലപാട് അവർ ശരിക്കും വ്യക്തമാക്കുന്നില്ല. ഓരോ പിഎസ്‌സി എക്‌സാം നടത്തുന്നതിന് എത്രയോ കോടി രൂപ ചെലവാക്കുന്നുണ്ട്. ഇപ്പോഴത്തെ പരീക്ഷയുടെ കാര്യം തന്നെ എടുക്കാം. ആറുലക്ഷത്തിലേറെ ആളുകളാണ് അന്ന് പരീക്ഷ എഴുതിയത്. അതിൽ നിന്നും വെറും ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ജോലി കൊടുത്തത്. അങ്ങനെ കോടികൾ മുടക്കി നടത്തുന്ന പരീക്ഷകൾ കഴിഞ്ഞ് എത്രപേർക്ക് ജോലി കിട്ടി എന്ന് അന്വേഷിക്കേണ്ട ചുമതല കൂടി പിഎസ്‌സി കാണിക്കണം.

9300 ഒഴിവുകൾ ഉണ്ട് എന്ന് പിഎസ്‌സിയെ കെഎസ്ആർടിസി അറിയിച്ചതുകൊണ്ടാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇട്ടത്. 9300 പേർക്ക് അഡൈ്വസ് മെമോ നൽകിയതും അതിന്റെ പേരിലാണ്. വിശന്ന് ഉറങ്ങിയവനെ വിളിച്ചുണർത്തി ഇലയിട്ട് ചോറ് തരില്ല എന്ന് പറയുന്ന അവസ്ഥയാണ് ഇത്.

  • നിങ്ങളുടെ സമരം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?

അറിഞ്ഞിട്ടുണ്ട്. എന്നാണ് എന്റെ വിശ്വാസം. ഇല്ലെങ്കിൽ റാങ്ക്‌ലിസ്റ്റിൽ പേരുള്ള കുറേ ആളുകൾ കൂടി വന്ന് ചേരുന്നുണ്ട്. അപ്പോൾ ഈ മണിയടിയുടെ ശബ്ദം ഉയരും. അത് എന്തായാലും അധികാരവർഗ്ഗത്തിന്റെ അകത്തളങ്ങളിൽ ചെന്നെത്തും എന്ന് തന്നെയാണ് വിശ്വാസം.

  • പിന്തുണയുമായി ആരെങ്കിലും എത്തിയിരുന്നു?

നാല് ദിവസമായി ഞാൻ ഈ സമരം തുടങ്ങിയിട്ട്. ഇപ്പോൾ കുറച്ച് ആളുകളുടെ പിന്തുണയുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളുടെ പിന്തുണ ഇപ്പോൾ കിട്ടിയിട്ടുണ്ട്. നാളെ മുതൽ അവർകൂടി സമരത്തിൽ പങ്കുചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.

  • ഒറ്റയ്ക്ക് സമരം നടത്തുമ്പോഴുള്ള മാനസികാവസ്ഥ എന്താണ്?

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയാണ്. ചില ആളുകൾ അഭിനന്ദിക്കുന്നുണ്ട്. ചിലർ പരിഹാസരൂപത്തിൽ നോക്കുന്നുണ്ട്. ചിലർ നോക്കുകപോലും ചെയ്യാതെ പോകുന്നു. ഇതൊക്കെ ഒരു വല്ലാത്ത മാനസികാവസ്ഥയിലാക്കും. പക്ഷേ എന്തായാലും പിന്നോട്ടില്ല. ഈ സമരത്തിന് ഒരു നല്ല അവസാനം ഉണ്ടാകും എന്ന് ഉറപ്പാണ്. ശുഭാപ്തിവിശ്വാസം പണ്ടുമുതലേയുണ്ട്.

ദിവസവും തിരുവല്ലയിൽ നിന്ന് വന്നാണ് ഇവിടെ സമരം നടത്തുന്നത്. വൈകിട്ട് 4.30 വരെ തുടരും. 5.15ന് തിരിച്ച് പോകാൻ ഒരു ട്രയിൻ ഉണ്ട്. ഇവിടെ നിന്ന് സമരം തുടരാൻ സാമ്പത്തിക്കാവസ്ഥ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ദിവസവും പോയി വന്ന് സമരം നടത്തുന്നത്. അതിനുവേണ്ടി സീസൺ ടിക്കറ്റ് വരെ എടുത്തിരിക്കുകയാണ്.

  • സമരത്തിൽ പങ്കെടുക്കാൻ മറ്റാരെങ്കിലും?

റാങ്ക് ലിസ്റ്റിൽ പേരുള്ള രാജ്‌മോഹൻ എന്നയാൾ നാളെ മുതൽ ഭക്ഷണം എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ സമരത്തിൽ സജീവമായി പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്. ലിസ്റ്റിൽ 5035 ആണ് എന്റെ നമ്പർ. സർക്കാരിന് ഇതൊന്നും ശ്രദ്ധിക്കാൻ ഉള്ള സമയം ഇല്ലല്ലോ? അപ്പോൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

  • കെഎസ്ആർടിസി നഷ്ടമാണെന്ന് പറയുന്നതിനെക്കുറിച്ച്?

എങ്ങനെ നഷ്ടം വരുന്നു എന്ന് ശരിക്കും അന്വേഷിക്കേണ്ട കാര്യമാണ്. ദിവസവും കോടികളാണ് വരുമാനം. പിന്നെ ഇതെങ്ങനെ നഷ്ടമാകുന്നു? കുറച്ചൊക്കെ പരിഷ്‌കാരങ്ങൾ ആവശ്യമാണ്.

കെഎസ്ആർടിസി വർക്ക്‌ഷോപ്പിൽ കെഎസ്ആർടിസിയുടെ വണ്ടികൾ മാത്രമാണ് നന്നാക്കുന്നത്. ആ സൗകര്യം പൊതുജനങ്ങൾക്കും കൂടെ ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയാൽ ഒരു അധികവരുമാനം കെഎസ്ആർടിസിക്ക് ലഭിക്കില്ലേ.

  • ഈ ആശയത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ?

ഇല്ല. എനിക്ക് സ്വയം തോന്നിയ ആശയമാണ്. വീടിനടുത്ത് എന്നും പോകുന്ന ഒരു ക്ഷേത്രമുണ്ട്, അവിടെ ഒരു ദിവസം ഇരുന്ന് സമരത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ആണ് ഈ ആശയം മനസ്സിൽ തോന്നിയത്. ദേവന്മാരുടെ പൂജയ്ക്ക് വേണ്ടിയാണല്ലോ മണിയടിക്കുന്നത്. അപ്പോൾ അധികാരത്തിന്റെ ശ്രീകോവിലിൽ ഇരിക്കുന്ന മന്ത്രിമാരായ ദൈവങ്ങളോട് സങ്കടം പറയാൻ ഇതിലും നല്ല മാർഗ്ഗമില്ല എന്ന് തോന്നി. ഇത് എന്റെ സ്വന്തം ആശയമാണ്. ഇതിന്റെ പേറ്റന്റ് തനിക്കാണ്.

കഴിഞ്ഞ ദിവസം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത് ഒന്നര വർഷത്തിനുള്ളിൽ ജോലി കൊടുക്കും എന്നാണ്. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷമാണ്. ഇപ്പോൾ 13 മാസം കഴിഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മന്ത്രിയോട് നേരിട്ട് സംസാരിക്കാൻ പോയെങ്കിലും അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പിഎയോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് മന്ത്രി ഞങ്ങളുടെ കാര്യത്തിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കുമെന്നാണ്.